/indian-express-malayalam/media/media_files/thulam-horoscope-2024-astrological-predictions.jpg)
Monthly Horoscope: തുലാം മാസം നിങ്ങൾക്കെങ്ങനെ?
Astrology: ഒക്ടോബർ 18 ശനിയാഴ്ചയാണ് തുലാം ഒന്നാം തീയതി വരുന്നത്. തുലാം മാസത്തിന് 30 ദിവസങ്ങളേയുള്ളു, നവംമ്പർ 16 വരെ! നവംബർ 17 ന് വൃശ്ചികമാസം തുടങ്ങും. ആദിത്യൻ തുലാം രാശിയിൽ ചിത്തിര, ചോതി, വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ആദിത്യൻ്റെ നീചക്ഷേത്രമാണ് തുലാം രാശി. ദുർബലാവസ്ഥയിലാണ് ആദിത്യൻ. മേടമാസം 10 ന് ആദിത്യൻ്റെ പരമോച്ചമായ മേടപ്പത്ത് / പത്താമുദയം നാം കൊണ്ടാടുന്നു. തുലാമാസം 10-ാം തീയതി ആദിത്യൻ്റെ ബലം ഏറ്റവും നിസ്സാരതയിലെത്തുന്നു. ഇതിനെ 'പരമനീചം' എന്നാണ് വിളിക്കുക.
മാസാരംഭത്തിൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. തുലാം 3 ന് 'നരകചതുർദ്ദശി' അഥവാ ദീപാവലി ആഘോഷിക്കപ്പെടുന്നു. തുലാവാവ് / തുലാം മാസത്തിലെ അമാവാസി വരുന്നത് തുലാം നാലിന്, ഒക്ടോബർ 21 ന് ചൊവ്വാഴ്ചയാണ്. പിറ്റേന്നുമുതൽ കാർത്തികമാസം (ചാന്ദ്രവർഷത്തിലെ) ആരംഭിക്കും. വെളുത്തവാവ്/പൗർണമി തുലാം 19 ന് / നവംബർ 5 ന് ആണ്.
വ്യാഴം തുലാം 1ന് / ഒക്ടോബർ 18 ന് ശനിയാഴ്ച രാത്രി ഉച്ചരാശിയായ കർക്കടകത്തിൽ പ്രവേശിക്കുന്നു. വ്യാഴം 'അതിചാരം' എന്ന അവസ്ഥയിലാണ്. 49 ദിവസങ്ങളാണ് കർക്കടകം രാശിയിലുണ്ടാവുക. ഡിസംബർ 5 ന് വക്രഗതിയായി വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും. ശനി മീനം രാശിയിൽ വക്രഗതിയിലാണ്. തുലാം മാസം മുഴുവൻ വക്രഗതി തുടരും. പൂരൂരുട്ടാതി നാലാംപാദത്തിലാണ് ശനിയുടെ വക്രസഞ്ചാരം. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ട്, ഒന്ന് പാദങ്ങളിലായി പിൻഗതി തുടരും. കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്.
തുലാമാസം തുടക്കത്തിൽ ശുക്രൻ നീചക്ഷേത്രമായ കന്നിയിലാണ്. തുലാം 16 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും. ബുധൻ തുലാം രാശിയിലാണ് മാസാദ്യം. തുലാം 7ന് വൃശ്ചികം രാശിയിൽ പ്രവേശിക്കും. ചൊവ്വമാസാദ്യം തുലാം രാശിയിലാണ്. തുലാം 10ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നു. ചൊവ്വയും ബുധനും തുലാം രാശിയിൽ യോഗം ചെയ്തിരുന്നതുപോലെ വൃശ്ചികരാശിയിലും യോഗം ചെയ്യുന്നുണ്ട്.
ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ തുലാമാസഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
അശ്വതി
ആദിത്യൻ ഏഴിൽ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. കാര്യസാധ്യത്തിന് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കാൻ ക്ലേശിച്ചേക്കും. കൂട്ടുകച്ചവടം നടത്തുന്നവർക്ക് പരസ്പരവിശ്വാസം നഷ്ടമാകാനിടയുണ്ട്. വിദേശയാത്രക്കുള്ള അവസരം തെളിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ വെല്ലുവിളികൾ ഉയർന്നേക്കും. വിദ്യാഭ്യാസ കാര്യത്തിൽ ശുഷ്കാന്തി കുറയുന്നതാണ്. കളികളിലും വിനോദങ്ങളിലും താല്പര്യമേറും. ഗൃഹസമാധാനം ഉണ്ടാവുന്നതാണ്. ജീവിതപങ്കാളിയുടെ പിന്തുണ കരുത്തേകും. പ്രണയകാര്യത്തിൽ വീട്ടുകാരുടെ എതിർപ്പ് കുറയാം. വാഹനം വാങ്ങാനോ, അറ്റകുറ്റം തീർത്ത് നിരത്തിലിറക്കാനോ സാധ്യതയുണ്ട്. വസ്തുതർക്കങ്ങൾക്ക് രമ്യമായ പരിഹാരം സിദ്ധിക്കുന്നതാണ്. അഭിപ്രായനിർദ്ദേശങ്ങൾക്ക് പരക്കെ സ്വീകാര്യതയുണ്ടാവും.
ഭരണി
ചൊവ്വ, ആദിത്യൻ, ശനി, കേതു എന്നിങ്ങനെ പാപഗ്രഹങ്ങൾ അനുകൂലമല്ലാത്ത ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ചശേഷം പുതുജോലിക്ക് ശ്രമിക്കുന്നത് ക്ലേശത്തിന് കാരണമാകും. ആത്മാർത്ഥമായ പ്രവർത്തനം മേലധികാരികൾ കണ്ടില്ലെന്ന് നടിച്ചേക്കും. അനർഹർക്ക് അവസരങ്ങൾ കൈവരുന്നത് വിഷമത്തിനിടവരുത്തുന്നതാണ്. ഗവേഷണത്തിൽ ആലസ്യം ഉണ്ടാവും. വീടുപണിയിൽ പുരോഗതി ഭവിക്കുന്നതാണ്. പുതുവാഹനയോഗം കാണുന്നു. സകുടുംബം ജന്മനാട്ടിലേക്ക് പോകാനും കുടുംബക്ഷേത്രത്തിൻ്റെ ഉത്സവാദികളിൽ സംബന്ധിക്കാനുമാവും. പ്രണയത്തിൽ കയ്പുരസം കലരും. ദാമ്പത്യത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിക്കാം. രഹസ്യവരുമാനമാർഗങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കൾ സഹായിക്കും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും.
Also Read: വാരഫലം, അശ്വതി മുതൽ ആയില്യംവരെ
കാർത്തിക
മേടക്കൂറുകാർക്ക് തൊഴിൽപരമായി സമ്മർദ്ദങ്ങൾ കൂടാം. യാത്രകൾ ക്ലേശപ്രദമായേക്കും. ജോലിഭാരത്തിന് അയവുണ്ടാവില്ല. ബിസിനസ്സ് രംഗത്ത് കരുതിയത്ര മുന്നോട്ട് പോകാൻ കഴിഞ്ഞേക്കില്ല. തീരുമാനങ്ങൾ നടപ്പിലാക്കാൻ തടസ്സങ്ങൾ വന്നെത്തും. ഗാർഹികാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. പ്രധാന കാര്യങ്ങൾക്ക് കുടുംബത്തിൻ്റെ പിന്തുണ ലഭിക്കാം. ഇടവക്കൂറുകാർക്ക് ജോലിയിൽ സുഗമത പ്രതീക്ഷിക്കാം. അന്തരീക്ഷം അനുകൂലമാവും. സർക്കാരിൽ നിന്നുള്ള അനുമതിപത്രം ലഭിക്കുന്നതാണ്. എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മുന്നേറാനാവും. കലാരംഗത്ത് തടസ്സങ്ങൾ ഒഴിവാകുന്നതാണ്. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാവും. ചെറുപ്പക്കാരിൽ സമ്പാദ്യശീലം ദൃശ്യമാകുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. വ്യവഹാരങ്ങൾ നീളുന്നത് വിഷമിപ്പിക്കും. പൊതുവേ നക്ഷത്രാധിപന് നീചസ്ഥിതിയാകയാൽ കരുതൽ വേണം.
രോഹിണി
ആദിത്യൻ, ചൊവ്വ എന്നിവർ ആറാമെടത്തിലും ശനി പതിനൊന്നിലും സഞ്ചരിക്കുകയാൽ ജീവനോപാധികൾ സുഗമമാവും. സഹപ്രവർത്തകരുടെ പിൻതുണ കിട്ടുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. സാമ്പത്തിക തടസ്സങ്ങൾക്ക് പോംവഴി തെളിയുന്നതാണ്. കച്ചവടത്തിൽ ലാഭം കുറയില്ല. നിക്ഷേപങ്ങൾക്ക് അവസരം സംജാതമാകും. തൊഴിൽ സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് ബുധാനുകൂല്യത്താൽ പഠിപ്പിൽ മുന്നേറാനാവും. സ്വതസ്സിദ്ധമായ കഴിവുകളെക്കുറിച്ച് അവബോധം വളരും. വ്യാഴം മൂന്നാം ഭാവത്തിൽ, ഉച്ചനാവുകയാൽ ഗുണപുഷ്ടിയുണ്ടായേക്കും. സഹോദരങ്ങൾ ഐക്യപ്പെടുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭൂമി വ്യാപാരം തടസ്സപ്പെടാനിടയുണ്ട്. സ്നേഹബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉയരുന്നതായിരിക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം.
മകയിരം
ഇടവക്കൂറുകാർക്ക് ആദിത്യസഞ്ചാരം ഗുണകരമാവുന്ന കാലമാണ്. കർമ്മരംഗം പുഷ്ടിപ്പെടും. തൊഴിൽ തേടുന്നവർക്ക് കഴിവിനൊത്ത അവസരങ്ങൾ കിട്ടും. സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ അംഗീകാരം / രജിസ്ട്രേഷൻ പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ തടസ്സങ്ങളെ തൃണവൽഗണിക്കും. മാസാദ്യ പകുതിയിൽ ചൊവ്വയും കൂടി ആറാമെടത്തുള്ളതിനാൽ വ്യവഹാരങ്ങളിൽ വിജയിച്ചേക്കും. ഭൂമി വിൽക്കാൻ/ വാങ്ങാൻ സാധിക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് വ്യാഴം രണ്ടിൽ സഞ്ചരിക്കുകയാൽ പലതരം നേട്ടങ്ങൾ കരഗതമാവും. ധനാഗമം ഉയരുന്നതാണ്. സംഭാഷണശൈലി ബഹുമാനം നേടിത്തരും. ഉലഞ്ഞ കുടുംബബന്ധങ്ങൾ സുദൃഢമാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനവ്യഗ്രത വന്നെത്തും. ബിസിനസ്സിൽ വളർച്ച വരും. പ്രണയം തളരില്ല. കലാസാഹിത്യ പ്രവർത്തനങ്ങൾ അഭംഗുരമാവും.
തിരുവാതിര
വ്യാഴം രണ്ടിൽ സഞ്ചരിക്കുന്നത് നേട്ടങ്ങൾക്ക് കാരണമാകും. കുറേ മാസങ്ങളായി അനുഭവിക്കുന്ന സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും. വിദ്യാഭ്യാസത്തിൽ താല്പര്യമുയരുന്നതാണ്. സംരംഭങ്ങൾക്ക് തുടക്കമിടും. പുതിയ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മംഗളകർമ്മങ്ങൾക്ക് ആദ്യാവസാനക്കാരനാകും. മേലധികാരികൾ വിരോധിക്കാനിടയുണ്ട്. സർക്കാർ കാര്യങ്ങളിൽ തടസ്സത്തിന് സാധ്യത കാണുന്നു. വ്യവസായത്തിൻ്റെ രജിസ്ട്രേഷൻ നീളാം. മാസത്തിൻ്റെ രണ്ടാം പകുതിക്കുശേഷം ഭൂമിവിൽപ്പനയിൽ ഉണർവ്വ് വരും. പുതിയ കാര്യങ്ങൾ പഠിക്കാനാർജ്ജവം പുലർത്തും. ചൊവ്വ - ബുധയോഗത്താൽ നിർബന്ധബുദ്ധി കാട്ടും. ചില ബന്ധുക്കൾ തന്മൂലം ശത്രുക്കളാവാം. മകൻ്റെ ജോലി സംബന്ധമായി മനക്ലേശം വരാം. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ കുറയുന്ന കാലമാണ്. ക്ഷേത്ര ആരാധനകൾ മുടക്കില്ല.
പുണർതം
വ്യാഴം രാശി മാറുന്നുണ്ടെങ്കിലും പുണർതം (നാലാം പാദം) നക്ഷത്രത്തിൽ തന്നെ തുടരുകയാണ്. മിഥുനക്കൂറുകാർക്ക് താത്ത്വികമായി വ്യാഴം രണ്ടാം ഭാവത്തിലെന്ന് കരുതാം. ചെറിയ സാമ്പത്തിക നേട്ടങ്ങൾ വന്നുചേരാതിരിക്കില്ല. പുതുകാര്യങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്. തൊഴിലിടത്തിലും ഗൃഹത്തിലും സമാധാനം പുലരും. ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. പഠനഗവേഷണാദികളിൽ ദിശാബോധം കൈവരുന്നതാണ്. സംഘടനകളുടെ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടും. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കും. ആരോഗ്യകാര്യങ്ങളിൽ കരുതലുണ്ടാവണം. ആദിത്യനും ചൊവ്വയും അഞ്ചാമെടത്തും വക്രശനി പത്താമെടത്തും സഞ്ചരിക്കുകയാൽ മനക്ലേശങ്ങളുണ്ടാവും. സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. പുണർതം കർക്കടകക്കൂറുകാർക്കും സ്ഥിതി വ്യത്യസ്ഥമല്ല. അദ്ധ്വാനഭാരം കുറയില്ല.
പൂയം
നക്ഷത്രാധിപനായ ശനി വക്രത്തിൽ തുടരുന്നു. പലകാര്യങ്ങളിലും പുനരാലോചന വേണ്ടിവരും. മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കേണ്ട സ്ഥിതിയുണ്ടാവും. ആദിത്യൻ നാലാമെടത്തിൽ സഞ്ചരിക്കുകയാൽ മാനസിക സമ്മർദ്ദം ഉയരും. ചൊവ്വയും ആദിത്യനും യോഗം ചെയ്യുന്നത് ഗാർഹികമായ സ്വസ്ഥതക്കുറവിന് കാരണമായി വന്നേക്കും. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് വിമർശനമുയരാം. വാഹനം കൈകാര്യം ചെയ്യുന്നവർ ജാഗ്രത പുലർത്തണം. ഗൃഹനിർമ്മാണം അവസാനഘട്ടത്തിലേക്കടുക്കും. സാമ്പത്തിക ബാധ്യതകൾ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ബുധനും ശുക്രനും അനുകൂലത്തിലാവുകയാൽ മംഗളകർമ്മങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതാണ്. വിദ്യാഭ്യാസം സ്ഥിരതയാർജ്ജിക്കും. അനുരാഗം തെഴുക്കും. കലകൾ പഠിക്കാനവസരം കൈവരും. ഭോഗസുഖമുണ്ടാവും. വ്യാഴത്തിൻ്റെ ജന്മസ്ഥിതിയാൽ സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാവുന്നതാണ്.
ആയില്യം
ജന്മവ്യാഴം സ്വസ്ഥതക്കുറവിന് കാരണമാകാം. വഹിച്ചുപോരുന്ന പദവികൾക്ക് വെല്ലുവിളികൾ ഉയരാനിടയുണ്ട്. നക്ഷത്രാധിപനായ ബുധന് കുജ, സൂര്യ യോഗം വരുന്നത് സുഹൃത്തുക്കളാൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം വരാം എന്നതിൻ്റെ സൂചനയാണ്. ശില്പം, ഗാനം, അഭിനയം, കവിത, ചർച്ച, പ്രഭാഷണം, അഭിഭാഷകവൃത്തി, അദ്ധ്യാപനം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് കർമ്മമേഖലകളിൽ ശോഭിക്കാനാവും. വീടുപണിക്ക് തുടക്കം കുറിച്ചേക്കും. ധനസഹായം പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമായ കാലഘട്ടമാണ്. മകൻ്റെ പഠിപ്പിൽ ഉദാസീനത കണ്ടെത്തും. പഠനസഹായികൾ വാങ്ങി നൽകേണ്ടിവരും. പാരമ്പര്യമായി ചെയ്യുന്ന തൊഴിലിൽ നിന്നും ചെറിയ ആദായം പ്രതീക്ഷിച്ചാൽ മതിയാകും. കരാർ വ്യവസ്ഥകളിന്മേൽ താത്കാലിക ജോലി ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഗുണകരമായി ഭവിക്കും.
Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
മകം
ആദിത്യൻ മൂന്നാം ഭാവത്തിലാകയാൽ ദൗത്യങ്ങൾ ഏറ്റെടുക്കാനും നിർവ്വഹണത്തിലെത്തിക്കാനുമാവും. ആത്മവിശ്വാസം പന്തലിക്കുന്നതാണ്. ക്രിയയും ഇച്ഛയും ജ്ഞാനവും ഏകോപിപ്പിക്കാൻ സാധിക്കും. പുതിയ കാര്യങ്ങളോട് ഔൽസുക്യം കൂടുമ്പോഴും പഴമയെ ഗളഹസ്തം ചെയ്യുകയില്ല. സാമൂഹിക രംഗത്ത് ആദരം ലഭിക്കും. വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ സത്കർമ്മങ്ങൾക്കായി ചെലവധികരിക്കാൻ കാരണമായേക്കും. ഗുരുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് മുന്നേറുന്നതിൽ അഭിമാനിക്കും. രാഷ്ട്രീയക്കാർക്ക് കരുതിയതിലും പിന്തുണ കിട്ടുന്നതാണ്. കെട്ടിട നിർമ്മാണത്തിന് ധനം സമാഹരിക്കും. വിവാഹാലോചനകൾ പതുക്കെയാവും. പ്രണയാനുഭവങ്ങളിലും തടസ്സങ്ങൾ വരാനിടയുണ്ട്. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കും.
പൂരം
പുതുകാര്യങ്ങൾ തുടങ്ങാനും നടപ്പിലാക്കിയവ മുന്നോട്ടുകൊണ്ടു പോവാനും സാധിക്കുന്നതാണ്. അധികാരികളുടെ പ്രോൽസാഹനം ലഭിക്കും. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കാനാവും. തൊഴിൽ മേഖലയിൽ നിന്നും കുറച്ചൊക്കെ സമ്പത്ത് സ്വരൂപിച്ചേക്കും. നക്ഷത്രാധിപനായ ശുക്രൻ നീചത്തിലാകയാൽ മാസാദ്യം പ്രേമരംഗം ഉദാസീനമായേക്കും. ഏഴിൽ രാഹു തുടരുകയാൽ ദാമ്പത്യത്തിലും ചില സ്വരഭംഗങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ്. വിദേശയാത്രയിലെ പുതിയ നിയമങ്ങൾ ചെറുപ്പക്കാരെ നിരാശപ്പെടുത്തും. വാടകക്കാരെ സമ്മർദ്ദം ചെലുത്തി ഒഴിപ്പിക്കാൻ സാധിക്കുന്നതാണ്. തീർത്ഥാടനങ്ങൾക്ക് സന്ദർഭം വന്നെത്തും. വിരുന്നുകാരെ സൽകരിച്ച് നല്ല ആതിഥേയരെന്ന പെരുമ നേടുന്നതാണ്. പഴയ ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ചിലവ് വലുതാകുന്നതിൽ വിഷമിച്ചേക്കും.
ഉത്രം
ചിങ്ങക്കൂറകാർക്ക് ആദിത്യൻ അനുകൂലസ്ഥിതിയിലാകയാൽ മേലധികാരികൾ പ്രോൽസാഹിപ്പിക്കും. സാഹസ കർമ്മങ്ങളിലും മത്സരങ്ങളിലും വിജയം വരിക്കുന്നതാണ്. ഭൂമി വ്യാപാരത്തിൽ വിജയമുണ്ടാവും. സ്ത്രീകളുടെ പിന്തുണ ലഭിക്കും. വ്യാഴം പന്ത്രണ്ടിലാകയാൽ സൽകർമ്മങ്ങൾക്കായി മനസ്സറിഞ്ഞ് ധനം ചെലവഴിക്കുന്നതാണ്. ദൂരയാത്രകൾ പ്രതീക്ഷിക്കുന്നവർക്ക് അതിനാവും. കന്നിക്കൂറുകാർക്ക് വ്യാഴം പതിനൊന്നിലാവുകയാൽ ധനക്ലേശങ്ങൾക്ക് പരിഹാരമാവും. കച്ചവടത്തിൽ നിന്നും ആദരം ഉയരും. സമൂഹത്തിൻ്റെ ബഹുമാന്യത ലഭിക്കുന്നതാണ്. ഗ്രന്ഥപൂർത്തീകരണം സാധ്യമാകും. വിലപ്പെട്ട പാരിതോഷികങ്ങൾ തേടി വരും. അവിവാഹിതർക്ക് വിവാഹസിദ്ധിയുണ്ടാവും. സന്താനങ്ങൾക്കും മാതാപിതാക്കൾക്കും ശ്രേയസ്സ് ഭവിക്കുന്ന കാലമായിരിക്കും. ചൊവ്വ രണ്ടാം ഭാവത്താലാവുകയാൽ പരുഷവാക്കുകൾ പറയും. കലഹബുദ്ധി നിയത്രക്കപ്പെടണം.
അത്തം
പതിനൊന്നാം വ്യാഴം 'കാലം കുറഞ്ഞ ദിനമാണെങ്കിലും അർത്ഥദീർഘം' എന്ന ചൊല്ല് പോലെ ഗുണകരമാവുന്നത് അത്തം നാളുകാർക്കാണ്. ആഗ്രഹസാഫല്യം കൈവരും. പ്രണയികൾക്ക് വിവാഹത്തിലൂടെ ഒന്നിക്കാനാവും. പുതിയ തൊഴിലിൽ തുടങ്ങും. നിലവിലെ ഉപജീവനമാർഗം പുഷ്ടിപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവ്/ പദവിയിൽ വളർച്ച ഇവ സാധ്യമാകും. ധനപരമായ പിരിമുറുക്കങ്ങൾക്ക് അയവുണ്ടാവും. ആദിത്യൻ, ചൊവ്വ എന്നിവർ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വാക്കുകൾക്ക് പാരുഷ്യമേറും. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകുന്നതാണ്. ശുക്രൻ സുഖഭോഗങ്ങൾ, കവിത്വ സിദ്ധി, പാരിതോഷിക ലബ്ധി ഇവയരുളും. രാഹു പരിശ്രമങ്ങളെ ഫലവത്താക്കും. കൂട്ടുകച്ചവടം ഗുണം ചെയ്തേക്കില്ല. വിദേശയാത്ര വൈകും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
ചിത്തിര
കന്നിക്കൂറുകാർക്ക് ഗുരു പതിനൊന്നിൽ സഞ്ചരിക്കുന്നതിൻ്റെ ആനുകൂല്യം കിട്ടും. ധനസ്ഥിതി ഉയരാം. കിട്ടാക്കടങ്ങൾ കിട്ടും. പഴയ കടബാധ്യതകളിൽ ചിലത് തീർക്കാനുമാവും. ജന്മശുക്രൻ സുഖഭോഗങ്ങൾക്ക് കാരണമാകുന്നതാണ്. സ്ത്രീസൗഹൃദത്തിൽ സന്തോഷിക്കും. എന്നാൽ തൊഴിലിടത്തിൽ ഗുണപരമായ മാറ്റങ്ങളൊന്നും ദൃശ്യമായേക്കില്ല. എതിരാളികൾ സൃഷ്ടിക്കുന്ന ഉപജാപങ്ങളെ അധികാരികൾ വിശ്വസിച്ചേക്കും. തുലാക്കൂറുകാർക്ക് ദിശാബോധം കുറയാൻ സാധ്യതയുണ്ട്. കാര്യമായ ആസൂത്രണം ഉണ്ടാവില്ല. കാര്യനിർവഹണം മിക്കപ്പോഴും 'വന്നപാട് ചന്തം ' എന്ന മട്ടിലാവുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിക്കാം. ചെറുകിട സംരംഭങ്ങൾ മോശമാവില്ല. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഗുണമുണ്ടാവുന്നതായിരിക്കും. വാഗ്ദാനങ്ങൾ അവസാനനിമിഷം പാലിക്കും.
ചോതി
ജന്മത്തിൽ ആദിത്യനും ചൊവ്വയും ബുധനും സഞ്ചരിക്കുന്നു. ഒമ്പതാം ഭാവത്തിൽ നിന്നും വ്യാഴം പത്താം ഭാവത്തിലേക്ക് മാറുകയാണ്. ഗ്രഹങ്ങളുടെ ഇപ്രകാരമുള്ള സഞ്ചാരത്താൽ മനക്ലേശം, പദവിയിൽ ചാഞ്ചല്യം, യാത്രാദുരിതം എന്നിവ ഭവിക്കാം. തൊഴിൽ പരമായി സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. പുതിയ ജോലി കിട്ടാൻ വൈകുന്നതായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. രോഗികൾ കൂടുതൽ ശ്രദ്ധപുലർത്തണം. മത്സരങ്ങളിൽ തോൽവി വരാനിടയുണ്ട്. എതിർക്കുന്നവരുടെ എണ്ണം കൂടുന്നതായി അനുഭവപ്പെടും. മാസത്തിൻ്റെ പകുതിക്കുശേഷം ശുക്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾക്ക് മാറ്റം വരുന്നത് കൂടുതൽ അനുകൂലഫലങ്ങൾക്ക് കാരണമാകും. പിരിമുറുക്കത്തിന് അയവുണ്ടാവും. ആരോഗ്യ സ്വസ്ഥത പ്രതീക്ഷിക്കാം. പ്രണയാനുഭവങ്ങൾ പുഷ്കലമാകുന്നതാണ്. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയിപ്പിക്കും. ധനാഗമം സുഗമമാവുന്നതാണ്.
വിശാഖം
അപ്രസക്ത കാര്യങ്ങൾക്ക് നേരവും ഊർജ്ജവും ചെലവാകുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അവസരം ലഭിക്കാം. വേതന വർദ്ധന ആവശ്യപ്പെടും. എന്നാൽ വനരോദനമാവും. പ്രൊമോഷന് കാത്തിരിക്കേണ്ടിവരുന്നതാണ്. ബന്ധുതർക്കങ്ങളിൽ മൗനം അവലംബിക്കുക ഉചിതം. ഗവേഷകർക്ക് പ്രോത്സാഹനം കിട്ടുന്നതാണ്. കൃഷികാര്യങ്ങളിൽ താത്പര്യമേറും. രാഷ്ട്രീയ പ്രവർത്തകർക്ക് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരാം. ഡിപ്പാർട്ട്മെൻ്റ് ടെസ്റ്റുകൾക്ക് പരിശീലനം തേടും. മന്ത്രതന്ത്രാദികൾ പഠിക്കാനാഗ്രഹിക്കും. തൽസംബന്ധമായ അവസരങ്ങൾ ലഭിക്കുന്നതാണ്. കടം വീട്ടാൻ സമ്മർദ്ദമുണ്ടായേക്കും. ചർച്ചകളിൽ ക്ഷോഭിച്ച് സംസാരിക്കുന്നതാണ്. കൂട്ടുകെട്ടുകളുടെ കാര്യത്തിൽ കരുതലുണ്ടാവണം. സാക്ഷി പറയുക, ജാമ്യം നിൽക്കുക തുടങ്ങിയവ കരുതലോടെ വേണം.
അനിഴം
വ്യാഴം ഒമ്പതാമെടത്തിൽ ഉച്ചസ്ഥനാവുകയാൽ ഭാഗ്യാനുഭവങ്ങൾ വന്നെത്തുന്നതാണ്. ചിട്ടി, ലോൺ, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. പിതാവിന് നേട്ടങ്ങളുണ്ടാവുന്ന കാലമായിരിക്കും. കടലാസ്സിലെ അധികാരങ്ങളും അവകാശങ്ങളും അനുഭവതലത്തിലെത്തും. ജോലിയിൽ ഉയർച്ചയുണ്ടാവും. പ്രാവീണ്യം സ്വയം തിരിച്ചറിയും. ഒപ്പമുള്ളവരും അവ മനസ്സിലാക്കുന്നതാണ്. പ്രണയം വിവാഹത്തിലൂടെ സഫലമായേക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ അകലുന്നതാണ്. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളിലും ഉണർവുണ്ടാവുന്നതാണ്. പന്ത്രണ്ടിൽ കുജനും ആദിത്യനും സഞ്ചരിക്കുകയാൽ ഔദ്യോഗികമായി ചില സ്വൈരക്കേടുകൾ വന്നണയും. നാലിലെ രാഹുസ്ഥിതിയാൽ മനസ്സമാധാനം കുറയാനുമിടയുണ്ട്. അലച്ചിലുണ്ടാവുന്നതാണ്. വസ്തു സംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യതയുണ്ട്.
തൃക്കേട്ട
ആദിത്യനും ചൊവ്വയും ബുധനും പന്ത്രണ്ടിലാകയാൽ തൊഴിൽ രംഗത്ത് തടസ്സങ്ങളേർപ്പെടും. കാര്യപ്രാപ്തിക്ക് യാത്രകൾ വേണ്ടിവരുന്നതാണ്. ആവർത്തിത ശ്രമങ്ങൾ മടുപ്പിക്കാം. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ, അസ്സൈൻമെൻ്റ് മുതലായവ ദുഷ്കരമായി അനുഭവപ്പെടുന്നതാണ്. ശുക്രൻ പതിനൊന്നിലും വ്യാഴം ഒമ്പതാമെട ത്തിലുമാകയാൽ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ധനപരമായ നേട്ടങ്ങൾ കൈവരും. ദൈവിക കർമ്മങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. ഉത്സവാദികളുടെ നടത്തിപ്പിൻ്റെ ചുമതല ഏറ്റെടുക്കേണ്ട സാഹചര്യം സംജാതമാകാം. ഭോഗസുഖം, ഭൗതിക നേട്ടങ്ങൾ, വിലപിടിച്ച പാരിതോഷികങ്ങൾ ലഭിക്കുക എന്നിവ അനുഭവങ്ങളിലുൾപ്പെടും. കലാപ്രവർത്തനം ഊർജ്ജിതമാവും. കുടുംബാംഗങ്ങളുടെ നിർലോഭമായ പിന്തുണ കൈവരും.
Read More: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
മൂലം
ആദിത്യൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ പതിനൊന്നിലാണ്. അതേസമയം വ്യാഴം അഷ്ടമത്തിലേക്ക് രാശി മാറുകയും ചെയ്യുന്നുണ്ട്. അനുകൂലഫലങ്ങൾക്ക് തന്നെയാണ് മുൻതൂക്കം. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. സംഘടനകളിൽ അനിഷേധ്യത കൈവരും. പിതാവിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ഭൂമിയിൽ നിന്നും ആദായം വന്നെത്തുന്നതാണ്. ശത്രുക്കളെ തമസ്കരിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വിജ്ഞാന സമ്പാദനത്തിന് വഴികൾ തുറക്കപ്പെടും. വ്യാഴം എട്ടാമെടത്തിലാണെങ്കിലും ഉച്ചഭാവത്തിലാണെന്നത് പ്രധാന്യമുള്ള വസ്തുതയാണ്. ധനുക്കൂറിൻ്റെ അധിപനുമാണല്ലോ. അതിനാൽ തടസ്സങ്ങളുണ്ടായാലും അവയെ വേഗം തന്നെ മറികടക്കും. അല്പം ക്ലേശിച്ചിട്ടായാലും ലക്ഷ്യപ്രാപ്തി ഭവിക്കും. ഭൗതികസാഹചര്യം ഉയരുന്നതാണ്.
പൂരാടം
ഗ്രഹാനുകൂല്യം പ്രയോജനപ്പെടുത്തേണ്ട സന്ദർഭമാണ്. പതിനൊന്നാം ഭാവത്തിലെ ഗ്രഹാധിക്യം അപ്രതീക്ഷിത നേട്ടങ്ങൾക്കും കാര്യലാഭത്തിനും ധനാഗമത്തിനും കാരണമാകുന്നതാണ്. ലഘുപരിശ്രമങ്ങളാൽ വലിയ ഫലങ്ങൾ ഉണ്ടായേക്കും. രാഷ്ട്രീയ/ പൊതുപ്രവർത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോവാനാവും. രോഗാരിഷ്ടകളാൽ വിഷമിക്കുന്ന കുട്ടികൾക്ക് രോഗം പെട്ടെന്ന് ഭേദമാകുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂല വിധി സമ്പാദിക്കും. പ്രണയത്തിന് വിവാഹസാഫല്യം കൈവന്നേക്കും. വ്യാഴം പ്രതികൂലമായ അഷ്ടമ ഭാവത്തിൽ സഞ്ചരിക്കുകയാണെങ്കിലും ഉച്ചസ്ഥനാവുകയാൽ താരതമ്യേന ഗുണഫലങ്ങൾ നൽകുന്നതാണ്. ധാർമ്മികത കൈവെടിയില്ല. കുടുംബാന്തരീക്ഷം സൗഖ്യമുള്ളതാവും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ വഴിതെളിയാം.
ഉത്രാടം
പലനിലയ്ക്കും വിജയിക്കാൻ കഴിയുന്ന കാലമാണ്. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ തുറന്നുകിട്ടും. ഗുണകരമായ അനുഭവങ്ങളാൽ ആത്മവിശ്വാസം വർദ്ധിച്ചേക്കും. ദുർഘട ദൗത്യങ്ങളെ ക്ഷമാപൂർവ്വമുള്ള പ്രയത്നത്തിലൂടെ നിർവ്വഹണത്തിലെത്തിക്കുവാനാവും. വയോജനങ്ങളെ പരിചരിക്കുന്നത് കൃതാർത്ഥതയ്ക്ക് കാരണമാകുന്നതാണ്. കച്ചവടത്തിൽ നിന്നുള്ള ധനവരവ് മോശമാവില്ല. തീരുമാനങ്ങൾ ഏകപക്ഷീയമാവാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത വേണ്ടതുണ്ട്. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. അധികാരികളുടെ സമീപനം പ്രോൽസാഹകമായിരിക്കും. വസ്തുവിൽ നിന്നുള്ള ആദായം കൂടുന്നതാണ്. അവിവാഹിതർക്ക് വിവാഹം തീരുമാനിക്കപ്പെടും. മാനസിക ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാവും. നീതി നിഷേധങ്ങൾ ചൂണ്ടിക്കാണിക്കുവാൻ മടിക്കില്ല.
തിരുവോണം
ഏഴാമെടത്തിലെ വ്യാഴമാറ്റം അനുകൂല ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. തടസ്സങ്ങൾ താനേ നീങ്ങും. പത്തിലെ ആദിത്യൻ പ്രവൃത്തികളിൽ വിജയാന്തരീക്ഷം രൂപപ്പെടുത്തും. കുടുംബത്തിൽ ഉയർന്നുവന്ന വിയോജിപ്പുകൾ ഇല്ലാതെയാവും. ധനമാർഗം സുഗമമാവുന്നതാണ്. പുതിയവ പഠിക്കും. അവ പ്രാവർത്തികമാക്കാൻ ഉത്സുകതയേറും. അന്യദേശ യാത്രകൾ നടത്താനവസരം സംജാതമാകും. അവ കൊണ്ട് പ്രയോജനം ഭവിക്കുന്നതായിരിക്കും. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഏകാഗ്രതയുണ്ടാവും. പ്രണയികൾക്ക് വീട്ടുകാരുടെ പിന്തുണ ലഭിക്കാം. മാലയോഗം തെളിയുന്ന കാലമാണ്. നവസംരംഭങ്ങൾക്ക് രജിസ്ട്രേഷൻ ലഭിക്കും. പുതുവാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്. സൃഷ്ട്യുന്മുഖമായ ആശയങ്ങൾക്ക് സ്വീകാര്യത കൈവരുന്നതാണ്. പല കോണുകളിൽ നിന്നും പിന്തുണ തുടരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
അവിട്ടം
കുംഭക്കൂറുകാർക്ക് കാര്യങ്ങൾ നേടാൻ കൂടുതൽ പരിശ്രമം ആവശ്യമാവും. കഴിവുകൾ അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നൽ ശക്തമായേക്കും. അനർഹർക്ക് പരിഗണന കിട്ടുന്നത് വേദനിപ്പിച്ചേക്കാം. എങ്കിലും ചെറുകിട സംരംഭങ്ങൾ ലാഭകരമായി തുടരുന്നതാണ്. കരാറുകൾ നീട്ടിക്കിട്ടാനിടയുണ്ട്. വഴിയോരക്കച്ചവടം, ദിവസവേതനക്കൂലി, കമ്മീഷൻ വ്യാപാരം ഇവയിൽ നിന്നും ആദായമുണ്ടാവും. മകരക്കൂറുകാർക്ക് മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാനാവും. വിദേശ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മേലധികാരികളുടെ അനുഭാവം ലഭിക്കും. സ്വന്തം കാര്യങ്ങൾക്ക് മുന്നത്തേതിലും സമയം നീക്കിവെക്കാനാവും. ബൗദ്ധികമായ ഉണർവ്വുണ്ടാകും. വായ്പകൾക്കുള്ള ശ്രമം ഫലവത്താകും. ചെറുപ്പക്കാരുടെ വിവാഹസ്വപ്നങ്ങൾ സഫലമാകുന്നതാണ്. ധനപരമായി സംതൃപ്തി ഭവിക്കും. കലാരംഗത്തെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടും.
ചതയം
ആറാമെടത്തിലേക്ക് വ്യാഴം മാറുന്നു. ഭാഗ്യഭാവത്തിൽ പാപഗ്രഹങ്ങളുമുണ്ട്. രാഹു ജന്മരാശിയിലും ശനി രണ്ടാമെടത്തും സഞ്ചരിക്കുന്നു. ഈ ഗ്രഹനില വ്യക്തമാക്കുന്നത് ചതയം നാളുകാർ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കൂടി കടന്നുപോവുകയാണ് എന്നാണ്. അത്യദ്ധ്വാനം വേണ്ടിവരും, കാര്യസാധ്യത്തിന്. കർമ്മമേഖലയിൽ തടസ്സങ്ങൾ ഭവിക്കുന്നതാണ്. ദേഹക്ലേശമുണ്ടായേക്കാം. പിതാവിന് അത്ര നല്ല കാലമായിരിക്കില്ല. പാരമ്പര്യത്തോട് പുച്ഛം തോന്നാനിടയുണ്ട്. സ്വത്തുതർക്കം ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. പ്രണയം തടസ്സപ്പെടുന്നതാണ്. കുടുംബകാര്യങ്ങളിൽ സ്വാസ്ഥ്യം കുറയുന്നതായിരിക്കും. തുലാം 20 ന് ശേഷം അല്പം ഗുണാനുഭവങ്ങൾ ഉണ്ടാവാം. മാനസിക സമ്മർദ്ദം കുറഞ്ഞുതുടങ്ങും. തൊഴിലിടത്തിൽ സഹകരണാന്തരീക്ഷം സംജാതമായേക്കും. ധനവരവിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. നിലപാടുകൾക്ക് സ്വീകാര്യത കൈവരും.
പൂരൂരുട്ടാതി
ശനിയും രാഹുവും ജന്മനക്ഷത്രത്തിലൂടെ മുൻ - പിൻ സഞ്ചാരങ്ങൾ നടത്തുകയാൽ സമ്മർദ്ദം ഒഴിയില്ല. എന്നാൽ പൂരൂരുട്ടാതിയുടെ അധിപനായ വ്യാഴം ഉച്ചത്തിലാകയാൽ ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. സാമൂഹികമായ അംഗീകാരം കൈവരും. ഋണബാധ്യതകൾ സംബന്ധിച്ച കാര്യങ്ങൾ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തും. വ്യാപാരത്തിനായി യാത്ര വേണ്ടിവരുന്നതാണ്. സഹൃദയത്വത്തിൽ ആനന്ദിക്കും. സർക്കാർ കാര്യങ്ങൾ അയത്നമായി നേടും. വ്യാപാരം പകരക്കാരെ ഏൽപ്പിക്കുന്നത് കരുതലോടെ വേണം. പൊതുക്കാര്യങ്ങളിൽ താല്പര്യമേറും. എന്നാൽ രാഷ്ട്രീയ നിലപാടുകൾ എതിരാളികളെ സൃഷ്ടിക്കുന്നതാണ്. വസ്തുവിൽപ്പന നീളാനിടയുണ്ട്. കരാറുകളുടെ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്.
ഉത്രട്ടാതി
വ്യാഴം പഞ്ചമ ഭാവത്തിലേക്ക് വരുകയാൽ ക്രിയാപരത ഉയരുന്നതാണ്. സാഹിത്യം, കല എന്നീ രംഗങ്ങളിൽ ശോഭിക്കും. ധാരാളം അവസരങ്ങൾ കൈവരുന്നതാണ്. പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം ഭവിക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. അവരുടെ പഠനം- തൊഴിൽ- വിവാഹം ഇവയിൽ അഭ്യുദയം പ്രതീക്ഷിക്കാം. തൊഴിൽപരമായി സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാവുന്ന സാഹചര്യമാണുള്ളത്. മേലധികാരികൾക്ക് നീരസം തോന്നാം. കഠിനദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കും. യന്ത്രം, വാഹനം, അഗ്നി മുതലായവയുടെ ഉപയോഗത്തിൽ ജാഗ്രത കുറയരുത്. കെട്ടിട നിർമ്മാണത്തിന് പണം കണ്ടെത്താൻ ക്ലേശിക്കുന്നതാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിയുന്നത് നല്ലത്. വിദേശാവസരങ്ങൾക്കുള്ള കാത്തിരിപ്പ് തുടരപ്പെടുന്നതാണ്.
രേവതി
പുതിയ ജോലിക്കുള്ള പരിശ്രമം നീളുന്നതാണ്. സംരംഭങ്ങൾക്കുള്ള അംഗീകാരത്തിന് ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിക്കേണ്ടി വന്നേക്കും. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകളും ജോലിഭാരവും ഉണ്ടാവും. പ്രതീക്ഷിച്ച വേതന വർദ്ധനവ് ലഭിക്കണമെന്നില്ല. ഏജൻസികൾ തുടങ്ങാനായേക്കും. വലിയ തോതിൽ പണം മുടക്കുന്നത് ആശാസ്യമല്ല. വിദ്യാർത്ഥികളുടെ പഠനതാത്പര്യം വീണ്ടും ഉണരുന്നതാണ്. കായിക - കലാ മത്സരങ്ങൾക്കുള്ള പരിശീലനം സോത്സാഹം തുടരാനാവും. പ്രണയികൾക്ക് വിഘ്നങ്ങളൊഴിഞ്ഞേക്കും. സന്താനകാര്യത്തിൽ ശുഭവാർത്ത കേൾക്കും. പാരമ്പര്യത്തിൽ അഭിമാനിക്കാവുന്ന സാഹചര്യം ഉടലെടുക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന് ഇപ്പോൾ മുതിരാതിരിക്കുക കരണീയം. ക്ഷേത്രാടനം മനസ്സമാധാനമേകും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.