scorecardresearch

ശ്രേഷ്ഠബാവയ്ക്ക്‌ യാത്രാമൊഴി; കബറടക്കം ഇന്ന്

ശ്രേഷ്ഠ ബാവയുടെ കബറടക്കം ഇന്ന് എറണാകുളം പുത്തൻ കുരിശ് പാത്രിയാർക്കൽ സെൻററിർ പ്രത്യേക തയ്യാറാക്കിയ കബറിൽ നടത്തും

ശ്രേഷ്ഠ ബാവയുടെ കബറടക്കം ഇന്ന് എറണാകുളം പുത്തൻ കുരിശ് പാത്രിയാർക്കൽ സെൻററിർ പ്രത്യേക തയ്യാറാക്കിയ കബറിൽ നടത്തും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Funeral

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ

കൊച്ചി:  ഇടയശ്രേഷ്ഠന് കണ്ണീരോടെ വിടനൽകി കേരളം.  കാലം ചെയ്ത യാക്കോബായ സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്  നാലിന്  നടക്കും. എറണാകുളം പുത്തൻകുരിശ് പാത്രിയർക്കീസ് സെൻറെറിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് കബറടക്കം.

യാക്കോബായ സഭയുടെ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ്പ് മാർ ദിവന്നാസിയോസ് കവാക്, യുകെ ആർച്ച് ബിഷപ്പ് മാർ അത്താനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ ശുശ്രൂഷകൾക്ക് മുഖ്യ കാർമികരാകും.

Advertisment

വെള്ളിയാഴ്ച  വെളുപ്പിനെയോടെ ശ്രേഷ്ഠ ബാവയുടെ ഭൗതീക ശരീരം കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചു. അവിടെ പൊതുദർശനം പൂർത്തിയാക്കിയതിന് ശേഷം വൈകീട്ട് നാല് മണിയോടെ പുത്തൻകുരിശ് പത്രിയാ‍ർക്കീസ് സെന്ററിൽ എത്തിച്ചു. നാടിൻറ നാനാഭാഗത്ത് നിന്നുള്ളവരാണ് അവസാനമായി ബാവയെ കാണാൻ പുത്തൻകുരിശിലേക്ക് ഒഴുകിയെത്തുന്നത്.

വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു ശ്രേഷ്ഠ ബാവയുടെ വിയോഗം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 

യാക്കോബായ സഭയുടെ മുഖം

രണ്ട് പതിറ്റാണ്ടിലേറെയായി യാക്കോബായ സഭയുടെ മുഖമായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബാവ. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും എട്ട് മക്കളിൽ ആറാമത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം. ദാരിദ്ര്യവും രോഗവും സിഎം തോമസിൻറ പഠനം നാലാം ക്ലാസിൽ മുടക്കി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായിൽ അക്കാലത്ത് വൈദികനായിരുന്ന സി വി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.

Advertisment

1958സെപ്റ്റംബർ 21 ന് പത്തനംതിട്ട മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.ഫാ. സി. എം. തോമസ് ചെറുവിള്ളിൽ എന്ന പേരിൽ വൈദിക പട്ടം സ്വീകരിച്ചു.1974 ഫെബ്രുവരി 24 ന് ഡമാസ്‌കസിലെ സെന്റ് ജോർജ് പാത്രിയാർക്ക കത്തിഡ്രലിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു.2002 ൽ ഡമാസ്‌കസിൽ വെച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. 2019-ൽ ഭരണചുമതലകളിൽ നിന്ന് സ്ഥാനത്യാഗം ചെയ്തു

സുവിശേഷക്കാരിലെ സ്വർണനാവുകാരൻ

വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷിച്ച ഫാദർ തോമസ് ചെറുവിള്ളിൽ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വർണനാവുകാരൻ എന്നായിരുന്നു. 

പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്ക് മുതൽക്കൂട്ടായത് ഫാ.തോമസ് ചെറുവിള്ളിലിന്റെ ദീർഘ വീക്ഷണവും സംഘാടനാ പാടവവും കൊണ്ടാണ്.യാക്കോബായ സഭയെ ഏറെ പ്രതിസന്ധികളിലും കരുതലോടെ നയിച്ച അദ്ദേഹം ആത്മീയ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. 

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു 

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 
സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.- അനുശോചന കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സമരഭരിതമായ താപസജീവിതമായിരുന്നു ശ്രേഷ്ഠ ബാവയുടേതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഉർജ്ജമായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

Read More

Jacobite Syrian Church Jacobite

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: