/indian-express-malayalam/media/media_files/uploads/2023/08/rahul-gandhi-7.jpg)
ഫയൽ ചിത്രം
മുംബൈ: ഇലക്ടറൽ ബോണ്ടുകൾ വഴി നരേന്ദ്ര മോദിയും ബിജെപിയും നടത്തിയത് ഗുണ്ടാ പിരിവെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പിടിച്ചുപറിയാണ് ഇതുവഴി ബിജെപി നടത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കൊള്ളയടിക്കൽ റാക്കറ്റും അഴിമതിയുമാണ് ഇലക്‌ട്രൽ ബോണ്ടുകളെന്നും അത് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാഹുൽ ആരോപിച്ചു. മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇലക്ടറൽ ബോണ്ട് എന്ന ആശയം കൊണ്ടുവന്നത്. അനധികൃതമായുള്ള രാഷ്ട്രീയ സാമ്പത്തികം ഇല്ലാതാക്കാനുള്ള മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ റാക്കറ്റും അഴിമതിയും അല്ലാതെ മറ്റൊന്നുമല്ല. കോർപ്പറേറ്റുകളിൽ നിന്ന് ഓഹരികൾ എടുക്കുന്നതിനും പകരം അവരിൽ നിന്ന് ഹഫ്ത വാങ്ങുന്നതിനുള്ള കരാറുകൾ നൽകുന്നതിനുമുള്ള ഒരു മാർഗമാണിത്. കമ്പനികളുടെ പട്ടികയിൽ ഷെൽ കമ്പനികളും സിബിഐയും ഇഡിയും സമ്മർദ്ദം ചെലുത്തുന്നവയും ഉണ്ടെന്നും രാഹുൽ പറഞ്ഞു.
ഇത് കോർപ്പറേറ്റ് ഇന്ത്യയുടെ ക്രിമിനൽ ചൂഷണമാണെന്നും അത് നടത്തുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും രാഹുൽ ആരോപിച്ചു. ബിജെപി സമാഹരിച്ച പണം രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനാണ് ഉപയോഗിച്ചത്. ആ പണം ഉപയോഗിച്ചാണ് ശിവസേനയെയും എൻസിപിയെയും തകർത്തത്. ഈ പാർട്ടികളെ തകർക്കാനാണ് പണം നൽകിയതെന്ന് മഹാരാഷ്ട്ര മുഴുവൻ അറിയാമെന്നും രാഹുൽ വ്യക്തമാക്കി.
അടുത്തിടെ പാർട്ടി വിട്ട കോൺഗ്രസ് നേതാക്കളെ കുറിച്ച് പരാമർശിച്ച രാഹുൽ ഗാന്ധി, മിലിന്ദ് ദേവ്‌റയും അശോക് ചവാനും പാർട്ടി വിട്ടത് വലിയ പ്രശ്‌നമല്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്നും പറഞ്ഞു. സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെ പരാമർശിച്ച രാഹുൽ ഈ ഏജൻസികൾ കൊള്ളയടിക്കലിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അന്വേഷണത്തിലല്ലെന്നും പറഞ്ഞു. 'സിബിഐയും ഇഡിയും ഇനി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കില്ല. അവരെ ഉപയോഗിക്കുന്നത് ബിജെപി മാത്രമാണ്. ഈ ബിജെപി സർക്കാർ എന്നെങ്കിലും തോൽക്കുമെന്ന് ഏജൻസികൾ തിരിച്ചറിയണം, അപ്പോൾ ഈ ഏജൻസികൾക്കെതിരായ നടപടി സമാനതകളില്ലാത്തതായിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read More:
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്‌ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
- ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഇലക്ടറൽ ബോണ്ട്; പകുതിയും ബിജെപിയ്ക്ക്, മൂന്നിലൊന്നും സ്വന്തമാക്കിയത് 2019ൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.