/indian-express-malayalam/media/media_files/iGNZfoi4hEymGLZQEgrc.jpg)
ഹേമാ കമ്മിറ്റി റിപ്പോർട്ടും സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയായേക്കും
കൊച്ചി: ലൈംഗികാതിക്രമണ പരാതി കേസ് രജിസ്റ്റർ ചെയ്തതിന് തുടർന്ന് നടനും എംഎൽഎയുമായ എം മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെ സിപിഎമ്മിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ മുകേഷുമായി ബന്ധപ്പെട്ട വിഷയം ചർച്ചയാകുമെന്നാണ് സൂചന. ഹേമാ കമ്മിറ്റി റിപ്പോർട്ടും സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയായേക്കും.
മുകേഷ് രാജിവെക്കേണ്ടെന്നാണ് പൊതുവേ സിപിഎമ്മിനുള്ളിലെ അഭിപ്രായം. സമാന ആരോപണങ്ങൾ പ്രതിപക്ഷത്തുള്ള എംഎൽഎമാർക്ക് നേരെ ഉയർന്നപ്പോൾ അവർ രാജിവെച്ചില്ലെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അനാവശ്യമായ കീഴ്‌വഴക്കങ്ങൾ സ്രഷ്ടിക്കേണ്ടെന്നാണ് വ്യാഴാഴ്ച ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗവും വിലയിരുത്തിയത്. മുകേഷ് രാജിവെക്കേണ്ടെന്ന് നിലപാടാണ് വ്യാഴാഴ്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സിപിഎമ്മിന്റെ മുതിർന്ന വനിതാ നേതാക്കളായ കെകെ ഷൈലജ എംഎൽഎ, പികെ ശ്രീമതി എന്നിവർ അഭിപ്രായപ്പെട്ടത്. എന്നാൽ, പ്രതിപക്ഷം മുകേഷിന്റെ രാജിക്കായി സമ്മർദം ശക്തമാക്കിയ നിലയ്ക്ക് സ്വീകരിക്കേണ്ട നിലപാടുകൾ ഇന്നത്തെ സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
മുകേഷിന്റെ രാജി; സിപിഐ കത്ത് നൽകി
ധാർമ്മികതയുടെ പേരിൽ മുകേഷ് രാജിവെച്ച് മാറിനിൽക്കണമെന്ന് സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തിൽ അഭിപ്രായം ഉയർന്നത്.
മന്ത്രി ജെ ചിഞ്ചുറാണി, കമലാ സദാനന്ദൻ, പി വസന്തം എന്നിവർ സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ മുകേഷിന്റെ രാജിവേണമെന്ന കർശന നിലപാടെടുത്തു. നേരത്തെ മുതിർന്ന സിപിഐ നേതാക്കളായ ആനി രാജ, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു എന്നിവരും മുകേഷ് രാജിവെക്കണമെന്ന് നിലപാടാണ് സ്വീകരിച്ചത്.
സമരം ശക്തമാക്കി പ്രതിപക്ഷം
മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ കളക്ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എംഎൽഎക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് സംഘടനകൾ ആരോപിക്കുന്നത്.പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Read More
- മുകേഷിനെതിരായ അന്വേഷണം; എസ്പി പൂങ്കുഴലി നേതൃത്വം നൽകും
- മുകേഷിന്റെ രാജി: ഇടതുപക്ഷത്ത് ഭിന്നത
- മുകേഷിന്റെ അറസ്റ്റ്; അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞു
- ഹേമ കമ്മറ്റി: തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭൻ
- കോൺഗ്രസ് എംഎൽഎമാർ രാജി വച്ചില്ലല്ലോ? മുകേഷിന്റെ രാജി ആവശ്യം അംഗീകരിക്കാതെ ഇ.പി.ജയരാജൻ
- നടിയുടെ പരാതി: മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസ്
- മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.