scorecardresearch

Venus Transit: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Venus Transit: പ്രണയം, ദാമ്പത്യം, ഭോഗസുഖം, ലൗകികത, ഭൗതിക നേട്ടങ്ങൾ, കലാവൈഭവം എന്നിവ ശുക്രനെക്കൊണ്ടാണ് ജ്യോതിഷം ചിന്തിക്കുന്നത്. എന്നാൽ നീചരാശിയിൽ സ്ഥിതിചെയ്യുമ്പോൾ ഏതുഗ്രഹവും ദുർബലനാവും.  

Venus Transit: പ്രണയം, ദാമ്പത്യം, ഭോഗസുഖം, ലൗകികത, ഭൗതിക നേട്ടങ്ങൾ, കലാവൈഭവം എന്നിവ ശുക്രനെക്കൊണ്ടാണ് ജ്യോതിഷം ചിന്തിക്കുന്നത്. എന്നാൽ നീചരാശിയിൽ സ്ഥിതിചെയ്യുമ്പോൾ ഏതുഗ്രഹവും ദുർബലനാവും.  

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sukran, horoscope, astrology

Venus Transit: ശുക്രൻ നീചരാശിയിൽ സ്ഥിതിചെയ്യുമ്പോൾ എന്തെന്ത് വിപരീതാനുഭവങ്ങൾ നൽകുന്നു?

Astrology: 2025 ഒക്ടോബർ 9ന്/1201 കന്നി 23ന് ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കും. കന്നിരാശി ശുക്രൻ്റെ നീചരാശിയാണ് (Debilitated House). ഹ്രസ്വകാലത്തേക്കാണ് പ്രസ്തുതരാശിയിൽ സഞ്ചരിക്കുന്നതെങ്കിലും സുഖകാരകനായ/പ്രണയദേവതയായ ശുക്രൻ്റെ (Venus) ബലഹാനി പലർക്കും ക്ലേശാനുഭവങ്ങൾ സൃഷ്ടിക്കും. 
 
പ്രണയം, ദാമ്പത്യം, ഭോഗസുഖം, ലൗകികത, ഭൗതിക നേട്ടങ്ങൾ, കലാവൈഭവം എന്നിവ ശുക്രനെക്കൊണ്ടാണ് ജ്യോതിഷം ചിന്തിക്കുന്നത്. സ്ത്രീകളുടെ കാരകത്വവും സാന്ദർഭികമായി ശുക്രനുണ്ട്. ശുക്രൻ നീചത്തിലാവുമ്പോൾ സുഖം കിട്ടാക്കനിയാവാം. പ്രണയം 'നഷ്ടവസന്തസ്ഥലി' ആയി മാറിയേക്കാം. 

Advertisment

നവഗ്രഹങ്ങളിൽ ഗോചരഫലത്തിൻ്റെ കണക്കെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ശുഭഫലദാതാവാകുന്ന ഗ്രഹം ശുക്രനാണ്. എന്നാൽ നീചരാശിയിൽ സ്ഥിതിചെയ്യുമ്പോൾ ഏതുഗ്രഹവും ഏറ്റവും ദുർബലനാവും. നന്മയും ആനുകൂല്യവും നൽകാനുള്ള ശക്തിയില്ലാണ്ടാവും. ദോഷഫലങ്ങൾ നൽകിയെന്നും വരാം.

ഈ ലേഖനത്തിൽ 'നീചശുക്രൻ' നൽകുന്ന ഫലങ്ങൾ എന്തൊക്കെയെന്ന് വിശദമായി പരിശോധിക്കുന്നു. മേടക്കൂറു മുതൽ മീനക്കൂറു വരെ വരുന്ന അശ്വതി തൊട്ട് രേവതി വരെയുള്ള ഒന്‍പത് നാളുകാരെയും എങ്ങനെ ശുക്രൻ ബാധിക്കുന്നു? എന്തെന്ത് വിപരീതാനുഭവങ്ങൾ നൽകുന്നു? എന്നിവ ഇവിടെ  വിശദീകരിക്കുന്നുണ്ട്.

Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

നീചരാശിയായ കന്നിരാശിയിലെ ശുക്രൻ്റെ സഞ്ചാരം മേടക്കൂറിൽ ജനിച്ചവർക്ക് അനുകൂലമല്ല. മേടക്കൂറിൻ്റെ ആറാമെടമാണ് കന്നിരാശി. ആറാം രാശിയിൽ സഞ്ചരിക്കുന്ന ശുക്രന് ഗുണാനുഭവങ്ങൾ നൽകാൻ കരുത്തില്ലാത്ത സ്ഥിതിയാണുണ്ടാവുക. 'ഗ്രഹണത്തിൽ ഞാഞ്ഞുലും തലപൊക്കും'  എന്ന ചൊല്ലിൽ പറയുന്നപോലെ ശത്രുക്കൾ തക്കംപാർക്കും. ശുക്രൻ ഒരു സ്ത്രീഗ്രഹമാവുകയാൽ സ്ത്രീകളുടെ വിരോധത്തിന് പാത്രമാവാം. പ്രണയിക്കുന്നവർക്ക് ഇച്ഛാഭംഗം വരും. പ്രതീക്ഷിച്ച പദവിയോ വേതന വർദ്ധനവോ ഉണ്ടാവുകയില്ല. ഉത്തരവാദിത്വങ്ങളിൽ ആലസ്യത്തിന് സാധ്യതയുണ്ട്. കലാകാരന്മാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടേക്കാം. ഗൃഹത്തിൽ സമാധാനം കുറയുന്നതാണ്. ഉദരരോഗങ്ങളോ കഫാദികളായ ശീതരോഗങ്ങളോ ബാധിക്കാം. സഹായ വാഗ്ദാനങ്ങൾ ജലരേഖകളാവും. കടം വാങ്ങാനുള്ള പ്രേരണയുണ്ടാവും. ഉറക്കം / വിശ്രമം കുറയുക, അനാവശ്യചിന്തകൾ ഉണ്ടാവുക ഇവയും ഫലത്തിലുൾപ്പെടും.

Advertisment

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

ഇടവക്കൂറിൻ്റെ അഥവാ ഇടവരാശിയുടെ അധിപനാണ് ശുക്രൻ. അതിനാൽ ശുക്രൻ്റെ നീചസ്ഥിതി ഇടവക്കൂറിൽ ജനിച്ചവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താം. പ്രതീക്ഷിച്ച അവസരങ്ങൾ കിട്ടാതിരിക്കുന്നതിന് സാധ്യതയുണ്ട്. മനോവാക്കർമ്മങ്ങളിൽ കൂടുതൽ കരുതൽ  പുലർത്തേണ്ടതാണ്. കുത്സിതമാർഗങ്ങളിലൂടെ ധനം സമ്പാദിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. ദുർവാസനകൾ ഉണ്ടെങ്കിൽ അവ അധികരിക്കുന്നതാണ്. അഞ്ചാം ഭാവത്തിലാണ് ശുക്രൻ്റെ നീചം ഭവിക്കുന്നത്. സന്താനഭാവമാണത്. ആകയാൽ മക്കളുടെ പഠനകാര്യത്തിൽ കൂടുതൽ ജാഗ്രതയുണ്ടാവണം. 'ബുദ്ധിമോശം' എന്ന് വിവരിക്കത്തക്ക പ്രവൃത്തികൾ ഉണ്ടാവാനിടയുള്ളതിനാൽ കരുതൽ വേണം. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണയും തന്മൂലം കലഹവും ഭവിക്കാം. ദാമ്പത്യത്തിൽ 'ഞാനെന്ന ഭാവം' പിടിമുറുക്കുന്നതാണ്. സുഹൃത്തുക്കൾ പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കരുത്. പാഴ്ച്ചെലവുകൾ വന്നേക്കാം. ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. ഉപാസനാദികളിൽ തടസ്സമുണ്ടാവുന്നത് മനക്ലേശം സൃഷ്ടിച്ചേക്കും.

മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

നാലാമെടത്തിലാണ് ശുക്രൻ നീചനാകുന്നത് എന്നതിനാൽ പലകാര്യങ്ങളിലും വിഘ്നം അനുഭവപ്പെടും. കാര്യാലോചനകൾ കൊണ്ട് ഗുണം കുറയുവാനാണിട. ചിന്ത കൂടുകയും പ്രവൃത്തി മന്ദീഭവിക്കുകയും ചെയ്യുന്നതാണ്. കർമ്മമേഖലയിൽ ആലസ്യവും ഒപ്പം പരാശ്രയത്വവുമുണ്ടാവും. സുലഭ വസ്തുക്കൾ ദുർലഭങ്ങളാവുന്ന സ്ഥിതിയുണ്ടായേക്കാം. ആത്മവിശ്വാസത്തിന് ലോപം സംഭവിക്കും. സുഹൃദ്ബന്ധങ്ങളിൽ ശക്തിക്ഷയം വരാവുന്നതാണ്. ഗാർഹിക സമാധാനം ഭംഗപ്പെടാം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രതയുണ്ടാവണം. ദേഹസുഖക്കുറവ് അനുഭവപ്പെടും. ബന്ധുക്കൾ / സുഹൃത്തുക്കൾ അകാരണമായി പിണങ്ങിയേക്കാം. സാമ്പത്തികമായ അമളികളിൽ ഉൾപ്പെടാതിരിക്കാൻ കരുതലുണ്ടാവണം. ഗൃഹനിർമ്മാണം തടസ്സപ്പെടാതിരിക്കാൻ അമിത പലിശയ്ക്ക് കടം വാങ്ങേണ്ടതായി വരുന്നതാണ്. പുതുസംരംഭങ്ങൾക്ക് സർക്കാർ അനുമതി ലഭിച്ചേക്കില്ല. പ്രണയാനുഭവങ്ങളിർ വിരക്തിയേർപ്പെടും. വളർത്തുമൃഗങ്ങൾക്കോ വളർത്തുമൃഗങ്ങളാലോ ക്ലേശം ഭവിക്കാം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

സഹോദര- സഹായ ഭാവത്തിലാണ് ശുക്രൻ നീചം ഭവിക്കുന്നത്. ധനസഹായം പ്രതീക്ഷിച്ചവർക്ക് നൈരാശ്യം ഉണ്ടാവും. വേണ്ടാത്ത കാര്യങ്ങളിലിടപെട്ട് ദുഷ്പ്പേര് സമ്പാദിക്കും. വ്യാപാര കാര്യങ്ങളിൽ വഴിനടത്തയും അലച്ചിലും സാധ്യതകളാണ്. പരീക്ഷണങ്ങൾ ലക്ഷ്യമടയണമെന്നില്ല. സഹോദരിമാരുമായി പിണങ്ങും. ബാങ്ക് രേഖകൾ, പഴ്സ്, സ്വർണാഭരണങ്ങൾ ഇവ കളവുപോകാൻ/നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ കരുതലുണ്ടാവണം. ഉറ്റവരുടെ ഉപദേശം സ്വീകരിക്കുന്നതും / സ്വീകരിക്കാതിരിക്കുന്നതും പ്രശ്നത്തിന് കാരണമായേക്കാം. വയോജനങ്ങളുടെ സംരക്ഷണത്തിൽ ഉദാസീനതയരുത്. ഗൃഹനിർമ്മാണം തടസ്സപ്പെടുന്നതാണ്. ആഢംബരച്ചെലവുകളുണ്ടാവും. കഫജന്യരോഗങ്ങൾ, ചുമൽ/ കഴുത്ത് വേദന മുതലായവ ക്ലേശിപ്പിക്കാം. വിവാഹാലോചനകളിൽ ജാഗ്രത വേണം. പ്രണയികൾ  അകാരണമായി പിണങ്ങുന്നതാണ്. കലാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് നല്ല അവസരങ്ങൾക്കായി ഇനിയും കാത്തിരിക്കേണ്ടതായി വന്നേക്കും.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

നീചശുക്രൻ രണ്ടാമെടത്ത് സഞ്ചരിക്കുകയാൽ കുടുംബപരമായ സൗഖ്യം കുറയുന്നതാണ്. ജോലികാരണമായോ മറ്റോ ഭാര്യാഭർത്താക്കന്മാർ രണ്ടുദിക്കിൽ കഴിയാനിടയുണ്ട്. വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിനായി ശ്രമം തുടരേണ്ടിവരും. ശുപാർശകൾക്ക് പ്രതീക്ഷിച്ച മറുപടി കിട്ടുകയില്ല. രണ്ടാംഭാവം  വിദ്യാഭാവമാകയാൽ പഠനകാര്യങ്ങളിൽ വൈമുഖ്യമേർപ്പെടാം. 'വാക്കും നാക്കും' ദോഷം ചെയ്തേക്കും. അക്ഷരത്തെറ്റോ ദുരർത്ഥമോ അബദ്ധ പ്രസ്താവനകളോ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. കടം കൊടുത്ത തുക നിശ്ചിത കാലാവധിക്കുള്ളിൽ മടക്കിക്കിട്ടാൻ സാധ്യത വിരളമാണ്. പ്രണയബന്ധത്തിന് ആകസ്മികമായ തിരിച്ചടി വരാം. ബിസിനസ്സ് വിപുലീകരിക്കാൻ പരസ്യങ്ങളെ ആശ്രയിക്കും. കിടമത്സരം മൂലം മാനസിക സമ്മർദ്ദം ഭവിക്കാം. യാത്രകൾക്ക് ലക്ഷ്യപ്രാപ്തി കുറയും. ദുരാരോപണങ്ങൾക്ക് കേൾക്കും. ചിലരുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്യുന്നുണ്ടെന്ന് വൈകി മനസ്സിലാക്കുന്നതാണ്. ഇ. എൻ. ടി വിഭാഗത്തിൽ ഉൾപ്പെടുന്ന രോഗങ്ങൾ ഉപദ്രവിക്കാം.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

 ജന്മരാശിയിലാണ് നീചശുക്രൻ സഞ്ചരിക്കുന്നത്. കന്നിക്കൂറിലെ നക്ഷത്രങ്ങളിലൂടെ ഒന്നും രണ്ടും ആഴ്ചവീതം ശുക്രൻ കടന്നുപോവുന്നുമുണ്ട്. ഭോഗസുഖത്തിന് വിഘാതം വരുന്നതാണ്. ചിലതൊക്കെ 'വിയർപ്പൊഴുക്കി' മാത്രമേ നേടാനാവൂ! കുടുംബകാര്യങ്ങളിൽ ആലസ്യം ഭവിക്കാം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ മടിയുണ്ടാവുന്നതാണ്. തങ്ങളുടെ വാക്കുകൾ കേൾക്കുന്നില്ലെന്നും അനുസരണക്കേട് കാട്ടുകയാണെന്നും മാതാപിതാക്കൾക്ക് മക്കളെക്കുറിച്ച് പരാതിയുയരാം. പൊതുവേ വരവിലധികം ചെലവുണ്ടാവുന്ന കാലമായിരിക്കും. 'മോഹവില' നൽകി കാര്യം നേടും. കൂട്ടുകച്ചവടത്തിൽ നിന്നും പിരിയാനാഗ്രഹിക്കും. മേലധികാരികളോട് ഉദ്യോഗസ്ഥർക്ക് വിരോധമുണ്ടാവും. സഹപ്രവർത്തകർ സ്വന്തം അധികാരത്തിൽ കൈകടത്തും. നിർമ്മാണ പ്രവർത്തനങ്ങൾ മെല്ലെയാവും. വിദേശയാത്ര തടസ്സപ്പെടുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പാരസ്പര്യത്തിന് ഭംഗം ഏർപ്പെടാനിടയുണ്ട്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

പന്ത്രണ്ടാം ഭാവത്തിലാണ് നീചശുക്രൻ സഞ്ചരിക്കുന്നത്. തന്മൂലം പ്രതികൂലമായ അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. കഠിനാദ്ധ്വാനം ചെയ്താലും വരുമാനത്തിൽ കുറവുണ്ടാവും. എന്നാൽ ശ്രമിച്ചാലും ചെലവിൽ ലോപം സംഭവിക്കില്ല. കടം വാങ്ങുന്ന പ്രവണത നിയന്ത്രിക്കപ്പെടണം. ഔദ്യോഗികമായോ വ്യക്തിപരമായോ ദേശാന്തര യാത്രകളുണ്ടാവും. വീടുവിട്ടുനിൽക്കുന്നവർ വീട്ടിലെത്തിച്ചേരാൻ വൈകും. സകാരണമോ അകാരണമായോ മാനസിക പിരിമുറുക്കമുണ്ടാവാം. ചുമതലകളിൽ വീഴ്ച സംഭവിക്കുന്നതാണ്. സമയത്ത് വീട്ടിൽ വരുവാനോ കുടുംബത്തിനൊപ്പം ഷോപ്പിംഗ്/ വിനോദം/ വിശ്രമം എന്നിവയ്ക്കോ കഴിഞ്ഞേക്കില്ല. കൂടുകെട്ടുകൾ, ദുഷ്പ്രേരണകൾ ഇവ പരിധി വിടാതിരിക്കാൻ കരുതലുണ്ടാവണം. പ്രണയികൾ സമ്മർദ്ദത്തിലാവും. തീരുമാനിച്ച വിവാഹബന്ധത്തിൽ നിന്നും മാറാം. തൊഴിൽ രംഗത്തെ സഹായികൾ കബളിപ്പിക്കാം. ആരോഗ്യ ജാഗ്രത അനിവാര്യം.

വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)

നീചസ്ഥാനത്താണെങ്കിലും ഏറ്റവും അനുകൂലമായ ലാഭഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ശുക്രസഞ്ചാരം വൃശ്ചികക്കൂറുകാർക്ക്  കുറച്ചുദോഷവും കൂടുതൽ ഗുണവുമായി അനുഭവപ്പെടും. വരുമാനമാർഗങ്ങൾക്ക് ശോഷണം ഭവിക്കില്ല. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ കിട്ടാനുള്ള സാധ്യതയുമുണ്ട്. വാഗ്ദാനം പാലിക്കാനാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ ആവിഷ്ക്കരിക്കാൻ തടസ്സമുണ്ടായേക്കില്ല. പ്രണയത്തിന് ഉലച്ചിൽ സംഭവിക്കാൻ സാധ്യത കാണുന്നു. കാമുകീകാമുകർ കലഹിച്ചേക്കും. ദാമ്പത്യത്തിൽ സ്വൈരം കുറയുന്നതാണ്. ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടം വരാം. വ്യാപാരികൾ വലിയ മുതൽമുടക്കിന് തത്കാലം മുതിരരുത്. ദൂരയാത്രകൾ ഗുണകരമാവും ഭോഗസുഖം ഭവിക്കും. ആത്മീയ സാധനകളിൽ താത്പര്യം കുറയുന്നതാണ്. പഠനകാര്യത്തിൽ ഔത്സുക്യം നഷ്ടമാകും. എഴുത്തുകാർക്ക്/ കലാരംഗത്തുള്ളവർക്ക് പുരസ്കാരങ്ങൾ ലഭിക്കാം. സമൂഹത്തിൽ അംഗീകാരം സിദ്ധിക്കുന്നതാണ്.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം)

പത്താം ഭാവത്തിലാണ് നീചംഭവിച്ച ശുക്രൻ്റെ സഞ്ചാരം. കർമ്മരംഗത്ത് വളർച്ച ക്ലേശകരമായിരിക്കും. എത്ര ശ്രമിച്ചാലും വ്യാപാരത്തിൽ പുരോഗതി ഉണ്ടാവുക ദുഷ്കരമാണ്. പുതിയ സംരംഭങ്ങൾ തത്കാലം തുടങ്ങാതിരിക്കുക അഭികാമ്യം. കൂട്ടുബിസിനസ്സിൽ പങ്കാളികളെ ചേർക്കുന്നതിൽ വിവേകമുണ്ടാവണം.  തീർത്ഥയാത്രകൾ / വിനോദ യാത്രകൾ എന്നിവ മുടങ്ങാം. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി കിട്ടാതിരിക്കാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർ തിരിച്ചടികളെ നേരിടുന്നതാണ്. സംഘടിതമായ ദുരാരോപണങ്ങൾ ഉയരാം. ഇല്ലാവചനങ്ങൾ കേൾക്കേണ്ടി വരും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. അന്യസ്ഥലത്തുനിന്നും ജന്മദേശത്തിലേക്ക് മാറ്റം കിട്ടാനുള്ള പ്രയത്നം വനരോദനമായേക്കാം. ഉന്നതരുടെ പിന്തുണ പ്രതീക്ഷിക്കുമെങ്കിലും കൈവരാൻ സാധ്യത കുറവാണ്. ഗൃഹത്തിൽ സമാധാനഭംഗം ഉണ്ടാവാം. വാഹനം ഉപയോഗിക്കുന്നവർ കരുതൽ പുലർത്തേണ്ടതുണ്ട്.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ഒമ്പതാമെടമായ കന്നിരാശിയിലാണ് നീചം ഭവിച്ചു കൊണ്ടുള്ള ശുക്രൻ്റെ സഞ്ചാരം. ഭാഗ്യാനുഭവങ്ങൾക്ക് ഭ്രംശം വരാം. നല്ല അവസരങ്ങൾ പ്രതീക്ഷിച്ചവർ നിരാശപ്പെടുന്നതാണ്. ഗുരുജനങ്ങൾക്ക് വിഷമം വരുന്ന കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യാനിടയുണ്ട്. പങ്കുകച്ചവടത്തിൽ സാമ്പത്തിക ലാഭം കുറയുവാനാണ് സാധ്യത. ഉപാസനകൾ തടസ്സപ്പെടും. പ്രണയബന്ധത്തിന് മാതാപിതാക്കൾ എതിരാകയാൽ പ്രണയം ഉപേക്ഷിക്കുവാൻ തയ്യാറായേക്കും. പൂർവ്വിക സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരം നീളുന്നതാണ്. മത്സരങ്ങളിൽ മികച്ച വിജയമുണ്ടായേക്കില്ല. കൃത്യനിഷ്ഠ പാലിക്കാൻ കഴിയാതെ വരുന്നതാണ്. മേലധികാരികളുടെ പ്രോത്സാഹനം  പേരിന് മാത്രമാവും. കലാമത്സരത്തിന് വേണ്ടത്ര റിഹേഴ്സൽ നടത്താൻ കഴിയാത്തത് ഫലങ്ങളെ ബാധിക്കും. വയോജനങ്ങളുടെ പരിരക്ഷ കുട്ടിക്കളിയല്ലെന്നറിയും.  അല്പലാഭമാവും അത്യദ്ധ്വാനത്തിന് കൈവരുന്നത്.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

അനിഷ്ടഭാവമായ അഷ്ടമത്തിൽ ശുക്രൻ നീചസ്ഥനായി സഞ്ചരിക്കുന്നു. കാര്യതടസ്സം വരാം. വിജയിക്കാൻ ആവർത്തിത ശ്രമം ആവശ്യമാണ്. മനസ്സിന് മടുപ്പും ദേഷത്തിന് ക്ഷീണവും അനുഭവപ്പെടും. ഉപജാപങ്ങളിൽ തളരാതിരിക്കണം. സ്വയം കുറ്റപ്പെടുത്തുന്ന സ്വഭാവം വളരാം. വാഗ്ദാനലംഘനങ്ങൾ പരിഹാസത്തിന് പാത്രമാക്കും. ബന്ധങ്ങളിൽ വിള്ളൽ വീഴാൻ സാധ്യതയുള്ളതിനാൽ വാക്കിൽ കരുതലുണ്ടാവണം. പ്രവർത്തികൾക്ക് രേഖാമൂലം അനുവാദം വാങ്ങുന്നത് അഭികാമ്യമാണ്. പണയവായ്പയുടെ തിരിച്ചടവിന് ക്ലേശിച്ചേക്കും. പൊതുപ്രവർത്തകർക്ക് ശത്രുക്കൾ അധികമാവും. തനിക്കർഹമായ സ്ഥാനക്കയറ്റം അനർഹരായ സഹപ്രവർത്തകർക്ക് ലഭിക്കുന്നതിൽ വിഷമിക്കുന്നതാണ്.  ആഢംബരച്ചെലവുകൾ കുറയ്ക്കുവാൻ ശ്രമിച്ചാലും സാധിച്ചേക്കില്ല. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ സാധിക്കാൻ കഴിയാത്തത് മനക്ലേശം സൃഷ്ടിക്കും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാരുടെ  ഏഴാംഭാവമായ കന്നി രാശിയിലാണ് ശുക്രൻ നീചസ്ഥിതിയിൽ സഞ്ചരിക്കുന്നത്. ശുക്രൻ്റെ ഗോചരഫലത്തിൽ തന്നെ ഏഴാമെടത്തിന് അശുഭത്വവുമുണ്ട്. സഹകരണം തൊഴിലിടത്തിൽ കുറയും. സുഹൃത്തുക്കൾക്കിടയിലും സ്പർദ്ധ തലപൊക്കാം. ദാമ്പത്യത്തിൽ അകാരണമായ സ്വൈരക്കേടുകൾ വന്നുചേരുന്നതാണ്. അനുരാഗത്തിന് ശൈഥില്യം സംഭവിക്കാം. കൂട്ടുകച്ചവടം പരുങ്ങലിലാവും. വിദേശത്തുനിന്നും നാട്ടിലേക്കും, തിരിച്ചും ഉള്ള യാത്രകൾക്ക് തടസ്സമേർപ്പെടുന്നതാണ്.  പൊതുവേ കടബാധ്യത കൂടും. രോഗക്ലേശിതർക്ക് ചികിൽസ ഫലപ്രദമാവുന്നില്ലെന്ന തോന്നലുണ്ടാവും. പരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കാനായേക്കില്ല. സ്വർണം കളവുപോവാനിടയുണ്ട്. സാമ്പത്തിക തട്ടിപ്പുകളിൽ പെടാതിരിക്കാൻ കരുതലുണ്ടാവണം. വാഹനം വാങ്ങാൻ അനുകൂല കാലമല്ല. പുതിയ തൊഴിൽ ആരംഭിക്കാനും ശുഭത്വം കുറവാണ്.  വൈകാരിക നിലപാടുകൾക്ക് മുതിരരുത്.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: