/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2019/05/siddique-revathy-sampath.jpg)
നടൻ സിദ്ദിഖ് അപമര്യാദമായി സംസാരിച്ചു എന്ന് യുവനടി രേവതി സമ്പത്ത് ചൊവ്വാഴ്ച രാത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പറച്ചിൽ നടത്തിയിരുന്നു.
മൂന്നുവർഷം മുൻപ് ഒരു പ്രിവ്യൂ ഷോയ്ക്ക് ഇടയിൽ സിദ്ദിഖ് തന്നോട് അപമര്യാദമായി സംസാരിച്ചെന്നും 21-ാം വയസ്സിൽ നടന്ന ആ സംഭവം തനിക്കേറെ ട്രോമയുണ്ടാക്കിയെന്നുമാണ് രേവതിയുടെ തുറന്നുപറച്ചിൽ. മുഖം മൂടി ധരിച്ച്, ജെന്റിൽമാൻ എന്ന് സ്വയം വിളിക്കുന്ന സിനിമാരംഗത്തുള്ളവരെ കുറിച്ചോർത്ത് ലജ്ജിക്കുന്നു എന്ന വാക്കുകളോടെയായിരുന്നു രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചത്.
സംഭവത്തിന്റെ വിശദവിവരങ്ങൾ അറിയാനായി വിളിച്ചപ്പോൾ തനിക്കു നേരിട്ട ദുരനുഭവം ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് വിശദീകരിക്കുകയാണ് രേവതി സമ്പത്ത്.
"ഈ സംഭവം നടക്കുന്നത് 2016 ലാണ്. ഇപ്പോൾ തുറന്നു പറഞ്ഞപ്പോൾ ഞാനേറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് തെറിവിളിയും കമന്റുകളുമാണ്. എന്തു കൊണ്ട് ഇത്ര വൈകി എന്നാണ് എല്ലാവരും ചോദിക്കുന്നത്. ആത്യന്തികമായി ഇതൊരു പ്രൈവസിയാണ്. പബ്ലിക്കിന്റെ മുന്നിൽ വന്നു ഓപ്പണായി പറയുന്നതിൽ മാനസികമായൊരു പ്രശ്നമുണ്ട്. പിന്നെ, സിനിമയിൽ എനിക്കങ്ങനെ ഗോഡ് ഫാദർ എന്നു പറയാൻ ആരുമില്ല. ഞാനന്ന് സിനിമയിൽ വന്നിട്ടു കൂടിയില്ല, പഠിക്കുകയാണ്. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്. ഇങ്ങനെയും ചില മുഖങ്ങൾ ഇതിൽ ഉണ്ടാവും എന്നുമറിയില്ല. പെട്ടെന്ന് കേട്ടപ്പോൾ, കുറേനാൾ എനിക്കതൊരു ട്രോമയായിരുന്നു. പുറത്തുവന്ന് പറയാൻ ഉള്ള ഒരു സാഹചര്യത്തിലേക്ക് ഞാനെത്തിയിരുന്നില്ല. ഫാമിലി സപ്പോർട്ടും മെന്റൽ സപ്പോർട്ടുമൊക്കെ ഉണ്ടായിട്ടു പോലും," രേവതി പറഞ്ഞു.
"ഞാൻ ഷെയർ ചെയ്ത അദ്ദേഹത്തിന്റെ പ്രസ്സ് മീറ്റിന്റെ വീഡിയോ ഒക്കെ പല തവണ ഞാൻ കണ്ടിട്ടുണ്ട്. കള്ളമായൊരു സ്റ്റേറ്റ്മെന്റ് കേൾക്കുമ്പോൾ നമുക്കൊരു ഇറിറ്റേഷൻ തോന്നും. അതെനിക്കും തോന്നിയിട്ടുണ്ട്. എനിക്കറിയാം, എനിക്കെന്താണ് സംഭവിച്ചതെന്ന്. അയാൾ എന്നോട് എന്ത് അപമര്യാദമായാണ് പെരുമാറിയിട്ടുള്ളത് എന്നും. അതുപോലെ പല സുഹൃത്തുക്കളും എന്നോട് ഷെയർ ചെയ്തിട്ടുണ്ട്, അവർക്കും ഈ വ്യക്തിയിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഉള്ളിൽ കിടന്നിട്ട് ഓർഗാനിക് ആയി വന്ന ഒരു പ്രതികരണമാണ് ഇന്നലത്തേത്.
"ആ സമയത്തൊക്കെ ഒരുപാട് വേദന തോന്നിയിട്ടുണ്ട്. അഡ്‌ജസ്റ്റ്‌മെന്റ് ഇല്ലാതെ ഇനിയൊരു ലൈഫില്ല എന്ന രീതിയിലൊരു സ്റ്റേറ്റ്‌മെന്റ് ഒരു ആക്റ്റർ നമ്മളെ നോക്കി പറയുമ്പോൾ അതത്ര നിസാരമായ കാര്യമല്ല. അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന് ഇംഗ്ലീഷിൽ ഒരു അർത്ഥമുണ്ട്, അതിനെ മിസ് യൂസ് ചെയ്യുകയാണ്," രേവതി കൂട്ടിച്ചേര്‍ത്തു.
Read more: WCC Press Meet: രാജിയില്ല, പോരാട്ടം തുടരുമെന്ന് നടിമാർ
"അപമര്യാദയായി സംസാരിക്കുക മാത്രമല്ല, ആ രീതിയിൽ പെരുമാറാനും ശ്രമിച്ചു. 'നീണ്ട കൈവിരലുകളുള്ള കുട്ടികളെ എനിക്കിഷ്ടമാണ്,' എന്ന രീതിയിൽ ലൈംഗികചുവയോടെ സംസാരിച്ചു തുടങ്ങിയപ്പോൾ, ' സാർ, എന്താ ഉദ്ദേശിക്കുന്നത്?' എന്നു ഞാൻ ചോദിച്ചു. 'സാറിനെ ഞാനെങ്ങനെയാ കണ്ടിരിക്കുന്നത് എന്നറിയോ?' എന്നു ചോദിച്ചപ്പോൾ 'എനിക്ക് നിന്നോടുള്ളള വികാരം വേറെയാണ്' എന്നായിരുന്നു മറുപടി.
Read more:Kerala Lok Sabha Election Results 2019 Live
ഒരു സിനിമ ഓഫറിന്റെ കാര്യം സംസാരിക്കാനായിരുന്നു എന്നെ കോൺടാക്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മകനൊപ്പമുള്ള ഒരു തമിഴ് ചിത്രത്തിന്റെ കാര്യം സംസാരിക്കാൻ വേണ്ടി, ചിത്രത്തിന്റെ പേരോ മറ്റു കാര്യങ്ങളോ ഒന്നും ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ ഒരു പ്രൊജക്റ്റ് നിലവിൽ ഉണ്ടോ എന്നുമെനിക്കറിയില്ല. അതിനെ കുറിച്ചു സംസാരിച്ചപ്പോഴാണ്, 'എന്റെ കൂടെ നീ അഡ്‌ജസ്റ്റ് ചെയ്യണം, അതില്ലാതെ പറ്റില്ല' എന്നു പറഞ്ഞത്," രേവതി വിവരിക്കുന്നു.
"ഞാൻ ശക്തമായി എതിർത്തപ്പോൾ, 'എങ്കിൽ വേണ്ട, നീയില്ലെങ്കിൽ വേറെ ആരെങ്കിലും കാണും' എന്നായി മറുപടി. 'ഇനി എന്നെ കുറിച്ച് പുറത്തുപോയി പറഞ്ഞാലും ഐ ഡോണ്ട് കെയർ. ഈ ഇൻഡസ്ട്രിയിൽ എനിക്കത്ര പവർ ഉള്ളതാണ്. നിനക്ക് വളർന്നു വരണമെന്നുണ്ടെങ്കിൽ നീയിത് ചെയ്യണം. ഇതല്ലാതെ വേറെ മെത്തേഡ് ഇല്ല,' എന്നു പറഞ്ഞു. ആ പ്രായത്തിൽ എനിക്കതൊരു ട്രോമയായിരുന്നു, തിരിച്ചു വന്ന് ഞാൻ കരഞ്ഞിട്ടുണ്ട്.
Read more: Lok Sabha Election 2019 Results Live
സിനിമയെ അതിന്റെ പ്യുവർ ആയ സൈഡിലാണ് ഞാൻ നോക്കി കാണുന്നത്. ഇത്രയും നല്ല കഥാപാത്രങ്ങളൊക്കെ ചെയ്യുന്ന, അനുഭവപരിസമ്പത്തുള്ള ആളുകളായിട്ടും അവർക്കതിന്റെ വാല്യു അറിയുമോ എന്നെനിക്ക് തോന്നുന്നില്ല. അതുകൊണ്ടാണ് ആ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഞാൻ എടുത്തു ചോദിച്ചത്, 'സൊസൈറ്റിയിലെ മറ്റു സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്ന ഒരാളുടെ ജീവിതത്തിൽ, കുട്ടികൾ എങ്ങനെയാണ് സെയ്‌ഫ് ആയിരിക്കുക? എന്ന്'. അതെന്റെ എന്നത്തേയും സംശയമാണ്."
ഈ പ്രശ്നം വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി)യിൽ ഉന്നയിക്കുകയോ എവിടെയെങ്കിലും പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും രേവതി പറയുന്നു.
"ഞാൻ അടുത്തിടെയാണ് ഡബ്ല്യുസിസിയിൽ ചേർന്നത്. അന്നത്തെ ആ പ്രസ് മീറ്റൊക്കെ കഴിഞ്ഞതിനു ശേഷം. അവിടെ ഞാൻ ഈ കേസിനെ കുറിച്ച് പറഞ്ഞിരുന്നില്ല. ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യമായി തുറന്നു പറയുന്നത്. ഡബ്ല്യുസിസിയിൽ ഉള്ളവരൊക്കെ ഇപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത്."
Read more: എഎംഎംഎയെ തകര്‍ക്കാന്‍ ഡബ്ല്യുസിസിക്ക് ഗൂഢ അജണ്ട: സിദ്ദിഖ്
ഈ ആരോപണത്തിന്റെ പ്രതികരണം അറിയാനായി സിദ്ദിഖിനെ വിളിച്ചപ്പോൾ അദ്ദേഹം ഫോൺ വിളിയോടോ സന്ദേശങ്ങളോടോ പ്രതികരിക്കാൻ തയ്യാറായില്ല. സിദ്ദിഖിന്റെ പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേർക്കുന്നതായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.