scorecardresearch

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ

കണ്ണൂരിൽ നിന്നും സ്ഥലം മാറ്റം വാങ്ങി ഇന്ന് പത്തനംതിട്ടയിലേക്ക് പോകാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂരിൽ നിന്നും സ്ഥലം മാറ്റം വാങ്ങി ഇന്ന് പത്തനംതിട്ടയിലേക്ക് പോകാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Naveen Babu

മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബു

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്ഥലം മാറ്റം വാങ്ങി ഇന്ന് പത്തനംതിട്ടയിലേക്ക് പോകാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

തിങ്കളാഴ്ച കളക്ടറേറ്റിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ എഡിഎമ്മിന് യാത്രയയപ്പ് നൽകിയിരുന്നു. യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. 

"യാത്രയയപ്പ് യോഗത്തിൽ എഡിഎമ്മിന് ഞാൻ എല്ലാവിധ ആശംസകളും നേരുകയാണ്. അദ്ദേഹം മറ്റൊരു ജില്ലയിലേക്ക് പോകുകയാണ്. മുൻ എഡിഎമ്മുകളിൽ നിന്ന് വ്യത്യസ്തമായി ഇദ്ദേഹത്തെ അധികം വിളിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ ഒരിക്കൽ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ്. നിങ്ങൾ സൈറ്റ് ഒന്നുപോയി നോക്കണം. ഒരു പ്രാവശ്യം വിളിച്ചു, രണ്ടു പ്രാവശ്യം വിളിച്ചു. അപ്പോൾ ഒരു ദിവസം പറഞ്ഞ് സൈറ്റ് പോയി നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. 

ആ സംരംഭകൻ എന്റെ മുറിയിൽ പലതവണ വന്നു. തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേ എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു തീരുമാനമാകും. വീണ്ടും വീണ്ടും അദ്ദേഹം എന്റെ അടുത്ത് വന്നു. എഡിഎമ്മിനോട് പറഞ്ഞു. ഇത് എന്തെങ്കിലും നടക്കോ? അപ്പോൾ അദ്ദേഹം പറഞ്ഞു, അതിൽ ചില പ്രശ്നങ്ങളുണ്ട്. ഒരു വളവും തിരിവും ഉള്ളതുകൊണ്ട് ഒരു എൻഒസി കൊടുക്കാൻ പ്രയാസമാണ് എന്ന് അദ്ദേഹം പറഞ്ഞു.

Advertisment

മാസങ്ങൾ കുറച്ചായി.കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എൻഒസി കിട്ടിയെന്ന് പറഞ്ഞു. ഏതായാലും നന്നായി. എൻഒസി എങ്ങനെ കിട്ടി എന്നത് എനിക്ക് അറിയാം. ആ എൻഒസി കൊടുത്തതിൽ നന്ദി പറയാനാണ് കഷ്ടപ്പെട്ട് ഞാൻ ഈ സമയത്ത് ഈ പരിപാടിയിൽ പങ്കെടുക്കാൻ വന്നത്. 

ഒന്ന് ജീവിതത്തിൽ സത്യസന്ധത പാലിക്കണം. നിങ്ങൾ ഒരു വ്യക്തിയെയും ചിരിച്ച് കൊണ്ടും പാൽ പുഞ്ചിരി കൊണ്ടും ലാളിത്യം കൊണ്ടും ജീവിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യർ എന്ന് നിങ്ങൾ ആരും ധരിക്കേണ്ട. അങ്ങനെ ആരും ധരിക്കേണ്ട. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് ഒരു നന്ദി പറയുകയാണ്.

കാരണം ഞാൻ ഒരു ആവശ്യം അദ്ദേഹത്തോട് ഉന്നയിച്ചപ്പോൾ അദ്ദേഹം നടത്തി കൊടുത്തു കുറച്ചു മാസങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും. കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലെ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. കൂടുതൽ മെച്ചപ്പെടണം.മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കുക. കാരണം നമ്മുടെ ചുറ്റും ആളുകൾ ഉണ്ട്. വളരെ കെയർ ചെയ്യണം. ഇത് സർക്കാർ സർവീസാണ്. ഒരു നിമിഷം മതി സിവിൽ ഡെത്ത് സംഭവിക്കാൻ.ആ നിമിഷത്തെ കുറിച്ച് ഓർത്ത് കൊണ്ട് നമ്മൾ എല്ലാവരും പേന പിടിക്കണം. ഇത് മാത്രമാണ് ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത്. 

ഒരു രണ്ടു ദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞു കൊണ്ട് ഞാൻ ഇവിടെ നിന്ന് ഇറങ്ങുന്നു. മറ്റൊന്നുമല്ല ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടാവരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങൾ കൂടി ഉണ്ട്. അത് രണ്ടുദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും"-ദിവ്യ യോഗത്തിൽ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചായയതിന് പിന്നാലെ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് തിരിക്കുമെന്നാണ് എഡിഎം വീട്ടുകാരോട് പറഞ്ഞത്. അതനുസരിച്ച നവീൻ ബാബുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യ ചൊവ്വാഴ്ച രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പുലർച്ചെയുള്ള ട്രെയിനിൽ നവീൻ ബാബുവിനെ കാണാത്തതിനെ തുടർന്ന്  ബന്ധുക്കൾ അറിയിച്ചതനുസരിച്ച് സമീപത്തുള്ളവർ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ കാസർകോട് എഡിഎമ്മായിരുന്ന നവീൻ ബാബു ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കണ്ണൂരിലേക്ക് എത്തിയത്.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് മരിച്ച നവീൻ ബാബു. വിരമിക്കാൻ എട്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് നവീൻ ബാബുവിന്റെ മരണം. കോന്നി തഹസിൽദാർ മഞ്ജുവാണ് നവീൻ ബാബുവിന്റെ ഭാര്യ. 

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എഡിഎമ്മിന്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോണ്‍ഗ്രസും ബിജെപിയും സിപിഎം നേതാവ് കൂടിയായ പിപി ദിവ്യ യ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.കണ്ണൂരിൽ നിന്നുള്ള സിപിഎം വനിതാ നേതാവായ പിപി ദിവ്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റെ സെക്രട്ടറി കൂടിയാണ്. സംഭവത്തിൽ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രദ്ധിക്കു

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Read More

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: