/indian-express-malayalam/media/media_files/WIxVn1DlV7agkWXIqROx.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ Suresh Gopi, PMA Salam
കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. തിരഞ്ഞെടുപ്പാണ് സുരേഷ് ​ഗോപിയുടെ ലക്ഷ്യമെന്ന് പിഎംഎ സലാം പ്രതികരിച്ചു. "വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബിജെപിയുടെ വലയിൽ വീഴില്ല," സലാം പറഞ്ഞു.
ഹജ്ജ് സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയതിനെതിരെയും മുസ്ലിം ലീഗ് പ്രതിഷേധമറിയിച്ചു. "കരിപ്പൂരിൽ നിന്നുള്ള ഹാജിമാർ നേരിടുന്നത് കടുത്ത വിവേചനമാണ്. ഉംറ യാത്രയ്ക്ക് 35,000 രൂപ മാത്രമാണ് നിരക്ക്. പരസ്യമായി എങ്ങനെ കൊള്ള നടത്താൻ സാധിക്കുന്നു? ടെൻഡറിലെ കള്ളക്കളി പുറത്തുകൊണ്ട് വരണം. വലിയ ചാർജ് വരുമ്പോൾ റീ ടെൻഡർ ആണ് സാധാരണ നടപടി. അതുകൊണ്ടാണ് കള്ളക്കളി സംശയിക്കുന്നത്," സലാം കൂട്ടിച്ചേർത്തു.
"വിമാനം കൊണ്ടുവന്ന് യാത്ര നടത്തൂവെന്ന അബ്ദുള്ളക്കുട്ടിയുടെ പരാമർശം അംഗീകരിക്കാനാവില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി കൃത്യമായി യോഗം ചേരാറില്ല. കേരള ഹജ്ജ് കമ്മിറ്റിക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എന്ത് ചെയ്തുവെന്നും വ്യക്തമാക്കണം. കേരളത്തിൽ നിന്നുള്ള 80 ശതമാനം ഹാജിമാരെ 1,65,000 രൂപ ഈടാക്കി കൊണ്ടുപോകാനാണ് നീക്കം. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. മുസ്ലീം ലീഗ് പ്രക്ഷോഭത്തിന് മുന്നിലുണ്ടാകും," സലാം പറഞ്ഞു.
"ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍. മലബാറിലെ ഹജ്ജ് തീര്‍ത്ഥാടകരോട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര-സംസ്ഥാന ഹജ്ജ് വകുപ്പുകളും ചെയ്യുന്ന കൊടും ക്രൂരത മറ നീക്കി പുറത്ത് വന്നപ്പോള്‍ നടത്തിയ പ്രതികരണം അബ്ദുളളക്കുട്ടിക്ക് ഭൂഷണമെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവിക്ക് യോജിച്ചതല്ല.
എയര്‍ ഇന്ത്യയുടെ തീവെട്ടികൊളള ചൂണ്ടിക്കാണിക്കുന്നവരോട് സ്വന്തമായി വിമാനം പറത്താന്‍ ഉപദേശിക്കുന്നത് വിശ്വാസികളോടുളള അവഹേളനമാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് കാഴ്ച്ചക്കാരായി നില്‍ക്കുന്നതിന് പകരം അത്യന്തം ഗൗരവതരമായ ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ കേരള ഗവണ്‍മെന്റ് ഇനിയും വൈകിക്കൂടാ," പിഎംഎ സലാം ഫേസ്ബുക്കിലും കുറിച്ചു.
ഏക സിവിൽ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. "കെ റെയിൽ വരുമെന്ന് പറയുന്നത് പോലെയല്ല, ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കും. അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കും. പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ല," സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്കിടെ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Read More:
- കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
- സൊമാലിയൽ കടക്കൊള്ളക്കാരുടെ പിടിയിലായ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us