/indian-express-malayalam/media/media_files/XmR05FFn57NuSy6zyIHB.jpg)
പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയത്
ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പത്താം നാളിലേക്ക്. ഇന്നത്തെ ദിവസം ഏറെ നിർണായകമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടക്കുക. ഇതിനായി ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.
ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിയശേഷം ഡൈവർമാർ കാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും. അതിനുശേഷമാകും ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുക. വൈകുന്നേരത്തോടെ ഓപ്പറേഷൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്താനായി സൈനിക സംഘമെത്തിയിട്ടുണ്ട്. ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് അൽപസമയത്തിനകം ഇറങ്ങും.
വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ഐബോര്‍ഡ് എന്ന അത്യാധുനിക സംവിധാനമുപയോഗിച്ചാണ് ഇന്നു തിരച്ചിൽ നടത്തുക. ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്. മാത്രമല്ല, ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്.
ഇന്നലത്തെ തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ട്രക്ക് ഗംഗാവലി നദിയിൽനിന്ന് കണ്ടെത്തിയിരുന്നു. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയത്. ഒൻപതാം ദിവസം ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പുഴയുടെ അടിഭാഗത്തുനിന്ന് ലോറി കണ്ടെത്തിയത്. ട്രക്ക് നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.
ജൂലൈ 16 നാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.