/indian-express-malayalam/media/media_files/2024/10/16/ofBW6YeWknhEH3zfpbOk.jpg)
ദിവ്യയ്‌ക്കെതിരെ പരാതി നൽകി നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ പരാതി നൽകി എഡിഎമ്മിന്റെ കുടുംബം. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവാണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ സിറ്റി പൊലീസ്, കണ്ണൂർ എസ്പി, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു ചൂണ്ടിക്കാട്ടുന്നു.
നവീൻ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്ട്രറേറ്റിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
നേരത്തെ, കാസർഗോഡ്, കണ്ണൂർ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. എംവി ജയരാജനും ടിവി രാജേഷും മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലേക്ക് വരുന്നുണ്ട്.
അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സർവീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.
Read More
- നവീന് സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്
- ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
- ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ
- രണ്ടിടത്ത് ഓറഞ്ച് അലർട്ട്,ആറിടത്ത് യെല്ലോ അലർട്ട്:സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
- കേരള തീരത്ത് റെഡ് അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യത
- ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ കേസെടുക്കാവുന്ന കുറ്റങ്ങൾ: ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.