/indian-express-malayalam/media/media_files/2025/02/27/march-23-to-march-29-2025-weekly-horoscope-astrological-predictions-makam-to-thriketta-692056.jpg)
Weekly Horoscope, September 07-September 13
Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിലാണ്. പൂരം ഞാറ്റുവേലയിലാണ് 28ന് ഉച്ചവരെ. തുടർന്ന് ഉത്രം ഞാറ്റുവേലയിലും.ചന്ദ്രന് സെപ്തംബർ 7ന് ഞായറാഴ്ച ഗ്രഹണയോഗമുണ്ട്. അന്നുരാത്രി 9:58 മുതൽ പുലർച്ചേ 1:22 വരെയാണ് ചന്ദ്രഗ്രഹണം ഭവിക്കുന്നത്. അന്ന് പൗർണമിയാണ്. സെപ്തംബർ 8 മുതൽ കൃഷ്ണപക്ഷം ആരംഭിക്കുന്നു. ചതയം മുതൽ കാർത്തിക - രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രസഞ്ചാരം.
ചൊവ്വ കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. 13ന് രാത്രി തുലാം രാശിയിൽ പ്രവേശിക്കും. ശുക്രൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ തുടരുന്നു.
ശനി മീനം രാശിയിൽ വക്രഗതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിൻഗതിയിലാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണനക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകം
ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾ. ചിലപ്പോൾ സന്തുഷ്ടരാണെന്ന് അഭിനയിക്കും. മക്കളെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് തോന്നും. വ്യാപാരത്തിൽ/ ഏജൻസിയിൽ നേട്ടമുണ്ടാവും. കടബാധ്യതകൾ കുറച്ചൊക്കെ വീടാൻ കഴിഞ്ഞേക്കും. പഴയ സുഹൃത്തുക്കളെ കാണും. കൂട്ടായി സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് പ്രാരംഭ ചർച്ചകൾ നടക്കാനിടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. കലാകാരന്മാർക്ക് അവസരം ലഭിക്കാത്തതിൽ ഖേദമുണ്ടാവുന്നതാണ്. ചൊവ്വയും ബുധനും അഷ്ടമരാശിയാകയാൽ കരുതൽ വേണം. വാഗ്വാദങ്ങൾക്ക് മുതിരരുത്.
പൂരം
പുതിയതിൻ്റെ പക്ഷം പിടിച്ചാലും പഴമയ്ക്കും മനസ്സിലിടമുണ്ടാവും. ആശയക്കുഴപ്പം തൊഴിലിടത്തിലും ഏർപ്പെടാം. അഹിതകാര്യങ്ങൾ ഏറ്റവും ആത്മാർത്ഥമായി ചെയ്യേണ്ടി വരുന്നതാവും ക്ലേശിപ്പിക്കുക. ആഡംബരച്ചെലവുകൾ കുറയില്ല. കുടുംബത്തിലെ വിവാഹാദി മംഗളകർമ്മങ്ങൾക്ക് മുൻനിന്ന് സഹകരിക്കും. ജന്മനക്ഷത്രത്തിലെ ഗ്രഹാധിക്യം വെറുതെ സമ്മർദ്ദങ്ങൾക്ക് കളമൊരുക്കുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ നിന്നേടത്തുതന്നെ നിന്നേക്കും. തിങ്കൾ ഉച്ചമുതൽ ബുധൻ സായാഹ്നം വരെ വാക്കിലും കർമ്മത്തിലും കൂടുതൽ ശ്രദ്ധയുണ്ടാവണം'.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ഉത്രം
സ്വതന്ത്രമായി പ്രവർത്തിക്കാനാഗ്രഹിക്കും. പക്ഷേ പരാശ്രയത്വം വേണ്ടിവരുന്നതാണ്. താത്കാലിക ജോലി അവസാനിച്ചതിനാൽ പുതിയ വരുമാന മാർഗം കണ്ടെത്തേണ്ട സ്ഥിതി സംജാതമാകും. കുടുംബാംഗങ്ങളുടെ പിന്തുണ അത്ര ആശാവഹമാവില്ല.പ്രണയികൾക്കിടയിൽ പിണക്കം ആവർത്തിക്കും. പഴിചാരുന്നതിൽ ആനന്ദിക്കുന്നതാണ്. സാഹിത്യപ്രവർത്തനം പുരോഗമിക്കും. ഭാവനയുടെ ലോകത്തെ കൂടുതൽ ഇഷ്ടപ്പെടാനിടയുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകൾ പരീക്ഷാഫലത്തിൽ പ്രകടമാവുന്നതാണ്. വാരാദ്യത്തിൽ ശുഭഫലങ്ങളേറും. വാരമധ്യത്തിൽ എല്ലാക്കാര്യങ്ങളിലും കരുതൽ വേണം.
അത്തം
പ്രവർത്തനത്തിൽ അവ്യക്തത നിഴലിക്കും. അടുത്തത് എന്തെന്ന് സംശയിക്കും. പ്രതീക്ഷിച്ച സഹായം വന്നെത്തുന്നതാണ്. തടസ്സ സാധ്യതകളെ മുൻകൂട്ടി കണ്ടറിയേണ്ടതുണ്ട്. മേലധികാരികൾക്ക് തൃപ്തിയുണ്ടാവും. ചെറുയാത്രകൾ ഗുണപ്രദമായേക്കും. മകൻ്റെ നിർബന്ധശീലം കുടുംബാന്തരീക്ഷത്തെ തെല്ലൊന്ന് മ്ളാനമാക്കാം. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്തും. പന്ത്രണ്ടാം ഭാവത്തിലെ ത്രിഗ്രഹയോഗം ചെലവേറാൻ കാരണമാകും. വ്യാഴം, വെള്ളി ദിനങ്ങളിൽ കരുതലുണ്ടാവണം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
ചിത്തിര
ജന്മനക്ഷത്രത്തിലൂടെ ചൊവ്വ സഞ്ചരിക്കുകയാൽ ക്ഷോഭശീലമേറും. അനാവശ്യമായ തിടുക്കം കാട്ടി കുഴപ്പത്തിൽ ചാടാനിടയുണ്ട്. വരുംവരായ്കകളെക്കുറിച്ച് അധികം ചിന്തിക്കില്ല. ബന്ധുകലഹത്തിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. ലീവിന് വന്നിട്ട് മടങ്ങിപ്പോകാൻ കുറച്ചുദിവസം വൈകിയേക്കും. പണിപൂർത്തിയാക്കിയ കെട്ടിടത്തിന് വാടകക്കാരെ ലഭിച്ചേക്കാം. പുതിയ ഇലക്ട്രോണിക് ഉല്പന്നം സ്വന്തമാക്കും. നവസംരംഭങ്ങളുടെ സാധ്യതകൾ പലരുമായി ചർച്ചചെയ്യുന്നതാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സാഹസ കർമ്മങ്ങൾക്ക് മുതിരരുത്.
ചോതി
ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ ആലോചന കാടുകയറും. ആലസ്യമുണ്ടാവുന്നതായിരിക്കും. വേണ്ടാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനാൽ തന്മൂലം ശത്രുക്കൾ കൂടാം. മറ്റുള്ള ദിവസങ്ങൾ ഗുണപ്രധാനങ്ങൾ! കാര്യസാധ്യം വൈകില്ല. പലരുടെയും സഹകരണം ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്നതാണ്. രോഗക്ലേശിതർക്ക് ആശ്വാസമുണ്ടാവും. സംഘടനകളിൽ നേതൃത്വപദവി കൈവരും. പഠനകാര്യത്തിൽ ശുഷ്കാന്തി കാട്ടും. അഭിമുഖങ്ങൾക്ക് തയ്യാറെടുപ്പ് തുടരുന്നതാണ്. ശുഭവാർത്തകൾ കേൾക്കും.
വിശാഖം
വിഷണ്ണഭാവങ്ങൾ അകലുന്ന കാലമാണ്. ആത്മവിശ്വാസം ഉയരുന്നതാണ്. ജോലിക്കായുള്ള ശ്രമങ്ങൾ ഫലിച്ചേക്കും.പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ തയ്യാറാകുന്നതാണ്.കുടുംബ ബന്ധങ്ങൾ, വിശേഷിച്ചും സഹോദരബന്ധം ദൃഢമാകുന്നതാണ്. കൈവായ്പകൾ മടക്കിക്കിട്ടും. വാഹനം വാങ്ങുന്നതിൽ വ്യക്തതയുണ്ടാവും. പതിനൊന്നിലെ ഗ്രഹസമൃദ്ധി അഭീഷ്ടകാര്യങ്ങൾ നേടാൻ വഴിയൊരുക്കാം. ചൊവ്വയുടെ സഞ്ചാരം അനുകൂലമല്ലാത്തതിനാൽ രക്തസമ്മർദ്ദം പോലുള്ള ജീവിതശൈലീ രോഗങ്ങളിൽ കരുതലുണ്ടാവണം.
അനിഴം
സമ്മിശ്രഫലം ഉളവാകുന്ന വാരമാണ്. ആദിത്യബുധന്മാരുടെ അനുകൂലതയാൽ കർമ്മരംഗത്ത് ശോഭിക്കാനാവും. ഏതെങ്കിലും തരത്തിലുള്ള മത്സരങ്ങളുണ്ടായാൽ അവയിൽ വിജയം വരിക്കുന്നതാണ്. അറിവ് പ്രകടിപ്പിക്കാൻ സന്ദർഭം സംജാതമാകും. ഭൂമിയിൽ നിന്നും ആദായം വന്നെത്തും. വസ്തുവിൽപ്പനയിലെ ദുർഘടങ്ങൾ തീർന്നേക്കും. ഉന്നതരുടെ പരിചയം സിദ്ധിക്കുന്നതാണ്. നിലപാടുകളിലെ അയവില്ലായ്മ ശത്രുക്കളെ സൃഷ്ടിച്ചേക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പുതുതലമുറയുടെ ശീലങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കും.
തൃക്കേട്ട
ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ വാരമാണ്. ദൗത്യങ്ങൾ ഭംഗിയായി നിർവഹിക്കാനാവും. വ്യാപാരത്തിൽ ഉണർവ്വുണ്ടാവുന്നതായിരിക്കും. വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിച്ചേക്കും. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഗാർഹികാന്തരീക്ഷത്തിലെ അലോസരങ്ങൾ പരിഹരിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത തെല്ല് കുറയാനിടയുണ്ട്. വാരാദ്യ ദിവസങ്ങളിൽ ലഘു യാത്രകൾ വേണ്ടിവരാം. രാഷ്ട്രീയക്കാരുടെ ജനകീയത വർദ്ധിക്കുന്നതാണ്. എതിർപ്പുകളെ തന്ത്രപൂർവ്വം തരണം ചെയ്യും. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള സാഹചര്യം കൈവരുന്നതാണ്.
Read More:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.