/indian-express-malayalam/media/media_files/uploads/2019/05/C-Divakaran.jpg)
ട്രോളി വിവാദം ഒരു ബിൽഡ് അപ്പ് സ്‌റ്റോറി മാത്രമാണെന്ന് സി ദിവാകരൻ പറഞ്ഞു
പാലക്കാട്: പാതിരാ റെയ്ഡിലും ട്രോളിവിവാദത്തിലും എൽഡിഎഫിനുള്ളിലും ഭിന്നത രൂക്ഷം. നേരത്തെ ആരോപണത്തിൽ സിപിഎം ജില്ലാ നേതൃത്വം തന്നെ രണ്ടുതട്ടിലായിരുന്നു. അതിനിടയിലാണ് തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കി ട്രോളി വിവാദത്തെ തള്ളി മുതിർന്ന എൽഡിഎഫ് നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്‌റ്റോറി മാത്രമാണെന്നാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരന്റെ പക്ഷം. ഇതോടെ ട്രോളി വിവാദത്തിൽ സിപിഎമ്മിന് പുറമേ എൽഡിഎഫിനുള്ളിലും ഭിന്നത രൂക്ഷമാവുകയാണ്. "പണം കൊണ്ടുവന്ന് പോയി, വന്നു എന്നൊക്കെ പറയുന്നു. വസ്തുത തെളിയിക്കണം. ആരോപിച്ചവർ തെളിവുകൾ നൽകിയിട്ടില്ല. അവർക്ക് തെളിവ് നൽകാൻ കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞുപോവാൻ ഇതെല്ലാം കാരണമാകും"- സി ദിവാകരൻ പറഞ്ഞു.
നേരത്തെ, പെട്ടിയല്ല ചർച്ചയാകേണ്ടത്, വികസനമാണെന്ന് നിലപാടുമായി സിപിഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. എന്നാൽ യുഡിഎഫിന് എതിരായ എല്ലാ ആരോപണവും ചർച്ചചെയ്യണമെന്നതാണ് പാർട്ടി നിലപാടെന്ന് കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെ ജില്ലാ സെക്രട്ടറിയുടെ വാദം തള്ളി കൃഷ്ണദാസ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സിപിഎം ജില്ലാ നേതൃത്വത്തിനിടയിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.
അതേസമയം, ട്രോളി വിവാദം കൂടുതൽ സജീവമാക്കുകയാണ് യുഡിഎഫ്. ഹോട്ടൽ റെയ്ഡും പെട്ടിയുമെല്ലാം തിരഞ്ഞെടുപ്പിൽ വിഷയമാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. എൽഡിഎഫ് പെട്ടിമടക്കിയാലും യുഡിഎഫ് പെട്ടിമടക്കില്ലെന്നും യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ട്രോളി വിവാദം സജീവമാക്കി നിർത്തണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.