/indian-express-malayalam/media/media_files/2024/11/10/YTPPXL8H92i1jukvrpZG.jpg)
വിവാദചുഴിയിൽ ഐഎഎസ് ഉദ്യോഗസ്ഥർ
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥരായ എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും കുടുക്കിലാണ്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിൻറെ പ്രവൃത്തികൾ സംശയാസ്പദമെന്നാണ് പോലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളിയ്ക്ക് കൈമാറിയിട്ടുമുണ്ട്.
അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിലൂടെയാണ് എൻ പ്രശാന്തിനും നടപടിക്കുള്ള വഴിയൊരുക്കിയത്.
മതാടിസ്ഥാനത്തിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ്
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഐ എ എസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണന്റെ വാദം. എന്നാൽ ഹാക്ക് ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ട്. ഇതോടെ ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
അടുത്തിടെയാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് 'ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്' ഉണ്ടെന്ന വിവരം പുറത്താകുന്നത്. ഗോപാലകൃഷ്ണനായിരുന്നു മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പിന്റെ അഡ്മിൻ. ഇത് ചർച്ചയായതോടെ തൻറെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൻറെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു ഗോപാലകൃഷ്ണൻ വിശദീകരിച്ചത്. ഇതിന് പിന്നാലെ മല്ലു മുസ്ലീം എന്ന് പേരിലും ഗോപാലകൃഷ്ണൻ അഡ്മിനായ വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടു.
അതേസമയം ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിളും മെറ്റയും പോലീസിനെ അറിയിക്കുകയായിരുന്നു. കൂടാതെ ഫോൺ പല തവണ ഫോർമാറ്റ് ചെയ്ത ശേഷമാണ് പോലീസിന് കൈമാറിയത് എന്ന കാര്യവും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
മാടമ്പള്ളയിലെ ചിത്തരോഗി പരാമർശം
കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചിരുന്നു. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെ 'ചിത്തരോഗി' എന്ന് പ്രശാന്ത് അധിക്ഷേപിച്ചത്.
ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ കഴിഞ്ഞ ദിവസം വാർത്തയായതിന് പിന്നിൽ ജയതിലകാണെന്നാണ് പോസ്റ്റിൽ പ്രശാന്ത് ആരോപണം ഉന്നയിച്ചത്. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ റിപ്പോർട്ടിലുണ്ടെന്ന് സൂചനയുണ്ട്.
Read More
- മതവികാരം വ്രണപ്പെടുത്തി; വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി
- പാർട്ടി നടപടി അംഗീകരിക്കുന്നു; പറയാനുള്ളത് പാർട്ടി വേദികളിൽ പറയും; മറ്റു വ്യാഖ്യാനങ്ങൾക്ക് ഉത്തരവാദിയല്ലെന്ന് പി.പി ദിവ്യ
- ട്രോളിയിൽ തട്ടി സിപിഎം; എൽഡിഎഫിലും ഭിന്നത
- മഞ്ഞപ്പെട്ടിയും നീലപ്പെട്ടിയുമല്ല, ജനകീയ വിഷയങ്ങൾ ചർച്ചയാക്കണം: എൻ എൻ കൃഷ്ണദാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.