/indian-express-malayalam/media/media_files/6efHLLBFSZwylWkRSzkf.jpg)
ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: പതിവു രീതികളെല്ലാം പൊളിച്ചെഴുതിയാണ് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പടിയിറങ്ങുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നോളം ഒരു ഗവർണ്ണരും സർക്കാരുമായി ഇത്രയധികം ഏറ്റുമുട്ടൽ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയും ഗവർണ്ണറും ദിവസവും വാർത്താസമ്മേളനം നടത്തി കൊമ്പുകോർക്കുന്നതിന് നിരവധി തവണയാണ് കേരളം സാക്ഷ്യം വഹിച്ചത്. 2019 സെപ്റ്റംബർ ആറിന് ചുമതലയേറ്റെടുത്തത് മുതൽ ഓരോ ദിവസവും സംഭവബഹുലമായത് ഈ ഏറ്റുമുട്ടലുകൾ കാരണമാണ്.
നിയമനവിവാദം മുതൽ വഴിതടയൽ വരെ
സർവ്വകലാശാലകളിലെ നിയമനങ്ങളെ ചൊല്ലിയാണ് ഏറ്റവുമധികം തവണ ഗവർണ്ണരും സർക്കാരും ഏറ്റുമുട്ടിയത്. ഇവയിൽ പലതും ഇപ്പോഴും നിയമവഴിയിലുമാണ്. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിൽ ഗവർണ്ണർ സ്വന്തം നിലയ്ക്ക് വൈസ് ചാൻസിലർമാരെ നിയമിച്ചത് സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പരസ്യപോരാട്ടത്തിന് കാരണമായി.
സർക്കാരിന്റെ താൽപര്യത്തിനു കണ്ണൂരിൽ ഡോ. ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതു ഗവർണറായിരുന്നെങ്കിലും അതു വിവാദമാക്കിയതിൽ അദ്ദേഹത്തിനു നിർണായക പങ്കുണ്ടായിരുന്നു. സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ തുറന്നുപറച്ചിലാണു വിവാദം കത്തിച്ചത്. സർക്കാർ ഇടപെട്ടെന്നു കാട്ടി ആ നിയമനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
നിയമനങ്ങളെ ചൊല്ലിയുള്ള തർക്കം തെരുവിലേക്കും പടർന്നു. ഗവർണ്ണറെ രാഷ്ട്രീയമായി നേരിടാനുള്ള സിപിഎം തീരുമാനമാണ് ഇതിന് പിന്നിൽ. എസ്എഫ്‌ഐ ക്യാമ്പസുകളിൽ ഗവർണ്ണറെ നിരവധി തവണ തടയുന്ന സംഭവങ്ങളുണ്ടായി. ഇതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ റോഡിലും ഗവർണ്ണറുടെ വാഹനവ്യൂഹം തടഞ്ഞു. ഔദ്യോഗീക വാഹനത്തിൽ നിന്ന് ഇറങ്ങി സമരക്കാരെ ഗവർണ്ണർ നേരിട്ടത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രസേനയുടെ കൈകളിലായി.
മുഖ്യമന്ത്രിയുമായി നേർക്കുനേർ
പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാനും നേർക്കുനേർ ഏറ്റുമുട്ടി. ഏറ്റവുമൊടുവിൽ പിആർ വിവാദത്തിലാണ് ഗവർണ്ണറും മുഖ്യമന്ത്രിയും നേർക്കുനേർ ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് ഗവർണ്ണറുടെ പരാമർശം ഏറെ വിമർശനങ്ങൾക്ക് കാരണമായി.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ഗവർണർ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിന് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു.
തനിക്കെതിരെ പ്രസ്താവന നടത്തിയ ധനമന്ത്രി കെഎൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ ഗവർണ്ണർ രേഖപ്പെടുത്തിയ അപ്രീതിയും ഏറെ ചർച്ചയായിരുന്നു. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നുമാണ് മുഖ്യമന്ത്രിക്ക് അയച്ച് കത്തിൽ ഗവർണ്ണർ വ്യക്തമാക്കിയത്. ഇത് ദേശീയതലത്തിൽ പോലും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
സർക്കാരുമായുള്ള ഭിന്നതയെ തുടർന്ന് നയപ്രഖ്യാപന പ്രസംഗം വെറും 78 സെക്കൻഡിൽ ഒതുക്കിയതും വിവാദമായിരുന്നു.നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ നിയമസഭയിൽ വായിച്ചത്. ഏറ്റവും കുറച്ചുസമയം കൊണ്ട് നയപ്രഖ്യാപനം വായിച്ചതിന്റെ റെക്കോർഡും ഇതോടെ അദ്ദേഹത്തിന്റെ പേരിലായി.
ഇനി ബീഹാർ
ബീഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ സ്ഥലമാറ്റം. അടുത്ത വർഷം ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ്ദ് ഖാനെ അവിടേക്ക് നിയമിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
മുസ്ലിം വോട്ടുകൾ നിർണായകമായ ബിഹാറിൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ബിഹാറിലെ മുസ്ലിം വോട്ടുകൾ ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന മഹാഖഡ്ബന്ധന് അനുകൂലമാണ്.
Read More
- ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതിയ കേരള ഗവർണ്ണർ
- പുതുവത്സരത്തിൽ മലബാറിനും വേണാടിനും പുതിയ സമയക്രമം
- 'നടന്നത് നാടകം'; പ്രധാനമന്ത്രിയുമായുള്ള ക്രിസ്മസ് വിരുന്നിനെ വിമർശിച്ച് ബിഷപ്പ്
- ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
- പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.