/indian-express-malayalam/media/media_files/2025/02/27/march-23-to-march-29-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-523404.jpg)
Weekly Horoscope, September 07-September 13
Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിലാണ്. പൂരം ഞാറ്റുവേലയിലാണ് 28ന് ഉച്ചവരെ. തുടർന്ന് ഉത്രം ഞാറ്റുവേലയിലും.
ചന്ദ്രന് സെപ്തംബർ 7ന് ഞായറാഴ്ച ഗ്രഹണയോഗമുണ്ട്. അന്നുരാത്രി 9:58 മുതൽ പുലർച്ചേ 1:22 വരെയാണ് ചന്ദ്രഗ്രഹണം ഭവിക്കുന്നത്. അന്ന് പൗർണമിയാണ്. സെപ്തംബർ 8 മുതൽ കൃഷ്ണപക്ഷം ആരംഭിക്കുന്നു. ചതയം മുതൽ കാർത്തിക - രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രസഞ്ചാരം.
ചൊവ്വ കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. 13ന് രാത്രി തുലാം രാശിയിൽ പ്രവേശിക്കും. ശുക്രൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്.
ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ തുടരുന്നു.
ശനി മീനം രാശിയിൽ വക്രഗതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിൻഗതിയിലാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
വാരാദ്യത്തിലെ ചന്ദ്രഗ്രഹണം ഏറ്റവും കുറവ് ദോഷഫലം സൃഷ്ടിക്കുന്നത് അശ്വതി ഉൾപ്പെട്ട മേടക്കൂറിലെ നക്ഷത്രങ്ങളെയാണ്. അശ്വതിക്കാർക്ക് വാരാദ്യം മുതൽ തന്നെ ഉന്മേഷമുണ്ടാവും. പുത്തനുണർവ്വോടെ ജോലിയിൽ പ്രവേശിക്കാനാവും. എതിർപ്പുകളെ സഹജമായ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കുന്നതാണ്. ഏകോപനം സുസാധ്യമാവും. കൂട്ടുകച്ചവടത്തിലേർപ്പെട്ടവർ പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ കണ്ടെത്തിയേക്കും. പ്രണയികൾക്ക് പരസ്പരമറിയാൻ അവസരങ്ങളുണ്ടാവും. കുടുംബ പ്രശ്നങ്ങൾ ചെറിയ തോതിൽ സ്വസ്ഥതയെ ബാധിക്കുന്നതാണ്. ധനവ്യയത്തിൽ മിതത്വം പുലർത്തേണ്ടതുണ്ട്.
ചൊവ്വ, ശനി ദിവസങ്ങൾക്ക് തെല്ല് മേന്മ കുറയാം.
ഭരണി
സ്വന്തം തറവാട്ടിൽ സഹജസ്നേഹമനുഭവിക്കാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ദിശാബോധം കൈവരുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ ചില നീക്കങ്ങൾ നടത്തുന്നത് വിജയിക്കാനാണ് സാധ്യത. ഭൂമിവിൽപ്പന സംബന്ധിച്ച് കരുനീക്കങ്ങൾ നടത്തിയേക്കും. സുഹൃത്തുക്കളുടെ സമാഗമത്തിൽ പങ്കെടുക്കുന്നതാണ്. സന്താനങ്ങളുടെ നീക്കങ്ങളിൽ ഉൽക്കണ്ഠയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് പ്രയോജനകരമായ അറിയിപ്പുകൾ ലഭിക്കാം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനാണ് സാധ്യത. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേഹക്ഷീണമുണ്ടാവും.
കാർത്തിക
അനാവശ്യമായ തിടുക്കം ഒഴിവാക്കുക കരണീയം. അവധി നീട്ടി നാട്ടിൽ ഒന്നുരണ്ടുദിവസം കൂടി തങ്ങിയേക്കും. കുടുംബ പ്രശ്നങ്ങൾ മുതിർന്നവരുമായി ചർച്ച ചെയ്യുന്നതാണ്. എങ്കിലും മുഴുവനും പരിഹരിക്കാനായേക്കില്ല. കലാമത്സരങ്ങൾക്ക് തയ്യാറെടുപ്പ് തുടങ്ങാൻ സാധിച്ചേക്കും. ആവശ്യത്തിനുള്ള പണം കച്ചവടത്തിലൂടെ കൈവശമെത്തുന്നതാണ്. വിപുലീകരണ ശ്രമങ്ങൾ നീളാനിടയുണ്ട്. കിടപ്പുരോഗികൾക്ക് തുടർ ചികിത്സകൊണ്ട് മാറ്റം കണ്ടുതുടങ്ങും. പൂർവ്വിക സ്വത്ത് വിൽക്കുന്നതിന് കളമൊരുങ്ങിയേക്കും. സാങ്കേതികമായ അറിവ് നേടാൻ പുതുതലമുറയുടെ സഹായം തേടുന്നതാണ്.
Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
രോഹിണി
നക്ഷത്രനാഥനായ ചന്ദ്രന് ഗ്രഹണം വരുന്ന വാരമാകയാൽ മാനസികശക്തി ചോർന്നുപോകാം. സന്ദിഗ്ദ്ധത മനസ്സിലിടം പിടിച്ചേക്കും. എന്നിരുന്നാൽ തന്നെയാവും കർമ്മമേഖലയിൽ ആസൂത്രണം ചെയ്ത കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാവുന്നതാണ്. വലിയ തോതിൽ മുതൽമുടക്കിന് തത്കാലം മുതിരരുത്. കലാപ്രവർത്തകർക്ക് ശക്തമായ തിരിച്ചുവരവ് സാധ്യമാവും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ അഭിപ്രായം സ്വീകരിക്കും. പ്രണയികൾക്കിടയിൽ ഐക്യം വളരുന്നതാണ്. ക്ഷേത്രാടനത്തിന് അവസരമുണ്ടാവും.
മകയിരം
ആത്മവിശ്വാസമുയരാൻ പറ്റിയ സാഹചര്യങ്ങൾ സംജാതമാകും. സ്വാശ്രയത്വത്തിൽ ഉറച്ചുനിൽക്കുന്നതാണ്. സഹപ്രവർത്തകർക്കിടയിൽ സ്വീകര്യത ഉയർന്നേക്കും. നവസംരംഭങ്ങളുമായി മുന്നോട്ടുപോകാൻ തയ്യാറാവും. അതിനാവശ്യമായി രേഖകൾ സർക്കാരിൽ നിന്നും നേടാനായേക്കും. ഇരുദിക്കിൽ കഴിഞ്ഞിരുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുന്നതാണ്. സാമൂഹ്യസേവനത്തിന് സമയം കണ്ടെത്തും. ഗവേഷകർക്ക് യാത്രകളിലൂടെ വസ്തുതകളും പഠനവിവരങ്ങളും സമാഹരിക്കാനാവും. പുതുവാഹനത്തിനായുള്ള മകൻ്റെ ശാഠ്യത്തിന് വഴങ്ങിയേക്കും.
തിരുവാതിര
യാഥാർത്ഥ്യങ്ങളെ സ്വീകരിക്കാൻ മനസ്സ് സന്നദ്ധമാവും. പുതിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പുലർത്തുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണം സുഗമമാവും. ചെലവിനത്തിൽ കരുതൽ വേണ്ടതുണ്ട്. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ മുൻകൈയ്യെടുക്കും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ ആശാവഹമായ നീക്കങ്ങൾ പ്രതീക്ഷിക്കാം. ഗ്രഹനിർമ്മാണത്തിൽ തടസ്സങ്ങൾ തുടരും. നാലിൽ ചൊവ്വ സഞ്ചരിക്കുകയാൽ വാഹനയാത്രയിൽ കരുതലുണ്ടാവണം. ശനിയാഴ്ചക്ക് മേന്മ കുറയാം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
പുണർതം
അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കയാൽ നിർത്തിയേടത്തു നിന്നും തന്നെ വീണ്ടും തുടങ്ങേണ്ടി വരാം. ഉദ്യോഗം തേടുന്നവർക്ക് പ്രതീക്ഷിച്ച നിയമനം വൈകാനിടയുണ്ട്. ചർച്ചകളിൽ / കാര്യാലോചനകളിൽ ശോഭിക്കുന്നതാണ്. വാടക കെട്ടിടത്തിൽ നിന്നും മാറാൻ ശ്രമം തുടരേണ്ടി വരാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനായി യാത്ര വേണ്ടിവരുന്നതാണ്. ക്ഷേത്രദർശനം , ബന്ധുസമാഗമം എന്നിവ സന്തോഷമേകും. ഓൺലൈൻ വ്യാപാരത്തിലൂടെ നേട്ടങ്ങളുണ്ടാക്കും. ലോണിൻ്റെ തിരിച്ചടവ് മുടക്കില്ല. ഞായർ, വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
പൂയം
വാരാദ്യത്തിൽ ചന്ദ്രഗ്രഹണം, അഷ്ടമരാശിക്കൂറ് ഇവയാൽ മനക്ലേശവും കാര്യതടസ്സവും അനുഭവപ്പെടും. ചൊവ്വ മുതൽ അനുകൂല കാര്യങ്ങൾ ഉണ്ടാവുന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം പ്രതീക്ഷിക്കാം. കച്ചവട രംഗത്തിൽ സജീവമാകാൻ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുമായി ഒത്തുചേരാനായതിൻ്റെ സന്തോഷം ചെറുതാവില്ല. ഭോഗസുഖമുണ്ടാവും. പാരിതോഷികങ്ങൾ വാർദ്ധക്യത്തെ സന്തോഷിപ്പിച്ചേക്കും. രാഷ്ട്രീയ നിലപാടുകൾ വിമർശിക്കപ്പെടാം. ചിന്തിച്ചുറപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നതാണ്.
ആയില്യം
സ്വാഭിപ്രായം വെട്ടിത്തുറന്നു പറയുകയാൽ പലരുടെയും ശത്രുത സമ്പാദിച്ചേക്കും. കർമ്മരംഗത്ത് ഞായർ മുതൽ ചൊവ്വ വരെ ഗുണം കുറയുന്നതാണ്. ആലസ്യം നിറയും. വാഗ്ദാനലംഘനങ്ങൾ പരിഹാസ്യമാവും. യാത്രാക്ലേശം അനുഭവപ്പെടുന്നതാണ്. തുടർദിവസങ്ങളിൽ പ്രവർത്തന മികവ് ശ്രദ്ധേയമാകും. മേലധികാരികൾ പ്രശംസിക്കാനിടയുണ്ട്. വിപണന തന്ത്രങ്ങൾ ഫലം കാണുന്നതാണ്. പൊതുപ്രവർത്തനത്തിലൂടെ കൂടുതൽ ജനകീയത നേടും. സഹോദരർക്കിടയിലെ അസ്വാരസ്യം നീങ്ങാം. വയോജനങ്ങളുടെ വാക്കുകൾ അംഗീകരിക്കും. ഭൂമിവിൽപ്പനയുടെ അഡ്വാൻസ് കൈപ്പറ്റിയേക്കാം.
Read More:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.