/indian-express-malayalam/media/media_files/2025/03/18/ln7S9uMparQN83ZD80LR.jpg)
Weekly Horoscope, September 28-October 04
ആദിത്യൻ കന്നിരാശിയിലാണ്. അത്തം ഞാറ്റുവേല തുടങ്ങി. ചന്ദ്രൻ വെളുത്തപക്ഷത്തിൽ തുടരുന്നു. ചൊവ്വ തുലാം രാശിയിൽ ചോതിയിലാണ്. ബുധൻ കന്നിയിലാണ് വാരാദ്യം.
ഒക്ടോബർ 2 ന് തുലാം രാശിയിൽ പ്രവേശിക്കുന്നു. അതുമുതൽ ബുധമൗഢ്യം തീരും. ശുക്രൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ വക്രഗതിയിലാണ്. ഒക്ടോബർ 2 ന് ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതി നാലാം പാദത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും തുടരുന്നു.
ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
മൂലം
നിഷ്കർഷയോടുകൂടിയ പ്രവർത്തനം കാര്യസാധ്യത്തിന് വഴിയൊരുക്കും. ലക്ഷ്യപ്രാപ്തി പുത്തനുണർവ്വേകും. ആത്മാർത്ഥത അഭിനന്ദിക്കപ്പെടും. സാമ്പത്തിക പിരിമുറുക്കത്തിന് ഒട്ടൊക്കെ അയവുണ്ടാവുന്നതാണ്. പ്രോജക്ടുകൾ ഭംഗിയായി നിർവഹിക്കുവാൻ സാധിക്കും. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടായെന്ന് വരാം. വിവരസാങ്കേതികവിദ്യ സംബന്ധിച്ച അറിവ് കരസ്ഥമാക്കും. ക്ഷേത്രാടനാദികൾക്കും സമർപ്പണങ്ങൾക്കും അവസരം ഭവിക്കും. പുതിയ തലമുറയെ ഉൾക്കൊള്ളുവാൻ ശ്രമിക്കുന്നതാണ്. കുടുംബാന്തരീക്ഷത്തിൽ സമാധാനമുണ്ടാവും.
പൂരാടം
ആദിത്യൻ്റെ അനുകൂലസ്ഥിതി തൊഴിൽ മേഖലയിൽ ഗുണകരമായി പ്രതിഫലിക്കും. തൊഴിലിടത്തിൽ സ്വാതന്ത്ര്യമനുഭവിക്കും. സ്വന്തം സ്ഥാപനത്തിൻ്റെ വിപുലീകരണത്തിനുള്ള പരിശ്രമം തുടരുന്നതാണ്. കൂട്ടുകച്ചവടം ഗുണകരമാവും. പൊതുക്കാര്യത്തിൽ സക്രിയരായേക്കും. അവസരോചിതമായ നിലപാടുകൾ കൈക്കൊള്ളും. പുതിയ ഗാർഹികോപകരണങ്ങൾ വാങ്ങിയേക്കും. കൈവായ്പ തിരിച്ചു കിട്ടിയേക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ ശുഷ്കാന്തി കാട്ടും. ദാമ്പത്യത്തിൽ സ്വൈരം പ്രതീക്ഷിക്കാം. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾക്ക് ഗുണം കുറയാം.
ഉത്രാടം
മനസ്സ് ഇടയ്ക്കിടെ ചഞ്ചലമാവും. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ വിഷമിക്കുന്നതാണ്. പുതിയ കാര്യങ്ങളോട് ആഭിമുഖ്യമുണ്ടാവും. പഴമയെയും പുതുമയെയും സമന്വയിപ്പിക്കാനാവാതെ കുഴങ്ങുകയും ചെയ്യും. കരാറുകളിൽ നിന്നും ധനാഗമമുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ഷിഫ്റ്റ് ജോലി ചെയ്യേണ്ടതിനാൽ അസൗകര്യം ഏർപ്പെടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. വാടകവീട് കണ്ടെത്താൻ ശ്രമം തുടരും.
Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
തിരുവോണം
പ്രതീക്ഷകൾ മങ്ങുകയും ഉയരുകയും ചെയ്യും. കർമ്മരംഗത്ത് പ്രോത്സാഹനം ലഭിക്കും. പുതിയതിനോട് ചായ് വ് കാട്ടുന്നതാണ്. തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടാൻ പുനർ ശ്രമങ്ങൾ ആവശ്യമാവും. സാങ്കേതികമായി കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ തയ്യാറാവും. ബിസിനസ്സിൽ പരീക്ഷണങ്ങൾ വിജയിക്കുന്നതാണ്. മക്കളുടെ തീരുമാനങ്ങളെ സംശയദൃഷ്ടിയോടെ നോക്കും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ അലച്ചിലും ദേഹക്ലേശവും ഭവിക്കാം.
അവിട്ടം
മാനസിക സ്വസ്ഥതയുണ്ടാവും. തീരുമാനങ്ങൾ തെറ്റായിരുന്നില്ലെന്നറിയും. അപകടത്തിൽ നിന്നും രക്ഷപ്പെടും. ചെറുയാത്രകൾ കൊണ്ട് ഗുണമുണ്ടാകും. പ്രവർത്തന മേഖല വിപുലീകരിക്കാൻ ആലോചിച്ചേക്കും. ബന്ധുക്കളുടെ തെറ്റിദ്ധാരണ തീർക്കാൻ മുൻകൈയെടുക്കുന്നതാണ്. വീട്ടിന് പുതിയ വാടകക്കാരെത്തും. സ്വന്തമായി ചെയ്യുന്ന തൊഴിലിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. കിട്ടാനുള്ള പണത്തിൻ്റെ ഒരുഭാഗം കിട്ടിയേക്കും. വിദേശത്തു കഴിയുന്നവരുടെ അവധി പരിഗണിക്കപ്പെടും. വെള്ളി, ശനി ഗുണം കുറയാം.
ചതയം
ഏകാഗ്രത കിട്ടിത്തുടങ്ങും. പ്രവൃത്തിയിൽ ഭാഗികമായ പുരോഗതി പ്രതീക്ഷിക്കാം. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. ഗൃഹത്തിൽ പൂജാദികാര്യങ്ങൾ നടത്തുന്നതാണ്. തൊഴിൽ തർക്കങ്ങൾ ആലോചനാപൂർവ്വം കൈകാര്യം ചെയ്യേണ്ട സന്ദർഭമാണെന്നത് ഓർമ്മിക്കണം. സഹോദരൻ്റെ ബാധ്യത പരിഹരിക്കാൻ പോംവഴി കണ്ടെത്തും. കലാപ്രവർത്തകർക്ക് ആകസ്മിക അവസരങ്ങൾ സംജാതമാകാം. ആരോഗ്യസൗഖ്യം അനുഭവപ്പെടുന്നതാണ്. കള്ളം പറയാൻ പ്രേരണയുണ്ടായേക്കും. ശാസ്ത്രഗവേഷണത്തിന് ആവശ്യമായഅടിസ്ഥാന വിഷയങ്ങൾ ശേഖരിക്കുന്നതാണ്.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ന്യായമായ ആവശ്യങ്ങൾ നിറവേറുന്നതാണ്. കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവില്ല. ശത്രുക്കൾക്കെതിരെ ജാഗരൂകതവേണം. രാഹുവും ശനിയും പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യപരിരക്ഷ അനിവാര്യമാണ്. വിരോധികളെക്കുറിച്ച് ചിന്തിച്ച് മനസ്സ് കല്മഷമാവും. പണയത്തിലായ വസ്തുവിൻ്റെ ആധാരം വീണ്ടെടുക്കാൻ ശ്രമം തുടർന്നേക്കും. കാമുകീകാമുകന്മാർ ഭാവിതീരുമാനം കൈക്കൊള്ളും. ദാമ്പത്യത്തിൻ്റെ സുഗമതയ്ക്ക് വിട്ടുവീഴ്ച വേണ്ടിവരുന്നതാണ്.
ഉത്രട്ടാതി
സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയാൽ കൃത്യനിർവഹണം സുഗമമാവും. ഉപജാപങ്ങളെ തിരിച്ചറിയുവാനും പ്രതിരോധിക്കാനും കഴിയുന്നതാണ്. ഗാർഹികമായ സ്വൈരക്കേടുകൾക്ക് ഒട്ടൊക്കെ പരിഹാരമാവും. കരാർപണികളിൽ നിന്നും കിട്ടേണ്ട കുടിശിക കിട്ടിയേക്കും. കുടുംബസമേതം ചെറുയാത്രകൾ നടത്തുന്നതിന് അവസരമുണ്ടാവും. മകൻ്റെ ജോലിക്കാര്യത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കലാപ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിക്കാനാവും. സ്വയം പരിശീലനം നടത്തി പോരായ്മകൾ തിരിച്ചറിയാനും തിരുത്താനും തുനിയും.
രേവതി
കാര്യാലോചനകളിൽ നിലപാടുകൾ വിമർശിക്കപ്പെടും. സഹപ്രവർത്തകരിൽ ചിലരോട് അതൃപ്തി തോന്നും. സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ബന്ധുക്കളോട് ഉള്ളിൽ പിണക്കം തോന്നാം. സ്വയം ചെയ്യുന്ന തൊഴിലിൽ പുരോഗതി വരുന്നതാണ്. ഭൂമി വിൽക്കുന്നതിൽ തടസ്സങ്ങൾ ആവർത്തിക്കുന്നതിൽ മനക്ലേശമുണ്ടാവും. ദൂരദിക്കിൽ നിന്നും സ്വന്തം നാട്ടിലേക്കുള്ള ട്രാൻസ്ഫർ രാഷ്ട്രീയ കാരണങ്ങളാൽ തടയപ്പെടാം. ഗൃഹനവീകരണത്തിന് പണം തികയാതെ വരുന്നതിനാൽ തടസ്സപ്പെടാം. വയോജനങ്ങളുടെ ചികിൽസ മാറുന്നത്തിന് ശ്രമം ആവശ്യമാവും. ഞായറും തിങ്കളും മേന്മ കുറയുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.