/indian-express-malayalam/media/media_files/rnc2Ua7ew0tzQq0Fwupn.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: അതീവ സുരക്ഷാ മേഖലയിലെ പി.വി അന്‍വർ എംഎൽഎയുടെ ഏഴു നില കെട്ടിടം പൊളിക്കണമെന്ന ഹരജിയിൽ അന്‍വറിനും എടത്തല പഞ്ചായത്തിനും ഹൈക്കോടതിയുടെ അന്ത്യശാസനം. എടത്തല പഞ്ചായത്തില്‍ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപം അനുമതിയില്ലാതെ നിര്‍മ്മിച്ച സപ്തനക്ഷത്ര ഹോട്ടല്‍ സൗകര്യത്തോടെയുള്ള ഏഴു നില കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹരജിയില്‍ മറുപടി നല്‍കാനാണ് അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും കോടതി അന്ത്യശാസനം നൽകിയത്.
അവസാന അവസരമായി മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിൻ്റെ നിര്‍ദ്ദേശം. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുവരും പാലിച്ചിരുന്നില്ല. ഇതോടെയാണ് അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ 3ന് വീണ്ടും പരിഗണിക്കും.
എടത്തലയില്‍ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപമാണ് അന്‍വറിന്റെ ഏഴുനില കെട്ടിടം സ്ഥിതിചെയ്യുന്നത്. ഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ്, അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് 99 വര്‍ഷത്തെ പാട്ടത്തിന് ഹോട്ടലിനും റിസോര്‍ട്ടിനുമായി നിര്‍മ്മിച്ച ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്.
അതീവ സുരക്ഷാമേഖലയില്‍ അനുമതിയില്ലാത്ത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാവികസേന ആയുധസംഭരണ ശാല വര്‍ക്‌സ് മാനേജര്‍ 2016 മാര്‍ച്ച് 14ന് കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരുന്നു. എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അതു പരിഗണിക്കാതെയായിരുന്നു കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ലഹരിപാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരക്ക് ഈ കെട്ടിടത്തില്‍ ആലുവ എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയും ഇവിടെ നിന്നും മദ്യമടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടികാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ കലക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഇതു പരിഗണിക്കാതിരുന്നതോടെയാണ് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Read More
- ഒരു വയസുകാരന്റെ മരണം; ഒല്ലൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
- പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
- എഡിജിപി എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇല്ല
- എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം
- ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു
- കൊടകര കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.