/indian-express-malayalam/media/media_files/2025/01/20/fun0pijQSWJbHGYR1YPX.jpg)
Weekly Horoscope, September 14-September 20
ആദിത്യൻ ചിങ്ങം - കന്നി രാശികളിലൂടെ സഞ്ചരിക്കുന്നു. ഉത്രം ഞാറ്റുവേലയാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ രോഹിണി മുതൽ മകം-പൂരം വരെയുള്ള നക്ഷത്രങ്ങളിലൂടെ കടന്നുപോകുന്നു.
ചൊവ്വ തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. ബുധൻ സെപ്തംബർ 15 ന് രാത്രി ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കും. എന്നാൽ ബുധമൗഢ്യം തുടരുകയാണ്. ഉത്രം നക്ഷത്രത്തിലാണ് ബുധൻ.
ശുക്രൻ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. മകം നക്ഷത്രത്തിലാണ് ശുക്ര സഞ്ചാരം. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതി തുടരുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിലുണ്ട്.
ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മൂലം
ബുധാദിത്യന്മാർ പത്തിലേക്കും കുജൻ ഒമ്പതിലേക്കും പകരുന്നത് അനുകൂലമാണ്. അലോസരം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനാവും. കാര്യനിർവഹണത്തിൽ ചടുലത വന്നെത്തും. എന്നാൽ തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. തൊഴിലിടത്തിൽ ഉണർവ്വുണ്ടാവും. ഭൂമിവ്യാപാരം തടസ്സപ്പെടുകയില്ല. അതിനുള്ള ശ്രമങ്ങൾ പുനരാരംഭിക്കാവുന്നതാണ്. കുടുംബത്തിലെ വയോജനങ്ങളെ സന്ദർശിക്കുകയും ആരോഗ്യ വിഷയത്തിൽ മുൻകരുതൽ എടുക്കുകയും ചെയ്യും. പ്രണയികൾക്ക് സ്വന്തം തീരുമാനങ്ങൾ വേണ്ടപ്പെട്ടവരെ അറിയിക്കാൻ ധൈര്യമുണ്ടാവും.
പൂരാടം
തൊഴിൽരംഗം അല്പാല്പമായി പുഷ്ടിപ്പെടാൻ സാധ്യതയുണ്ട്. വിപണനതന്ത്രങ്ങൾ ആവിഷ്കരിക്കും. ബുദ്ധിപരമായ നീക്കങ്ങൾ ശത്രുക്കളെ അടിയറവ് പറയിക്കുന്നതാണ്. സംഘടനകളിൽ നിർദ്ദേശങ്ങൾ സ്വീകരിക്കപ്പെടും. സഹോദരഗുണമുണ്ടാവും. വസ്തുവിൻ്റെ ആധാരത്തിലെ തെറ്റുകൾ തിരുത്താൻ കഴിയും. സാമ്പത്തിക ക്ലേശങ്ങൾ കുറയും. ബന്ധുസന്ദർശനം മനസ്സന്തോഷത്തിന് കാരണമാകും. യാഥാർത്ഥ്യബോധത്തോടെ പെരുമാറാനാവും. ദാമ്പത്യസുഖം പ്രതീക്ഷിക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുഭാരംഭം ഉചിതമായിരിക്കില്ല.
ഉത്രാടം
ഉദ്ദേശിച്ചവിധം കരുനീക്കങ്ങൾ നടത്താനും കാര്യനിർവ്വണം നടത്താനുമായേക്കും. ഗവേഷകർക്ക് ലഭിച്ച അറിവുകൾ ക്രോഡീകരിക്കാനാവും. സ്വാർജ്ജിത ശക്തിയിൽ വിശ്വാസമേറുന്നതാണ്. വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് പകരം ജോലി ചെയ്യേണ്ടി വരുന്നതായിരിക്കും. വ്യാപാരത്തിൽ കടം വാങ്ങി വിപുലീകരണത്തിന് തൽകാലം മുതിരരുത്. സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. പ്രണയാനുഭവങ്ങൾ മനസ്സിൽ ഉണർവ്വാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
തിരുവോണം
ദിശാബോധത്തോടെയുള്ള പ്രയത്നങ്ങൾ സഫലമാവുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടാവും. ബിസിനസ്സ് ചർച്ചകൾ വിജയിക്കും. ഗൃഹത്തിൽ സമാധാനം പ്രതീക്ഷിക്കാം. ധനവരവിൽ മെച്ചം ഉണ്ടാവുന്നതാണ്. പുതിയ ജോലിക്ക് ശ്രമം തുടരുന്നത് ഫലവത്തായേക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാനവസരം സിദ്ധിക്കും. മകന് നവീനമായ ഇലക്ട്രോണിക് ഉലപ്ന്നം വാങ്ങിക്കൊടുക്കും. ഏജൻസി രംഗം പുഷ്ടിപ്പെടുന്നതാണ്. പ്രണയബന്ധത്തിന് സാധ്യത. തീർത്ഥാടനത്തിന് ആസൂത്രണം നടത്തും. അഷ്ടമരാശിയാകയാൽ വെള്ളി, ശനി ദിവസങ്ങളിൽ കരുതലുണ്ടാവണം.
അവിട്ടം
മനോവാക്കർമ്മങ്ങളെ ഏകീകരിക്കുന്നതിൽ വിജയിക്കും. തൻ്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരെ അറിയിക്കുവാൻ മടിക്കില്ല. അനാദരിക്കുന്നവരോട് ദ്വേഷമുണ്ടാവും. കടം കൊടുത്ത തുക തിരികെ കിട്ടാൻ സമ്മർദ്ദം ഉപയോഗിക്കേണ്ടി വന്നേക്കും. കള്ളം പറയേണ്ട സാഹചര്യം രൂപപ്പെട്ടാൽ അത്ഭുതപ്പെടേണ്ടതില്ല. സാങ്കേതികവിദ്യകൾ പഠിച്ചറിയാൻ നേരം കണ്ടെത്തുന്നതാണ്. ബന്ധുസമാഗമത്തിൽ നിന്നും മാനസികോർജ്ജം നേടുന്നതാണ്. പ്രൈവറ്റ്സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് അദ്ധ്വാനം കൂടാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നത് ദാമ്പത്യ പ്രശ്നങ്ങൾ ഉയർത്താം.
ചതയം
സിവിൽ വ്യവഹാരത്തിൽ ആശങ്കകൾ ഉയരുന്നതാണ്. നിയമത്തിൻ്റെ നൂലാമാലകൾ വിഷമിപ്പിച്ചേക്കും. ധാർമ്മിക പ്രവൃത്തികൾക്ക് സമയം കണ്ടെത്തുന്നതാണ്. ആദിത്യൻ ഈയാഴ്ച അഷ്ടമഭാവത്തിലേക്ക് മാറുന്നതിനാൽ അധികാരികൾ വിരോധിക്കും.. അർഹതയ്ക്ക് സ്വീകാര്യത കിട്ടണമെന്നില്ല. ബിസിനസ്സിൽ സാമാന്യമായ ലാഭം പ്രതീക്ഷിച്ചാൽ മതി. ഉന്നതവിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവും. ചെറുപ്പക്കാർക്ക് സഹജമായ കഴിവുകൾ വികസിപ്പിക്കാൻ അവസരം ഉണ്ടായേക്കില്ല. പൊതുവേ സമ്മിശ്രാനുഭവങ്ങളുള്ള വാരമാവും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
സ്വാശ്രയചിന്ത മുന്നിട്ടുനിൽക്കുമെങ്കിലും പരാശ്രയത്വം തീർത്തും ഒഴിവാക്കാനാവില്ല. വിദ്യാർത്ഥികളെ ആലസ്യം പിടികൂടാം. കഠിനവിഷയങ്ങൾക്ക് ട്യൂഷൻ എർപ്പെടുത്തും. വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിച്ചേക്കും. കച്ചവടത്തിൽ കാലോചിത മാറ്റങ്ങൾ ഉണ്ടെങ്കിലേ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയൂ എന്ന സത്യം ഉൾക്കൊള്ളും. വായ്പാതിരിച്ചടവ് മുടങ്ങിയേക്കില്ല. പിതൃസ്വത്തിൽ നിന്നും ഒരുഭാഗം വിൽക്കാൻ തീരുമാനിക്കും. കൗമാരക്കാരുടെ പെരുമാറ്റത്തെച്ചൊല്ലി കുടുംബത്തിൽ ഉൽക്കണ്‌ഠകൾ ഉയരാനിടയുണ്ട്.
ഉത്രട്ടാതി
ജന്മശനിക്കാലമാണെന്ന് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തപ്പെടുംവിധം എന്തെങ്കിലും ക്ലേശങ്ങൾ വരാം. വിവാദങ്ങളിൽ നിന്നും അകന്നിരിക്കുന്നത് ഉചിതം. പണച്ചെലവിലെ ധാരാളിത്തത്തിനും നിയന്ത്രണമുണ്ടാവണം. ശനിയുടെ വക്രഗതിയാൽ ഒരിക്കൽ എടുത്ത തീരുമാനം തിരുത്താനിടവരും.
ആര്യോഗ്യ ജാഗ്രതയുണ്ടാവണം. ചെറുസംരംഭങ്ങൾ മൂലം നേട്ടങ്ങൾ വന്നെത്തുന്നതാണ്. കരാർപണികൾ തുടരാനവസരം സംജാതമായേക്കും. ഭൂമിവ്യാപാരം കരുതലോടെ നിർവഹിക്കണം. കബളിപ്പിക്കപ്പെടാം. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.
രേവതി
നക്ഷത്രനാഥനായ ബുധൻ ഉച്ചത്തിൽ സഞ്ചരിക്കുന്നത് ആത്മശക്തി വർദ്ധിപ്പിക്കും. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾ ഒരുവിധം പരിഹരിക്കാൻ സാധിച്ചേക്കും. കുടുംബാന്തരീക്ഷത്തിൽ ഒട്ടൊക്കെ സമാധാനമുണ്ടാവും. ചൊവ്വയുടെ അഷ്ടമസ്ഥിതി ദേഹക്ലേശത്തിനിടവരുത്താം. പുതിയ കാര്യങ്ങൾ, വിശേഷിച്ചും വലിയ മുതൽമുടക്കിയിട്ടുള്ള സംരംഭങ്ങൾ തുടങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യമില്ല. സഞ്ചാരം കൊണ്ട് നേട്ടമുണ്ടാവുന്നതാണ്. ഉപാസനാദികൾ മുടങ്ങില്ല. കൂട്ടുബിസിനസ്സ് മോശമാവില്ല. ബന്ധുകലഹങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും.
Read More: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.