/indian-express-malayalam/media/media_files/2025/03/18/april-20-to-april-26-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-418878.jpg)
Weekly Horoscope, September 21-September 27
ആദിത്യനും ബുധനും കന്നിരാശിയിലാണ്. ഉത്രം ഞാറ്റുവേലയാണിപ്പോൾ നടക്കുന്നത്. ബുധൻ ഉച്ചരാശിയിൽ സ്ഥിതിയാണെങ്കിലും മൗഢ്യത്തിലാണ്. അത്തം നക്ഷത്രത്തിലാണ് ബുധൻ്റെ സഞ്ചാരം.
സെപ്തംബർ 21 ന് കറുത്തവാവാണ്. 'മഹാലയ അമാവാസി' എന്നാണ് സാങ്കേതികവാക്ക്. പിറ്റേന്ന്, അതായത് 22ന് തിങ്കളാഴ്ച ശരത് ഋതുവും ആശ്വിനമാസവും ആരംഭിക്കും. കേരളത്തിൽ 22/23 തീയതികളിലായി നവരാത്രി ആരംഭിക്കുന്നു.
ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നു. മകം - പൂരം നക്ഷത്രങ്ങളിലാണ് ശുക്രസഞ്ചാരം. കേതുവും ചിങ്ങം രാശിയിലുണ്ട്. രാഹു കുംഭം രാശിയിലാണ്. വ്യാഴം മിഥുനം രാശിയിൽ, പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ വക്രഗതിയിലാണ്. ചൊവ്വ തുലാം രാശിയിൽ ചിത്തിര -ചോതി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണവാരഫലം രേഖപ്പെടുത്തുന്നു.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
ചന്ദ്രസഞ്ചാരം ഈയാഴ്ച മുഴുവൻ ഏറെക്കുറെ ഹിതഭാവങ്ങളിലാണ്. സൂര്യനും ബുധനും ശുക്രനും രാഹുവും അനുകൂലമായ ഇടങ്ങളിൽ തുടരുന്നു. അതിനാൽ
ഉദ്ദിഷ്ട കാര്യങ്ങൾ ഭംഗിയായി നിർവഹണ സന്ധിയിൽ എത്തിക്കാനാവും. അധികാരസ്ഥാനത്ത് ശോഭിക്കുന്നതാണ്. തൊഴിലിടത്തിൽ ഏകോപനം സുസാധ്യമാവും. നവം നവങ്ങളായ ആശയങ്ങൾ പുലർത്തും. ആവിഷ്കാരത്തിൽ പ്രായോഗികത ഉയർന്നുകാണപ്പെടും. ശയ്യാസുഖം ഭവിക്കുന്നതാണ്. ഗൃഹകാര്യങ്ങളിൽ സ്വസ്ഥത അനുഭവപ്പെടും. നഷ്ടബോധം കുറയും. വെള്ളി, ശനി ദിവസങ്ങളിൽ കരുതലുണ്ടാവണം.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഭരണി
സുഖകരമായ സാഹചര്യങ്ങളാണുള്ളത്. ബന്ധുസമാഗമം സന്തോഷമരുളും. ഇഷ്ടവിഷയങ്ങളിൽ പ്രതിപത്തി കാണിക്കാനും അവയിൽ മുഴുകാനുമാവും. തൊഴിലിടത്തിൽ സമാധാനം പുലരും. സതീർത്ഥ്യരെ കാണും. ബിസിനസ്സിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നതാണ്. കലാകാരന്മാർക്ക് സർഗാത്മകത അഭംഗുരമാവും. പഠനത്തിൽ ഏകാഗ്രത കൈവരും. കുടുംബത്തിൽ സ്വച്ഛത ഭവിക്കുന്നതാണ്. സാമാന്യമാവും, ധനസ്ഥിതി. പ്രണയികളുടെ ഇഷ്ടം ദൃഢമാകും. അഷ്ടമരാശിക്കൂറാകയാൽ വാരാന്ത്യദിവസങ്ങളിൽ സ്വസ്ഥത കുറഞ്ഞേക്കും.
കാർത്തിക
കർമ്മരംഗത്ത് നൈപുണ്യം പ്രദർശിപ്പിക്കും. പ്രവർത്തനങ്ങളിൽ നവ്യതയുണ്ടാവും. ബിസിനസ്സിനായി നടത്തുന്ന കൂടിയാലോചനകൾ ഫലപ്രദമായേക്കും. ഗവേഷണത്തിൽ ഊർജ്ജിതാശയന്മാരായി മുന്നോട്ടുപോകും. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ ശോഭിക്കുന്നതാണ്. ദാമ്പത്യരംഗത്ത് പാരസ്പര്യം കുറയില്ല. മകൻ്റെ തീരുമാനങ്ങളിൽ അല്പം മനക്ലേശം അനുഭവപ്പെടാം. ഗൃഹനവീകരണത്തിൽ ചിലവേറും. തീർത്ഥയാത്രകൾ ആസൂത്രണം ചെയ്യും. നാട്ടിലെ ഉത്സവത്തിനെത്താൻ അവധി ക്രമീകരിക്കും. ഞായർ, വെള്ളി, ശനി ദിവസങ്ങളിൽ ജാഗ്രതയുണ്ടാവണം.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
രോഹിണി
ജോലിയിൽ ശ്രദ്ധ കുറയും. മേലധികാരികൾ/ സഹപ്രവർത്തകർ ശത്രുക്കളാണെന്ന് ഭാവന ചെയ്യും. വിദ്യാർത്ഥികൾക്ക് ഉത്സുകതയുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരുടെ സമയക്രമം മാറാനിടയുണ്ട്. വ്യാപാരത്തിൽ കൂടുതൽ മുഴുകേണ്ട സന്ദർഭമാണ്. പകരക്കാരെ ചുമതല ഏൽപ്പിക്കുന്നത് ദോഷം ചെയ്യും. പൊതുക്കാര്യത്തിൽ വൈകാരികമായി ഇടപെടരുത്. കാര്യങ്ങൾ പഠിച്ചശേഷം അഭിപ്രായം പറയുകയാവും ഉചിതം. സാമ്പത്തിക കാര്യങ്ങളിൽ പിരിമുറുക്കം ഉണ്ടാവില്ല. കുടുംബത്തിനൊപ്പം ചെറുയാത്രകൾ സാദ്ധ്യതയാണ്.
മകയിരം
ഇടവക്കൂറുകാർ കൂടുതൽ കരുത്തുനേടും. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറുന്നതാണ്. കർമ്മരംഗത്ത് അഭ്യുദയം പ്രതീക്ഷിക്കാം. നിപുണയോഗം, കേസരിയോഗം, ശശിമംഗലയോഗം തുടങ്ങിയ യോഗങ്ങൾ ഈയാഴ്ച ഭവിക്കുന്നത് ഗുണഫലങ്ങൾ നൽകാം. അധികാരികളുടെ പിന്തുണയുണ്ടാവും. മിഥുനക്കൂറുകാർ ജാഗരൂകരാവേണ്ടതുണ്ട്. ആലസ്യം ഭവിക്കാനിടയുണ്ട്. അമിതമായ ആത്മവിശ്വാസം ദോഷമുണ്ടാക്കും. പണവരവ് ഒട്ടൊക്കെ തൃപ്തികരമാവും. പ്രവൃത്തിയിൽ പ്രയോറിട്ടി നിശ്ചയിക്കാൻ വിഷമിക്കുന്നതാണ്.
തിരുവാതിര
സ്വയം തിരുത്താൻ മനസ്സുണ്ടായേക്കും. പാളിച്ചകൾ ആവർത്തിക്കരുതെന്ന് ഉറപ്പിക്കും. വ്യാപാരത്തിൻ്റെ എല്ലാ തട്ടിലും മേൽനോട്ടം വഹിക്കുന്നതാണ്. പലതും പഠിക്കാനാഗ്രഹിക്കും. കഴിവുകൾ വേണ്ടപ്പെട്ടവർ തിരിച്ചറിയും. സുഹൃൽബന്ധം ദൃഢമാകുന്നതാണ്. പ്രണയികൾ ഭാവിയെക്കുറിച്ച് സ്വപ്നം കാണും. കരാർ ജോലിക്കാർക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചേക്കാം. പഞ്ചമത്തിലെ കുജസ്ഥിതി കാരണം മകൻ്റെ ശാഠ്യം വർദ്ധിക്കും. തന്മൂലം കുടുംബപ്രശന്ങ്ങൾക്ക് ഇടവരും. പൈതൃക സ്വത്തുക്കളുടെ അവകാശ രേഖകൾ ലഭിക്കാനായി ശ്രമം തുടരേണ്ടതാണ്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
പുണർതം
ജന്മനക്ഷത്രത്തിൽ നക്ഷത്രാധിപനായ വ്യാഴം സഞ്ചരിക്കുകയാണ്. കേസരിയോഗം ഭവിക്കുകയാൽ ആത്മവിശ്വാസവും ഭവന സൗഖ്യവും ഉണ്ടാവും.
തൊഴിൽ രംഗത്തെ ഉദാസീനതയ്ക്ക് മാറ്റം വരും. കൃത്യനിഷ്ഠ അഭിനന്ദിക്കപ്പെടും. പലരുടെയും പിന്തുണ ആവശ്യപ്പെടാതെ ലഭിക്കാം. നിക്ഷേപങ്ങളിൽ നിന്നും ധനാഗമത്തിന് സാധ്യത കാണുന്നു. പഠിപ്പിൽ ഏകാഗ്രത കൈവന്നേക്കും. പുതുതലമുറക്കാർക്ക് ജോലിയിൽ ഉയരാനാവും. കലാപരമായ സിദ്ധികൾ പോഷിപ്പിക്കാൻ ശ്രമിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം.
പൂയം
ആസൂത്രിത നീക്കങ്ങൾ അവസാന നിമിഷം പാളിപ്പോകാതിരിക്കാൻ കരുതലുണ്ടാവണം. സദസ്സിൻ്റെ ശ്രദ്ധയാകർഷിക്കും. ആത്മവിശ്വാസത്തോടെ പെരുമാറുന്നതാണ്. കാലത്തിൻ്റെ മാറ്റം തിരിച്ചറിയുവാൻ കഴിയും. നക്ഷത്രാധിപനായ ശനി വക്രത്തിൽ തുടരുകയാൽ കർമ്മരംഗത്ത് ചിലർക്ക് ആലസ്യമുണ്ടാവും. പലതിലും സന്ദിഗ്ദ്ധത വന്നേക്കും. മേലധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. അന്യദേശത്തുള്ളവർക്ക് നാട്ടിലെത്താനാവും. നാലാമെടത്ത് ചൊവ്വ സഞ്ചരിക്കുകയാൽ ബന്ധുക്കളോട് വിരോധിക്കാനിടയുണ്ട്. സാമ്പത്തികമായി തൃപ്തിയുണ്ടാവും.
ആയില്യം
അതിരുകടന്ന ആത്മവിശ്വാസം നന്നല്ല. തീരുമാനങ്ങൾ പുനപ്പരിശോധിക്കുന്നത് സമുചിതം. തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. രണ്ടിൽ ശുക്രൻ സഞ്ചരിക്കുകയാൽ വാക്കുകൾ മധുരമാവും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. മൂന്നാം ഭാവത്തിലെ ആദിത്യൻ ഉദ്യോഗത്തിൽ ശോഭിക്കാനവസരമൊരുക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ ലഭിച്ചു കൂടായ്കയില്ല. ബന്ധുക്കളുടെ അഭിപ്രായത്തോട് വിയോജിക്കും. യാത്രകൾ ദേഹക്ലേശത്തിന് ഇടവരുത്തുന്നതാണ്. വാഗ്ദാനങ്ങൾ നടപ്പാക്കാൻ ക്ലേശിക്കും. കലാപ്രവർത്തനത്തിൽ പുഷ്ടിയുണ്ടാവും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.