/indian-express-malayalam/media/media_files/2025/01/20/february-9-to-15-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope, October 26-November 1
Weekly Horoscope: ആദിത്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ ചോതി ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്ത പഞ്ചമി മുതൽ ഏകാദശി വരെ തിഥികളിൽ സഞ്ചരിക്കുന്നു. വ്യാഴം ഉച്ചക്ഷേത്രമായ കർക്കടകത്തിലാണ്.
ശനി മീനം രാശിയിൽ വക്രസഞ്ചാരം തുടരുന്നു. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലുമാണ്. ബുധൻ വൃശ്ചികം രാശിയിലാണ്. ചൊവ്വ ഒക്ടോബർ 27ന് വൃശ്ചികം രാശിയിൽ പ്രവേശിക്കും. ശുക്രൻ നീചക്ഷേത്രമായ കന്നിരാശിയിൽ തുടരുന്നു. തൃക്കേട്ടയിൽ തുടങ്ങി ചതയം വരെ നക്ഷത്രമണ്ഡലങ്ങളിലൂടെയാണ് ഈയാഴ്ചത്തെ ചന്ദ്രസഞ്ചാരം.
ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം വിശദീകരിക്കുന്നു.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
അശ്വതി
സഫലമായ ഒരു വാരമാണ് മുന്നിൽ. കേസരിയോഗം ഉണ്ട്, ചന്ദ്രനും വ്യാഴത്തിനും ബലം ഭവിക്കുന്നു. അതിനാൽ മനശ്ചാഞ്ചല്യം ഒഴിവാക്കി കർമ്മനിരതരാവേണ്ട സന്ദർഭമാണ്. തൊഴിലിടത്തിൽ വ്യക്തമായ ആസൂത്രണം, കൃത്യനിർവഹണം എന്നിവ കൂടിയേ കഴിയൂ! പുതിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. സഹപ്രവർത്തകരെ കർമ്മോത്സുകരാക്കേണ്ട ദൗത്യത്തിൽ മുഴുകണം. ആദിത്യൻ അനിഷ്ടനാകയാൽ ലക്ഷ്യബോധം കുറയാം. ഉന്നതരുടെ പിന്തുണ വാക്കിലൊതുങ്ങും. ഗാർഹികമായ സ്വൈരം പ്രതീക്ഷിക്കാം. പഴയ കടബാധ്യത തീർക്കാൻ ചില വഴികൾ തെളിയുന്നതാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രന് നീചം തുടരുകയാൽ അവഗണനയുണ്ടാവും. ന്യായമായി കിട്ടേണ്ട പരിഗണന ഒരിടത്തുനിന്നും ലഭിക്കുകയുമില്ല. ഔദ്യോഗിക ജോലികൾ കൂടുന്നതിനാണ് സാധ്യത കാണുന്നത്. പകരക്കാർ ചീത്തപ്പേരുണ്ടാക്കും. വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതിരിക്കുക കരണീയം. പേരക്കുട്ടികളോടുള്ള സ്നേഹം ഹൃദയത്തിൽ പന്തലിക്കും. വാക്കുകളിൽ കരുതലുണ്ടാവണം. ലഭിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് വിഷമിപ്പിക്കും. രാശ്യധിപനായ ചൊവ്വ അഷ്ടമത്തിലേക്ക് നീങ്ങുകയാൽ ദേഹമനക്ലേശങ്ങൾ ഭവിക്കാനിടയുണ്ട്.
കാർത്തിക
ചില കാത്തിരിപ്പുകൾക്ക് അവസാനമാവും. സൂത്രപ്പണികൾ വിജയിക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നെത്തും. പുതിയ കാര്യങ്ങളുടെ നിർവഹണത്തിൽ കൂടുതൽ മനസ്സർപ്പിക്കേണ്ട സ്ഥിതിയുണ്ടാവും. വേണ്ടപ്പെട്ടവരുടെ പിണക്കങ്ങളെ അനുരഞ്ജിപ്പിക്കാൻ തയ്യാറാവും. ഗവേഷകർക്ക് പ്രബന്ധാവതരണത്തിനുള്ള സമയപരിധി അടുക്കും. കടബാധ്യതകൾ പരിഹരിക്കാൻ കൂടുതൽ കടം വാങ്ങുന്നതിന് ഉൾപ്രേരണയുണ്ടാവും. അതിന് വിധേയമാകരുത്. മകളുടെ കുടുംബത്തിനൊപ്പം പോയി കുറച്ചുനാൾ താമസിക്കേണ്ടി വന്നേക്കാം. ചികിൽസാമാറ്റം ജാഗ്രതയോടെയാവണം.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
രോഹിണി
കാര്യനിർവഹണം നേട്ടങ്ങൾക്ക് കാരണമാകാം. അപ്രതീക്ഷിത സഹായം/ സഹകരണം ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഏകോപനം സുസാധ്യമാവും. കച്ചവടത്തിൽ നിന്നും ആദായമുയരും. പ്രണയികൾക്കിടയിൽ തർക്കങ്ങൾ മുറുകും. മകൻ്റെ പ്രവർത്തനങ്ങളെച്ചൊല്ലി ചില അലോസരങ്ങൾ ഉയരാം. മുൻനിശ്ചയിച്ച യാത്രകൾ മാറ്റിവെക്കേണ്ടി വന്നേക്കാം. മത്സരങ്ങളിൽ/ അഭിമുഖങ്ങളിൽ വിജയിക്കാനാവും. അതിഥികൾക്കായി കുറച്ചധികം സമയം മാറ്റിവെക്കാനിടയുണ്ട്. ഞായർ മുതൽ ചൊവ്വ വരെ അഷ്ടമരാശിക്കൂറ് ആകയാൽ കരുതൽ വേണം.
മകയിരം
വാരാദ്യ ദിവസങ്ങളിലെ ക്ലേശങ്ങളും അലച്ചിലും പണച്ചെലവും ഒഴിച്ചാൽ ഗുണാനുഭവങ്ങൾ കുറയില്ല. നേതൃത്വം പദവികൾ തന്ന് പരിഗണിക്കുന്നതിൽ സന്തോഷിക്കും. ആത്മവിശ്വാസം ഉയരുന്നതാണ്. വിദ്യാർത്ഥികൾക്ക് കലാകായിക മത്സരങ്ങളിൽ വിജയമുണ്ടാവും. രോഗഗ്രസ്തർക്ക് ശ്വാസമുണ്ടാവുന്നതായിരിക്കും. പഴയ ചിന്താഗതി ഉപേക്ഷിക്കുവാനും കാലത്തിനൊപ്പം സഞ്ചരിക്കുവാനും സന്നദ്ധത വരാം. ഗ്രഹപ്പിഴകളുടെ കത്തിവേഷങ്ങൾ അരങ്ങൊഴിയുന്നതിൽ സന്തോഷിക്കുന്നതാണ്. ഉപരിപഠന കാര്യത്തിൽ തീരുമാനമുണ്ടാവും.
തിരുവാതിര
സ്വാനുഭവങ്ങൾ നൽകിയ കരുത്തുണ്ടാകും, ജീവിതമാർഗം തെളിച്ചുകാട്ടാൻ. വാക്കുകളുടെ വശ്യകാന്തി അനുയായികളെ സൃഷ്ടിക്കാനിടയുണ്ട്. പഴമയെ ഇഷ്ടപ്പെടുമ്പോഴും പുതുമയെ അവഗണിക്കാനാവില്ല. കുടുംബത്തിൻ്റെ പിന്തുണ എപ്പോഴും ഉണ്ടാവും. ധനം ചെലവു ചെയ്യാൻ മടിക്കില്ല. പക്ഷേ ദുർവ്യയം ഒഴിവാക്കണം. കൃത്യാന്തരങ്ങൾ ദേഹക്ലേശം സൃഷ്ടിക്കാം. ആരോഗ്യപരിപാലനത്തിൽ ഉപേക്ഷ വിചാരിക്കരുത്. വ്യാഴം, വെള്ളി മേന്മ കുറയാം. അതിഥികളെ സൽക്കരിക്കാനും അവരുടെ നല്ലവാക്കുകൾ കേൾക്കാനുമാവും.
Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതിവരെ
പുണർതം
നക്ഷത്രാധിപൻ ഉച്ചത്തിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. തടസ്സങ്ങളെ മറികടന്ന് മുന്നേറും. കാര്യസാധ്യത്തിന് ഉന്നതരുടെ പിന്തുണ കിട്ടും. ലഘുവിഷയങ്ങളിൽ നിന്നും മനസ്സ് ഉയരുന്നതാണ്. ആധ്യാത്മിക സാധനകൾ സഫലമാവും. ഗുരുജനങ്ങളെ കാണാനവസരം കൈവരുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മകൻ്റെ മേൽപഠനത്തിന് തുക കണ്ടെത്തും. ഭാവിസംബന്ധിച്ച ഗൗരവമുള്ള ആലോചനകളിൽ ഏർപ്പെടുന്നതാണ്. അറിവുനേടാനുള്ള വ്യഗ്രത തുടരും. ബിസിനസ്സിൽ ഉയർച്ചയുണ്ടാവും. നിയമപ്രശ്നങ്ങളിൽ വിദഗ്ദ്ധോപദേശം സ്വീകരിക്കുന്നതാണ്.
പൂയം
ജന്മരാശിയിൽ വ്യാഴം സഞ്ചരിക്കുന്നത് പ്രതിസന്ധികൾക്ക് കാരണമായേക്കാം. അയത്നസുലഭങ്ങൾ സുദുർലഭങ്ങളായേക്കും. സ്വസ്ഥത കുറയാനിടയുണ്ട്. വ്യാമോഹങ്ങളുടെ കൈയ്യിലെ കളിപ്പാവ എന്ന സ്ഥിതിയും ഉണ്ടാവും. ഈയാഴ്ചയിൽ ഗുണദോഷാനുഭവങ്ങൾ കലരുന്നതാണ്. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയുള്ളതിനാൽ മുൻവെച്ച കാൽ പിന്നോട്ടെടുക്കാൻ സാധ്യതയുണ്ട്. രാശിനാഥനായ ചന്ദ്രൻ 6, 7 ഭാവങ്ങളിൽ കൂടി ഏകാന്തസഞ്ചാരം നടത്തുന്നതിനാൽ ഏകാകിത്വത്തിൽ അഭിരമിച്ചേക്കാം. ഒപ്പം തന്നെ ഭോഗാനുഭവങ്ങളും ഭവിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങൾ നവാരംഭങ്ങൾക്ക് ഉചിതമായേക്കില്ല.
ആയില്യം
ബുധന് കുജയോഗം തുടരുകയാൽ പിരിമുറുക്കം കുറയില്ല. പല കാര്യങ്ങളിലും അനാവശ്യമാം വിധം ഉത്കണ്ഠ ഉയരുന്നതാണ്. ന്യായത്തിൻ്റെ ഭാഗം കേൾക്കാൻ തയ്യാറായേക്കില്ല. ഗൃഹ നിർമ്മാണത്തിൻ്റെ ചെലവുകൾ കൂടും. പണം കണ്ടെത്തുക ദുഷ്കരമായേക്കാം. കുടുംബത്തിൻ്റെ പിൻബലം കരുത്തുപകരുന്നതാണ്. മകൻ്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിർബന്ധശീലം പുലർത്തും. ചെറുപ്പക്കാരുടെ പ്രണയബന്ധം പുഷ്കലമാവും. വിശ്രമം കുറയുന്നതാണ്. വാരാന്ത്യദിനങ്ങളിൽ അലച്ചിലുണ്ടാവും.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us