scorecardresearch

Weekly Horoscope Oct 19-Oct 25: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

Weekly Horoscope, October 19-October 25: ഒക്ടോബർ 12 ഞായർ മുതൽ ഒക്ടോബർ 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, October 19-October 25: ഒക്ടോബർ 12 ഞായർ മുതൽ ഒക്ടോബർ 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
weekly horoscope

Weekly Horoscope, October 19-October 25

Astrology: ആദിത്യൻ തുലാം രാശിയിൽ ചോതി, വിശാഖം ഞാറ്റുവേലകളിലാണ്. ചന്ദ്രൻ വാരാദ്യം കറുത്തപക്ഷത്തിൽ. ചൊവ്വാഴ്ചയാണ് തുലാവാവ്.  ബുധൻ മുതൽ ശുക്ലപക്ഷം ആരംഭിക്കുന്നു. വ്യാഴം കർക്കടകം രാശിയിൽ അതിചാരത്തിലാണ്.

Advertisment

ബുധൻ 24 ന് വരെ തുലാത്തിലും തുടർന്ന് വൃശ്ചികം രാശിയിലും. ചൊവ്വ ഈയാഴ്ച കൂടി തുലാം രാശിയിൽ സഞ്ചരിക്കുകയാണ്.ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. ശുക്രൻ കന്നിരാശിയിൽ നീചസ്ഥിതിയിലാണ്. അത്തം നക്ഷത്രമണ്ഡലത്തിൽ ശുക്രൻ സഞ്ചരിക്കുന്നു. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി 2,1 പാദങ്ങളിൽ പിൻഗതി തുടരുകയാണ്.

കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രമണ്ഡല ത്തിലെ 1,2 പാദങ്ങളിലായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം വിശദീകരിക്കുന്നു.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

അശ്വതി

ചന്ദ്രസഞ്ചാരം 6, 7, 8 രാശികളിലാവുകയാൽ വാരാന്ത്യദിവസങ്ങളൊഴികെ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കർമ്മരംഗത്ത് തുടർന്നുപോന്ന തടസ്സങ്ങൾ ഒഴിയും. മനസ്സമാധാനം പുലരുന്നതാണ്. സഹപ്രവർത്തകരിൽ നിന്നും പ്രതീക്ഷിച്ചതിലും പിന്തുണയുണ്ടാവും. ചന്ദ്രശുക്രയോഗത്താൽ പ്രണയപുഷ്ടിയും ഭോഗസുഖവും ഭവിക്കുന്നതാണ്.  ദാമ്പത്യത്തിൽ സ്വാസ്ഥ്യം പ്രതീക്ഷിക്കാം. ശുഭവാർത്തകർ കേൾക്കുന്നതാണ്. വ്യാപാരികൾക്ക് അവരുടെ ലക്ഷ്യം നിറവേറാനായേക്കും. വാഹനം മോടിപിടിപ്പിക്കാൻ സാധ്യത കാണുന്നു. ധനകാര്യത്തിൽ ജാഗ്രതയുണ്ടാവണം. വെള്ളി, ശനി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കുക അഭികാമ്യം.

Advertisment

ഭരണി

നക്ഷത്രാധിപനായ ശുക്രൻ്റെ നീചസ്ഥിതിയാൽ എതിർലിംഗത്തിൽ പെട്ട വ്യക്തികളുടെ ശത്രുത വരാം. ആത്മശക്തി ചോരുന്നതായി തോന്നും. പുതിയ കാര്യങ്ങൾക്കുള്ള ചുവടുവെയ്പിന് വേണ്ടത്ര ബലം കിട്ടുകയില്ല. ചൊവ്വയും ആദിത്യനും ഏഴിലാവുകയാൽ വിഫലയാത്രകൾ ഉണ്ടായേക്കും. കൂട്ടുകച്ചവടത്തിൽ തൃപ്തി കുറയുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനം ലോപിക്കും. വിദ്യാർത്ഥികൾക്ക് മെച്ചമുണ്ടാവും. ചർച്ചകളിൽ മുന്നേറുന്നതാണ്. മാധ്യസ്ഥ ശ്രമങ്ങളിൽ ശോഭിച്ചേക്കും. വാരാന്ത്യദിനങ്ങളിൽ അഷ്ടമരാശിക്കൂറാകയാൽ കരുതലുണ്ടാവണം.

കാർത്തിക

നക്ഷത്രാധിപനായ ആദിത്യന് നീചം ഭവിക്കുകയാൽ പരിശ്രമങ്ങൾ ഫലവത്താകുക എളുപ്പമല്ല. അപ്രതീക്ഷിത തടസ്സങ്ങൾ വരാം. മേലധികാരികൾ പ്രോൽസാഹിപ്പിക്കുന്നില്ല എന്ന തോന്നൽ ശക്തമാകും. മേടക്കൂറുകാർ സ്ത്രീകളുടെ വിരോധം നേടാം.  ഇടവക്കൂറുകാർക്ക് ഭാവനാത്മകമായി കാര്യങ്ങളെ സമീപിക്കാനാവും. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നോട്ട് പോകാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാവും. വായ്പകൾക്കുള്ള പ്രയത്നം ഫലിക്കുന്നതാണ്. പഠനത്തിൽ ഏകാഗ്രത പുലർത്തും. സഹോദരരുടെ പിന്തുണയുണ്ടാവും.

രോഹിണി

വാരാദ്യത്തിലെ രണ്ടുമൂന്നു ദിവസങ്ങളിൽ നക്ഷത്രാധിപനായ ചന്ദ്രൻ്റെ ബലഹാനിയാൽ മനക്ലേശം ഏർപ്പെടുന്നതാണ്. തെറ്റും ശരിയും വ്യതിരിക്തമാവില്ല. മറ്റു ദിവസങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തികളിൽ മുഴുകുന്നതാണ്. അപ്രതീക്ഷിതമായ സഹായം കൈവരും. സർക്കാരിൽ നിന്നുമുള്ള കാര്യസാധ്യം  വേഗത്തിൽ ലഭിക്കുന്നതാണ്. സഹോദരൻ്റെ ആവശ്യങ്ങൾ നേടാൻ മുന്നിറങ്ങി പ്രവർത്തിക്കും. നൂതനമായ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. കച്ചവടത്തിൽ ആദായം കുറയില്ല. ദൈവിക സമർപ്പണങ്ങൾ നടത്തുന്നതാണ്.

Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മകയിരം

ധനാഗമം മോശമാവില്ല. മനസ്സന്തോഷമുണ്ടാക്കുന്ന വാക്കുകൾ കേൾക്കാനാവും. ഉദ്യോഗസ്ഥർക്ക് കൃത്യങ്ങളിൽ ആലസ്യം വരാനിടയുണ്ട്. പൊതുക്കാര്യങ്ങളിൽ നിലപാടെടുക്കുന്നതിൽ കരുതലുണ്ടാവണം. മകൻ്റെ പഠിപ്പിലെ ഏകാഗ്രതയില്ലായ്മ വിഷമിപ്പിച്ചേക്കും. ചെറുപ്പക്കാരുടെ ഹൃദയാഭിലാഷങ്ങൾ വീട്ടുകാരിൽ അതൃപ്തിയുണ്ടാക്കുന്നതാണ്. ഗൃഹത്തിലെത്തിയ അതിഥികളുമായി സ്ഥലസന്ദർശനത്തിനും കാഴ്ചകൾക്കുമായി യാത്രകളുണ്ടാവും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഫലിക്കുന്നതാണ്.  തടസ്സങ്ങൾ താനേ ഒഴിഞ്ഞതിനാൽ സമാധാനം ഭവിക്കും.

തിരുവാതിര

തീർച്ചയാക്കിയ കാര്യങ്ങൾ വേഗം നിർവഹണത്തിലെത്തിക്കാനാവും. ഒരു കാര്യത്തിലും പരാശ്രയത്വമുണ്ടാവില്ല. സഹപ്രവർത്തകർക്ക് വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നതാണ്. കലാപഠനത്തിന് അവസരം തെളിയും. വീട്ടിലെ ഡ്രൈയിനേജ് സിസ്റ്റം, വാട്ടർ കണക്ഷൻ്റെ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനാവും. വചോവിലാസം ശ്രദ്ധിക്കപ്പെടും. സംഘടനകളിൽ താല്പര്യം കുറയുന്നതാണ്. ഏകോപനത്തിൽ നൈപുണ്യമുണ്ടാവും.    അഭിമുഖ പരീക്ഷയിൽ വിജയിക്കുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതാണ്.

പുണർതം

ആലസ്യം അകന്ന് പ്രവർത്തനവേഗം കൈവരിക്കാനാവും. മനസ്സാന്നിദ്ധ്യം കുറയില്ല. ഉപരിപഠനത്തിന് അവസരം കൈവരും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ പരിഹൃതമായേക്കും. വിപണനമേഖലയിൽ ഉണർവ്വനുഭവപ്പെടും. പകരക്കാരെ മുഴുവനായും ചുമതല ഏൽപ്പിക്കരുത്.  പൊതുവേ കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാവുന്നതാണ്. ഗൃഹത്തിൻ്റെ ഇൻ്റീരിയർ പണികൾ പൂർത്തിയായേക്കും. ചർച്ചകളിൽ നിറസാന്നിദ്ധ്യമാവും. സുഖഭോഗമുണ്ടാവുന്നതാണ്. ബന്ധുക്കളുമായി രമ്യതയിലെത്തും. മോടിയുള്ള വേഷഭൂഷകൾക്ക് പണം ചെലവഴിക്കും.

പൂയം

നാലാമെടത്ത് ചൊവ്വയും ആദിത്യനും സഞ്ചരിക്കുകയാൽ മനക്ലേശം ഭവിക്കും. ഗൃഹത്തിൽ സമാധാനം കുറയാനുള്ള സാഹചര്യം വന്നുചേരുന്നതാണ്. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ കിട്ടാൻ ക്ഷമാപൂർവ്വം കാത്തിരിക്കേണ്ടതുണ്ട്. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടി വരുന്നതിനാൽ സഹപ്രവർത്തകർ മാനസികമായി അകലും. ജന്മവ്യാഴം ഏഴാമെടത്തിലേക്ക് നോക്കുകയാൽ പ്രണയാനുഭവങ്ങൾ പുഷ്കലമാവും. സുഹൃത്തുക്കളുമായി ഗതകാലസ്മരണകളിൽ മുഴുകുന്നതാണ്. കൂട്ടുകച്ചവടം കൊണ്ട് ആദായം വളരുന്നതാണ്. ക്ഷമയും നിശ്ചയദാർഢ്യവും അനിവാര്യമാണ്.

ആയില്യം

സന്തപ്തതകൾക്ക് സമാശ്വാസം ലഭിക്കുന്നതാണ്. ഇച്ഛാജ്ഞാനക്രിയാ സിദ്ധികളെ ഏകീകരിക്കാനാവും. ആത്മബലം ഉയരുന്നതായി അനുഭവപ്പെടും. സംസ്കാരരഹിതരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കാൻ തീരുമാനിക്കും. പാരമ്പര്യ തൊഴിലുകളിൽ നവീകരണത്തിന് ശ്രമം നടത്തുന്നതാണ്. മകൻ്റെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കും. സാമ്പത്തിക വഞ്ചനയിൽ പെടാതിരിക്കാൻ കരുതലുണ്ടാവണം. അനാവശ്യമായ ആധികൾ ഒഴിവാക്കുന്നത് നന്ന്. വിവരസാങ്കേതിക വിദ്യയിൽ കൂടുതൽ പഠിക്കാൻ നേരം കണ്ടെത്തിയേക്കും. ഭൂമി വില്പനയ്ക്കായി ശ്രമം തുടരുന്നതാണ്.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകം

സുഗമത എല്ലാക്കാര്യങ്ങളിലും പ്രതീക്ഷിക്കാനാവില്ല. ചിലപ്പോൾ വലിയ പ്രയത്നം ചെറിയ കാര്യസാധ്യത്തിനും  വേണ്ടി വന്നേക്കാം. സംഭാഷണത്തിൽ പതിവിലും മധുര വാക്കുകൾ പ്രത്യക്ഷപ്പെടുന്നതാണ്. പ്രണയികൾക്ക് സന്തോഷം വന്നെത്തും. പ്രവർത്തനത്തിൽ സുതാര്യത വരുത്താൻ വിഫലശ്രമം നടത്തുന്നതാണ്. സഹോദരരുടെ അവസരോചിത സഹായം ഗുണവത്താകും. ബിസിനസ്സിൽ ചെറിയ ലാഭം തുടർന്നു കൊണ്ടിരിക്കും. പുതുസംരംഭങ്ങൾക്ക് ഈ വാരം അനുകൂലമല്ല. സ്വർണ്ണപ്പണയം പിഴപ്പലിശ കൂടാതെ പുതുക്കാനായേക്കും.

പൂരം

നക്ഷത്രനാഥനായ ശുക്രൻ നീചസ്ഥിതിയിലാകയാൽ മുഴുവൻ തീരുമാനങ്ങളും പ്രാവർത്തികമാകണമെന്നില്ല. ചില തിരുത്തലുകൾ കൂടി അനിവാര്യമാകും. കയ്പുരസങ്ങളും കുടിക്കേണ്ട സ്ഥിതി വരാം. ഇൻ്റർവ്യൂവിന് അറിയിപ്പ് ലഭിക്കുന്നതാണ്. പ്രവർത്തന രംഗത്ത് അനർഹർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് വിഷമിപ്പിക്കും.  വലിയ പണച്ചെലവ് വേണ്ടുന്ന സംരംഭങ്ങളിൽ നിന്നും പിൻതിരിയുകയാണ് ഇപ്പോൾ കരണീയം. കുടുംബത്തിൻ്റെ പിന്തുണ സന്തോഷിപ്പിക്കും. ഇ. എൻ.ടി വിഭാഗത്തിൽ വരുന്ന രോഗങ്ങൾക്ക് ചികിൽസ ആവശ്യമായേക്കും. കവികൾക്ക് പ്രശസ്തി കിട്ടുന്നതാണ്.

ഉത്രം

വിമർശനങ്ങളെ അതിജീവിക്കാനുള്ള കരുത്തുണ്ടാകും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കുടുംബ ജീവിതത്തിൻ സാമാന്യമായി സമാധാനം പുലരും.  സന്താനങ്ങളുടെ പഠനം, ജോലി മുതലായവയിലെ ഉൽകണ്ഠ തുടരും. പ്രാർത്ഥനകൾക്ക് സമയം കണ്ടെത്തുന്നതാണ്. സമാന ചിന്താഗതിയുള്ളവരുടെ കൂടിച്ചേരലിന് മുൻകൈയെടുക്കും. വ്യാപാരത്തിൽ പകരക്കാരെ കണ്ടെത്തി പരിശീലനം തുടങ്ങും. മേലധികാരിയുടെ പ്രോൽസാഹനത്തിന് നന്ദി രേഖപ്പെടുത്തും. ആതുര സേവനത്തിൽ താല്പര്യം പ്രകടിപ്പിക്കും. സാമ്പത്തികം മോശമാവില്ല. മിതവ്യയം ശീലമാക്കുന്നതാണ്.

അത്തം

ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ നിരന്തര പരിശ്രമം ആവശ്യമാവുന്നതാണ്. പുതുസംരംഭങ്ങൾ  തുടങ്ങാനാവും. ഭാവിയെ പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കും. കരാറുകളിൽ ഏർപ്പെടുമ്പോൾ നിബന്ധനകൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതുണ്ട്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. സ്വയം തിരുത്താനുള്ള സന്നദ്ധതയുമുണ്ടായിരിക്കും. മുടങ്ങിപ്പോയ കാര്യങ്ങൾ പൂർത്തിയാക്കാൻ നേരം കണ്ടെത്തുന്നതാണ്. പ്രിയജനങ്ങളെ കാണാനവസരം കൈവരുന്നതായിരിക്കും. ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യാൻ മടിക്കില്ല. ബിസിനസ്സിൽ നിന്നും ലാഭം കുറയില്ല. ഭോഗസുഖമുണ്ടാവുന്നതാണ്. യാത്രകൾ ഗുണകരമാവും.

ചിത്തിര

അനുകൂല സാഹചര്യമാണെന്ന് തീർത്തും പറയാൻ കഴിയില്ല. ഭൗതികമായ ആഗ്രഹങ്ങളിൽ ചിലതൊക്കെ സാധിക്കും. കുടുംബാന്തരീക്ഷം സമാധാനപൂർണ്ണമാകാൻ മൗനം പാലിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ ധാരാളം അദ്ധ്വാനിക്കേണ്ടി വരുന്നതാണ്. നറുക്കെടുപ്പും ചിട്ടിയും മൂലം ധനലാഭമുണ്ടാകും. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യുമെന്ന് ഓർമ്മിക്കേണ്ടതുണ്ട്. സംയുക്ത സംരംഭങ്ങളിൽ വിജയിക്കാനാവും. കലാകായിക മത്സരങ്ങൾക്ക് മുന്നൊരുക്കം പൂർത്തിയാക്കും. ദുശ്ശീലങ്ങൾ ഒഴിവാക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചേക്കും.  സഹപ്രവർത്തകനിൽ നിന്നും കടം വാങ്ങിയ തുക കൊടുത്തുതീർക്കാനാവും. വാരമധ്യത്തിന് ഗുണമേറുന്നതാണ്.

ചോതി

ജന്മനക്ഷത്രത്തിൽ ആദിത്യൻ പ്രവേശിക്കുന്നതും മറ്റു ഗ്രഹങ്ങൾ ജന്മരാശിയിൽ തുടരുന്നതും പിരിമുറുക്കത്തിനിടവരുത്തും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ ഇനിയും കാത്തിരിപ്പ് ആവശ്യമാവും. സ്വന്തമായി വ്യാപാരം നടത്തുന്നവർക്ക് പരിശ്രമത്തിനനുസരിച്ച് അനുഭവഫലം ഉണ്ടായേക്കില്ല. കുടുംബവസ്തുവിനെ സംബന്ധിച്ച് സഹോദരരുമായി തർക്കങ്ങൾ ഉടലെടുക്കാം. സംഘടനാ പ്രവർത്തനങ്ങളിൽ മടുപ്പ് അനുഭവപ്പെടും.  കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവ ഒഴിവാക്കുക നന്ന്. പുതിയ ജോലിക്കായി അന്വേഷണം തുടരുന്നതിൽ തെറ്റില്ല. ആരോഗ്യം തൃപ്തികരമാവും.  പ്രണയികൾക്ക് ആഹ്ളാദമുണ്ടാവുന്ന വാരമാണ്. എത്ര ശ്രമിച്ചാലും ചെലവുകൾ നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല.

വിശാഖം

സർവ്വകാര്യങ്ങളും താൻ തന്നെ ചെയ്യും എന്ന മനോഭാവത്തിന് തിരിച്ചടി കിട്ടാം. ഒപ്പമുള്ളവരുടെ/ കുടുംബാംഗങ്ങളുടെ പങ്കാളിത്തം എല്ലാക്കാര്യങ്ങളിലും ഉറപ്പ് വരുത്താൻ ശ്രമിക്കണം. തുലാക്കൂറുകാർക്ക് പലതരം സമ്മർദ്ദങ്ങൾ വന്നുകൊണ്ടിരിക്കും. വിരുദ്ധനിലപാടുകൾ എടുക്കേണ്ട സാഹചര്യം ഉയരാം. വൃശ്ചികക്കൂറുകാർക്ക് ഭാഗ്യാനുഭവങ്ങൾ സംജാതമാകും.  അവസരോചിതമായി പ്രവർത്തിക്കും. പാരിതോഷികങ്ങൾ ലഭിക്കാം. സാങ്കേതിക വിഷയങ്ങളിൽ അറിവുനേടും. പുതുതലമുറയോട് സമരസപ്പെടാൻ തയ്യാറായേക്കും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്.

അനിഴം

വാരാരംഭത്തിൽ നല്ല തുടക്കം കിട്ടുന്നതാണ്. പ്രതീക്ഷിച്ച സഹകരണം എല്ലായിടത്തുനിന്നും ലഭിക്കും. വരും ആഴ്ചകളിലെ കർമ്മപരിപാടികൾ കൂട്ടായ ആലോചനയിലൂടെ തീരുമാനിക്കാനാവും. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയാൽ  ഇടക്കിടെ ആലസ്യം പിടികൂടിയാൽ അത്ഭുതപ്പെടാനില്ല. ഉച്ചവ്യാഴത്തിൻ്റെ ഫലം ഉടനടി കിട്ടുന്നതാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഗുരുജനങ്ങളിൽ നിന്നും നല്ലവാക്കുകൾ ശ്രവിക്കാനാവും. പദവിയിൽ ഉയർച്ച കിട്ടിക്കൂടായ്കയില്ല. പുണ്യപ്രവർത്തികൾക്ക് മുന്നോട്ടിറങ്ങും. പിതാവിനും ഗുണമുണ്ടാവുന്ന കാലഘട്ടമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അല്പം പിരിമുറുക്കം അനുഭവപ്പെടാം.

തൃക്കേട്ട

സമ്മിശ്രഫലങ്ങളാണ് ഈ വാരം, അനുഭവത്തിൽ വരിക. പന്ത്രണ്ടിലെ ഗ്രഹാധിക്യം അലച്ചിലുണ്ടാക്കും. മേലധികാരികൾ മൂലം മനക്ലേശം വരാനിടയുണ്ട്. നീതി കിട്ടില്ലെന്ന തോന്നലുണ്ടാവും. ഭൂമി സംബന്ധിച്ച ചെലവുകൾ ഭവിച്ചേക്കാം. കൃഷിപ്പണിയിൽ തീർത്തും മുഷിച്ചിലനുഭവപ്പെടുന്നതാണ്. ശുക്രൻ പതിനൊന്നിലാകയാൽ ഭോഗസുഖമുണ്ടാവും.   മനസ്സ് പ്രണയാർദ്രമാവും. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്. വ്യാഴം ഭാഗ്യഭാവത്തിൽ ഉച്ചസ്ഥനായതിനാൽ ധനോന്നതിക്ക് സാധ്യതയുണ്ട്. സൽകർമ്മങ്ങൾ ചെയ്യാൻ അവസരമുണ്ടാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കരുതലുണ്ടാവണം.

Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

മൂലം

കർമ്മരംഗത്ത് ശോഭിക്കാനാവും. തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ വിജയിക്കുന്നതാണ്. പുതുസംരംഭങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിശദമായ ചർച്ചകൾ നടത്താനായേക്കും.  ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. ഗവേഷണത്തിനായുള്ള യാത്രകൾ പ്രയോജനകരമായി ഭവിക്കും. ഓൺലൈൻ ബിസിനസ്സിൽ നിന്നും നല്ല വരുമാനം കിട്ടും.  മകൻ്റെ ഉത്തരവാദിത്വത്തോടുകൂടിയ സമീപനം ആശ്വാസമേകും. സുഹൃത്തുക്കൾക്കിടയിലെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. വെള്ളി, ശനി ദിവസങ്ങൾക്ക് ശുഭത്വം കുറയും. ചെലവധികരിക്കാനിടയുണ്ട്.

പൂരാടം

പതിനൊന്നിൽ ഗ്രഹാധിക്യമുള്ളതിനാൽ ആനുപാതികമായി വിജയശതമാനം കൂടും. നിലവിലെ ദൗത്യങ്ങൾ പൂർത്തിയാക്കും. നവീനമായ കാര്യങ്ങൾക്കും സമയം കണ്ടെത്തുന്നതാണ്. വിവാദങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്. സംഘടനയിൽ സ്വൈരം കുറയുന്നതാണ്. സുഗമമായി തീരുമാനങ്ങൾ കൈക്കൊള്ളാനായേക്കില്ല. ബിസിനസ്സിൽ വരവിൻ്റെ വഴിത്താര വലുതാവുന്നതിൽ ആശ്വസിക്കും. എത്ര ശ്രമിച്ചാലും ചില ബന്ധങ്ങൾ കൂട്ടിച്ചേർക്കാനാവില്ലെന്നറിയും. കഴിവിനെ ഇകഴ്ത്താൻ ആരെങ്കിലും മുതിർന്നേക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ആലസ്യം പിടികൂടുന്നതാണ്.

ഉത്രാടം

തൊഴിലിൽ ശോഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ  സംജാതമാകും. നിലപാടുകൾക്ക് പ്രമുഖരുടെ പിന്തുണ ലഭിക്കുന്നതാണ്. കഴിവിനുമപ്പുറം ചില കാര്യങ്ങൾ ചെയ്യുകയാൽ സഹപ്രവർത്തകർ വിരോധികളായേക്കും. ഗതകാലസ്മരണകൾ ഊർജദായകങ്ങളായേക്കും.  വ്യവഹാരത്താൽ മനസ്സമാധാനം കുറയുന്നതാണ്.  രോഗഗ്രസ്തരായ വയോജനങ്ങളുടെ ശുശ്രൂഷ ജീവിതചര്യ തന്നെയാവാം. ദേഹസുഖം കുറയുന്നതാണ്. ജാമ്യം നിൽക്കുന്നത് കരുതലോടെ വേണം. രജിസ്ട്രേഷൻ/ ലൈസൻസ് ലഭിക്കൽ ഇവ സുഗമതയുണ്ടാവും. ചെലവുകളിൽ നിയന്ത്രണം വേണം.

തിരുവോണം

കഴിഞ്ഞ ആഴ്ചയിൽ അനുഭവിച്ചത്രയും സമ്മർദ്ദങ്ങൾ ഉണ്ടാവുകയില്ല. തടസ്സങ്ങളുണ്ടായാലും അവയെ മറികടക്കാനുള്ള മനഃശക്തിയുണ്ടാവും.  കൂടുതൽ പ്രവർത്തികൾ ചെയ്യാനവസരം സംജാതമാകുന്നതാണ്. വിപണനതന്ത്രങ്ങൾ ഫലം കാണുന്നതാണ്. ഔദ്യോഗിക യാത്രകൾ വിജയപ്രദമാവും. ആശയവിനിമയശേഷിയിൽ സ്വയം അഭിമാനം തോന്നാം. ചിലരോട് വെട്ടിത്തുറന്ന് സംസാരിക്കേണ്ടി വരുന്നതായിരിക്കും. പുതുവാഹനം വാങ്ങാൻ നടപടിയെടുക്കും. മകളുടെ ഉപരിപഠന കാര്യത്തിൽ ചില നീക്കങ്ങൾ നടത്തും. കഫജന്യരോഗങ്ങൾ ലഘുവായി ഉപദ്രവിച്ചേക്കാം.

അവിട്ടം

ലക്ഷ്യപ്രാപ്തിക്ക് കുതന്ത്രങ്ങളും വളഞ്ഞവഴികളും സ്വീകരിക്കേണ്ടി വരുന്നതാണ്. ഓഫീസിലെ ചേരിതിരിവിൽ പക്ഷം പിടിക്കാതിരിക്കുകയാണ് അഭികാമ്യം. പകരക്കാരെ ചുമതല ഏൽപ്പിക്കുന്നത് വ്യാപാര പുരോഗതിയെ ബാധിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. തൊഴിലന്വേഷകർ അഭിമുഖങ്ങൾക്ക് തയ്യാറെടുക്കും. പ്രണയത്തിൽ ആത്മാർത്ഥത സംശയിക്കപ്പെടാനിടയുണ്ട്. ഭൂമിയിൽ നിന്നും ആദായം കുറയുന്നതിൽ നിരാശയുണ്ടാവും. ഞായറും തിങ്കളും ശുഭത്വം കുറഞ്ഞ ദിവസങ്ങൾ. ആരോഗ്യജാഗ്രത അനിവാര്യമാണ്.

ചതയം

ഉന്മേഷവും നിരുന്മേഷവും മാറി മാറി തിരനോട്ടം നടത്തുന്നതാണ്. ആഴ്ചയുടെ ആദ്യം അഷ്ടമരാശിക്കൂറ് ആകയാൽ തടസ്സങ്ങൾ തുടരും. സംഭാഷണം വിരോധികളെ സൃഷ്ടിക്കുന്നതാണ്. കാര്യനിർവഹണത്തിൽ ഏകാഗ്രത ലംഘിക്കപ്പെടും. 'തനിക്ക് താൻ തന്നെ ശത്രുവെന്ന' സ്ഥിതിയുണ്ടാവും.  ബുധനാഴ്ച മുതൽ സ്ഥിതിഗതികൾ മെച്ചപ്പെടാം. വ്യാപാരത്തിലെ പഴയ കിട്ടാക്കടങ്ങൾ കിട്ടുന്നതായിരിക്കും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റും. മകൻ്റെ പഠനപുരോഗതി ആശ്വാസമേകും. പാരിതോഷികം ലഭിക്കാം. ബന്ധുഗൃഹത്തിലെ മംഗളകർമ്മങ്ങൾക്ക് മുഖ്യത്വം വഹിക്കുന്നതാണ്.

പൂരൂരുട്ടാതി

നക്ഷത്രത്തിൽ രണ്ടുപാപഗ്രഹങ്ങൾ സഞ്ചരിക്കുന്നുണ്ട്- ശനിയും രാഹുവും. ആ ദോഷത്തിൻ്റെ ഇടയിൽ ശുഭകരമായൊരു കാര്യമുള്ളത് നക്ഷത്രാധിപനായ വ്യാഴം ഉച്ചത്തിലാണെന്നതത്രെ! അങ്ങനെ സമ്മിശ്ര ഫലങ്ങളാവും പൂരുരുട്ടാതിക്കാർക്ക് അനുഭവിക്കേണ്ടി വരുന്നത്. അസുഖം, ദേഹക്ലേശം ഇവ സാധ്യതകളാണ്. ധനാഗമം മോശമാവില്ല. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. പാരിതോഷികങ്ങൾ കിട്ടാനിടയുണ്ട്. സമൂഹത്തിൻ്റെ അംഗീകാരം കിട്ടും. പ്രവർത്തനങ്ങളിൽ ആലസ്യം, അസംതൃപ്തി എന്നിവ വരാനിടയുണ്ട്. നിസ്വരായ രോഗികളെ സഹായിക്കും.

ഉത്രട്ടാതി

പുതിയ പുതിയ ആശയങ്ങൾ മനസ്സിൽ തോന്നും. നടപ്പിലാക്കാൻ ഔത്സുക്യമേറും. വ്യാഴത്തിൻ്റെ ഉച്ചസ്ഥിതി സർഗശക്തി ഉയർത്തുന്നതാണ്. കലാസാഹിത്യരംഗം ഹൃദ്യമാവും. അവസരങ്ങൾ തേടിവരുന്നതാണ്. വിദ്യാർത്ഥികൾ പ്രോജക്ടുകൾ മികച്ചതാക്കും. ജോലിയിൽ ഉടനടി ഗുണകരമായ മാറ്റമൊന്നും ഉണ്ടായേക്കില്ല. എന്നാൽ വാഗ്ദാനങ്ങളിൽ വിശ്വസിക്കേണ്ടിവരും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതുതുടക്കങ്ങൾക്ക് മുതിരരുത്. യാത്രാക്ലേശം ഉണ്ടാവും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്താൽ ജാഗ്രതയുണ്ടാവണം. ദൈവിക സമർപ്പണങ്ങൾ മനസ്സിനെ ദൃഢമാക്കാം.

രേവതി

നക്ഷത്രാധിപനായ ബുധന് ആദിത്യയോഗത്താൽ നിപുണയോഗമുണ്ടാവുന്നത് ബൗദ്ധികമായ ഉണർവിന് കാരണമാകുന്നതാണ്. ആശയവിനിമയം കൃത്യമായിരിക്കും. ബന്ധുക്കൾ പിണക്കം തീർന്ന് സഹകരിക്കുന്നതാണ്. മീനക്കൂറിൻ്റെ അധിപനായ വ്യാഴം ഉച്ചത്തിലാവുകയാൽ വ്യക്തിത്വം ആകർഷണീയമാവും.  രോഗചികിൽസയ്ക്ക് ഫലം കിട്ടിത്തുടങ്ങും. മക്കളെക്കൊണ്ട് ശ്രേയസ്സുണ്ടാവുന്നതായിരിക്കും. കലാപരമായ കാര്യങ്ങളിൽ പ്രശസ്തി ലഭിക്കാനിടയുണ്ട്. വ്യാപാരികൾക്ക് ലാഭം അധികരിക്കുന്നതാണ്. ഇടക്ക് എതിർപ്പുകളെയും നേരിടേണ്ടി വരാം. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണിയിൽ പുരോഗതി പ്രതീക്ഷിക്കാം.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: