/indian-express-malayalam/media/media_files/hhIoIsUfzGeaqXY7O5Fa.jpg)
കൊച്ചി: ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇടതുപക്ഷ മതേതര ഐക്യം ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നവകേരള സദസ്സിനിടെ പറഞ്ഞു.
സിപിഐക്കും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണിതെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ അനുശോചിച്ചു. ഈ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. കാനം രാജേന്ദ്രന്റെ കുടുംബത്തിന്റേയും കേരളത്തിന്റെ മുഴുവൻ സഖാക്കളുടേയും ദുഃഖത്തിൽ താനും പങ്കുചേരുകയാണെന്ന് ഡി രാജ പറഞ്ഞു.
ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. "19ാം വയസില്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭാ പ്രവര്‍ത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ സഭയില്‍ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. വെളിയം ഭാര്ഗവന്, സി കെ ചന്ദ്രപ്പന് തുടങ്ങിയ മുന്‍ഗാമികളെ പോലെ നിലപാടുകളില്‍ കാനവും വിട്ടുവീഴ്ച ചെയ്തില്ല.
വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ സഫലമായില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം," വി ഡി സതീശന് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം സിപിഐയുടെ മാത്രം ദുഃഖമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. "കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന്റെ ആകെ നഷ്ടമാണ്. കാനത്തിന്റെ വിടവാങ്ങല്‍ ഞെട്ടലോടെയാണ് കേട്ടത്. അസുഖ ബാധിതനായിരുന്നപ്പോള്‍ കൊച്ചിയില്‍ പോയി അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. ആത്മവിശ്വാസത്തോടെ തിരിച്ചു വരുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്.
അസുഖം പൂര്‍ണമായി ഭേദമായി തിരിച്ചുവരുമെന്ന് കരുതിയിരുന്നു. വളരെ താഴേത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിപിഎമ്മിനേയും സിപിഐയേയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്," എം വി ഗോവിന്ദന് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വേണ്ടിയുള്ള സന്ദേശം ഉയര്‍ത്തിയ നേതാവാണ് കാനം രാജേന്ദ്രനെന്ന് എ കെ ബാലനും അനുശോചിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച നേതാവാണ് കാനമെന്നും കാനത്തിന്റെ വിയോഗം വലിയ നഷ്ടമാണ് ഇടതുമുന്നണിക്ക് സൃഷ്ടിക്കുകയെന്നും എ കെ ബാലന് പറഞ്ഞു.
Read More related News Here
- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
- കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
- നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; ഹൈക്കോടതിയുടെ നിർണായക ഉത്തരവ്
- സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് പെൺകുട്ടികൾ താൻ പോടോ എന്ന് പറയണം: പിണറായി വിജയൻ
- യുവ ഡോക്ടറുടെ ആത്മഹത്യ: ഒളിവിലായിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.