/indian-express-malayalam/media/media_files/2025/03/18/april-20-to-april-26-2025-weekly-horoscope-astrological-predictions-moolam-to-revathi-932357.jpg)
Weekly Horoscope, September 21-September 27
ആദിത്യനും ബുധനും കന്നിരാശിയിലാണ്. ഉത്രം ഞാറ്റുവേലയാണിപ്പോൾ നടക്കുന്നത്. ബുധൻ ഉച്ചരാശിയിൽ സ്ഥിതിയാണെങ്കിലും മൗഢ്യത്തിലാണ്. അത്തം നക്ഷത്രത്തിലാണ് ബുധൻ്റെ സഞ്ചാരം.
സെപ്തംബർ 21 ന് കറുത്തവാവാണ്. 'മഹാലയ അമാവാസി' എന്നാണ് സാങ്കേതികവാക്ക്. പിറ്റേന്ന്, അതായത് 22ന് തിങ്കളാഴ്ച ശരത് ഋതുവും ആശ്വിനമാസവും ആരംഭിക്കും. കേരളത്തിൽ 22/23 തീയതികളിലായി നവരാത്രി ആരംഭിക്കുന്നു.
ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നു. മകം - പൂരം നക്ഷത്രങ്ങളിലാണ് ശുക്രസഞ്ചാരം. കേതുവും ചിങ്ങം രാശിയിലുണ്ട്. രാഹു കുംഭം രാശിയിലാണ്. വ്യാഴം മിഥുനം രാശിയിൽ, പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ വക്രഗതിയിലാണ്. ചൊവ്വ തുലാം രാശിയിൽ ചിത്തിര -ചോതി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലംമുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെയും സമ്പൂർണ്ണവാരഫലം രേഖപ്പെടുത്തുന്നു.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
ആഴ്ചയുടെ നല്ലൊരുപങ്കും ഗുണപരമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഫലവും മോശമാവില്ല. കിട്ടാക്കടങ്ങൾ കിട്ടാനിടയുണ്ട്. കൊതിച്ച ഭക്ഷണം കഴിക്കാനാവും. ഇഷ്ടവ്യക്തികളെ കാണുക, വിനോദങ്ങളിലേർപ്പെടുക ഇവയൊക്കെ സാധ്യതകളാണ്. പുതിയ കാര്യങ്ങൾ തുടങ്ങാനാവും. പഠനത്തിൽ ഏകാഗ്രത പുലർത്താൻ കഴിയും. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുന്നതു മൂലം ചില അസ്വാരസ്യങ്ങളും വന്നേക്കും. ദാമ്പത്യത്തിൽ പാരസ്പര്യം ദൃഢമാകുന്നതാണ്. മകളുടെ ജോലിക്കാര്യത്തിൽ ഉറപ്പ് കിട്ടിയേക്കാം. വെള്ളി, ശനി ഗുണം കുറയാം.
പൂരാടം
മനസ്സിലെ കാർമേഘങ്ങളകലും.ശാന്തമായി ചിന്തിക്കാനും പെരുമാറാനുമാവും. ഗാർഹികമായുള്ള അലോസരങ്ങൾ ലഘൂകരിക്കപ്പെടും. സ്വാശ്രയ തൊഴിലിൽ മുന്നേറ്റമുണ്ടാവും. മുൻബാക്കികൾ കൊടുത്തുതീർക്കാനും പുതിയ സാധാനങ്ങൾ വാങ്ങാനുമായേക്കും. സഹപ്രവർത്തകരുടെ സഹകരണം കരുത്താകും. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാതിരിക്കില്ല. ചിലരുടെ ശത്രുത നേടുകയും ചെയ്യും. ഭൂമി/ വസ്തു ഇവയിൽ നിന്നുമാദായം കൈവരുന്നതാണ്. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ആത്മവിശ്വാസം ഉയരും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സാഹചര്യങ്ങൾ രൂപപ്പെടുന്നതാണ്. വാരാന്ത്യ ദിവസങ്ങൾക്ക് മേന്മ കുറയാം.
ഉത്രാടം
ആത്മാർത്ഥത അഭിനന്ദിക്കപ്പെടും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ പ്രതീക്ഷിക്കാം. രോഗക്ലേശിതർക്ക് ആശ്വാസം വന്നെത്തുന്നതാണ്. ക്രിയാശക്തി ഉയരും. തടസ്സങ്ങളുണ്ടായാലും അവയിൽ തളരാതെ മുന്നേറുവാനാവും. ഒപ്പഉള്ളവരുടെ പ്രശ്നങ്ങളിൽ പരിഹാരങ്ങൾ നിർദ്ദേശിക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ പദവി ഉയരാനിടയുണ്ട്. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളുണ്ടാവും. സാമ്പത്തികമായി ഒട്ടൊക്കെ തൃപ്തികരമായിരിക്കും. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. ആദ്ധ്യാത്മിക സാധനകൾ യഥാവിധി അനുഷ്ഠിക്കാനാവും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
തിരുവോണം
വാരാദ്യ ദിവസങ്ങളിൽ അല്പം മനക്ലേശം വരാം. കരുതിയ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിച്ചേക്കില്ല. അലച്ചിലുണ്ടാവാം. ക്രമേണ കാര്യങ്ങൾ വരുതിയിലായേക്കും. നല്ല വാക്കുകൾ കേൾക്കാനാവും. ശുഭകാര്യങ്ങളിൽ ഏർപ്പെടാൻ സാഹചര്യം രൂപപ്പെടും. അപ്രസക്തമായ ചർച്ചകളിൽ നിന്നും പിൻവാങ്ങുന്നതാണ്. കുടുംബത്തിൽ ഒട്ടൊക്കെ സമാധാനമുണ്ടാവും. തൊഴിലില്ലാത്തവർക്ക് വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തിയാക്കാനുള്ള സാധ്യതകൾ ആരായും. വാഹനം വീണ്ടും ഉപയോഗിക്കാറാവും.
അവിട്ടം
രോഗാമയങ്ങൾ അല്പം ക്ലേശിപ്പിക്കാം. ആലസ്യത്തിൻ്റെ പിടിയിലമരുന്നതാണ്. നിശ്ചിത സമയത്ത് ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നും വരാം. കൂട്ടുകെട്ടുകളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതായ സന്ദർഭമാണ്. പ്രധാന തീരുമാനങ്ങൾ പുനരാലോചിക്കാതെ നിർവഹിക്കരുത്. പ്രണയികൾക്ക് സന്തോഷിക്കാനവസരം സംജാതമാകും. ആഴ്ചമധ്യം മുതൽ അല്പം പിരിമുറുക്കം കുറയാം. കഠിനാധ്വാനത്തിന് മനസ്സുണ്ടാവും. മകൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ ആശ്വസിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. ക്ഷേത്രദർശനം ആത്മശക്തിയുണർത്തും.
ചതയം
ഭരണ ചുമതലകൾ നേരാംവണ്ണം നിർവഹിക്കാത്തതിൽ വിമർശനം ഉണ്ടാവും. പിൻവലിയാനുള്ള മനോഭാവം പ്രകടിപ്പിക്കും. ചെറുസംരംഭങ്ങളിലൂടെ നേട്ടങ്ങൾ കൈവരും. മേലധികാരികൾ മനപ്പൂർവ്വം ക്ലേശിപ്പിക്കുകയാണോ എന്ന തോന്നലുണ്ടാവും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ഗുണകരമാവുന്നതാണ്. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ധാർമ്മിക കാര്യങ്ങളിൽ താത്പര്യം വന്നേക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചക്കൊരുങ്ങുന്നതാണ്. ധനപരമായി അത്രമോശം സമയമല്ല. ന്യായമായ ആവശ്യങ്ങൾക്ക് ഭംഗമുണ്ടാവില്ല. തിങ്കൾ, ചൊവ്വയിൽ നവാരംഭങ്ങൾക്ക് മുതിരരുത്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
മുന്നേകൂട്ടി പലതും ആസൂത്രണം ചെയ്യുമെങ്കിലും ആലസ്യം കാരണം മിക്കതും മാറ്റിവെക്കാനാണ് സാധ്യത കാണുന്നത്. പുതിയ തലമുറയുടെ പ്രവർത്തനത്തോട് എതിർപ്പറിയിക്കും. തന്മൂലം ഗാർഹിക പ്രശ്നങ്ങൾ ഉണ്ടാവാം. ജോലിയിൽ അസംതൃപ്തിക്കിടയുണ്ട്. എന്നാൽ തൊഴിൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ ആശാസ്യമല്ല. ഭരണാധികാരികളെ നേരിട്ടെതിർത്തേക്കും. നേത്രശിരോരോഗങ്ങൾ ക്ലേശിപ്പിക്കുന്നതാണ്. ഭൂമി വ്യാപാരത്തിൽ തടസ്സങ്ങൾ വന്നെത്താം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാവും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം ഉണ്ടായേക്കും.
ഉത്രട്ടാതി
വാരാദ്യം സുഖാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആശയവിനിമയം കൃത്യമായിരിക്കും. പഠിപ്പിൽ ഉത്സാഹം നിലനിർത്തുന്നതാണ്. ദാമ്പത്യത്തിൽ സമാധാനം അനുഭവിക്കും. പഴയ സുഹൃത്തുക്കളെ കാണാനവസരം വരുന്നതാണ്. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽ വിജയിച്ചേക്കാം.
ബുധൻ, വ്യാഴം ദിവസങ്ങളിൽ സാഹസകർമ്മങ്ങൾ ഒഴിവാക്കണം. പണമെടപാടുകളിൽ കണിശത പുലർത്തേണ്ടതുണ്ട്. മറ്റു ദിവസങ്ങളിൽ നല്ലഫലങ്ങൾ ഉണ്ടാവും. സ്നേഹബന്ധം ദൃഢമാകുന്നതാണ്. ആരാധനകൾ അഭംഗുരമായി തുടരും.
രേവതി
മാനസിക പിരിമുറുക്കത്തിന് അയവുണ്ടാവുന്നതാണ്. നിലപാടുകൾക്ക് സ്വീകാര്യതയുണ്ടാവും. പുതിയ കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണും. നക്ഷത്രാധിപനായ ബുധന് ഉച്ചസ്ഥിതിയുള്ളതിനാൽ ആത്മവിശ്വാസം ഉയരുന്നതാണ്. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയും. പുതിയ തലമുറയുമായി പൊരുത്തപ്പെടും. ബന്ധുക്കളെ കാണും. വാരമദ്ധ്യദിവസങ്ങളിൽ ആലസ്യം/ ദേഹക്ലേശം അനുഭവപ്പെടാം. ധനാഗമത്തിൽ തടസ്സം വരാനിടയുണ്ട്. മറ്റുള്ള ദിവസങ്ങളിൽ മാനസികോല്ലാസം കുറയില്ല. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കും. കുഴപ്പം ഉണ്ടാകും എന്ന് തോന്നുന്നവയിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കുന്നതാണ്
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.