/indian-express-malayalam/media/media_files/2025/09/27/weekly-horoscope-2025-09-27-14-05-04.jpg)
Weekly Horoscope, September 28-October 04
ആദിത്യൻ കന്നിരാശിയിലാണ്. അത്തം ഞാറ്റുവേല തുടങ്ങി. ചന്ദ്രൻ വെളുത്തപക്ഷത്തിൽ തുടരുന്നു. ചൊവ്വ തുലാം രാശിയിൽ ചോതിയിലാണ്. ബുധൻ കന്നിയിലാണ് വാരാദ്യം. ഒക്ടോബർ 2 ന് തുലാം രാശിയിൽ പ്രവേശിക്കുന്നു. അതുമുതൽ ബുധമൗഢ്യം തീരും. ശുക്രൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ വക്രഗതിയിലാണ്. ഒക്ടോബർ 2 ന് ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതി നാലാം പാദത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും തുടരുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ സമ്പൂർണ്ണവാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
ഊർജ്ജസ്വലതയുണ്ടാവുമെങ്കിലും ഒന്നുതുടങ്ങിക്കിട്ടാൻ വിഷമിക്കും. വാരാദ്യം സൗഖ്യക്കുറവ് അനുഭവപ്പെടാം. ദേഹത്തിന് ക്ലേശം തോന്നും. ക്രമേണ ചലനോർജ്ജവും ക്രിയാകൗശലവും വീണ്ടെടുക്കും. ബൗദ്ധികമായ ഉണർവ്വ് പ്രവർത്തനത്തെ വിജയിപ്പിക്കും. കൃത്യമായ വിലയിരുത്തലുകൾ അബദ്ധങ്ങളിൽപ്പെടാതെ കാക്കുന്നതാണ്. സഹപ്രവർത്തകരുടെ പ്രവർത്തനത്തിന് വ്യക്തമായ ദിശാബോധം നൽകാനാവും. അദ്ധ്വാനഭാരം കൂടിയാലും അലോസരമുണ്ടാവില്ല. കുടുംബകാര്യങ്ങളിൽ ചിന്താപരതയേറും. എന്നാൽ വ്യക്തമായ ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല. നല്ലവാക്ക് ശക്തി പകരും.
ഭരണി
ഗൃഹസ്വസ്ഥത അനുഭവപ്പെടും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുവാനാവും. സാമ്പത്തിക പിരിമുറുക്കത്തിന് അയവുണ്ടാവും. എന്നാൽ വാരാദ്യത്തിൽ സുഖം കുറയാനിടയുണ്ട്. പലകാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാവുന്നതാണ്. ഉദ്യമശീലം ഉണ്ടാവില്ല. ക്രമേണ സ്വസ്ഥത കൈവരിക്കുന്നതാണ്. തൊഴിലിടത്തിൽ സ്വാതന്ത്ര്യവും അധികാരവും പ്രതീക്ഷിക്കാം. വിവാദങ്ങളിൽ നിന്നും സമർത്ഥമായി പിൻവലിയുന്നതാണ്. അധികാരികൾക്ക് മാർഗനിർദ്ദേശം നൽകിയേക്കും. തന്മൂലം ചിലരുടെ അസൂയക്ക് പാത്രമാവും. യാത്രകൾ ഗുണകരമായിത്തീരും.
കാർത്തിക
ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊള്ളുകയാൽ കുടുംബത്തിൽ ഒറ്റപ്പെടാം. യുക്തയുക്തമായ വിശദീകരണം തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിച്ചേക്കും. പൂർവ്വികവസ്തു വിൽക്കാനുള്ള ശ്രമം എവിടെയും എത്തിയേക്കില്ല. വിദ്യാർത്ഥികൾ പുതിയ കോഴ്സിന് ചേരും. വയോജനങ്ങൾ മകളുടെ വീട്ടിലേക്ക് മാറിത്താമസിക്കാനുള്ള തീരുമാനത്തിലെത്താം. ഏജൻസികൾ ലാഭകരമാവും. പ്രത്യുപ്രകാരത്തിന് അവസരം കൈവരും. ശത്രുക്കളുണ്ടെന്ന് കരുതി നിഴൽയുദ്ധത്തിന് മുതിരുകയില്ല. കലാപഠനത്തിന് അവസരം ലഭിച്ചേക്കാം.
രോഹിണി
നക്ഷത്രാധിപനായ ചന്ദ്രൻ ആരോഹണത്തിലാണ്. പാപഗ്രഹസംബന്ധവുമില്ല. അതിനാൽ മാനസിക സ്വസ്ഥത അനുഭവപ്പെടും. ആലോചിച്ച് തീരുമാനമെടുക്കാനാവും. പരാശ്രയത്വം ഉണ്ടാവില്ല. ന്യായമായ ആവശ്യങ്ങൾ മുടങ്ങുകയില്ല. ചുമതലകൾ പൂർത്തിയാക്കും. മനസ്സിനിഷ്ടമുള്ള കാര്യങ്ങൾ നിർവഹിക്കുന്നതാണ്. കലാപരമായി അവസരങ്ങൾ ലഭിക്കാം. കരാറുകൾ പുതുക്കാനിടയുണ്ട്. പുതുമയിൽ ആകൃഷ്ടരാവും. പഴമയെ ചേർത്തുപിടിക്കാനും ശ്രമിക്കും. രാഷ്ട്രീയത്തിൽ ശോഭിക്കണമെന്നില്ല. ഭക്ഷണം ആസ്വദിക്കും. വിനോദവേളകൾ വന്നുചേരുന്നതാണ്.
മകയിരം
നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ നിർവഹിക്കാൻ കൂടുതൽ സമയമെടുക്കും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടില്ല. ആത്മവിശ്വാസം ചിലപ്പോൾ മങ്ങുന്നതാണ്. പുതിയ ജോലിക്കുള്ള പരിശ്രമം തുടരുന്നതായിരിക്കും ഉചിതം. വാടകവീടിൻ്റെ കരാർ വീണ്ടും പുതുക്കിക്കിട്ടും. കടം കൊടുത്ത തുക പറഞ്ഞ അവധിക്ക് മടക്കിക്കിട്ടാനിടയില്ല. വ്യാപാരാരംഭത്തിന് മുൻകരുതൽ തുടങ്ങും. ഗ്രന്ഥരചനയുമായി മുന്നോട്ടുപോകുവാനാവും. രാഷ്ട്രീയാധികാരികളുടെ ശുപാർശ പ്രയോജനപ്പെട്ടില്ലെന്ന് വന്നേക്കാം. ഭക്തിയും വിശ്വാസവും പഥികൻ്റെ ഊന്നുവടിയായേക്കും.
തിരുവാതിര
ആരംഭിച്ച പ്രവൃത്തികൾ തടസ്സം കൂടാതെ പൂർത്തിയാക്കാനാവും. മേലധികാരികൾ അനുകൂലിക്കുകയാണ് എന്ന് ഭാവിക്കും. പക്ഷേ യാഥാർത്ഥ്യം അങ്ങനെയാവണമെന്നില്ല. കിട്ടാക്കടങ്ങൾ തലവേദനയായി തുടരും. വിദ്യാഭ്യാസത്തിൽ ഏകാഗ്രതയുണ്ടാവും. പ്രസംഗം, പ്രബന്ധരചന ഇവയിൽ പ്രാഗത്ഭ്യം തെളിയിക്കാനവസരം ഉണ്ടായേക്കും. വ്യാഴം ജന്മരാശിയിൽ തുടരുകയാൽ പലതരം സമ്മർദ്ദങ്ങൾ സംജാതമാകും. പഞ്ചമ ഭാവത്തിലെ ചൊവ്വ സൂചിപ്പിക്കുന്നത് മക്കളുടെ കാര്യത്തിൽ കരുതലുണ്ടാവണം എന്നാണ്. വായ്പയുടെ തിരിച്ചടവ് വൈകാം. കൂടുബിസിനസ്സിൽ താല്പര്യം കൂടാം.
പുണർതം
കരുതിയതുപോലെ വലിയ കാര്യങ്ങൾ നടത്താനാവുന്ന സന്ദർഭമാണ്. സാമ്പത്തിക വിഷയങ്ങളിൽ അത്രമേൽ സമ്മർദ്ദമുണ്ടാവില്ല. സുഹൃത്തുക്കളുടെ നിർദ്ദേശം സ്വീകരിക്കുന്നതാണ്. ബിസിനസ്സുകാർക്ക് തൊഴിൽ വിപുലീകരണം സാധ്യമായേക്കും. പരസ്യത്തിന് ധനം ചെലവഴിക്കും. മോഹവില നൽകി ചിലത് സ്വന്തമാക്കാൻ കഴിഞ്ഞേക്കും. വസ്തുവിൽപ്പന തൽകാലം ഒഴിവാക്കുകയാവും ഉചിതം. മകൻ്റെ ജോലി / പഠിത്തം ഇവയിൽ ശുഭവാർത്ത പ്രതീക്ഷിക്കാം. കാര്യാലോചനകളിൽ ഉറച്ച നിലപാടെടുക്കുന്നതാണ്.
പൂയം
ഉപജീവനമാർഗത്തിൽ സംതൃപ്തിയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് കഴിവ് തെളിയിക്കാൻ പറ്റിയ പുതിയ അവസരങ്ങൾ വന്നെത്തുന്നതാണ്. സാമ്പത്തിക രംഗം പുഷ്ടിപ്പെടും. ഓൺലൈൻ മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയാൽ ചില മുൻതീരുമാനങ്ങൾ മാറ്റാനിടയുണ്ട്. ആലസ്യത്തിന് സാധ്യത കാണുന്നു. പൊതുപ്രവർത്തനത്തിൽ എതിർചേരി രൂപപ്പെടുന്നതറിയും. സ്ത്രീകളുടെ പിന്തുണയുണ്ടാവും. പാചക പരീക്ഷണം, അതിഥി സൽക്കാരം, കലാസ്വാദനം ഇവയ്ക്ക് സമയം കണ്ടെത്തുവാനാവും.
ആയില്യം
നക്ഷത്രനാഥനായ ബുധൻ്റെ ഉച്ചസ്ഥിതിയും കൂറിൻ്റെ അധിപനായ ചന്ദ്രൻ്റെ പക്ഷബലവും ഗുണഫലങ്ങളേകും. ആധികാരികത സ്വീകാര്യമാവും. അഭിപ്രായ പ്രകടനങ്ങൾ വിലമതിക്കപ്പെടും. പ്രവർത്തനോത്സാഹം നിലനിർത്തുന്നതാണ്. കുടുംബത്തോടൊപ്പം വിനോദ / ആത്മിക യാത്ര നടത്താനിടയുണ്ട്. പാരമ്പര്യമഹിമകളിൽ അഭിമാനിക്കുന്നതാണ്. നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ വാഹനയാത്രയിൽ ശ്രദ്ധ പുലർത്തണം. ബന്ധുക്കൾക്ക് അഹിതമായ വാക്കോ പ്രവൃത്തിയോ ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രണയാനുഭവം ഗാഢമാവുന്നതാണ്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
മകം
കുറച്ചുകാലമായി ആഗ്രഹിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനാവും. ലൗകിക കാര്യങ്ങളിൽ ഉത്കർഷം പ്രതീക്ഷിക്കാം. ചടുലമായ കർമ്മശൈലി പരക്കെ അഭിനന്ദിക്കപ്പെടും. വാക്ചാതുര്യം കൊണ്ട് കാര്യസാധ്യമുണ്ടാവുന്നതാണ്. കുടുംബകാര്യങ്ങളിലെ അനൈക്യം മനസ്സിനെ വിഷമിപ്പിക്കാം. എന്നാൽ അവ സുഹൃത്തുക്കളോട് പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഗ്രാമോത്സവത്തിൽ സക്രിയരാവും. ഏകോപനം കൃത്യമായിരിക്കും. ബിസിനസ്സിൽ പങ്കാളികളെ ചേർക്കുന്നിൽ കരുതലുണ്ടാവണം. ഭൂമിയിൽ നിന്നും ചെറിയ/ വലിയ ആദായം കൈവരുന്നതാണ്.
പൂരം
ജന്മനക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ ഭോഗസുഖമുണ്ടാവും. ആഢംബര വസ്തുക്കൾ കൈവശമെത്തും. പുതുമയുള്ള കാര്യങ്ങൾ മനസ്സിനെ ആകർഷിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനോന്മുഖതയുണ്ടാവും. ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കാൻ മടിക്കില്ല. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ചെവിക്കൊള്ളും. പ്രണയം പുഷ്ടിപ്പെടുന്നതാണ്. വാടകയിനത്തിലോ മറ്റോ ഭൂമിയിൽ നിന്നും വരുമാനം കിട്ടും. രോഗക്ലേശിതർക്ക് ചികിൽസാമാറ്റം ഉപകാരപ്രദമായിരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്.
ഉത്രം
പിടിവാശികൊണ്ട് കുടുംബ ജീവിതത്തിൽ അനൈക്യം വരാം. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ സഹകരണം കുറയുവാനിടയുണ്ട്. ശത്രുവുണ്ടെന്ന് കരുതും; നിഴൽയുദ്ധം നടത്തുന്നതാണ്. പാരമ്പര്യമായിട്ടുള്ള തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ അവസരം കിട്ടുന്നതായിരിക്കും. അഭിമാനം ദുരഭിമാനമാകുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭൗതിക സാഹചര്യം മെച്ചപ്പെടാത്തതിൽ വിഷമിക്കുന്നതാണ്. ഗവേഷകർക്ക് പ്രബന്ധാവതരണത്തിൽ തടസ്സങ്ങളേർപ്പെടാം. നവീന ഇലക്ടോണിക് ഉല്പന്നങ്ങൾ വാങ്ങും. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും.
അത്തം
നക്ഷത്രാധിപനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ ന്യായമായ ആഗ്രഹങ്ങൾ നിറവേറാൻ സാധ്യതയുണ്ട്. തടസ്സങ്ങളെ അതിജീവിക്കാനാവും. വൈകാരികമെന്നതിനെക്കാൾ ബൗദ്ധികസമീപനം കൈക്കൊള്ളും. സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും. ഉദ്യമങ്ങൾക്ക് ഉന്നമനം ഉണ്ടാകുന്നതാണ്. മനസ്സ് നിശ്ചഞ്ചലമാവും. ഏകാഗ്രത സ്വാഭാവികമായി വന്നെത്തും. കുടുംബകാര്യങ്ങളാൽ തൃപ്തി ഭവിക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടായേക്കും. ഭക്ഷണം, ഉറക്കം, വിനോദം എന്നിവ ഭംഗപ്പെടില്ല.
ചിത്തിര
ചെറുയത്‌നങ്ങൾ കൊണ്ടുതന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള സാഹചര്യം രൂപപ്പെടും. പരാജയഭീതി ഉണ്ടാവില്ല. അധികാരികളോട് നിർഭയം ആശയവിനിമയം നടത്തുവാനാവും. ഗൃഹത്തിൻ്റെ നവീകരണശ്രമങ്ങൾ നീളുന്നതാണ്. കൂടുതൽ പണം കണ്ടെത്തേണ്ടി വരാം. സ്വർണ്ണപ്പണയം പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചേക്കും. റസിഡൻ്റ് അസോസിയേഷനിലും മറ്റും കടുത്ത ഭാഷയിൽ വിമർശനം ഉയർത്തിയേക്കാം. വ്യാപാരകാര്യങ്ങളിൽ ശ്രദ്ധ കുറയാനിടയുണ്ട്. പകരക്കാരെ ഏൽപ്പിക്കുന്നതും കൃത്യാന്തരങ്ങളിൽ മുഴുകുന്നതും ദോഷകരമായേക്കും.
ചോതി
ജന്മരാശിയിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടാം. ക്ഷോഭത്തിന് വിധേയരാകുന്നതാണ്. ദേഹക്ഷീണം ഭവിക്കും, വീഴ്ച, മുറിവ് ഇവയുണ്ടാവാതെ നോക്കണം. ആദിത്യസ്ഥിതിയാൽ തൊഴിലിടത്തിൽ തെല്ല് സമാധാനം കുറഞ്ഞേക്കും. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുന്നത് അനുരാഗപുഷ്ടിക്ക് കാരണമാകുന്നതാണ്. സാമ്പത്തികരംഗം മോശമാവില്ല. അധികവരുമാനം വന്നുചേരും. എന്നാൽ ചെലവേറുകയും ചെയ്യും. വ്യാഴത്തിൻ്റെ ഗുണസ്ഥിതിയാൽ ഒരുവിധം സന്തുലിതത്വം പ്രതീക്ഷിക്കാം. ദൈവിക സമർപ്പണങ്ങൾക്ക് ഒരുങ്ങും.
വിശാഖം
വിവേകപൂർവം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ആശയക്കുഴപ്പം തുടരുന്നതാണ്. ആഗ്രഹങ്ങൾ നേടാൻ പരിശ്രമത്തിനൊപ്പം ഭാഗ്യവും വേണമെന്ന സ്ഥിതിയുണ്ടാവും. സംഘടനാരംഗത്ത് അംഗീകരിക്കപ്പെടും. കൈവായ്പകൾ തിരികെ ലഭിക്കാം. ചെലവുകളിൽ ശ്രദ്ധവേണം. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിൽ വരാൻ സാധിക്കുന്നതാണ്. സുഹൃൽബന്ധം ദൃഢമാകുന്നതിന് കാരണങ്ങൾ വന്നെത്തും. പിണക്കം മറന്ന് ബന്ധുക്കൾ അടുക്കാനിടയുണ്ട്. പാരമ്പര്യതൊഴിലിനോടുള്ള വൈമുഖ്യം മാറുന്നതാണ്. ചൊവ്വ മുതൽ വെള്ളി വരെ കൂടുതൽ മെച്ചം.
അനിഴം
ഉദ്യോഗം സംബന്ധിച്ച് സംതൃപ്തിയുണ്ടാവും. സ്വാശ്രയ വ്യാപാരത്തിൽ നിന്നും ലാഭം കുറയില്ല. അഭിമുഖങ്ങളിൽ ശോഭിക്കും. ബുദ്ധിപരമായ സമീപനവും പ്രതികരണങ്ങളും ശ്രദ്ധിക്കപ്പെടുന്നതാണ്. വരവുചെലവ് എഴുതി സൂക്ഷിക്കും. പന്ത്രണ്ടിൽ ചൊവ്വ സഞ്ചരിക്കുകയാൽ ആരോഗ്യത്തിൽ കരുതലുണ്ടാവണം. കലഹവാസന തലപൊക്കാം. കടം കൊടുത്തത് തിരികെ ചോദിക്കുകയാൽ ശത്രുക്കളുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാം. പ്രണയാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. വാഹനം സംബന്ധിച്ചുള്ള ചിലവുകൾ വന്നേക്കും.
തൃക്കേട്ട
ആഗ്രഹിച്ച ന്യായമായ കാര്യങ്ങൾ കരഗതമാവും. ആസൂത്രണ മികവ് പുലർത്തും.ഉന്മേഷം പ്രവൃത്തിവിജയത്തിന് കാരണമാകുന്നതാണ്. പ്രബന്ധാവതരണം അഭിനന്ദിക്കപ്പെടും. മേലധികാരികൾ പ്രശംസിക്കും. പ്രത്യുല്പന്നമതിത്വം തുണയേകുന്നതാണ്. കൃഷിയാവശ്യം, ജീർണ്ണോദ്ധാരണം മുതലായവയ്ക്കായി ചെലവുണ്ടാവുന്നതാണ്. ബന്ധുക്കളുടെ കലഹ പരിഹാരത്തിന് മാധ്യസ്ഥം വഹിക്കേണ്ടിവരാം. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. നവസംരംഭങ്ങളുമായി മുന്നോട്ടുപോകും. രോഗക്ലേശിതർക്ക് കുറച്ചൊക്കെ ആശ്വാസമുണ്ടാവും.
Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
നിഷ്കർഷയോടുകൂടിയ പ്രവർത്തനം കാര്യസാധ്യത്തിന് വഴിയൊരുക്കും. ലക്ഷ്യപ്രാപ്തി പുത്തനുണർവ്വേകും. ആത്മാർത്ഥത അഭിനന്ദിക്കപ്പെടും. സാമ്പത്തിക പിരിമുറുക്കത്തിന് ഒട്ടൊക്കെ അയവുണ്ടാവുന്നതാണ്. പ്രോജക്ടുകൾ ഭംഗിയായി നിർവഹിക്കുവാൻ സാധിക്കും. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടായെന്ന് വരാം. വിവരസാങ്കേതികവിദ്യ സംബന്ധിച്ച അറിവ് കരസ്ഥമാക്കും. ക്ഷേത്രാടനാദികൾക്കും സമർപ്പണങ്ങൾക്കും അവസരം ഭവിക്കും. പുതിയ തലമുറയെ ഉൾക്കൊള്ളുവാൻ ശ്രമിക്കുന്നതാണ്. കുടുംബാന്തരീക്ഷത്തിൽ സമാധാനമുണ്ടാവും.
പൂരാടം
ആദിത്യൻ്റെ അനുകൂലസ്ഥിതി തൊഴിൽ മേഖലയിൽ ഗുണകരമായി പ്രതിഫലിക്കും. തൊഴിലിടത്തിൽ സ്വാതന്ത്ര്യമനുഭവിക്കും. സ്വന്തം സ്ഥാപനത്തിൻ്റെ വിപുലീകരണത്തിനുള്ള പരിശ്രമം തുടരുന്നതാണ്. കൂട്ടുകച്ചവടം ഗുണകരമാവും. പൊതുക്കാര്യത്തിൽ സക്രിയരായേക്കും. അവസരോചിതമായ നിലപാടുകൾ കൈക്കൊള്ളും. പുതിയ ഗാർഹികോപകരണങ്ങൾ വാങ്ങിയേക്കും. കൈവായ്പ തിരിച്ചു കിട്ടിയേക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ ശുഷ്കാന്തി കാട്ടും. ദാമ്പത്യത്തിൽ സ്വൈരം പ്രതീക്ഷിക്കാം. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾക്ക് ഗുണം കുറയാം.
ഉത്രാടം
മനസ്സ് ഇടയ്ക്കിടെ ചഞ്ചലമാവും. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ വിഷമിക്കുന്നതാണ്. പുതിയ കാര്യങ്ങളോട് ആഭിമുഖ്യമുണ്ടാവും. പഴമയെയും പുതുമയെയും സമന്വയിപ്പിക്കാനാവാതെ കുഴങ്ങുകയും ചെയ്യും. കരാറുകളിൽ നിന്നും ധനാഗമമുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ഷിഫ്റ്റ് ജോലി ചെയ്യേണ്ടതിനാൽ അസൗകര്യം ഏർപ്പെടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. വാടകവീട് കണ്ടെത്താൻ ശ്രമം തുടരും.
തിരുവോണം
പ്രതീക്ഷകൾ മങ്ങുകയും ഉയരുകയും ചെയ്യും. കർമ്മരംഗത്ത് പ്രോത്സാഹനം ലഭിക്കും. പുതിയതിനോട് ചായ് വ് കാട്ടുന്നതാണ്. തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടാൻ പുനർ ശ്രമങ്ങൾ ആവശ്യമാവും. സാങ്കേതികമായി കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ തയ്യാറാവും. ബിസിനസ്സിൽ പരീക്ഷണങ്ങൾ വിജയിക്കുന്നതാണ്. മക്കളുടെ തീരുമാനങ്ങളെ സംശയദൃഷ്ടിയോടെ നോക്കും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ അലച്ചിലും ദേഹക്ലേശവും ഭവിക്കാം.
അവിട്ടം
മാനസിക സ്വസ്ഥതയുണ്ടാവും. തീരുമാനങ്ങൾ തെറ്റായിരുന്നില്ലെന്നറിയും. അപകടത്തിൽ നിന്നും രക്ഷപ്പെടും. ചെറുയാത്രകൾ കൊണ്ട് ഗുണമുണ്ടാകും. പ്രവർത്തന മേഖല വിപുലീകരിക്കാൻ ആലോചിച്ചേക്കും. ബന്ധുക്കളുടെ തെറ്റിദ്ധാരണ തീർക്കാൻ മുൻകൈയെടുക്കുന്നതാണ്. വീട്ടിന് പുതിയ വാടകക്കാരെത്തും. സ്വന്തമായി ചെയ്യുന്ന തൊഴിലിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. കിട്ടാനുള്ള പണത്തിൻ്റെ ഒരുഭാഗം കിട്ടിയേക്കും. വിദേശത്തു കഴിയുന്നവരുടെ അവധി പരിഗണിക്കപ്പെടും. വെള്ളി, ശനി ഗുണം കുറയാം.
ചതയം
ഏകാഗ്രത കിട്ടിത്തുടങ്ങും. പ്രവൃത്തിയിൽ ഭാഗികമായ പുരോഗതി പ്രതീക്ഷിക്കാം. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. ഗൃഹത്തിൽ പൂജാദികാര്യങ്ങൾ നടത്തുന്നതാണ്. തൊഴിൽ തർക്കങ്ങൾ ആലോചനാപൂർവ്വം കൈകാര്യം ചെയ്യേണ്ട സന്ദർഭമാണെന്നത് ഓർമ്മിക്കണം. സഹോദരൻ്റെ ബാധ്യത പരിഹരിക്കാൻ പോംവഴി കണ്ടെത്തും. കലാപ്രവർത്തകർക്ക് ആകസ്മിക അവസരങ്ങൾ സംജാതമാകാം. ആരോഗ്യസൗഖ്യം അനുഭവപ്പെടുന്നതാണ്. കള്ളം പറയാൻ പ്രേരണയുണ്ടായേക്കും. ശാസ്ത്രഗവേഷണത്തിന് ആവശ്യമായഅടിസ്ഥാന വിഷയങ്ങൾ ശേഖരിക്കുന്നതാണ്.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ന്യായമായ ആവശ്യങ്ങൾ നിറവേറുന്നതാണ്. കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവില്ല. ശത്രുക്കൾക്കെതിരെ ജാഗരൂകതവേണം. രാഹുവും ശനിയും പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യപരിരക്ഷ അനിവാര്യമാണ്. വിരോധികളെക്കുറിച്ച് ചിന്തിച്ച് മനസ്സ് കല്മഷമാവും. പണയത്തിലായ വസ്തുവിൻ്റെ ആധാരം വീണ്ടെടുക്കാൻ ശ്രമം തുടർന്നേക്കും. കാമുകീകാമുകന്മാർ ഭാവിതീരുമാനം കൈക്കൊള്ളും. ദാമ്പത്യത്തിൻ്റെ സുഗമതയ്ക്ക് വിട്ടുവീഴ്ച വേണ്ടിവരുന്നതാണ്.
ഉത്രട്ടാതി
സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയാൽ കൃത്യനിർവഹണം സുഗമമാവും. ഉപജാപങ്ങളെ തിരിച്ചറിയുവാനും പ്രതിരോധിക്കാനും കഴിയുന്നതാണ്. ഗാർഹികമായ സ്വൈരക്കേടുകൾക്ക് ഒട്ടൊക്കെ പരിഹാരമാവും. കരാർപണികളിൽ നിന്നും കിട്ടേണ്ട കുടിശിക കിട്ടിയേക്കും. കുടുംബസമേതം ചെറുയാത്രകൾ നടത്തുന്നതിന് അവസരമുണ്ടാവും. മകൻ്റെ ജോലിക്കാര്യത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കലാപ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിക്കാനാവും. സ്വയം പരിശീലനം നടത്തി പോരായ്മകൾ തിരിച്ചറിയാനും തിരുത്താനും തുനിയും.
രേവതി
കാര്യാലോചനകളിൽ നിലപാടുകൾ വിമർശിക്കപ്പെടും. സഹപ്രവർത്തകരിൽ ചിലരോട് അതൃപ്തി തോന്നും. സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ബന്ധുക്കളോട് ഉള്ളിൽ പിണക്കം തോന്നാം. സ്വയം ചെയ്യുന്ന തൊഴിലിൽ പുരോഗതി വരുന്നതാണ്. ഭൂമി വിൽക്കുന്നതിൽ തടസ്സങ്ങൾ ആവർത്തിക്കുന്നതിൽ മനക്ലേശമുണ്ടാവും. ദൂരദിക്കിൽ നിന്നും സ്വന്തം നാട്ടിലേക്കുള്ള ട്രാൻസ്ഫർ രാഷ്ട്രീയ കാരണങ്ങളാൽ തടയപ്പെടാം. ഗൃഹനവീകരണത്തിന് പണം തികയാതെ വരുന്നതിനാൽ തടസ്സപ്പെടാം. വയോജനങ്ങളുടെ ചികിൽസ മാറുന്നത്തിന് ശ്രമം ആവശ്യമാവും. ഞായറും തിങ്കളും മേന്മ കുറയുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.