/indian-express-malayalam/media/media_files/2025/09/04/shely-vasu-2025-09-04-15-49-46.jpg)
ഷേർളി വാസു (Photo credit-KMCT Medical College)
കോഴിക്കോട്: പ്രശസ്ത ഫോറൻസിക് സർജൻ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
Also Read:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നേരിട്ടത് ക്രൂര മർദ്ദനം; അന്വേഷണ റിപ്പോർട്ട് പുറത്ത്
കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജനായ ഷേർളി വാസു കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ട്. ചേകന്നൂർ മൗലവി കേസ്, സൗമ്യ വധക്കേസ് ഉൾപ്പടെയുള്ള കേസുകളിലെ പോസ്റ്റ്‌മോർട്ടം നടത്തിയത് ഷേർളി വാസുവാണ്. സൗമ്യ വധക്കേസിൽ ഷേർളി വാസുവിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിക്കുന്നതിൽ നിർണായകമായി. കേരളം കണ്ട മികച്ച ഫോറൻസിക് വിദഗ്ധരിലൊരാളാണ് ഡോക്ടർ ഷേർളി വാസു.
തൊടുപുഴ സ്വദേശിനിയായ ഷേർളി വാസു 1981-ലാണ് ഡോക്ടറായി സേവനം ആരംഭിക്കുന്നത്. 1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി. 1984ൽ ഫോറൻസിക് മെഡിസിനിൽ എം ഡി ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ, അസോ. പ്രൊഫസർ പദവികൾ വഹിച്ചു.
Also Read:വിസി നിയമന പ്രക്രിയയിൽനിന്ന് മുഖ്യമന്ത്രിയെ മാറ്റണം; ഗവർണർ സുപ്രീം കോടതിയിൽ
1997 മുതൽ 1999ൽ പരിയാരം മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടേഷനിൽ പ്രൊഫസറായി. അസോ. പ്രൊഫസറായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. 2016 ൽ തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരിക്കെ സർക്കാർ സർവീസിൽ നിന്നും വിരമിച്ചു.
വിരമിച്ചതിന് ശേഷവും സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു.ഫോറൻസിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ഷെർലി വാസു ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ അറിവ് പകർന്നു നൽകുകയും ചെയ്തു. പോസ്റ്റ്മോർട്ടം ടേബിൾ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
Read More:നൂറ് ദിവസം പിന്നിട്ട് കാലവർഷം; കൂടുതൽ മഴ കാസർകോട്, കുറവ് കൊല്ലത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.