scorecardresearch

Weekly Horoscope Sep 07-Sep 13: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, September 07-September 13: സെപ്റ്റംബർ 07 ഞായർ മുതൽ സെപ്റ്റംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, September 07-September 13: സെപ്റ്റംബർ 07 ഞായർ മുതൽ സെപ്റ്റംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, September 07-September 13

Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിലാണ്. പൂരം ഞാറ്റുവേലയിലാണ് 28ന് ഉച്ചവരെ. തുടർന്ന് ഉത്രം ഞാറ്റുവേലയിലും.ചന്ദ്രന് സെപ്തംബർ 7ന് ഞായറാഴ്ച ഗ്രഹണയോഗമുണ്ട്. അന്നുരാത്രി 9:58 മുതൽ പുലർച്ചേ 1:22 വരെയാണ്  ചന്ദ്രഗ്രഹണം ഭവിക്കുന്നത്. അന്ന് പൗർണമിയാണ്. സെപ്തംബർ 8 മുതൽ കൃഷ്ണപക്ഷം ആരംഭിക്കുന്നു. ചതയം മുതൽ കാർത്തിക - രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രസഞ്ചാരം.

Advertisment

ചൊവ്വ കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. 13ന് രാത്രി തുലാം രാശിയിൽ പ്രവേശിക്കും. ശുക്രൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ തുടരുന്നു. 

Also Read:സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

ശനി മീനം രാശിയിൽ വക്രഗതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിൻഗതിയിലാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ  ജനിച്ചവരുടെ സമ്പൂർണ്ണനക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

മൂലം

സ്വസ്ഥതകളും അസ്വസ്ഥതകളും കലരുന്നതാവും, വാരം. ഓഫീസിലെ മീറ്റിംഗിൽ വ്യക്തതയോടെ സംസാരിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയാനിടയുണ്ട്. അന്യദേശവാസത്തിന് സാധ്യത കാണുന്നു. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. ബന്ധുക്കളുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിച്ചേക്കാം. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവുന്നതാണ്. മുന്നേ കിട്ടാനുള്ള തുക ഇപ്പോൾ കൈവശമെത്തിച്ചേരും. ചൊവ്വ, ബുധൻ ദിവസങ്ങൾ നവാരംഭങ്ങൾക്ക് ഉചിതമല്ല.

പൂരാടം

Advertisment

കഴിഞ്ഞ ആഴ്ചയിൽ ഏറ്റെടുത്ത ദൗത്യം ഈയാഴ്ച കൊണ്ട് ഒട്ടൊക്കെ അവസാനിപ്പിക്കാനാവും. ആത്മസംതൃപ്തി പുലരുന്നതാണ്. കാത്തിരുന്ന ശുഭവാർത്തയെത്തും. മത്സരങ്ങളിൽ വിജയിക്കുവാൻ കഴിയും.ഉറ്റവരെ കാണാനവസരം സംജാതമാകുന്നതാണ്.വ്യാപാരികൾക്ക് ബിസിനസ്സുകൊണ്ട് നേട്ടം വന്നെത്താം. കർമ്മമേഖലയിൽ കൂടുതൽ ശുഷ്കാന്തി കാട്ടണമെന്ന് സ്വയം തീരുമാനിക്കും. തൊഴിൽ തേടുന്നവർക്ക്കരാർ പണികൾ ലഭിക്കാൻ സാധ്യതയുണ്ട്. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതാണ്.

Also Read:സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

ഉത്രാടം

കർമ്മമേഖലയിൽ ഉന്മേഷമുണ്ടാവും. തീരുമാനിച്ച കാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹിക്കുവാൻ കഴിയുന്നതാണ്. വീട് നിർമ്മാണത്തിൽ കുടുംബത്തിൻ്റെ പിന്തുണ ഭാഗികമാവും. ആത്മസംയമനം അനിവാര്യമാവേണ്ട സാഹചര്യമാണുള്ളത്. വായ്പ നേടാനുള്ള ശ്രമം തുടരും. ഉന്നതാധികാരികളെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചേക്കും. സർക്കാർ കാര്യങ്ങളിൽ ആവർത്തിത ശ്രമം വേണ്ടതായി വരുന്നതാണ്. തീർത്ഥാടനം കൊണ്ട് മനക്ലേശം കുറയാം. കൂട്ടുകെട്ടുകളിൽ ശ്രദ്ധ പുലർത്തണം.വ്യാഴം, വെള്ളി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കണം.

തിരുവോണം

പുത്തൻ കാര്യങ്ങളിൽ താത്പര്യമേറും. പുതുതലമുറയിൽ നിന്നും സാങ്കേതികജ്ഞാനം നേടുന്നതായിരിക്കും. കലാമത്സരങ്ങളിൽ വിജയിക്കാനാവും.ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉയർന്നേക്കും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റത്തിലൂടെ ആശ്വാസം ലഭിക്കുന്നതാണ്.വ്യാപാരികൾ കിടമത്സരത്തെ അഭിമുഖീകരിച്ചേക്കും. ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ അവ്യക്തതയുണ്ടാവും. സഹപ്രവർത്തകരുടെ അനർഹമായ സ്ഥാനക്കയറ്റത്തിൽ ക്ഷോഭമുണ്ടാവും. ആത്മാർത്ഥതയ്ക്ക് അംഗീകാരം വൈകില്ലെന്ന ശുഭപ്രതീക്ഷ അനിവാര്യം.

Also Read:  വാരഫലം, മകം മുതൽ തൃക്കേട്ട വരെ

അവിട്ടം

ആഘോഷങ്ങളിൽ മറക്കാൻ കഴിഞ്ഞ പരുഷ ജീവിതസത്യങ്ങളെ വീണ്ടും അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. വ്യാപാരികൾക്ക് അല്പം മാന്ദ്യം അനുഭവപ്പെടും.കൂടുതൽ അദ്ധ്വാനിക്കേണ്ട സാഹചര്യം ഉദിച്ചേക്കാം.സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് ഉത്തരവാദിത്വമേറിയ പദവികൾ കരഗതമാവുന്നതാണ്.അനുകൂലദിക്കിലേക്ക് സ്ഥലംമാറ്റം കിട്ടാം. ഗവേഷണം ദിശാബോധത്തോടെ മുന്നേറും.ഗൃഹനിർമ്മാണത്തിന് അനുമതി ലഭിക്കുന്നതാണ്. ചെലവുചുരുക്കാനാവും. അയൽക്കാർ തമ്മിലുള്ള തർക്കങ്ങളിൽ മൗനമാവും ഭൂഷണം.

ചതയം

ചന്ദ്രഗ്രഹണം നടക്കുന്ന നക്ഷത്രമാണ് ചതയം. പൊതുവേ കരുതൽ വേണ്ടതായ കാലമാണ്. തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്. വാഗ്ദാനങ്ങളിൽ മതിമറക്കാനിടയുണ്ട്. യുക്തിയും ബുദ്ധിയും കൈവിടാതെ സംസാരിക്കണം.സാമ്പത്തികമായി അത്ര മോശം സമയമല്ല. എങ്കിലും പാഴ്ചെലവുകളും വന്നുകൂടുന്നതാണ്. കാര്യാലോചനകളിൽ എതിർക്കപ്പെടാം. മൗനം ഭൂഷണമാവും. ദുരാരോപണങ്ങളിൽ സംയമം വേണം. വിശ്രമിക്കാനും വിനോദിക്കാനും സമയം കുറഞ്ഞേക്കും. പുതുകാര്യങ്ങൾ സമാരംഭിക്കാൻ ഈയാഴ്ച അസ്വീകാര്യമാണ്. കുടുംബജീവിതം സംതൃപ്തിയേകും.

Also Read:സെപ്റ്റംബർ 7 ലെ പൂർണ്ണ ചന്ദ്രഗ്രഹണം: ദോഷഫലങ്ങൾ ഏതൊക്കെ കൂറുകാർക്ക്?

പൂരൂരുട്ടാതി

പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് കാലം ഇപ്പോൾ ഇണങ്ങുന്നതല്ല. പഠനത്തിൽ പരാങ്മുഖത്വമേർപ്പെടുന്നതാണ്. ചുമതലകൾ നടത്തുക വിചാരിച്ചത്ര എളുപ്പമല്ലെന്ന് എളുപ്പം തിരിച്ചറിയും. സാഹസങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ചന്ദ്രഗ്രഹണം നടക്കുന്ന നക്ഷത്രമാകയാൽ മനക്ലേശത്തിന് സാധ്യതയുണ്ട്. മിതവ്യയം പുലർത്തിയാലും ചെലവേറുന്നതിൽ ഖേദിച്ചേക്കും. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം വെല്ലുവിളിയാവും. പ്രോജക്ടുകൾക്ക് മേലധികാരി പച്ചക്കൊടികാട്ടാം. പ്രവർത്തനോർജ്ജം പുറത്തെടുക്കാൻ കഴിയാതെ വരും. സ്വകാര്യ ദുഃഖങ്ങൾ സുഹൃത്തുക്കളോട് പങ്കുവെക്കും.

ഉത്രട്ടാതി

സുഖവും സമാധാനവും ചിലപ്പോൾ കുറയുന്നതായി തോന്നും. കരാർ പണികളിലെ വ്യവസ്ഥകൾ കഠിനമായി അനുഭവപ്പെടുന്നതാണ്. മേലുദ്യോഗസ്ഥരുടെ എതിർപ്പിന് പാത്രമാവും. വിശദീകരണങ്ങൾ ചെവിക്കൊള്ളാൻ തയ്യാറാവാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കും. കൂട്ടുകാരുമായി ചേർന്നുള്ള സംരംഭങ്ങളുടെ ചർച്ച എങ്ങുമെങ്ങുമെത്തില്ല.പ്രേമിക്കുന്നവരുടെ വിവാഹകാര്യത്തിൽ എതിർപ്പുയരുന്നതാണ്. മാധ്യസ്ഥ പ്രവർത്തനങ്ങളിൽ വിജയിക്കും. വാരാദ്യം ചെലവുകൾ അനിയന്ത്രിതമാവും. സിമ്പോസിയം, ഡിബേറ്റ് എന്നിവകളിൽ താല്പര്യം ജനിക്കുന്നതായിരിക്കും.

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

രേവതി

തീരുമാനങ്ങൾ ഏകപക്ഷീയമാവാതിരിക്കാൻ ശ്രദ്ധിക്കണം. സഹപ്രവർത്തകരിൽ ചിലർ നിസ്സഹകരണം തുടരുന്നതാണ്. വാരാദ്യം അലച്ചിലുണ്ടാവും. പണച്ചെലവും കൂടുന്നതാണ്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്വച്ഛതയേറും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ, വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യം ഇവ പ്രതീക്ഷിക്കാം. പ്രവർത്തന മേഖലയിൽ മുന്നേറാനാവും.മറ്റു ദിവസങ്ങളിൽ സമ്മിശ്രഫലങ്ങളാവും. വായ്പയുടെ തിരിച്ചടവുതുക സമാഹരിക്കാൻ ക്ലേശിച്ചേക്കും. വ്യാപാരത്തിൽ പകരക്കാരെ ചുമതല ഏൽപ്പിക്കുന്നത് കരുതലോടെ വേണം. ആരോഗ്യപരിരക്ഷ അനിവാര്യം.

Read More:ചിങ്ങത്തിൽ അത്തക്കാർക്ക് ചെലവുകൾ വന്നെത്തും, ചിത്തിരക്കാർക്ക് യാത്രാക്ലേശം, ചോതിക്കാർക്ക് സ്ഥാനക്കയറ്റം

weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: