സിനിമാ മേഖലയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ നടന് സിദ്ദിഖ്. എഎംഎംഎയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ഡബ്ല്യുസിസിക്ക് ഉള്ളതെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് പറഞ്ഞു. കൊച്ചിയില്‍ നടന്ന അവൈലബിള്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സിദ്ദിഖ് ഇത്തരത്തില്‍ പറഞ്ഞത്. മുമ്പും ഡബ്ല്യുസിസിയെ കുറ്റപ്പെടുത്തിക്കൊണ്ടു തന്നെയായിരുന്നു സിദ്ദിഖ് വാർത്താസമ്മേളനം നടത്തിയത്.
Read More: ദിലീപിനോട് രാജിവയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു: മോഹൻലാൽ
കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപ് ഇങ്ങോട്ട് വിളിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നാണ് സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ ദിലീപിന്റെ രാജി സംഘടന ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഇന്ന് എഎംഎംഎ പറയുന്നു.
ഡബ്ല്യുസിസിക്കെതിരെ കടുത്തവിമര്‍ശനങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. എഎംഎംഎയ്ക്കുള്ളില്‍ ഇരുന്നുകൊണ്ട് ചോരകുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്ന് ബാബുരാജ് പറഞ്ഞു.
താരസംഘടനയിലെ അംഗങ്ങള്‍കൂടിയായ ഡബ്ല്യുസിസിക്കാര്‍ വാര്‍ത്താ സമ്മേളനത്തിലിരുന്ന് ‘അമ്മ’ എന്നതിന് പകരം എഎംഎംഎ എന്നുപയോഗിച്ചതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു. രാജിവച്ചു പോയ നടിമാരെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും ആലോചിക്കുന്നില്ലെന്നും, അവര്‍ക്ക് വേണമെങ്കില്‍ ആദ്യം അപേക്ഷ തന്ന് തിരിച്ചുവരാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരിച്ചുവരാന്‍ മാപ്പുപറയേണ്ടതില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.