/indian-express-malayalam/media/media_files/2024/10/30/PD9SvlusK6SatdFxbw10.jpg)
Weekly Horoscope, October 12-October 18
ആദിത്യൻ കന്നി - തുലാം രാശികളിലായി സഞ്ചരിക്കുന്നു. ഒക്ടോബർ 17 ന്/കന്നി 31 ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ആദിത്യൻ്റെ തുലാസംക്രമം. ചിത്തിര ഞാറ്റുവേലക്കാലമാണ്.
ചന്ദ്രൻ കറുത്ത പക്ഷത്തിൽ ഷഷ്ഠി മുതൽ ദ്വാദശി വരെ തിഥികളിൽ സഞ്ചരിക്കുന്നു. മകയിരം മുതൽ പൂരം വരെ നക്ഷത്രങ്ങളിലൂടെയും കടന്നുപോകുകയാണ്.
വ്യാഴം രാശിമാറുന്നു എന്നതാണ് ഈ വാരത്തിലെ മുഖ്യസംഭവം. ഒക്ടോബർ 18 ശനിയാഴ്ച (തുലാം ഒന്നിന്) രാത്രി 7:47 ന് വ്യാഴം കർക്കടകം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിൻ്റെ അതിചാരമാണിത്. ഡിസംബർ 5 വരെ വ്യാഴം കർക്കടകം രാശിയിൽ തുടരും.
ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രസഞ്ചാരത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും, കേതു കന്നിയിൽ പൂരത്തിലും പിൻഗതി തുടരുന്നു.
ചൊവ്വ തുലാം രാശിയിൽ ചോതി നാളിലാണ്. ബുധനും തുലാത്തിലുണ്ട്. ശുക്രൻ നീചരാശിയായ കന്നിയിലാണ്.
ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെ 27 നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം അപഗ്രഥിക്കുന്നു.
Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
മകം
ചെയ്യുന്ന കർമ്മങ്ങൾക്ക് തൊഴിലധിപന്മാരിൽ നിന്നും ആദരം ലഭിക്കുന്നതാണ്. വാക്കുകൊടുത്ത കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കും. സമയനിഷ്ഠ പുലർത്തും. ഇഷ്ടജനങ്ങളുടെ സാമീപ്യം സന്തോഷമുണ്ടാക്കുന്നതാണ്. സുഖഭക്ഷണയോഗമുണ്ട്. ബിസിനസ്സിൽ നിന്നുള്ള വരവ് മോശമാവില്ല. എന്നാൽ ബുധനും വ്യാഴനും ചെലവുകൂടിയ ദിവസങ്ങളായിരിക്കും. അനാവശ്യമായ ബാഹ്യ ഇടപെടലുകൾ ക്ഷോഭത്തിനിടവരുത്താം. മനസ്സ് ചഞ്ചലമാവുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ സ്വാസ്ഥ്യം പ്രതീക്ഷിക്കാം. ഗൃഹസൗഖ്യമുണ്ടാവും.
പൂരം
സമ്മിശ്രമായ ഫലങ്ങളുണ്ടാവും. ആഴ്ചയുടെ തുടക്കത്തിൽ സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. കർമ്മമേഖലയിൽ നിന്നും തൃപ്തിയുണ്ടാവും. ഗ്രൂപ്പ് ചർച്ചകളിൽ കൃത്യമായ നിലപാടുകൾ കൈക്കൊള്ളുന്നതായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ അലച്ചിലുണ്ടാവും. അപ്രസക്ത കാര്യങ്ങളാൽ മനക്ലേശം ഭവിക്കുന്നതാണ്. സഹപ്രവർത്തകർ സഹകരിച്ചേക്കില്ല. മറ്റു ദിവസങ്ങളിൽ മൃഷ്ടാന്നഭോജനം, ന്യായമായ വിശ്രമം, പാരിതോഷിക ലബ്ധി ഇവയുണ്ടാവും. ധനാഗമത്തിന് സാധ്യത കാണുന്നു. അനുരാഗികളുടെ പിണക്കം തീരാം. ഇ. എൻ. ടി വിഭാഗത്തിൽ വരുന്ന രോഗങ്ങൾ ഉപദ്രവിക്കാം.
ഉത്രം
ദിവസവേതനക്കാർക്ക് എന്നും ജോലി ലഭിച്ചേക്കും. കരാർപണിയുടെ കുടിശികയിൽ ഒരുഭാഗം കിട്ടാനിടയുണ്ട്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ജീവകാരുണ്യത്തിന് നേരം കണ്ടെത്തുന്നതാണ്. കൃതാർത്ഥത തോന്നുന്ന സന്ദർഭങ്ങളുണ്ടാവും. പാരമ്പര്യതൊഴിലിൽ നവീകരണം കൊണ്ടുവരാൻ യത്നിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. കലാപരിശീലനം പുരോഗമിക്കും. സംഘടനാ പ്രവർത്തനത്തോട് വിരക്തി തോന്നുന്നതാണ്. ചിങ്ങക്കൂറുകാർക്ക് എല്ലാക്കാര്യങ്ങളിലും വലിയ പിന്തുണ ലഭിക്കും. കന്നിക്കൂറുകാർക്ക് സുഖാനുഭവങ്ങളുണ്ടാവും.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അത്തം
ന്യായമായ അഭിലാഷങ്ങൾ കൈവരുന്ന കാലമാണ്. പ്രവർത്തനങ്ങളിൽ അത്മവിശ്വാസം പ്രതിഫലിക്കും. പുതിയ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ അദ്ധ്വാനമേറിയാലും കാര്യവിജയം ഭവിക്കുന്നതാണ്. ധനാഗമം പുഷ്ടിപ്പെടും. വായ്പകളുടെ തിരിച്ചടവ് സുഗമമാവും. ശുക്രൻ ജന്മനക്ഷത്രത്തിലൂടെ കടന്നുപോവുകയാൽ ഭോഗസുഖം ഭവിക്കും. പ്രണയത്തിൽ തടസ്സങ്ങളുണ്ടാവില്ല. സൗഹൃദം ഊഷ്മളമാവും. പണ്ഡിതോചിതമായി സംസാരിക്കും. ചർച്ചകളിൽ തിളങ്ങാൻ കഴിയുന്നതാണ്. ഗ്രന്ഥപാരായണം, കലാസ്വാദനം, പാചക പരീക്ഷണം എന്നിവക്കെല്ലാം നേരം കണ്ടെത്തും.
ചിത്തിര
പ്രതീക്ഷിച്ച നേട്ടങ്ങൾ കരഗതമാവുന്നതാണ്. വിശ്വസിച്ചേല്പിച്ച കാര്യങ്ങൾ അഭംഗുരമായി നടത്താനാവും. പുതിയവയോട് ഭ്രമം തോന്നുമ്പോഴും പാരമ്പര്യത്തെ തള്ളിപ്പറയുകയില്ല. തീർത്ഥാടനം, ദൈവിക സമർപ്പണങ്ങൾ എന്നിവ നടക്കാം. ചെയ്തുപോരുന്ന തൊഴിലിൽ ലാഭം കുറയില്ല. നവീകരിക്കാൻ കൂടിയാലോചനകൾ ഉണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷൻ വൈകുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിർവഹിക്കാൻ താമസമുണ്ടാവില്ല. പൊതുപ്രവർത്തകർ എതിർപ്പുകളെ അവഗണിക്കും. സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിക്കാൻ നേരം കണ്ടെത്തുന്നതാണ്.
ചോതി
വാരാദ്യദിവസങ്ങളിൽ മനക്ലേശമുണ്ടാവും. അലച്ചിലിന് സാധ്യതയുണ്ട്. ചൊവ്വ മുതൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. പുത്തൻ സൗഹൃദങ്ങൾ ഉണ്ടാവുന്നതാണ്. പ്രണയികൾക്ക് സന്തോഷ സന്ദർഭങ്ങൾ സംജാതമാകും. പഠനത്തിൽ ഉത്സാഹമേറുന്നതാണ്. പ്രോജക്ടുകൾ അംഗീകരിക്കപ്പെടും. തൊഴിലിടത്തിൽ സ്വാതന്ത്ര്യം അനുഭവിക്കും. ഒപ്പമുള്ളവരുടെ സഹകരണം തൃപ്തികരമായിരിക്കും. രോഗപീഡിതർക്ക് ചികിൽസാമാറ്റം ഫലവത്താകും. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ക്ഷോഭമുണ്ടാവും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത കുറയരുത്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
വിശാഖം
വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് ആകയാൽ കാര്യവിളംബത്തിന് സാധ്യത കാണുന്നു. കർമ്മരംഗത്ത് തിരിച്ചടികൾ വരാം. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളും. ബുധനാഴ്ച മുതൽ അനുകൂലമായ സാഹചര്യം ഉരുവാകുന്നതാണ്. ധനതടസ്സം മാറിക്കിട്ടും. ബിസിനസ്സിൽ ഉണർവ്വുണ്ടാവും. ഉപഭോക്താക്കളെ ആകർഷിക്കുവാൻ പരസ്യങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതാണ്. പ്രണയികൾക്കിടയിൽ ഐക്യം ദൃഢമാകും. നിലച്ചുപോയ ഗൃഹനിർമ്മാണം പുനരാരംഭിക്കും. നിയമ പ്രശ്നങ്ങളിൽ പ്രായോഗികമായ ഉപദേശം കിട്ടുന്നതാണ്.
അനിഴം
തൊഴിലിൽ ചാഞ്ചല്യമുണ്ടാവും. മടുപ്പനുഭവപ്പെടും. ചിലരുടെ ഉപദേശം തെറ്റായ വഴിയിലേക്ക് നയിച്ചതായി മനസ്സിലാക്കും. ആദ്യരണ്ടുമൂന്നു ദിവസങ്ങൾ ഇതൊക്കെയാവും അവസ്ഥ. ബുധനാഴ്ച മുതൽ കൂടുതൽ സ്വസ്ഥത പ്രതീക്ഷിക്കാം. പഠനത്തിൽ ഏകാഗ്രത പുലർത്തും. വസ്തുവിൽപ്പനയിൽ ചില അനുകൂല പ്രതികരണങ്ങൾ കിട്ടുന്നതാണ്. വായ്പയുടെ തിരച്ചടവിൽ മുടക്കമുണ്ടാവില്ല. കുടുംബത്തിൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും. വിട്ടുവീഴ്ചയുടെ സൗഖ്യം തിരിച്ചറിയും. വിദേശത്തുള്ളവർക്ക് അവധി അപേക്ഷ അനുവദിച്ചുകിട്ടാം.
തൃക്കേട്ട
കാര്യസാധ്യത്തിന് കൂടുതൽ പരിശ്രമം ആവശ്യമായി വരും. പന്ത്രണ്ടിലെ ബുധകുജയോഗം ചെലവധികരിപ്പിക്കും. തൊഴിലിടത്തിൽ പ്രവർത്തന സ്വാതന്ത്ര്യം കുറയാം. ഉദ്യോഗസ്ഥന്മാർക്ക് ദുർഘട പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്തേണ്ടി വരും. വസ്തുവിന് വേലികെട്ടുക, കെട്ടിട നികുതി അടയ്ക്കുക എന്നീവിധത്തിൽ ചെലവുണ്ടാവും. വാരമദ്ധ്യം മുതൽ സമ്മർദ്ദങ്ങൾ കുറയുന്നതാണ്. ശുക്രനും ആദിത്യനും പതിനൊന്നിലാകയാൽ പിതാവിൽ നിന്നും ധനം കൈവരും. ഭോഗസുഖം ഭവിക്കുന്നതാണ്. കായിക പരിശീലനം, വ്യായാമം ഇത്യാദികൾക്ക് നേരം കണ്ടെത്തും. കുടുംബകാര്യങ്ങളിൽ സ്നേഹോദാരത്വം കൈവരുന്നതാണ്
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us