/indian-express-malayalam/media/media_files/2024/12/05/eS5RPzDU2rGXEIwjg1kT.jpg)
വിവാദം വിട്ടൊഴിയാതെ ശിശുസംരക്ഷണ സമിതി
കൊച്ചി: വിവാദങ്ങൾ വിട്ടൊഴിയാത്ത ഇടമാണ് സംസ്ഥാന ശിശുക്ഷേമ സമിതി. ഒന്നിന് പിറകെ ഒന്നൊന്നായി വിവാദങ്ങൾ വരുന്നത് ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രയത്തിൽ ആയമാർ മുറിവേൽപ്പിച്ച സംഭവമാണ് ഏറ്റവുമൊടുവിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനത്തെ തന്നെ ചോദ്യം ചെയ്യുന്ന വിവാദം.
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞുങ്ങളോട് ആയമാർ കാട്ടുന്ന ക്രൂരതകളെപ്പറ്റി വെളിപ്പെടുത്തി മുൻജീവനക്കാരി രംഗത്തെത്തിയത്. ഇതോടെ ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങുകയാണ് സർക്കാർ.
ദത്തെടുക്കൽ വിവാദം
എസ്എഫ്‌ഐ പ്രവർത്തകയായിരുന്ന അനുപമയുടെ കുട്ടിയെ അനധികൃതമായി ദത്തുനൽകിയ വിഷയം ശിശുക്ഷേമ സമിതിയെ പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു. 2020 ഒക്ടോബർ 22 നാണ് കുഞ്ഞിനെ അനുപമയുടെ അമ്മയും അച്ഛനും ചേർന്ന് ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ച വിവരം കുറച്ച് മാസങ്ങൾക്ക് മുമ്പുമാത്രമാണ് അച്ഛൻ ജയചന്ദ്രൻ വെളിപ്പെടുത്തിയത്. കുഞ്ഞിനെ കടത്തിയതിൽ ശിശുക്ഷേമ സമിതിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.
അമ്മയുടെ സമ്മതമില്ലാതെ ശിശുസംരക്ഷണ സമിതിയിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് ആന്ധ്രയിലുള്ള ദമ്പതികൾക്ക് സമിതി ദത്ത് നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്തണമെന്നാവശ്യവുമായി അനുപമ പോലീസിനെ സമീപിച്ചതോടെയാണ് രാഷ്ട്രീയ ബന്ധങ്ങളുള്ള അനുപമയുടെ അച്ഛനും ശിശുസംരക്ഷണ സമിതി അധികൃതരും ചേർന്ന് നടത്തിയ അനധികൃത നീക്കങ്ങൾ പുറം ലോകം അറിയുന്നത്. സംഭവം വിവാദമായതോടെ കുട്ടിയെ അനുപമയ്ക്ക് തിരികെ നൽകി ശിശുസംരക്ഷണ സമിതി തലയൂരുകയായിരുന്നു.
ഷിജുഖാനെതിരായ ആരോപണം
വ്യാജരേഖയുണ്ടാക്കി അനുപമയുടെ കുട്ടിയെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അന്നത്തെ ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറി ഡോ.എം ഷിജുഖാനെതിരെ ഉയർന്നുവന്ന് ആരോപണവും ഏറെ വിവാദമായതാണ്. വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജുഖാനെതിരെയും ആരോപണം ഉയർന്നിരുന്നു. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാൻ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം.
/indian-express-malayalam/media/media_files/2024/12/04/Gi1oSKsbZxQJDOMaoPkV.jpg)
അതേസമയം, എല്ലാ നിയമപരമാണ് നടത്തിയതെന്നാണ് അന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര ആരോപണങ്ങൾ ഷിജുഖാനെതിരെ ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് നിർത്തുന്ന നിലപാടാണ് അന്ന് സർക്കാർ സ്വീകരിച്ചത്. ഇത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
വാളയാർ കേസിൽ എതിർപക്ഷത്തിനായി സിബ്ല്യുസി ചെയർമാൻ
കേരള മനസാക്ഷിയെ ഉലച്ച മറ്റൊരു കേസാണ് വാളയാർ പെൺകുട്ടികളുടെ കൊലപാതകം. പാലക്കാട് സി ഡബ്ല്യുസി ചെയർമാൻ ചുമതലയിലുള്ള അഡ്വ. എൻ രാജേഷിന്റെ പശ്ചാത്തലമാണ് കേസിന്റെ നാൾവഴികളിൽ ചർച്ചയായ പ്രധാന സംഭവം. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ, പ്രതിഭാഗത്തിനു വേണ്ടി കേസ് ഏറ്റെടുക്കുകയും, മേയ് രണ്ട്, മൂന്ന് തീയതികളിൽ വാദത്തിനായി കോടതിയിൽ ഹാജരാകുകയും ചെയ്തയാളാണ് എൻ. രാജേഷ്.
2017ൽ നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള കേസിൽ പ്രതിയായ പ്രദീപ്കുമാറിനു വേണ്ടിയാണ് രാജേഷ് ഹാജരായത്. എന്നാൽ, സി.ഡബ്ല്യു.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് താൻ കേസിൽ നിന്നും ഒഴിഞ്ഞിരുന്നുവെന്നും, പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായി എന്നത് തെറ്റായ വാദമാണെന്നുമായിരുന്നു രാജേഷിന്റെ പക്ഷം.
സുരക്ഷിതരല്ലേ കുഞ്ഞുങ്ങൾ
രണ്ട് വയസ്സുകാരിയ്ക്ക് നേരെ ആയമാരുടെ ഭാഗത്ത് നിന്നുണ്ടായ പീഡനത്തിന് തൊട്ടുപിന്നാലെയാണ് മുൻ ജീവനക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നുമായിരുന്നു മുൻ ആയയുടെ വെളിപ്പെടുത്തൽ. അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ അറസ്റ്റിലായവർ മുൻപും കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്.
നിരന്തരം വിവാദങ്ങളിൽ ഉൾപ്പെടുന്നതോടെ ശിശുസംരക്ഷണ സമിതിയുടെ കീഴിലുള്ള സ്ഥലങ്ങളിൽ കഴിയുന്ന കുഞ്ഞുങ്ങൾ സുരക്ഷിതരാണോയെന്ന് ചോദ്യമാണ് പൊതുസമൂഹത്തിൽ നിന്നുയരുന്നത്. വിവാദങ്ങൾ ശക്തമായതോടെയാണ് കുട്ടികളുടെ വൈദ്യ പരിശോധനയടക്കം നടത്താൻ സർക്കാർ തീരുമാനിച്ചത്. എ്ന്നാൽ അതിനെല്ലാം ഉപരിയായി ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം സുതാര്യമാക്കാൻ വേണ്ട നടപടി സർക്കാരിന്റെ ഭാഗത്ത നിന്നുണ്ടാകണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.
Read More
- സ്മാർട്ട് സിറ്റിയ്ക്ക് പൂട്ട് വീഴുന്നോ? ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും
- വീണ്ടും ഷോക്കടിപ്പിക്കുമോ...? വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്
- വന്ദേഭാരതിലെ തകരാർ പരിഹരിച്ചു; യാത്ര പുനരാരംഭിച്ചു
- സംസ്ഥാനത്ത് ഇനി ഹെലി ടൂറിസം പദ്ധതിയും; മന്ത്രിസഭ അനുമതി നൽകി
- സിൽവർ ലൈനിൽ കേരളത്തിന് തിരിച്ചടി;ഡിപിആർ കേന്ദ്രം തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us