ദിലീപിന്റെ സംഘടനാ അംഗത്വം, തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയില്ലായ്മ എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ച് താരസംഘടനയായ എഎംഎംഎയില്‍ നിന്നുകൊണ്ട് പോരാട്ടം തുടരുമെന്ന് നടിമാർ. എ​എം എം എ എന്ന താരസംഘടന തങ്ങളെ അപമാനിച്ചുവെന്നും മുറിവേൽപ്പിച്ചുവെന്നും പറഞ്ഞ നടിമാർ തങ്ങൾ സംഘടനയിൽ നിന്നു കൊണ്ട് നീതിക്കായുളള പോരാട്ടം തുടരുമെന്ന് എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കാനുള്ള എഎംഎംഎയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ നേരത്തേ താര സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. റിമാ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരായിരുന്നു രാജിവച്ച മറ്റു മൂന്നു നടിമാര്‍.

നാല് നടിമാരുടെ രാജിക്ക്  ശേഷം രേവതി, പത്മപ്രിയ, പാർവതി എന്നിവർ താരസംഘടനയ്ക്ക്  ദിലീപ് വിഷയവും സ്ത്രീ സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ കത്ത നൽകി. എന്നാല്‍ ഈ വിഷയങ്ങളില്‍ പല തവണ കത്തുകൾ നൽകിയിരുന്നെങ്കിലും,  കൃത്യമായ തീരുമാനമോ നിലപാടോ എഎംഎംഎ അറിയിച്ചില്ല. എന്നാൽ അക്കാര്യത്തിലൊന്നും താരസംഘടന അനുകൂല നിലപാട് സ്വീകരിച്ചില്ല. അതേ തുടർന്ന് ഇവർ താരസംഘടനയിൽ നിന്നും രാജിവെയ്ക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ തങ്ങൾ രാജിവെയ്ക്കുന്നില്ലെന്നും സംഘടനയ്ക്കുളളിൽ നിന്നും പോരാട്ടം തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.

Read More: WCC Press Meet Live: സിനിമയിലെ വനിതാ കൂട്ടായ്മയുടെ പത്രസമ്മേളനം

നിലവില്‍ ബോളിവുഡില്‍ ഉള്‍പ്പെടെ വിശാഖാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ദേശീയ തലത്തില്‍ മീടൂ ക്യാംപെയിന്‍ ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് ഡബ്ല്യൂസിസി അംഗങ്ങളും മുന്നോട്ടു വന്നത്.

Read More:‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

അമ്മയിലെ പുഴുക്കുത്തുകൾ തുറന്നുകാട്ടുമെന്ന ഡബ്ലിയു സിസി പറഞ്ഞു. ഫെഫ്കയുടെ നിലപാടുകളും വിമർശന വിധേയമായി. സാങ്കേതിക പ്രവർത്തകനായ ഷെറിൻ സ്റ്റാൻലിക്കെതിരായി ഫെഫ്കയിലെ ബി ഉണ്ണികൃഷ്ണന് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നടിയും ചലച്ചിത്രപ്രവർത്തകയുമായ അർച്ചനാ പദ്മിനി ആരോപിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook