scorecardresearch

ആന എഴുന്നെള്ളിപ്പിന് ഹൈക്കോടതി മാർഗനിർദേശം; പ്രായോഗികമല്ലെന്ന് പൂരം കമ്മിറ്റികൾ

കഴിഞ്ഞദിവസമാണ് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്

കഴിഞ്ഞദിവസമാണ് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്

author-image
WebDesk
New Update
Court News

ആന എഴുന്നെള്ളിപ്പിന് ഹൈക്കോടതിയുടെ മാർഗനിർദേശം

കൊച്ചി: കരിയും കരിമരുന്നുമില്ലാത്ത പൂരവും ഉത്സവവും മലയാളിയ്ക്ക് ചിന്തിക്കാനാവില്ല. എന്നാൽ, ഇവ കരിമരുന്ന് പ്രയോഗത്തിനും കരിവീരൻമാരുടെ എഴുന്നെള്ളിപ്പിനും എന്നും നിയമവ്യവസ്ഥ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താറുള്ളത്. ഇപ്പോഴിതാ, ആനകളുടെ എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പുതിയ മാർഗനിർദേശങ്ങളാണ് പൂരങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ച് ആശങ്കയുണർത്തുന്നത്. 

Advertisment

വിധിയ്‌ക്കെതിരെ പൂരപ്രേമികളും നടത്തിപ്പുകാരും ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. അതേസമയം, കോടതിയുടെ നിർദേശത്തെ സ്വാഗതം ചെയ്തും മൃഗസ്‌നേഹികൾ ഉൾപ്പടെയുള്ളവർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. 

എന്താണ് ഹൈക്കോടതി പറഞ്ഞത്

കഴിഞ്ഞദിവസമാണ് മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്. പൊതുവഴിയിൽ രാവിലെ ഒൻപത് മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ നാല് മണിക്കും ഇടയിൽ ആനകളെ കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ പറയുന്നു. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററിൽ അധികം ആനയെ നടത്തിക്കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ പറയുന്നു.

പരിപാടിയുടെ സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് മറ്റൊരു നിർദേശം. ജില്ലാ തല സമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നൽകേണ്ടതെന്നും ഉത്തരവിലുണ്ട്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.

Advertisment

ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്റർ മാത്രമേ പാടുള്ളൂ. 125 കിലോമീറ്റർ അധികം ദൂരം വാഹനത്തിൽ കൊണ്ടുപോകരുതെന്നും ഈ വേഗത പ്രകാരം വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശങ്ങൾ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമർശിച്ചു.

ഒരു ദിവസത്തിൽ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യൽ മത്സരങ്ങൾ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാർഗനിർദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്.ആനകളുടെ എട്ടു മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റർ മാറിയേ ആനയെ നിർത്താവൂ.

 എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച് മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റിൽ കൂടുതൽ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടർച്ചയായി നിർത്താനോ പാടില്ലെന്നും കോടതി നിർദേശിച്ചു.

എതിർപ്പുമായി പൂരം-ഉത്സവ കമ്മിറ്റികൾ

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശപ്രകാരം തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകൾ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത്. നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. കേസിൽ കക്ഷി ചേരുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.

ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്ററെന്നും ആനയും മനുഷ്യരും തമ്മിലുള്ള അകലം എട്ടുമീറ്ററെന്നും നിജപ്പെടുത്തിയാൽ പൂരം മാറ്റേണ്ടി വരും. മഠത്തിൽ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് ആറ് മീറ്ററാണ്. മാർഗനിർദേശം നടപ്പാക്കിയാൽ തൃശൂർ പൂരം പാടത്തേയ്ക്ക് മാറ്റേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

എഴുന്നള്ളിപ്പ് മാർഗനിർദേശത്തിൽ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാൻ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും കെ ഗിരീഷ് കുമാർ പറഞ്ഞു.ഹൈക്കോടതി നിർദേശത്തെ എതിർത്ത് തൃശൂർ പൂരം കമ്മിറ്റി തന്നെ രംഗത്തുവന്നതിനാൽ വരും ദിവസങ്ങളിൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്ന് വ്യക്തം. 

Read More

Thrissur Pooram Elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: