/indian-express-malayalam/media/media_files/sOesrYWaWUyAKHGN66pk.jpg)
രാഹുലും ശില്പയും
തിരുവനന്തപുരം: കാലമേറെയായി അവർ ഒരു സ്വപ്നം പോലെ കൊണ്ടുനടന്ന ആഗ്രഹം. ആ ആഗ്രഹ സാക്ഷാത്ക്കാരത്തിന് തങ്ങളുടെ ജീവിതത്തോട് ഏറെ ചേർന്നുനിൽക്കുന്ന കളരിത്തറ തന്നെ വേദിയാവുക. തിരുവനന്തപുരം നേമത്തെ അഗസ്ത്യം കളരി ദിവസങ്ങളായി ഒരുങ്ങിയതും ഈ ഒത്തുചേരലിന് അരങ്ങൊരുക്കാനായിരുന്നു. ഒടുവിൽ പരമ്പരാഗത കളരി ആചാരങ്ങളുടെ അകമ്പടിയിൽ രാഹുൽ ശില്പയ്ക്ക് താലി ചാർത്തി. അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു കളരിത്തറ കതിർമണ്ഡപമായി മാറി.
/indian-express-malayalam/media/media_files/ZMAcghdIICivw2wJ41kq.jpg)
കളരി എന്ന ആയോധന കലയെ ജീവിതത്തോട് ചേർത്ത് നിർത്തിയ രണ്ട് പേർ ജീവിതത്തിൽ ഒന്നാകുന്ന കാഴ്ച്ചയ്ക്ക് സാക്ഷിയാവാൻ ഒട്ടേറെ പേരാണ് നേമത്തെ അഗസ്ത്യം കളരിയിലേക്കെത്തിയത്. പരമ്പരാഗത കളരി രീതിയിൽ കല്ല്യാണ ബൊക്കെക്ക് പകരം പടവാൾ നൽകിയാണ് വധൂവരന്മാരെ സ്വീകരിച്ചത്. ഇരുവരുടേയും ഗുരുവായ മഹേഷ് ഗുരുക്കൾ ഇവർക്ക് വാളും പരിചയും നൽകി. തുടർന്ന് കളരിയിറക്കം, കളരിവണക്കം, കളരി തൊഴുതു കയറൽ, തൊഴുതെടുപ്പ് എന്നീ പരമ്പരാഗത കളരി ആചാരങ്ങൾക്ക് ശേഷം രാഹുലും ശില്പയും കുരുത്തോലയും പൂക്കളും കൊണ്ട് അലങ്കരിച്ച കളരി തറയിലെ കതിർമണ്ഡപത്തിലേക്കെത്തി. തുടർന്നുള്ള ശുഭമുഹൂർത്തത്തിൽ ജീവിതത്തിന്റെ പുതിയ കളരിയിലേക്കിറങ്ങാൻ ശില്പയ്ക്ക് രാഹുൽ താലി ചാർത്തി.
/indian-express-malayalam/media/media_files/iEItp8UAj3mhVmckjr3A.jpg)
കളരി പരിശീലകരും അഭ്യാസികളുമായ രാഹുലും ശില്പയും അഗസ്ത്യം കളരിയിൽ തന്നെ പരിശീലിക്കുകയും പിന്നീട് അഭ്യാസികളായി മാറുകയും ചെയ്ത വ്യക്തികളാണ്. ജീവിതത്തിൽ പരസ്പരം കണ്ടുമുട്ടുന്നതും ഇവിടെ വെച്ച് തന്നെ. അതിനാൽ തന്നെയാണ് തങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നതും കളരി തറയിൽ വെച്ച് തന്നെയാകണം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയതും. രാഹുൽ പൂർണ്ണമായും കളരി വേഷത്തിലാണ് കല്ല്യാണത്തിനെത്തിയത് അതിന് ചേർന്നുള്ള ഒരു കസവ് സാരിയായിരുന്നു ശില്പയുടെ വേഷം. കല്യാണത്തിന് ഇരുവരുടേയും ബന്ധുക്കളും ശിഷ്യരും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഇരുവരും ചേർന്നുള്ള കളരി വീഡിയോയുടെ പ്രകാശനവും നടന്നു.
/indian-express-malayalam/media/media_files/7x4a6TbsWNltfNgv1ZrE.jpg)
സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന രാഹുൽ അവധിയെടുത്താണ് കളരി പരിശീലനത്തിനായി സമയം കണ്ടെത്തുന്നത്. ശില്പ പൂർണ്ണമായും കളരി പരിശീലനത്തിനായാണ് ജീവിതം മാറ്റിവെച്ചിരിക്കുന്നത്. നേമം സ്വദേശികളായ ഇരുവരുടേയും വിവാഹ നിശ്ചയം ഒന്നര വർഷം മുമ്പായിരുന്നു.
In Other News:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us