/indian-express-malayalam/media/media_files/htsCd2RTXFMqBTZkXj1Q.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തിരുമാനമാനം. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ നിലവിൽ വരും.
ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.
300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.
2023 ഏപ്രിൽ 1ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.
ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ ഫീസിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനൽകും. ഇതിന് കെ സ്മാർട്ട് വഴിയും ഐഎൽജിഎംഎസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓണലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്, മന്ത്രി കൂട്ടിച്ചേർത്തു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.