/indian-express-malayalam/media/media_files/2025/01/20/fun0pijQSWJbHGYR1YPX.jpg)
Weekly Horoscope, October 26-November 01
Astrology: ആദിത്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ ചോതി ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്ത പഞ്ചമി മുതൽ ഏകാദശി വരെ തിഥികളിൽ സഞ്ചരിക്കുന്നു. വ്യാഴം ഉച്ചക്ഷേത്രമായ കർക്കടകത്തിലാണ്.
ശനി മീനം രാശിയിൽ വക്രസഞ്ചാരം തുടരുന്നു. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലുമാണ്. ബുധൻ വൃശ്ചികം രാശിയിലാണ്. ചൊവ്വ ഒക്ടോബർ 27ന് വൃശ്ചികം രാശിയിൽ പ്രവേശിക്കും. ശുക്രൻ നീചക്ഷേത്രമായ കന്നിരാശിയിൽ തുടരുന്നു. തൃക്കേട്ടയിൽ തുടങ്ങി ചതയം വരെ നക്ഷത്രമണ്ഡലങ്ങളിലൂടെയാണ് ഈയാഴ്ചത്തെ ചന്ദ്രസഞ്ചാരം.
ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ഒക്ടോബർ 26 മുതൽ നവംബർ 1 വരെയുളള വാരഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
മൂലം
അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുന്നതാണ്. എന്നാലും നിരുന്മേഷത ഉണ്ടാവില്ല. പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. ആദിത്യൻ പതിനൊന്നിലാകയാൽ അച്ഛനിൽ നിന്നും സഹായം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കും. ഏഴാം നക്ഷത്രത്തിൽ രാഹുവും ശനിയും സഞ്ചരിക്കുകയാൽ സാഹസകർമ്മങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. കുടുംബകാര്യങ്ങൾ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾക്ക് വിട്ടുകൊടുക്കും. ബിസിനസ്സിൻ്റെ സുഗമമായ നടത്തിപ്പിനായി ബന്ധുക്കളുടെ പങ്കാളിത്തം ക്ഷണിക്കുന്നതാണ്.
പൂരാടം
നല്ല കാര്യങ്ങൾക്കായി യാത്രകളുണ്ടാവും. തിടുക്കത്തിൽ പല കാര്യങ്ങളും ചെയ്യേണ്ടിവരുകയാൽ അമളി പിണയാതിരിക്കാൻ ശ്രദ്ധിക്കണം. മനക്ലേശത്തിന് അയവുണ്ടാവും. ശുഭവാർത്തകൾ കേൾക്കും. പരാശ്രയം കൂടാതെ കാര്യനിർവ്വഹണം സാധ്യമായേക്കും. സംഘടനകളിൽ അനിഷേധ്യത ഉറപ്പിക്കാനാവും. ശുക്രൻ്റെ നീചസ്ഥിതി തുടരുകയാൽ ഭൗതിക നേട്ടങ്ങളിലും ചെറിയ അതൃപ്തിയെങ്കിലും വരുന്നതായിരിക്കും. ഭൂമിയിൽ നിന്നും കരുതിയ വരുമാനം കിട്ടിയേക്കില്ല. ബന്ധുക്കളെ സന്ദർശിക്കാനവും. ചിലർക്ക് ആത്മാർത്ഥമായ സമാശ്വാസം പകരും.
ഉത്രാടം
ഉന്നമനേച്ഛയും ഉൽകൃഷ്ട ചിന്താഗതിയും എപ്പോഴുമുണ്ടാവും. എന്നാൽ പ്രവർത്തനങ്ങളിൽ പൂർണ്ണമായി മുഴുകാൻ എന്തുകൊണ്ടോ കഴിയാതെ വരുന്നതാണ്. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസരാവാനിടയുണ്ട്. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്. ബിസിനസ്സിൽ ലാഭം കുറയില്ല. വാടകയിനത്തിൽ വരുമാനം കൂടാൻ സാധ്യതയുണ്ട്. എതിർപക്ഷത്തെ നിശബ്ദരാക്കുന്ന തന്ത്രങ്ങൾ പയറ്റുന്നതിൽ വിജയിക്കുന്നതാണ്. ഉപാസനാദികൾക്ക് നേരനീക്കം വരാം. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. കാമുകീകാമുകന്മാർക്ക് പ്രണയാനുഭവം നിർവിഘ്നമാവും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
തിരുവോണം
നല്ല കാലമാരംഭിച്ചതു പോലെയുള്ള അനുഭവങ്ങൾ ഉണ്ടാവുന്നതായിരിക്കും. മനസ്സ് സമാശ്വാസത്തിൻ്റെ പാതയിലാവും. കൂട്ടുകച്ചവടം മെച്ചപ്പെടുന്നതാണ്. നല്ല കാര്യങ്ങൾക്കായി യാത്രകളുണ്ടാവും. ഉദ്യോഗത്തിൽ സ്ഥിരത ഭവിക്കും. മേലധികാരികളിൽ നിന്നും പ്രോൽസാഹനം പ്രതീക്ഷിക്കാം. വീട് വാങ്ങാനുള്ള ആഗ്രഹത്തിന് കൂടുതൽ കുതിപ്പുണ്ടാവും. ഗവേഷകർക്ക് പ്രബന്ധ സമർപ്പണം സാധ്യമാകുന്നതാണ്. കുടുംബകാര്യങ്ങളിൽ ഐക്യം പുലരും. ഭിന്നതകൾ അനുരഞ്ജനത്തിന് വഴിമാറിയേക്കും. ക്ഷീണശുക്രൻ ഭാഗ്യത്തിൽ തുടരുകയാൽ വയോജനങ്ങളുടെ കാര്യത്തിൽ കരുതലുണ്ടാവണം.
അവിട്ടം
ഒട്ടേറെ കാര്യങ്ങൾ ചുരുങ്ങിയ സമയ പരിധിക്കുള്ളിൽ ചെയ്തുതീർക്കേണ്ട ഉത്തരവാദിത്വമുണ്ടാവും. മക്കളുടെന്നില്ലാ ടുകളോട് പൊരുത്തപ്പെടാൻ നിർബന്ധിതരായേക്കും. പറയുന്ന വാക്കുകൾ പാലിക്കുന്നതിൽ നിഷ്ഠകാണിക്കും. വ്യാപാരികൾ വിതരണ സമ്പ്രദായത്തിലെ തടസ്സങ്ങൾ നീക്കാൻ കിണഞ്ഞ് പരിശ്രമിക്കും. നിക്ഷേപങ്ങളിൽ നിന്നും ആദായമുണ്ടാവും. അസുഖങ്ങളുണ്ടോ എന്ന ഭീതി അലട്ടും. സ്ത്രീകളിൽ നിന്നും പിന്തുണയുണ്ടാവും. ഉദ്യോഗമാറ്റത്തിന് ശ്രമിച്ചാലോ എന്ന ചിന്ത ദൃഢമാകുന്നതാണ്. മുടങ്ങിക്കിടക്കുന്ന വഴിപാടുകൾ പൂർത്തിയാക്കാൻ നേരം കണ്ടെത്തും.
ചതയം
അനാവശ്യമായ അശുഭചിന്തകൾ ഒഴിവാക്കണം. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാവും. ജോലിമാറ്റം ഇപ്പോൾ സുഗമമല്ല. ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് ദോഷമായേക്കും. പണമെടപാടുകളിൽ ശ്രദ്ധയുണ്ടാവണം. ഉന്നതരുടെ ശുപാർശ കൊണ്ട് ചില കാര്യങ്ങൾ നേടാനായേക്കും. സ്വന്തം പ്രവർത്തന ശൈലിക്ക് ധാരാളം ശത്രുക്കളുണ്ടെന്ന് തിരിച്ചറിയും. രണ്ടാം നക്ഷത്രത്തിൽ രാഹുവും ശനിയും ഉള്ളതിനാൽ കള്ളം പറയേണ്ടി വന്നേക്കും. ആലസ്യം പിടികൂടാനിടയുണ്ട്. പഠിച്ച വിഷയത്തിൽ കൂടുതൽ അവഗാഹം നേടാൻ ശ്രമിക്കും. പ്രണയം തടസ്സപ്പെടുന്നതാണ്.
Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതിവരെ
പൂരൂരുട്ടാതി
പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിൽ വിപരീഗതിയിൽ സഞ്ചരിക്കുകയാൽ ആശയക്കുഴപ്പമേറുന്നതാണ്. ഇതികർത്തവ്യതാമൂഢരാവും. പാരുഷ്യം സ്വഭാവത്തിലധികരിക്കും. അക്ഷരങ്ങളിൽ തെറ്റ് കടന്നുകൂടും. കൃത്യനിഷ്ഠയിൽ പാളിച്ച വരാനുമിടയുള്ളതിനാൽ നല്ലകരുതൽ ആവശ്യമാണ്. ഉദ്യോഗസ്ഥർ പലതും പിന്നീടത്തേക്ക് നീട്ടിവെക്കും. ബിസിനസ്സിൽ ഉദാസീനത വരാം. അല്പലാഭങ്ങളും ചെറിയ മനസ്സന്തോഷങ്ങളും ജീവിതത്തെ സന്തുലിതമാക്കുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ തണലേകും. സമാഗമങ്ങളും സൗഹൃദങ്ങളും സന്തോഷത്തിന് ഇടവരുത്തും.
ഉത്രട്ടാതി
പ്രവർത്തനമേഖലയിൽ നേട്ടങ്ങൾ കുറയില്ല. സാമ്പത്തിക പ്രയോജനം ഉണ്ടാകുന്ന വാരമാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയില്ല. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകും. കൂട്ടുകെട്ടുകൾ കുറയ്ക്കുന്നതാണ്. നിഷ്ക്രിയത ചിലപ്പോൾ പിടികൂടാം. സഹോദരരുമായി രമ്യബന്ധം ഉണ്ടാകും. ദിനചര്യ ക്രമപ്പെടുത്തുന്നതാണ്. തിടുക്കത്തിൽ എല്ലാം ചെയ്യും മുൻപ് കൃത്യമായ ആസൂത്രണം വേണ്ടതുണ്ട്. കഴിവുള്ള വ്യക്തികളെ വ്യാപാരസ്ഥാപനത്തിൽ നിയമിക്കും. ദാമ്പത്യത്തിൽ സമാധാനം സമ്മിശ്രമാവും
രേവതി
ആർഭാടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്. ദേഹസൗഖ്യം കുറയും. ആത്മവിമർശനം നടത്തുന്നതിനുള്ള ആർജ്ജവം നേടും. പരാശ്രയത്വം കുറയ്ക്കാൻ ശ്രമിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താത്പര്യം ചുരുങ്ങുന്നത് മാതാപിതാക്കളിൽ ആശങ്കയുണർക്കും. അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം കൈക്കൊള്ളും. സുഹൃദ്ബന്ധത്തിൽ വിള്ളലുകൾ വീഴാം. പൊതുപ്രവർത്തകർക്ക് എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. മകൻ്റെ നിർബന്ധശീലത്തിന് വഴങ്ങും. പ്രണയിക്കുന്നവർ വിഘ്നങ്ങളെ നേരിട്ടേക്കും. ഞായറും തിങ്കളും ഒഴികെയുള്ള ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us