/indian-express-malayalam/media/media_files/2025/01/20/february-9-to-15-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Horoscope, September 14-September 20
ആദിത്യൻ ചിങ്ങം - കന്നി രാശികളിലൂടെ സഞ്ചരിക്കുന്നു. ഉത്രം ഞാറ്റുവേലയാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ രോഹിണി മുതൽ മകം-പൂരം വരെയുള്ള നക്ഷത്രങ്ങളിലൂടെ കടന്നുപോകുന്നു.
ചൊവ്വ തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. ബുധൻ സെപ്തംബർ 15 ന് രാത്രി ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കും. എന്നാൽ ബുധമൗഢ്യം തുടരുകയാണ്. ഉത്രം നക്ഷത്രത്തിലാണ് ബുധൻ.
ശുക്രൻ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. മകം നക്ഷത്രത്തിലാണ് ശുക്ര സഞ്ചാരം. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതി തുടരുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിലുണ്ട്.
ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകം
സൃഷ്ട്യുന്മുഖമായ വാരമാണ്. ക്രിയാശക്തി ഉണർന്ന് പ്രവർത്തിക്കും. കാര്യതടസ്സങ്ങളെ വേഗം മറികടക്കാനാവുന്നതാണ്. സാമ്പത്തിക രംഗം മെച്ചപ്പെടും. ബാധ്യതകൾ പരിഹരിക്കാൻ പോംവഴി തെളിയും. അനിഷ്ടമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതാണ്. സിമ്പോസിയം, ചർച്ച ഇത്യാദികളിൽ പങ്കെടുക്കുന്നതാണ്. സ്വകാര്യ ദുഃഖങ്ങൾ പങ്കുവെക്കുന്നത് കരുതലോടെയാവണം. പ്രണയികൾക്ക് അത്ര നല്ല സമയമല്ല. തെറ്റിദ്ധാരണകൾ ബന്ധകാലുഷ്യം വരുത്താം. പുസ്തകം / സിനിമ/ ഗാനം/ചിത്രം ഇവ പ്രചോദിപ്പിക്കാം. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മകുറയാം.
പൂരം
ഉത്സാഹശക്തി വർദ്ധിക്കും. സർവ്വരംഗങ്ങളിലും ശ്രേയസ്സുണ്ടാവും. മനസ്ഥൈര്യത്തോടെ ദുർഘട പ്രശ്നങ്ങളെ മറികടക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണത്തെ അനുമോദിക്കും. പുതിയ സാങ്കേതിക കാര്യങ്ങൾ പഠിക്കാൻ നേരം കണ്ടെത്തും. വിദ്യാർത്ഥികൾക്ക് പ്രൊജക്ടുകൾക്ക് ഏറെ സമയം ചെലവഴിക്കും. സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പൂർവ്വികസ്വത്തിൽ നിന്നും ഒരുഭാഗം വിൽക്കാനുള്ള തീരുമാനത്തിലെത്തും. ആഴ്ചമധ്യത്തിൽ അല്പം മനക്ലേശം വരാം. ചെലവിൽ നിയന്ത്രണമുണ്ടാവണം. ആത്മീയചര്യകൾക്ക് നേരം കുറയുന്നതാണ്.
ഉത്രം
സാഹചര്യങ്ങളുടെ ആനുകൂല്യം അധികമുണ്ടാവില്ല. ബുദ്ധിയുണർന്ന് പ്രവർത്തിക്കേണ്ട ഘട്ടങ്ങൾ ആവർത്തിക്കും. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. എങ്കിലും അതിൻ്റ ന്യായ്യാന്യായ്യതകൾ വിലയിരുത്തി വേണം പ്രാവർത്തികമാക്കാൻ. സ്വയം സംരംഭത്തിൽ നിന്നും വരുമാനം ലഭിച്ചുതുടങ്ങുന്നതാണ്. കൂടുതൽ മെച്ചപ്പെടുത്താൻ വഴികളാരായും. ഭൗതിക കാര്യങ്ങളിലുള്ള ശ്രദ്ധ ആത്മീയതയിലും പുലർത്താനാവും. ആദിത്യബുധന്മാർ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആലസ്യവും അലച്ചിലും കൂടി പ്രതീക്ഷിക്കാം. പണച്ചെലവിൽ ശ്രദ്ധയുണ്ടാവണം. പ്രണയികൾ തമ്മിൽ പിണങ്ങാനിടയുണ്ട്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
അത്തം
ഞായർ മുതൽ വ്യാഴം വരെ ചന്ദ്രസഞ്ചാരം അനുകൂലരാശികളിലാകയാൽ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. മുൻപ് ശ്രമിച്ചിട്ടും നടപ്പിലാക്കാനാവാത്തവ ഇപ്പോൾ പ്രയുക്തമാക്കാനാവും. നേതാക്കളുടെയും ഉന്നതരുടെയും പിന്തുണ കിട്ടുന്നതാണ്. തൊഴിലിൽ സ്വാതന്ത്ര്യം അനുഭവിക്കും. വിപണന തന്ത്രങ്ങൾ ഫലം കാണുന്നതാണ്. കലാപ്രവർത്തനത്തിന് നല്ല സ്വീകാര്യത ലഭിക്കുന്നതായിരിക്കും. കുടുംബ ബന്ധങ്ങൾ ദൃഢമാകും. പ്രണയികൾ ഭാവിതീരുമാനത്തിലെത്തിച്ചേരുന്നതാണ്. ഷോപ്പിംഗ്, ഹോട്ടൽ ഭക്ഷണം, വിനോദം ഇത്യാദികൾക്ക് അവസരമുണ്ടാവും. വെള്ളി, ശനി അലച്ചിലിന് സാധ്യത.
ചിത്തിര
ജന്മരാശിയിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പലതരം സമ്മർദ്ദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. കൃത്യനിർവഹണം തടസ്സപ്പെടുമോ എന്ന ആശങ്കയുണ്ടാവും. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. വ്യാപാരശൃംഖല വിപുലീകരിക്കാൻ തത്കാലം സാധിച്ചേക്കില്ല. സർക്കാരിൽ നിന്നും അനുമതി ലഭിക്കാൻ കൂടുതൽ യത്നം ആവശ്യമായി വരും. മത്സരങ്ങളിലും അഭിമുഖങ്ങളിലും കഴിവുകൾ പൂർണ്ണമായും പ്രകടിപ്പിക്കാനായേക്കില്ല. ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം. കുടുംബജീവിതത്തിൽ വിട്ടുവീഴ്ച കുറയും.
ചോതി
വാരാദ്യം അഷ്ടമരാശിക്കൂറാകയാൽ ശുഭത്വം കുറയാനിടയുണ്ട്. ആലസ്യം പിടിപെടുന്നതാണ്. ചിലപ്പോൾ അമിത ജോലിഭാരം ഉണ്ടാവും. മേലധികാരികൾ കോപിക്കാം.മറ്റു ദിവസങ്ങളിൽ ഗുണാനുഭവങ്ങൾ വന്നെത്തും. വായ്പകൾ അടയ്ക്കാൻ സാധിക്കുന്നതാണ്. സംഘടനകളിൽ സക്രിയരാവും. വ്യാപാരത്തിൽ ലാഭം കുറഞ്ഞേക്കില്ല. ചർച്ചകളിൽ നല്ല തീരുമാനം രൂപപ്പെടുന്നതാണ്. ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ അനുരാഗികൾക്കിടയിൽ / ദമ്പതികൾക്കിടയിൽ തർക്കവും ഭിന്നതയും കടന്നുകൂടാം. ആരോഗ്യപരമായി ജാഗരൂകരാവണം.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
വിശാഖം
നവംനവങ്ങളായ കാര്യങ്ങൾക്കായി ശബ്ദമുയർത്തും. വീട്ടിലുമതെ, കർമ്മരംഗത്തിലുമതെ! എന്നാൽ പഴമയോടും പൊരുത്തപ്പെടേണ്ട സാഹചര്യം ഉദയം ചെയ്യാം. ജന്മരാശിയിൽ ചൊവ്വ സഞ്ചരിക്കുകയാൽ വൈകാരികത്വമേറും. ക്ഷോഭവും തിടുക്കവും ചിലപ്പോൾ അനവസരത്തിലാവാം. ഭോഗസുഖം കുറയും. ദാമ്പത്യത്തിൽ സമ്മിശ്ര ഫലങ്ങളുണ്ടാവും. ധനവരവ് പ്രതീക്ഷിക്കാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ മതിപ്പേറും. കലാപ്രവർത്തകർക്ക് ധാരാളം അവസരങ്ങൾ ലഭിക്കാം. ഞായർ, തിങ്കൾ ഒഴികെ മറ്റുദിനങ്ങൾ പ്രായേണ ഗുണകരം.
അനിഴം
ബഹുവിധ കർമ്മങ്ങളിൽ മുഴുകേണ്ടി വരുന്ന വാരമാണ്. ചുമതലകൾ കൂടുകയാൽ ജോലിഭാരം ഉയരും. സ്വകാര്യസ്ഥാപനത്തിൽ ജോലിസാധ്യതയുണ്ട്. കഴിവുകൾ ആദരിക്കപ്പെടുന്നതാണ്. പഠനകാര്യത്തിൽ പുരോഗതിയുണ്ടാവും. പൊതുപ്രവർത്തനത്തിൽ എതിർപ്പുകൾ ഉണ്ടായേക്കാം. പന്ത്രണ്ടിലെ ചൊവ്വ ദൂരയാത്രകൾ, അലച്ചിൽ ഇവയ്ക്ക് കാരണമാകുന്നതാണ്. ദുർവ്യയവും വരാം. സുഹൃൽബന്ധങ്ങളിൽ കാലുഷ്യം കടന്നുകൂടാം. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. കുടുംബ ബഡ്ജറ്റിൽ ആഡംബര കാര്യങ്ങളും ഉൾപ്പെട്ടുന്നതാണ്. തിങ്കൾ/ ചൊവ്വ ശുഭത്വം കുറയും.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
തൃക്കേട്ട
നക്ഷത്രാധിപനായ ബുധന് ഉച്ചവും ലാഭഭാവസ്ഥിതിയും വരികയാൽ പ്രതീക്ഷിച്ച നേട്ടങ്ങൾ കരഗതമാവുന്ന കാലഘട്ടമാണ്. ഉദ്യോഗസിദ്ധി / തൊഴിലിൽ ഉയർച്ച ഇവ സാധ്യതകളാണ്. മനസ്സിനെ ബാധിച്ച ജഡത്വം നീങ്ങും. കർമ്മോന്മുഖത പ്രസരിപ്പേകും. ബന്ധുക്കളുടെ നിർലോഭമായ പിന്തുണയുണ്ടാവും. സ്വത്തുതർക്കങ്ങളിൽ ന്യായം ലഭിക്കുന്നതാണ്. കടബാധ്യതകൾ തെല്ല് അസ്വസ്ഥതയ്ക്ക് കാരണമായേക്കും. യാത്രാക്ലേശം ഭവിക്കാം. ഭവനനിർമ്മാണത്തിൽ വീണ്ടും താത്പര്യം ഉദയം ചെയ്യും. കുടുംബകാര്യങ്ങളിൽ കരുതൽ വേണ്ടതുണ്ട്. വാരാദ്യദിവസങ്ങളിൽ ജാഗ്രത കൈവെടിയരുത്.
Read More: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.