/indian-express-malayalam/media/member_avatars/2025/06/08/2025-06-08t074330094z-8a0910a7-916f-4273-8119-4292daef758e.jpg )
/indian-express-malayalam/media/media_files/2024/10/22/09Fvt7ri4Tew175DDcww.jpg)
ആര് കാക്കും പാലക്കാടൻ കോട്ട
സംസ്ഥാന രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ആദ്യം പ്രകടമാകുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പതിവുരീതിയിലുള്ള ഇടത്-വലത് മത്സരങ്ങളിൽ നിന്ന് മാറി വർഷങ്ങളായി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് പാലക്കാട്. അതുകൊണ്ട് തന്നെയാവാം സംസ്ഥാന രാഷ്ട്രീയ ഭൂപടത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ പോലും കരിമ്പനകളുടെ നാട്ടിൽ പ്രതിഫലിക്കുന്നത്.
ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാലക്കാടൻ കോട്ട കാക്കാൻ യുഡിഎഫ് കളത്തിലിറക്കിയത് രാഹൂൽ മാങ്കൂട്ടത്തിലിനെയാണ്. യുഡിഎഫ് പാളയത്തിൽ നിന്നുതന്നെ അങ്കത്തിനായി ഡോ. പി സരിനെ അടർത്തിമാറ്റി കളത്തിലിറക്കിയതോടെ ശക്തമായ പ്രതിരോധമാണ് എൽഡിഎഫ് തീർത്തത്. സി കൃഷ്ണകുമാറിനെയാണ് മണ്ഡലം നേടാനുള്ള ഉത്തരവാദിത്തം ബിജെപി ഏൽപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ ഓരോ നിമിഷവും ട്വിസ്റ്റുകൾ മാറിമറയുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ ത്രികോണപ്പോരിൽ ആർക്കാണ് മുൻതൂക്കം, മണ്ഡലത്തിന്റെ ചരിത്രം പറയുന്നതെന്ത്?
വിധി നിർണയിക്കുന്നത് രണ്ട് ലക്ഷത്തോളം വോട്ടർമാർ
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2024 ഒക്‌ടോബർ ഒന്നുവരെയുള്ള കണക്ക് പ്രകാരം 193646 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 93955 പുരുഷൻമാരും 99688പേർ സ്ത്രീകളുമാണ്. മൂന്ന് ട്രാൻസ്‌ജെൻഡർമാരും വോട്ടർപട്ടികയിലുണ്ട്. വോട്ടർമാരിൽ 4541 പേർ കന്നി വോട്ടർമാരാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുക്കുകയാണെങ്കിൽ പാലക്കാടിന്റെ നഗരമേഖലയിൽ ബിജെപിക്കാണ് മുൻതൂക്കം. നിലവിൽ പാലക്കാട് നഗരസഭയുടെ തേര് ബിജെപിയാണ് തെളിക്കുന്നത്. 52 കൗൺസിലർമാരിൽ 28 പേരും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ പ്രതിനിധികളാണ്.
/indian-express-malayalam/media/media_files/2024/10/30/c8WGChKqy0s8jnItkWnQ.jpg)
ഗ്രാമപഞ്ചായത്തുകളിലേക്കെത്തിയാൽ തിരിച്ചാണ് കാര്യങ്ങൾ. ഇവിടെ മേൽക്കൈ എൽഡിഎഫിനും യുഡിഎഫിനുമാണ്. പിരയിരി, മാത്തൂർ പഞ്ചായത്തുകൾ ഭരിക്കുന്നത് യുഡിഎഫാണ്. എൽഡിഎഫിന്റെ കൈവശമാണ് കണ്ണാടി ഗ്രാമപഞ്ചായത്ത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ വോട്ട് വിഹിതം പരിശോധിക്കുകയാണെങ്കിൽ കുറച്ചുകൂടി വ്യക്തമായ ചിത്രം ലഭിക്കും.
പാലക്കാട് നഗരസഭ പരിശോധിക്കുകയാണെങ്കിൽ 34,143 വോട്ടുകളാണ് ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. യുഡിഎഫിന് 27,905 വോട്ടുകളും എൽഡിഎഫിന് 16, 445 വോട്ടുകളുമാണ് ലഭിച്ചത്. പഞ്ചായത്തുകളിലേക്ക് വന്നാൽ മാത്തൂരിലും കണ്ണാടിയിലും എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ചാണ്. പിരായിരിയിലേക്ക് എത്തുമ്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈയുണ്ട്. എൻഡിഎ, എൽഡിഎഫ് മുന്നണികളേക്കാൾ ഇരട്ടിവോട്ട് യുഡിഎഫിന് 2020ൽ ലഭിച്ചിരുന്നു. ഇവിടെ എൻഡിഎയും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്.
12 തവണ കോൺഗ്രസ്, അഞ്ച് പ്രാവശ്യം ഇടത്തോട്ട്
1952ലാണ് പാലക്കാട് മണ്ഡലം രൂപവത്കരിച്ചത്. മണ്ഡലരൂപീകരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ 12 തവണ വിജയക്കൊടി പാറിച്ചത് കോൺഗ്രസാണ്. അഞ്ച് തവണമാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. കെ. രാമകൃഷ്ണൻ (1952), ആർ. രാഘവമേനോൻ (1957, 1960), സി എം സുന്ദരം (1977, 1980, 1982, 1987, 1991), കെ ശങ്കരനാരായണൻ (2001), ഷാഫി പറമ്പിൽ (2011, 2015, 2016) എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ.
എം വി വാസുവിലൂടെ 1965ലാണ് ആദ്യമായി സിപിഎം മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. 1967ലും 1970ലും ആർ കൃഷ്ണൻ മണ്ഡലം നിലനിർത്തി. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 1996ൽ ടികെ നൗഷാദിലൂടെയാണ് ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിക്കുന്നത്. 2006ൽ സിപിഎമ്മിലെ കെകെ ദിവാകരനും പാലക്കാട് നിയമസഭയെ പ്രതിനിധീകരിച്ചു.
/indian-express-malayalam/media/media_files/2024/10/30/bxzsBwYOqtDJ4hrV24m2.jpg)
1982-ൽ ഒ രാജഗോപാലിനെ അവതരിപ്പിച്ചതോടെയാണ് ബിജെപിക്ക് മണ്ഡലത്തിൽ വോട്ടുറപ്പിക്കാനായത്. കേവലം 1.75 ശതമാനത്തിൽ നിന്നാണ് രാജഗോപാലെത്തിയപ്പോൾ, ബിജെപിയുടെ വോട്ടുവിഹിതം 14 ശതമാനം കടന്നത്. പിന്നീടൊരിക്കൽപ്പോലും ബിജെപിയുടെ വോട്ട് 10 ശതമാനത്തിന് താഴെ പോയിട്ടില്ല. അന്നത്തെ 14ൽ നിന്ന് 2021 നിയമസഭ തിരഞ്ഞെടുപ്പിൽ 35 ശതമാനത്തിലേക്ക് വോട്ട് വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു.
ത്രികോണ ചൂടിൽ തിളച്ചുമറിഞ്ഞ്
പതിവുതെറ്റിക്കാതെ ഇത്തവണയും ശക്തമായ ത്രികോണപോരാട്ടമാണ് പാലക്കാടൻ കോട്ടയിൽ നടക്കുന്നത്. 2021ൽ തിരഞ്ഞെടുപ്പിൽ 3,859 വോട്ടിനാണ് യുഡിഎഫിലെ ഷാഫി പറമ്പിൽ വിജയിച്ചത്. ബിജെപിയിലെ ഇ ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്. ഷാഫി 54,079 വോട്ട് നേടിയപ്പോൾ ഇ ശ്രീധരന് ലഭിച്ചത് 50,220 വോട്ട്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സിപി പ്രമോദിന് ലഭിച്ചത് 36,433 വോട്ട്. യുഡിഎഫിന് 38.06 ശതമാനവും ബിജെപിയ്ക്ക് 35.34 ശതമാനവും എൽഡിഎഫ് 25.64 ശതമാനം വോട്ടുമാണ് നേടിയത്.
2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ ഭൂരിപക്ഷം 18,884 വോട്ടായിരുന്നു. ഷാഫി 57,559 വോട്ട് നേടിയപ്പോൾ ബിജെപിയിലെ ശോഭ സുരേന്ദ്രന് 40,076 വോട്ടും എൽഡിഎഫിലെ എൻഎൻ കൃഷ്ണദാസിന് 38,675 വോട്ടുമാണ് ലഭിച്ചത്.
വെല്ലുവിളികളിൽ മൂന്ന് മുന്നണിയും
ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട് മൂന്ന് മുന്നണികളും ശക്തമായ വെല്ലുവിളികളും നേരിടുന്നുണ്ട്. സ്ഥാനാർഥി നിർണയം മുതൽ യുഡിഎഫിൽ കലാപം ആരംഭിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് കെപിസിസി ഐടി സെൽ ചെയർമാനായിരുന്ന സരിൻ കോൺഗ്രസ് വിടുന്നത്. അതൃപ്തരായ ഒരുപ്പറ്റം നേതാക്കൾ തന്നെയാണ് കോൺഗ്രസും യുഡിഎഫും നേരിടുന്ന പ്രധാന വെല്ലുവിളി.
കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിയുടെ കത്ത് വിവാദവും കോൺഗ്രസ് ക്യാമ്പിൽ ചില്ലറയല്ല പ്രശ്‌നങ്ങൾ സ്രഷ്ടിച്ചത്. സീറ്റ് വിഭജനത്തിൽ അതൃപ്തരായ ചില നേതാക്കളുടെ നിസഹകരണവും കൊഴിഞ്ഞ് പോക്കും കോൺഗ്രസ് ക്യാമ്പിന് തലവേദനയാകുന്നുണ്ട്. ഇതിന് പുറമേ ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥി എന്ന് തരത്തിൽ എൽഡിഎഫും ബിജെപിയും നടത്തുന്ന ക്യാമ്പയിനും യുഡിഎഫ് പാളയത്തിലെ അങ്കലാപ്പ് കൂട്ടുന്നുണ്ട്.
/indian-express-malayalam/media/media_files/2024/10/30/beM39uhqbRbhONGfRNXD.jpg)
സ്ഥാനാർഥി നിർണയം മുതൽ ഭരണവിരുദ്ധ വികാരം വരെ എൽഡിഎഫിനെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. കോൺഗ്രസ് വിട്ടുവന്ന പി സരിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഎമ്മിൽ നേതാക്കൾക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. പാർട്ടി ചിന്ഹമില്ലാതെ പാലക്കാട് സിപിഎമ്മിന് വേണ്ടി ഒരു സ്ഥാനാർഥി മത്സരിക്കുന്നത് ഇതാദ്യമാണ്. അണികളിലും ഇതിൽ അമർഷമുണ്ട്.
കണ്ണൂർ എഡിഎമ്മിൻറ ആത്മഹത്യയും, പൂരം കലക്കൽ വിവാദം, പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ തുടങ്ങി എൽഡിഎഫ് സർക്കാരിനെ നേരിട്ട് ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പാലക്കാട് പ്രതിഫലിക്കുമെന്ന് പേടി ഇടതുപക്ഷത്തിനുണ്ട്. ന്യൂനപക്ഷ വോട്ടുകൾ തങ്ങളിൽ നിന്ന് അകലുമോയെന്ന് ആശങ്കയും ഇടതുക്യാമ്പിനെ അലട്ടുന്നുണ്ട്.
ബിജെപിയിലും തർക്കം രൂക്ഷമാണ്. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളാണ് അതിൽ പ്രധാനം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. അതിനെ മറികടന്നാണ് സി കൃഷ്ണകുമാറിനെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്. ഇതിൽ ഒരുവിഭാഗത്തിന് ശക്തമായ അമർഷമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റിയ്ക്കുള്ളിലും വിഭാഗീയത ശക്തമാണ്. യുഡിഎഫ് ഉയർത്തുന്ന സിപിഎം-ബിജെപി ബന്ധവും വോട്ടർമാരെ സ്വാധീനിക്കുമോയെന്ന്് ആശങ്ക എൻഡിഎയ്ക്കുള്ളിലും ഉണ്ട്.
Read More
- ഉപതിരഞ്ഞെടുപ്പ്;വയനാട്ടിൽ 16 സ്ഥാനാർഥികൾ,പാലക്കാട് 12,ചേലക്കരയിൽ ഏഴുപേർ
- പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദം; രാഷ്ട്രീയായുധമാക്കി സിപിഎം
- പി. സരിന് നിരുപാധിക പിന്തുണ; പാലക്കാട് മത്സരിക്കില്ലെന്ന് എ.കെ ഷാനിബ്
- പാലക്കാട്,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
- പാലക്കാട് പോരാട്ടച്ചൂട്; പി. സരിന്റെ റോഡ് ഷോയ്ക്ക് ആവേശത്തോടെ സ്വീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.