/indian-express-malayalam/media/media_files/2025/09/23/prithvi-dulquer-2025-09-23-11-13-29.jpg)
പൃഥ്വിരാജ്, ദുൽഖർ സൽമാൻ
Customs raid Malayalam actors: കൊച്ചി: നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ പരിശോധന. ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനം വാങ്ങിയെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. ദുൽഖറിന്റെ പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോയി.
കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ചില പ്രമുഖ വ്യവസായികളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഭൂട്ടാനിൽനിന്നും നികുതി വെട്ടിച്ച് രാജ്യത്തേക്ക് ആഡംബര വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനായി ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യത്തിന്റെ പല ഇടങ്ങളിലും കസ്റ്റംസ് പരിശോധന നടന്നു. പരിശോധനയ്ക്കിടെ സംസ്ഥാനത്ത് 20 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നത്.
ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നുവെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. അതില്‍ 20 എണ്ണം കേരളത്തിലാണ്.
ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി വാഹനങ്ങൾ രജിസ്റ്റർ ചെയ്യും. അതിനുശേഷം ഭൂട്ടാനിൽനിന്ന് വാഹനങ്ങൾ ഹിമാചലിൽ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത്തരത്തില്‍ വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
Read More: ജിഎസ്‌ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെ, ലോട്ടറി വില കൂട്ടില്ല: കെഎൻ ബാലഗോപാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.