scorecardresearch

സിഎഎയിലൂടെ കേന്ദ്രം നടപ്പാക്കുന്നത് ആർഎസ്എസ് ആശയം; ബിജെപിക്കെതിരെ പിണറായി വിജയൻ

ഇന്ത്യയുടെ മഹത്തായ ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ

ഇന്ത്യയുടെ മഹത്തായ ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ

author-image
WebDesk
New Update
Pinarayi Vijayan

സിഎഎയിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് പിണറായി വിജയൻ (ഫൊട്ടോ-സ്ക്രീൻ ഗ്രാബ്)

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ആർഎസ്എസ് ആശയത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്. ആഭ്യന്തര ശത്രുക്കളെ ഇല്ലാതാക്കുന്ന ഹിറ്റ്ലറിന്റെ നടപടികൾക്ക് പിന്തുണ നൽകിയ ചരിത്രമാണ് ആർഎസ്എസിനുള്ളത്. സംഘടനാ ചട്ടക്കൂടുകൾക്ക് രൂപം നൽകുന്ന സമയത്ത് ആർ എസ് എസ് നേതാക്കൾ മുസോളിനിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും അന്നത്തെ ജർമ്മൻ രീതികൾ ഇന്ത്യയിൽ അധികാരത്തിന്റെ കരുത്തിൽ നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. 

Advertisment

സിഎഎയിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റാനാണ് സംഘപരിവാറിന്റെ ശ്രമം. ഉന്മൂലനം ചെയ്യേണ്ട വിഭാഗമായാണ് മുസ്ലീം മതത്തെ ആർഎസ്എസ് കാണുന്നത്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം നടത്തിയത്. ഇന്ത്യയുടെ ആ മഹത്തായ ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. 

അസീമുള്ള ഖനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർഎസ്എസ് മറന്നു പോകരുത്. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കരുതെന്ന് ആർ എസ് എസ് പറയുമോ എന്ന് പിണറായി വിജയൻ ചോദിച്ചു. മുഗൾ ചക്രവർത്തി ഷാജഹാന്റെ മകനായ ധാരാഷികോ തർജമ ചെയ്തത് കൊണ്ടാണ് ഇന്ത്യയിലെ ഉപനിഷത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയത്. ഇത്തരത്തിൽ രാജ്യത്തിന്റെ സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ മുസ്ലീം വിഭാഗം വഹിച്ച പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സിഎഎ വിഷയത്തിൽ കോൺഗ്രസിനെതിരേയും വ്യാപക വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആത്മാർത്ഥമായി പോരാടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും സിപിഎമ്മുമായി ഇക്കാര്യത്തിൽ യോജിച്ച പ്രക്ഷേഭത്തിന് തയ്യാറാവാതിരുന്നത് അതിനാലാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 

Advertisment

പൗരത്വ നിയമ വിഷയത്തിലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് യാതൊരു ഉത്തരവാദിത്വവുമില്ലാത്തതാണ്. സിഎഎ പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശ പര്യടനത്തിലായിരുന്നു. എന്നാൽ വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്ന ആനി രാജ പ്രക്ഷോഭത്തിൽ മുന്നിൽ നിന്ന ആളാണ്. സിതാറാം യെച്ചുരി, പ്രകാശ് കാരട്ട്, ഡി രാജ ഉൾപ്പെടെ ഉള്ളവർ പ്രക്ഷോഭത്തിന്റെ ഭാഗമായിഅറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോൺഗ്രസ്കാരെ അന്ന് ആ വഴിക്കു കണ്ടിരുന്നില്ല. എന്തുകൊണ്ടാണ് അവർ പിന്മാറാൻ കാരണം.

ലോക്സഭയിൽ സിപിഎം എംപിയായ ആരിഫ് മാത്രമാണ് നിയമത്തിനെതിരെ പ്രതികരിച്ചത്. രാജ്യസഭയിലും ഇടത് അംഗങ്ങൾ മാത്രമാണ് സിഎഎക്കെതിരെ പ്രതികരിച്ചത്. നിയമത്തിനെതിരെ കോൺഗ്രസ്‌ അംഗങ്ങളുടെ ശബ്ദം എവിടെയും പൊങ്ങിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

അതേ സമയം സിഎഎ വിഷയത്തിൽ എല്ലാവരേയും ചേർത്ത് നിർത്തിയുള്ള പ്രക്ഷോഭത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Read More:

Bjp Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: