/indian-express-malayalam/media/media_files/2024/10/30/30uFeLrUiKhGH4vvIcmD.jpg)
Weekly Horoscope, October 12-October 18
ആദിത്യൻ കന്നി - തുലാം രാശികളിലായി സഞ്ചരിക്കുന്നു. ഒക്ടോബർ 17 ന്/കന്നി 31 ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ആദിത്യൻ്റെ തുലാസംക്രമം. ചിത്തിര ഞാറ്റുവേലക്കാലമാണ്.
ചന്ദ്രൻ കറുത്ത പക്ഷത്തിൽ ഷഷ്ഠി മുതൽ ദ്വാദശി വരെ തിഥികളിൽ സഞ്ചരിക്കുന്നു. മകയിരം മുതൽ പൂരം വരെ നക്ഷത്രങ്ങളിലൂടെയും കടന്നുപോകുകയാണ്.
വ്യാഴം രാശിമാറുന്നു എന്നതാണ് ഈ വാരത്തിലെ മുഖ്യസംഭവം. ഒക്ടോബർ 18 ശനിയാഴ്ച (തുലാം ഒന്നിന്) രാത്രി 7:47 ന് വ്യാഴം കർക്കടകം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിൻ്റെ അതിചാരമാണിത്. ഡിസംബർ 5 വരെ വ്യാഴം കർക്കടകം രാശിയിൽ തുടരും.
ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രസഞ്ചാരത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും, കേതു കന്നിയിൽ പൂരത്തിലും പിൻഗതി തുടരുന്നു.
ചൊവ്വ തുലാം രാശിയിൽ ചോതി നാളിലാണ്. ബുധനും തുലാത്തിലുണ്ട്. ശുക്രൻ നീചരാശിയായ കന്നിയിലാണ്.
ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് മൂലം മുതൽ രേവതി വരെ ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം അപഗ്രഥിക്കുന്നു.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
സന്താനങ്ങളാൽ സന്തോഷം ഭവിക്കുന്നതാണ്. പുതിയ തുടക്കങ്ങൾക്ക് സാഹചര്യം അനുകൂലമായി വരും. ഭൂമിവിൽപ്പനയ്ക്ക് അഡ്വാൻസ് വാങ്ങിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാകും. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് പ്രൊമോഷനോ വേതനവർദ്ധനവോ കിട്ടുന്നതാണ്. സംഘടനയ്ക്കുള്ളിൽഅനുകൂലമായ അഭിപ്രായം രൂപപ്പെടും. പ്രണയികൾക്ക് കുടുംബത്തിൻ്റെ പ്രതികൂലതയെ നേരിടേണ്ടി വന്നേക്കും. മതാചാരപ്രകാരമുള്ള കർമ്മങ്ങൾ നിർവഹിക്കാൻ നേരം കണ്ടെത്തുന്നതാണ്. ബുധനും വ്യാഴനും ഉത്തമ ദിവസങ്ങളാവില്ല.
പൂരാടം
സർക്കാരിൽ നിന്നും കിട്ടേണ്ട മുൻകാല ആനുകൂല്യങ്ങൾ കിട്ടാനിടയുണ്ട്. ആശയവിനിമയ ശേഷി മെച്ചപ്പെടുന്നതാണ്. പുതുമയോട് കൂറുപുലർത്തുമ്പോഴും പഴമയെ തള്ളിപ്പറയുകയില്ല. വസ്തുവിൽ നിന്നും ആദായം ലഭിക്കുന്നതാണ്. വീടിന് വാടകക്കാരെ കിട്ടാം. ചർച്ചകളിൽ സ്വാഭിപ്രായത്തിന് കൈയ്യടി പ്രതീക്ഷിക്കാം. കലാപരിശീലനത്തിന് കൂടുതൽ നേരം കണ്ടെത്തുന്നതായിരിക്കും. പിതാവിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാവും. ബിസിനസ്സിൽ നിന്നുള്ള സാമ്പത്തികം വർദ്ധിക്കുന്നതാണ്. വിവാഹകാര്യത്തിൽ ഉത്സാഹം കുറയാം. തുറന്നുള്ള അഭിപ്രായം പറയാത്തതിനാൽ മാതാപിതാക്കൾക്ക് ആശങ്കയുയരും.
ഉത്രാടം
കരുതിയതു പോലെ കാര്യനിർവഹണം എളുപ്പമാകും. എതിർപ്പുകളിൽ തളരാത്ത മനശ്ശക്തി പ്രകടിപ്പിക്കും. പുതുസംരംഭങ്ങൾ ആരംഭിക്കുമ്പോൾ സാമ്പത്തിക ജാഗ്രത അനിവാര്യമാണെന്നത് വിസ്മരിക്കരുത്. ബാങ്ക് വഴി ലോൺ ലഭിച്ചേക്കാം. കലാകാരന്മാർക്ക് പ്രതീക്ഷിച്ച അവസരങ്ങൾ കിട്ടുന്നതാണ്. ഓൺലൈൻ ബിസിനസ്സിൽ നേട്ടങ്ങൾ കുറയില്ല. വിദ്യാർത്ഥികളുടെ ഏകാഗ്രത ഭംഗപ്പെടാം. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെട്ട് സന്ധിയുണ്ടാക്കും. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. വാരമദ്ധ്യത്തിലെ ദിവസങ്ങൾക്ക് ശുഭത്വം കുറയാം.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
തിരുവോണം
തീരുമാനങ്ങൾ സുചിന്തിതമായിരിക്കണം. സ്വാശ്രയ വ്യാപാരത്തിൻ്റെ പുരോഗതിക്കായി പരസ്യങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കാം. പഴയ ഓർമ്മകൾ മനസ്സിലിടം പിടിക്കും. അവ കരുണവും സന്തോഷവും സൃഷ്ടിക്കുന്നതാണ്. ധനപരമായ പിരിമുറുക്കത്തിന് അയവുണ്ടാവും. എതിർപ്പുകളെ തൃണവൽഗണിക്കും. സത്യസന്ധതയും ആത്മാർത്ഥതയും മേലധികാരികളുടെ പ്രശംസ നേടും. ഇൻഷ്വറൻസ് പുതുക്കുക, കരം ഒടുക്കുക ഇവയ്ക്ക് നേരം കണ്ടെത്തുന്നതാണ്. ആസന്നമായ തീർത്ഥാടനത്തിന് തയ്യാറെടുപ്പുകൾ തുടരും. വാരാന്ത്യദിവസങ്ങളിൽ കൂടുതൽ കരുതലുണ്ടാവണം.
Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
അവിട്ടം
നിസ്സാര കാര്യങ്ങൾ മനസ്സിനെ വിഷമിപ്പിക്കാം. എന്നാൽ വലിയ കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെ നിർവഹിക്കുകയും ചെയ്യും. തൊഴിലിടത്തിൽ ശത്രുക്കളുണ്ടെന്ന് വിചാരിക്കും. വാസ്തവം അതാകണമെന്നില്ല. മാനസിക സംഘർഷം വർദ്ധിക്കാം. കുടുംബകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. നിർബന്ധശീലം കൂടുതൽ കുഴപ്പങ്ങൾ വരുത്താം. ബന്ധുക്കളുടെ സഹകരണം അവസരോചിതമാവും. ഊഹക്കച്ചവടത്തിൽ കരുതൽ വേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങൾ കാണുന്നതിന് കൂടുതൽ നേരം ചെലവഴിക്കും. ഗവേഷകർക്ക് ഉപാദാനങ്ങൾ സമാഹരിക്കുവാൻ യാത്രകൾ വേണ്ടിവരുന്നതാണ്.
ചതയം
വിവാദങ്ങളിൽ നിന്നും, കലഹങ്ങളിൽ നിന്നും പിൻവാങ്ങുന്നത് നന്നായിരിക്കും. വ്യവഹാരം നീളുന്നതിൽ സങ്കടമുണ്ടാവും. അപ്രതീക്ഷിത തടസ്സങ്ങൾ മാനസികോർജ്ജത്തെ ബാധിച്ചേക്കാം. രണ്ടാം നക്ഷത്രത്തിൽ ശനിയും രാഹുവും സഞ്ചരിക്കുകയാൽ ധനാഗമം തടസ്സപ്പെടാനിടയുണ്ട്. മനപ്പൂർവ്വമല്ലാതെ നുണപറയേണ്ടി വരുന്നതാണ്. ഭാവനാത്മകമായ കാര്യങ്ങളിൽ വളർച്ച പ്രതീക്ഷിക്കാം. രോഗ ക്ലേശിതർക്ക് ചികിൽസാമാറ്റം ഗുണകരമാവും. മകളുടെ ജോലിസ്ഥലത്ത് താമസിക്കാൻ സമ്മർദ്ദം വന്നേക്കും. പ്രണയികൾക്കും ദമ്പതികൾക്കും തൃപ്തികരമായ കാലമാണ്.
പൂരൂരുട്ടാതി
ജന്മനക്ഷത്രത്തിൽ ശനിയും രാഹുവും സഞ്ചരിക്കുകയാൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രതയുണ്ടാവണം. ഇഷ്ടമില്ലെങ്കിലും പരാശ്രയത്വം വേണ്ടിവരും. ആലസ്യം പിടികൂടുന്നതാണ്. കൃത്യനിഷ്ഠ പാലിക്കാനാവാതെ വിഷമിക്കും. സുഹൃത്തുക്കളോട് എല്ലാം തുറന്നുപറയുന്നത് കരുതലോടെ വേണം. വ്യാപാരത്തിൽ നിന്നും അല്പലാഭം പ്രതീക്ഷിക്കാം. ദിവസവേതനം മുടങ്ങില്ല. കുടിശികത്തുക ഭാഗികമായി ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പാരിതോഷികം കിട്ടാനിടയുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ മുടക്കരുത്. ദൈവീക സമർപ്പണങ്ങൾ പിന്നീടത്തേക്കാക്കും.
ഉത്രട്ടാതി
കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ചെറിയ ലക്ഷ്യങ്ങൾ പോലും നേടുകയുള്ളൂ എന്ന സ്ഥിതിയുണ്ടാവും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മുൻപ് നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കുടുംബാന്തരീക്ഷം അത്ര അനുകൂലമാവില്ല. എതിർപ്പുകൾക്ക് ചെവികൊടുക്കേണ്ടി വന്നേക്കും. ഉത്തരവാദിത്വങ്ങൾ മടുപ്പിച്ചേക്കാം. ബുധാനുകൂല്യം ഉള്ളതിനാൽ പഠനത്തിന് സമയം കണ്ടെത്തും. സാഹിത്യപ്രവർത്തനത്തിന് അനുകൂലത സംജാതമായേക്കും. അഷ്ടമത്തിലെ ചൊവ്വ വീഴ്ച, മുറിവ് ഇവയ്ക്കു കാരണമാകാമെന്നതിനാൽ കരുതൽ വേണ്ടതുണ്ട്. ക്ഷേത്രാടനാദികൾ മാറ്റിവെക്കേണ്ടി വന്നേക്കും.
രേവതി
സമ്മിശ്ര ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ആഴ്ചയാണ്. ഉദ്യോഗസ്ഥർക്ക് ഫയലുകളിൽ നിന്നും ഫയലുകളിലേക്ക് നിരന്തരം ശ്രദ്ധചെലുത്തേണ്ടിവരുന്നതായിരിക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലി തേടുന്നവർ നിരാശപ്പെടില്ല. കടബാധ്യതകൾ പരിഹരിക്കാൻ വീണ്ടും കടം വാങ്ങുന്ന പ്രവണതക്ക് വിരാമമിടണം. മകൻ്റെ കൂട്ടുകെട്ടുകൾ നിരീക്ഷിക്കുന്നത് നന്നായിരിക്കും. പഠനസഹായ ഗ്രന്ഥങ്ങൾ വാങ്ങി നൽകുന്നത് ഗുണം ചെയ്യും. ഏറെ നാളുകൾക്കുശേഷം സഹോദരരെ കാണാനവസരം സംജാതമാകുന്നതാണ്. ദൈവീക വഴിപാടുകൾക്ക് സമയം കണ്ടെത്തും.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.