scorecardresearch

Weekly Horoscope Oct 05-Oct 11: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

Weekly Horoscope, October 05-October 11: ഒക്ടോബർ 05 ഞായർ മുതൽ ഒക്ടോബർ 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, October 05-October 11: ഒക്ടോബർ 05 ഞായർ മുതൽ ഒക്ടോബർ 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
weekly horoscope

Weekly Horoscope, October 05-October 11

Weekly Horoscope: ആദിത്യൻ കന്നിരാശിയിൽ അത്തം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വാരാദ്യം വെളുത്തപക്ഷത്തിൽ. തിങ്കളും ഭാഗികമായി ചൊവ്വാഴ്ചയും ആയി 'ആശ്വിനപൗർണമി' വരും. തുടർന്ന്  കൃഷ്ണപക്ഷം ആരംഭിക്കുന്നു. ചതയം മുതൽ രോഹിണി വരെ നക്ഷത്രമണ്ഡലങ്ങളിലാണ് ചന്ദ്രസഞ്ചാരം.

Advertisment

ചൊവ്വ തുലാം രാശിയിൽ ചോതി നക്ഷത്രത്തിലാണ്. ബുധനും തുലാം രാശിയിൽ ചിത്തിര-ചോതി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ശുക്രൻ ചിങ്ങം രാശിയിലാണ്. ഒക്ടോബർ 9 ന് നീചക്ഷേത്രമായ കന്നിരാശിയിൽ പ്രവേശിക്കും. 

ശനി മീനം രാശിയിൽ വക്രഗതി തുടരുന്നു. പൂരൂരുട്ടാതി നക്ഷത്രത്തിലാണ് ശനി. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം-ചിങ്ങം രാശികളിൽ തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം വിശകലനം ചെയ്യുന്നു.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

അശ്വതി

ഊർജ്ജസ്വലമായ വാരമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ കാര്യങ്ങൾക്കൊത്ത് ഒഴുകാനാവും.  കരുതിയാൽ ഒഴുക്കിനെതിരേയും നീന്തൽ സാധ്യമാകുന്നതാണ്. ആരോടായാലും തനിക്ക് പറയാനുള്ളത് ഭംഗിയായി വിശദീകരിക്കും. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുവാൻ സന്നദ്ധതയുണ്ടാവും. തൃപ്തികരമായിരിക്കും, ധനസ്ഥിതി.  വ്യക്തിപരമായി അല്പം സുഖക്കുറവ് വന്നേക്കും. മൗനം വലിയ തോതിൽ രക്ഷ നൽകുന്നത് അനുഭവിച്ചറിയും. പ്രണയികൾക്കും ദമ്പതികൾക്കും ഏഴിലെ ചൊവ്വയും ശുക്രൻ്റെ നീചവും തടസ്സങ്ങളും അനൈക്യവും സൃഷ്ടിക്കുന്നതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കരുതലുണ്ടാവണം.

Advertisment

ഭരണി

ഔദ്യോഗികമായി ഗുണകരമായ വാരമാണ്. ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കും. ആലോചനകളെ ക്രിയകളാക്കാൻ തടസ്സമുണ്ടാവില്ല. ഒപ്പമുള്ളവരുടെ സഹകരണം തുടരപ്പെടും. പുതിയതായി എന്തെങ്കിലും പഠിച്ചറിയാൻ അവസരം സംജാതമാകും. ആഢംബരച്ചെലവുകൾ അനിവാര്യമാവും.  അനുഭവങ്ങളിൽ നിന്നും പലതും പഠിക്കും. വിശ്രമിക്കാൻ സമയം കുറയും. ഉറക്കക്കുറവ് ക്ഷീണമേകും. ദാമ്പത്യത്തിലും പ്രണയത്തിലും സ്വൈരം കുറയാനിടയുണ്ട്. തർക്കങ്ങളിൽ 
നിശബ്ദത നയമാക്കുന്നത് ഗുണകരമാവും.

Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

കാർത്തിക

പ്രതാപശാലിയാണെന്ന് തോന്നും. ഭൂതകാല മഹിമകളിലാവും മനസ്സ്. തീരുമാനങ്ങളിൽ സ്ഥിരത്വം കുറയുന്നതാണ്. കാര്യനിർവഹണത്തിന് പരാശ്രയത്വമുണ്ടാവും. സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് പറയാനാവില്ല. അമിത ചിലവുകൾ കുറയ്ക്കാൻ തയ്യാറാകേണ്ടതുണ്ട്. ഒപ്പമുള്ളവരെ പഴിക്കുന്നത് ശത്രുത വളർത്തിയേക്കാം. നിസ്സാര കാര്യങ്ങളിൽ അനാവശ്യമായ ഉത്കണ്ഠ വരാം. ദേഹാരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനമെന്നറിയണം. എന്നാൽ അശ്രദ്ധ ഒഴിവാക്കപ്പെടണം. വാരമധ്യത്തിലെ മൂന്നാലു ദിവസങ്ങൾ കൂടുതൽ മേന്മയുള്ളതായിരിക്കും. 

രോഹിണി

പരോപകാരത്താൽ ധന്യത അനുഭവപ്പെടും. മനസ്സമാധാനം അഭംഗുരമായി തുടരും. ജോലിസ്ഥലത്ത് കാര്യവിജയമുണ്ടാവും. പുതിയ സൗഹൃദം ഉടലെടുക്കാം.  വാക്കുകൾ ആദരവ് നേടിത്തരുന്നതാണ്. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാനിടയുണ്ട്. പഠനത്തിന് സാങ്കേതിക സഹായം കൂടുതലായി വേണ്ടി വന്നേക്കാം. കൃത്യാന്തരങ്ങൾ കാരണം കടമകൾ നിർവഹക്കാൻ തടസ്സമുണ്ടാവും. ബിസിനസ്സുകാർക്ക് ഗ്രൂപ്പായി നടത്തുന്ന ചിട്ടിയിൽ നിന്നും ആദായം കൈവരാം. കലാപരിപാടികൾക്ക് അവസരം കിട്ടിത്തുടങ്ങും. ഒരേ മേഖലയിൽ നിന്നും വെല്ലുവിളികൾ ഉയരുന്നതാണ്.

മകയിരം

പഴയകാര്യങ്ങൾ ഓർമ്മയിൽ വന്നുകൊണ്ടിരിക്കും. ചിലപ്പോൾ നഷ്ടബോധം അനുഭവപ്പെടാം. ഭാവിയെക്കുറിച്ച്  ആശങ്കയുണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നതാണ്. ചെറുയാത്രകൾ സന്തോഷകരമാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണയിൽ സന്തോഷിക്കും. ആരംഭിച്ച കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സമ്മർദ്ദമുണ്ടാവും. ബിസിനസ്സിൽ ലാഭം കുറയുന്നതായി തോന്നും.  സാമൂഹ്യമാദ്ധ്യമങ്ങളിൽ സക്രിയമായ സാന്നിദ്ധ്യം പുലർത്തും.

തിരുവാതിര

വാരാദ്യ ദിവസങ്ങളിൽ സ്വസ്ഥത കുറയും. കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവും. പണം കൂടുതൽ ചെലവാകുന്നതാണ്. ബുധൻ മുതൽ കാര്യങ്ങൾ വരുതിയിലാകും. ബന്ധുക്കളുടെ തീരുമാനങ്ങളോട് വിയോജിപ്പറിയിക്കും. കരാർപണിയിൽ കിട്ടേണ്ട കുടിശിക ഭാഗമായി കിട്ടും. സഹോദരന് സാമ്പത്തിക സഹായം ചെയ്യേണ്ടി വരുന്നതാണ്. ചികിൽസാ മാറ്റത്താൽ രോഗോപദ്രവത്തിന് ശമനം കണ്ടുതുടങ്ങും. ഗൃഹത്തിൽ കുളിമുറി, ഡ്രെയിനേജ് ഇവ സംബന്ധിച്ച അറ്റകുറ്റപ്പണി വേണ്ടിവരുന്നതാണ്. മകൻ്റെ ശാഠൃശീലം മനക്ലേശമുണ്ടാക്കാം.

പുണർതം

പാരമ്പര്യ തൊഴിലുകളിൽ വിജയിക്കാനാവും. പുതിയ ജോലി തേടുന്നവർക്ക് കാത്തിരിക്കേണ്ടി വരുന്നതാണ്. തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ദോഷത്തിനിടവരുത്തും. ബന്ധുക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിക്കാം. ചെറുപ്പക്കാർക്ക് തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉയരാം. പ്രണയജീവിതത്തിൽ അസംതൃപ്തി വരും. വാരാദ്യ ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങരുത്.  പഴയ കൈവായ്പ മടക്കിക്കിട്ടിയേക്കും.

പൂയം

ഗൗരവമുള്ള ചർച്ചകളിൽ പങ്കെടുക്കുകയും ചിന്തിക്കത്തക്ക അഭിപ്രായം പറയുകയും ചെയ്യും. ആത്മവിശ്വാസം കുറയാം. എന്നാൽ ഒപ്പമുള്ളവരിൽ വിശ്വാസം ജനിപ്പിക്കും. വീട്ടുകാര്യങ്ങളിൽ ശ്രദ്ധ കുറയാം. മകൻ്റെ പഠിപ്പിൽ ആശങ്കയുണ്ടാവും. പുതുവാഹനം വാങ്ങാൻ അനുകൂല സമയമല്ല. സഹായ വാഗ്ദാനങ്ങൾ ജലരേഖകളായേക്കും. പണം ചെലവാക്കുന്നതിൽ  പുലർത്തും. ഏജൻസി പ്രവർത്തനം തുടങ്ങാൻ ചിലരുടെ സഹായം സിദ്ധിക്കുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്വൈരക്കേടുണ്ടാവാം.

ആയില്യം

നക്ഷത്രാധിപനായ ബുധന്  ചൊവ്വയുമായി യോഗം വരുന്നതിനാൽ അനാവശ്യ കാര്യങ്ങളിൽ കലഹമേർപ്പെടാം.  ചിന്താപരത കൂടുകയാൽ മനസ്സുഖം കുറയുന്നതായി രിക്കും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കരുത്. സ്ത്രീകളുടെ സഹായം ലഭിക്കുന്നതാണ്. കർമ്മമേഖല ഉണരുവാൻ സാധ്യതയുണ്ട്. പ്രൈവറ്റ് സ്ഥാപനത്തിൽ വേതന വർദ്ധനയ്ക്ക് പരിഗണന ലഭിക്കാം. കഴിവതും പണയപ്പലിശ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. വൈദ്യപരിശോധനകളിൽ അമാന്തമരുത്. ആത്മീയ കാര്യങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. പുതിയ തലമുറയോട് പൊരുത്തപ്പെടാൻ വിഷമിക്കും.

Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

മകം

അനുകൂല സാഹചര്യങ്ങളാണ് എല്ലാമെന്ന് പറയാനാവില്ല. അധ്വാനം കൂടുന്നതാണ്. മേലധികാരികളെ ചിലതൊക്കെ ബോധിപ്പിക്കേണ്ടി വരുന്നതായിരിക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് അല്പം കൂടി കാത്തിരിക്കുകയാവും ഉത്തമം. സാമ്പത്തിക ഇടപാടുകൾക്ക് കണക്ക് സൂക്ഷിക്കുക ഉചിതമായിരിക്കും. എതിർചോദ്യങ്ങൾക്ക് മൗനം അവലംബിക്കേണ്ടി വന്നേക്കും. ശുപാർശകൾക്ക് പ്രതീക്ഷിച്ച ഫലം കിട്ടുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാം.

പൂരം

അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കർമ്മരംഗത്ത് ഉണർവ്വുണ്ടാവും. ഔദ്യോഗിക ചുമതലകൾ കൂടുന്നതാണ്. പുതിയ സഹായികളെ ലഭിക്കുന്നതിനാൽ കുറച്ചാശ്വാസം പ്രതീക്ഷിക്കാം. ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവും. നിഗമനങ്ങൾ എഴുതി സൂക്ഷിക്കും. ഉറ്റവരുടെ പ്രശ്നങ്ങൾ കണ്ടറിയും. അവസരോചിത നീക്കങ്ങൾ ഗുണം ചെയ്യും. പ്രശംസിക്കപ്പെടാം. ആവശ്യത്തിനുപരി ആഡംബരത്തിനും പണച്ചെലവുണ്ടാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങരുത്.

ഉത്രം

ചുറുചുറുക്കും സന്നദ്ധതയും കർമ്മമേഖലയിൽ ഗുണാനുഭവങ്ങൾ സൃഷ്ടിക്കാം. എന്നാൽ സഹപ്രവർത്തകർക്ക് ഒപ്പമെത്താൻ കഴിഞ്ഞേക്കില്ല. വ്യാപാരികൾക്ക് ആദായത്തിൽ കുറവുണ്ടാവില്ല. എന്നാൽ അധികം മുതൽമുടക്കിന് ഇപ്പോൾ മുതിരരുത്. ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. ചെറുയാത്രകൾ പ്രയോജനകരമാവും. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. സാഹിത്യ പ്രവർത്തനം മുന്നോട്ടുപോകും. ഭാവികാര്യങ്ങൾ ചിന്തിക്കും. ആഴ്ചയുടെ മധ്യഭാഗത്തിന് മേന്മ കുറയാം.

അത്തം

ആത്മവിശ്വാസം കുറയില്ല. ഉപജീവനരംഗം ഉന്മേഷമുള്ളതാവും. മനസ്സിൽ പുതിയ ആശയങ്ങൾ നിറയും. അവ അതേ ആവേശത്തോടെ ഒപ്പമുള്ളവർ സ്വീകരിക്കണമെന്നില്ല. ചെറുതടസ്സങ്ങളിൽ വ്യാകുലരാവും. ഗാർഹികസൗഖ്യം പ്രതീക്ഷിക്കാം. ജീവിതപങ്കാളിക്ക് വീട്ടിനടുത്ത് ജോലികിട്ടാം. വസ്ത്രാഭരണങ്ങൾ പാരിതോഷികമായി ലഭിച്ചേക്കാം. ചെറുകിട സംരംഭങ്ങൾ പുഷ്ടിപ്പെടുന്നതാണ്. കടബാധ്യത ഗഡുക്കളായി തീർക്കാൻ സാധിക്കും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്.

ചിത്തിര

മത്സരബുദ്ധിയുണ്ടാവും. പ്രവർത്തനങ്ങളിൽ ആത്മാർത്ഥത പുലർത്തുന്നതാണ്. കരിയർ ഗ്രാഫ് ഉയരാത്തതിൽ വിഷമിക്കും. മേലധികാരികളുടെ അപ്രീതി തുടരന്നതാണ്. കുടുംബാന്തരീക്ഷം മോശമാവില്ല. മകൻ്റെ ശാഠ്യശീലം കൊണ്ട് പുതിയ ബൈക്ക് വാങ്ങാൻ തീരുമാനിക്കുന്നതാണ്. ഏജൻസി/ ഡീലെർഷിപ്പ് മെച്ചപ്പെടും. ഉപഭോക്താക്കളെ സ്വാധീനിക്കാനാവും. ഗ്രഹങ്ങൾ ജന്മനക്ഷത്രത്തിലും മുന്നിലും പിന്നിലുമായി സഞ്ചരിക്കുകയാൽ സമ്മർദ്ദം ഉണ്ടായിക്കൊണ്ടിരിക്കും. സ്വയം ശാന്തരാവേണ്ടതുണ്ട്. വാരാദ്യദിനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവും.

ചോതി

ജന്മനക്ഷത്രത്തിലൂടെ ചൊവ്വ കടന്നുപോവുന്നതിനാൽ കാര്യനിർവഹണത്തിൽ ശ്രദ്ധയുണ്ടാവണം. ലാഘവബുദ്ധി ഉപേക്ഷിക്കപ്പെടേണ്ടതുണ്ട്. ക്ഷോഭവും മുൻകോപവും നിയന്ത്രിക്കാൻ ശ്രമിക്കണം. ഭാഗ്യാനുഭവങ്ങൾ വഴിമാറുന്നതായി തോന്നിയേക്കാം. ആദിത്യൻ പന്ത്രണ്ടിൽ സ്ഥിതി ചെയ്യുകയാൽ അധികാരികളുടെ സമ്മതം കിട്ടാതെ വരും. സ്വാശ്രയമായ ജോലികളിൽ ലാഭം വർദ്ധിക്കാനിടയുണ്ട്. സുഹൃത്തിന് സമയോചിതമായ ഉപദേശം നൽകുന്നതാണ്. പ്രണയത്തിലും ദാമ്പത്യത്തിലും വിട്ടുവീഴ്ച ഉണ്ടാവേണ്ടതുണ്ട്.

വിശാഖം

വിദ്യാഭ്യാസം, ഗവേഷണം, ലേഖനമെഴുത്ത് ഇവകളിൽ ശോഭിക്കുന്നതാണ്. പൊതുവേ ബൗദ്ധികമായി മെച്ചമുണ്ടാവുന്ന കാലമാണ്. ഉദ്യോഗസ്ഥർക്ക് അല്പം പിരിമുറുക്കം അനുഭവിക്കാറാകും. വിദേശജോലിക്കായുള്ള പരിശ്രമത്തിൽ തടസ്സങ്ങളേർപ്പെടും. ശുക്രൻ കന്നിയിൽ നീചസ്ഥിതിയിലാകയാൽ ഭൗതിക കാര്യങ്ങളിൽ അസംതൃപ്തി വരുന്നതാണ്. ആത്മീയ സാധനകൾ നടത്താനാവും. കൂട്ടുകച്ചവടം ലാഭത്തിലെത്തും. സന്താനങ്ങളെക്കൊണ്ട് മനക്ലേശം വരാം.  ഭൂമിവിൽപ്പന തടസ്സപ്പെടുന്നതാണ്.

അനിഴം

ആദരിക്കേണ്ടവരെ ആദരിക്കും. നിലപാടുകളിൽ മയമുണ്ടാവില്ല. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുമ്പോഴും പാരമ്പര്യത്തെ തള്ളിപ്പറയില്ല. വാരാദ്യം ആശയക്കുഴപ്പം നേരിടും. കർമ്മപരാങ്മുഖത്വം ഭവിക്കാം. ദേഹസുഖക്കുറവ് അനുഭവപ്പെടുന്നതാണ്. ക്രമേണ കാര്യസിദ്ധിയുണ്ടാവും. വരുമാനം ന്യായമായ ആവശ്യങ്ങൾക്ക് ചെലവഴിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നതാണ്. ഉദ്യോഗസ്ഥർക്ക് സുഗമമായ തൊഴിൽ സാഹചര്യം ഉണ്ടാവും. ഭോഗസുഖമുണ്ടായിരിക്കും. പ്രണയം അഭംഗുരമായി മുന്നേറുന്നതാണ്.

തൃക്കേട്ട

ആസൂത്രണ വൈഭവം ചിലപ്പോൾ വേണ്ടത്ര ഫലവത്തായില്ലെന്ന് വരാം. പരാശ്രയത്വം ഉണ്ടായേക്കും. എന്നാൽ തൊഴിലിടത്തിൽ സമാധാനമുണ്ടാവും. സഹപ്രവർത്തകരുടെ പിൻബലം  പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസം സുഗമമാവുന്നതിൽ തൃപ്തിയുണ്ടാവും. പുതിയ വ്യാപാരത്തെപ്പറ്റി ഗാഢമായ ആലോചനയിൽ ഏർപ്പെടും. ഗാർഹികമായ അന്തരീക്ഷം സുഖകരമാവും. ഗൃഹനിർമ്മാണം തടസ്സപ്പെടാതെ മുന്നേറിയേക്കും. വാരാദ്യത്തിലെ സ്വസ്ഥതക്കുറവൊഴിച്ചാൽ പൊതുവേ മെച്ചപ്പെട്ട വാരമാവും.

Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

ചന്ദ്രൻ ഉപചയരാശികളിലൂടെ സഞ്ചരിക്കുകയാൽ മനസ്സമാധാനം ഉണ്ടാവുന്നതാണ്. ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ യഥാവിധി പ്രാവർത്തികമാക്കാൻ കഴിയും. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നത്തിൽ ഉചിതമായ പോംവഴി നിർദ്ദേശിക്കും. ജോലിസ്ഥലത്ത് സ്വസ്ഥതയുണ്ടാവും. സാങ്കേതിക കാര്യങ്ങളിലുള്ള സംശയം വിദഗ്ദരിൽ നിന്നും പരിഹരിക്കുന്നതാണ്.  ഭാവിയിൽ പ്രയോജനം ചെയ്യുന്ന ലഘുനിക്ഷേപങ്ങൾ നടത്തുവാനാവും. കുടുംബാംഗങ്ങൾക്കൊപ്പം വിനോദത്തിനും, പുറമേ നിന്നും ഭക്ഷണം, ഷോപ്പിംഗ് തുടങ്ങിയവയ്ക്കും അവസരം വരും.

പൂരാടം

പതിനൊന്നാം ഭാവത്തിലെ കുജബുധയോഗം ശത്രുക്കളെ നിശബ്ദരാക്കും. കർമ്മമേഖലയിൽ സ്വാധീനം ഉയരുന്നതാണ്. ആത്മവിശ്വാസം വർദ്ധിക്കും. വ്യാപാരത്തിൽ നല്ല പുരോഗതിയുണ്ടാവും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങളിൽ അറിവ് വളർത്തുന്നതാണ്. സാഹിത്യ മേഖലയിൽ പ്രശസ്തി കൈവരും. കടബാധ്യതകൾ സംബന്ധിച്ച പരിഹാരത്തിന് വഴിതെളിയുന്നതാണ്.  വായ്പകൾ കൃത്യമായി അടയ്ക്കും. ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ച വിജയം കാണും.

ഉത്രാടം

കൂട്ടുബിസിനസ്സിൽ നിന്നും പിന്മാറാനാഗ്രഹിക്കും. സ്വന്തം സംരംഭത്തിന് സർക്കാർ അനുമതി ലഭിക്കുന്നതാണ്. സ്ഥലം മാറ്റ ഉത്തരവ് പ്രാബല്യത്തിൽ വരും. സന്ധിസംഭാഷണത്തിൽ വിജയിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടായേക്കും. എതിർപ്പുകളെ തമസ്കരിക്കാനാവും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.  അഭിമുഖത്തിൽ ശോഭിക്കുന്നതാണ്. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കും. മനസ്സിൻ്റെ മേൽ നിയത്രണം കുറയാം. ബുധനാഴ്ച മുതൽ കൂടുതൽ ഗുണഫലങ്ങളുണ്ടാവും.

തിരുവോണം

പ്രൊബേഷൻ കാലാവധി കഴിഞ്ഞ് ജോലിയിൽ സ്ഥിരീകരണം കിട്ടാം. ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കില്ല. പൂർവ്വികസ്വത്തിന്മേൽ സഹോദരരുമായി തർക്കം തുടരുന്നതാണ്. സുഹൃൽബന്ധം പ്രണയമായി മാറാൻ സാധ്യതയുണ്ട്. ഭൗതികചിന്തകളും ആഗ്രഹങ്ങളും കൂടും.  പുതുവാഹനം വാങ്ങാനിടയുണ്ട്. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉയരാനിടയുണ്ട്. കൗമാരക്കാരുടെ കാര്യത്തിൽ നിരീക്ഷണം വേണം. ഊഹക്കച്ചവടത്തിൽ നഷ്ടം വന്നേക്കാം. ജീവിതശൈലീ രോഗങ്ങളിൽ ജാഗ്രതയുണ്ടാവണം. ഞായർ, വെള്ളി, ശനി ദിവസങ്ങളിൽ സമ്മർദ്ദം ഭവിക്കാം.

അവിട്ടം

തൊഴിലിൽ വളർച്ച പ്രതീക്ഷിക്കാം. ഉന്നതോദ്യോഗസ്ഥർ പിന്തുണക്കുന്നതാണ്.  അപ്രസക്ത കാര്യങ്ങൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കേണ്ടി വന്നേക്കും. ആരോഗ്യകാര്യത്തിലെ ലാഘവം ഒഴിവാക്കപ്പെടണം. മനസ്സിനിഷ്ടമില്ലാത്ത വാർത്തകൾ കേൾക്കാം. പൊതുവേ സാമ്പത്തിക നില ഉയരുന്നതാണ്. വരുമാന സ്രോതസ്സുകളിലെ തടസ്സങ്ങൾ നീക്കാനായേക്കും. സമൂഹത്തിൽ അർഹിക്കുന്ന അംഗീകാരം  ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ ഒട്ടൊക്കെ സമാധാനം പുലരും. മകൻ്റെ ജോലിക്കാര്യത്തിൽ ഉറപ്പ് ലഭിക്കാം.

ചതയം

മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വീണ്ടും ജോലിക്ക് ക്ഷണമുണ്ടാവും. ഭാഗ്യാനുഭവങ്ങൾ കൂടുന്നതായി തോന്നാം. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. വ്യവഹാരങ്ങൾക്കായി സമയം കളയാതിരിക്കുന്നത് അഭികാമ്യം. പാർട്ണർമാരുമായി ഡീലർഷിപ്പ് തുടങ്ങാൻ തീരുമാനിക്കുന്നതാണ്. കൃഷിക്കാര്യത്തിൽ മനസ്സിന് മടുപ്പുണ്ടാവും. സുഹൃത്തുക്കളുമായി യാത്ര പോകാൻ തീരുമാനിച്ചേക്കും. തറവാടിൻ്റെ നവീകരണം പുരോഗമിക്കുന്നതാണ്. ഏകോപനം പ്രശംസിക്കപ്പെടും. ആദർശനിഷ്ഠ കുറയുകയാണോ എന്നതിൽ ആത്മപരിശോധനയുണ്ടാവും.

പൂരൂരുട്ടാതി

പഴയ കടബാധ്യതകൾ അലട്ടിയേക്കും. പോംവഴി കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശനി ജന്മനക്ഷത്രത്തിൽ പ്രവേശിച്ചതിനാൽ മനോവാക്കർമ്മങ്ങളിൽ ശ്രദ്ധയുണ്ടാവണം. ആത്മവിശ്വാസത്തിന് ഭംഗം വരാൻ സാധ്യതയുണ്ട്. മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കും. വിദ്യാർത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ ആശാസ്യമാവില്ല. ചെറുകിട സംരംഭങ്ങളിൽ നിന്നും തരക്കേടില്ലാത്ത വരുമാനം വരുമെന്നത് ആശ്വാസമാണ്. പ്രകോപനങ്ങളിൽ മൗനം പാലിക്കണം. ബുധൻ, വ്യാഴം, വെള്ളി കൂടുതൽ മേന്മയുള്ള ദിവസങ്ങളായിരിക്കും.

ഉത്രട്ടാതി

ജന്മനക്ഷത്രത്തിൽ നിന്നും ശനി താത്കാലികമായി പിൻവാങ്ങിയത് ആശ്വാസത്തിന് കാരണമാകുന്നതാണ്. കുജൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ ദേഹക്ഷീണം,വീഴ്ച, കാര്യതടസ്സം തുടങ്ങിയവ വരാം. കഠിനാധ്വാനം ലക്ഷ്യപ്രാപ്തിക്ക് ആവശ്യമാവും.  പുതിയ തൊഴിലിനുള്ള അഭിമുഖത്തിൽ ശോഭിക്കുന്നതാണ്. രാഷ്ട്രീയ ചർച്ചകളിൽ താത്പര്യമേറുന്നതാണ്. സുഹൃത്തുക്കളുടെ ആവശ്യത്തിനായി ഒരു ദിവസം മാറ്റിവെക്കും. ഉത്സവയോഗങ്ങളിൽ സംബന്ധിക്കും. ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.

രേവതി

കഠിനാദ്ധ്വാനത്തിലൂടെ കാര്യനേട്ടമുണ്ടാവും. സർക്കാർ  കാര്യങ്ങളിൽ തടസ്സം തുടരുന്നതാണ്. പകരക്കാരുടെ പ്രവൃത്തികൾ സല്പേരിന് വിഘാതം വരുത്തും. യാത്രകൾ കൊണ്ട് പറയത്തക്ക നേട്ടം ഉണ്ടാവണമെന്നില്ല. അവസരവാദികളെ തിരിച്ചറിയേണ്ടതുണ്ട്.  കമ്മീഷൻ വ്യാപാരം ലാഭകരമാവും. ഗൃഹത്തിൽ സമാധാനം പ്രതീക്ഷിക്കാം. ഭൂമിയിൽ വേലികെട്ടുക, കളപറിക്കുക തുടങ്ങിയ ജോലികൾക്കായി ചെലവുണ്ടായേക്കും. ചർച്ച / പ്രസംഗം ഇവയ്ക്ക് വേണ്ട തയ്യാറെടുപ്പ് നടത്തും. വിമർശിക്കുന്നവരെ അവഗണിക്കുവാൻ തയ്യാറാവും. ആരോഗ്യപ്രശ്നങ്ങളുള്ളവർ പതിവ് പരിശോധനകളിൽ വൈമുഖ്യം കാട്ടരുത്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: