/indian-express-malayalam/media/media_files/2025/03/18/april-20-to-april-26-2025-weekly-horoscope-astrological-predictions-makam-to-thriketta-643858.jpg)
Weekly Horoscope, November 02 -November 08
Weekly Horoscope: : ആദിത്യൻ തുലാം രാശിയിൽ ചോതി- വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ് വാരാദ്യം.
ബുധനാഴ്ച പൗർണമി ഭവിക്കുന്നു.
വ്യാഴാഴ്ച മുതൽ കറുത്തപക്ഷം ആരംഭിക്കുകയാണ്. ചൊവ്വയും ബുധനും വൃശ്ചികം രാശിയിൽ തുടരുന്നു. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം സംഭവിക്കുകയാണ്. നവംബർ 2 ന് ഞായറാഴ്ച നീചം കഴിഞ്ഞ് ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ശനിയുടെ മീനം രാശിയിലെ വക്രഗതി തുടരുന്നു. വ്യാഴം കർക്കടകം രാശിയിൽ അതിചാരത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു.
ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകം
പ്രതീക്ഷിച്ച ചിലതൊക്കെ നടക്കാതെ പോവുന്നത് വ്യസനിപ്പിക്കും. കാര്യസാധ്യത്തിന് വളഞ്ഞവഴി സ്വീകരിക്കാൻ കഴിയുകയുമില്ല. ഉന്നത വ്യക്തികളുടെ പ്രീതി നേടുന്നതാണ്. കുടുംബകാര്യങ്ങളിൽ മുന്നത്തേതിലും ഔൽസുക്യമേറും. നവസംരംഭങ്ങൾ ബാലാരിഷ്ട പിന്നിടുന്നതാണ്. പൂജകൾക്കും ദൈവിക സമർപ്പണങ്ങൾക്കും നേരം കണ്ടെത്തും. ബുധനാഴ്ച മുതൽ കാര്യസിദ്ധി തടസ്സം കൂടാതെ കൈവരുന്നതാണ്. പ്രണയികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകും. വിലകൂടിയ വസ്തുക്കൾ വാങ്ങുന്നതാണ്. വായ്പ നേടാൻ ശ്രമം തുടർന്നേക്കും.
പൂരം
കാര്യങ്ങൾ അനുകൂലമാവുന്ന വാരമാണ്. ലഘുപ്രയത്നം നേട്ടമുണ്ടാക്കും. അഭിപ്രായങ്ങൾക്ക് സ്വീകാര്യത കൈവരുന്നതാണ്. സ്ത്രീകളുടെ പിന്തുണയുണ്ടാവും. സങ്കല്പ ലോകത്തിൽ നിന്നിറങ്ങി യാഥാർത്ഥ്യ ബോധത്തോടെ പെരുമാറും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി/ലൈസൻസ് കിട്ടുന്നതാണ്. കൂട്ടുകച്ചവടത്തിൽ കരുതലുണ്ടാവണം. കരാറുകളുടെ വ്യവസ്ഥകൾ വായിച്ചറിയേണ്ടതുണ്ട്. പാഴ്ചെലവുകൾ ഉണ്ടാവുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഞായർ മുതൽ ചൊവ്വ വരെ വാക്കിലും കർമ്മത്തിലും കരുതലുണ്ടാവണം.
ഉത്രം
ഉന്നതരുമായുള്ള ബന്ധത്തിലൂടെ ഔദ്യോഗിക നേട്ടങ്ങൾ കൈവരിക്കുന്നതാണ്. തൊഴിലിടത്തിൽ സ്വാതന്ത്ര്യവും സമാധാനവുമുണ്ടാവും. വിപണിയുടെ സ്പന്ദനമറിഞ്ഞ് പ്രവർത്തിക്കും. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. ചിങ്ങക്കൂറുകാർക്ക് ഗൃഹത്തിൽ സ്വൈരം കുറയാം. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണ്. കന്നിക്കൂറുകാർക്ക് സഹോദരൻ മൂലം നേട്ടങ്ങൾ വന്നെത്തും. വാഗ്ദാനങ്ങൾ പാലിക്കാനാവും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാനവസരം കിട്ടും. ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. വാരാന്ത്യദിവസങ്ങളിൽ ദേഹക്ലേശമനുഭവപ്പെടുന്നതാണ്.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
അത്തം
ആത്മവിശ്വാസത്തോടെ പ്രവർത്തനങ്ങളിൽ മുഴുകാനാവും. പുതിയ കാര്യങ്ങളുടെ പ്രയോഗികത ചിന്തിച്ചുറപ്പിക്കും. വ്യാപാരത്തിൽ നിന്നും ധനാഗമം മോശമാവില്ല. വാഗ്ദാനങ്ങൾ പാലിക്കാനാവും. പ്രണയാനുഭവങ്ങൾ തീക്ഷ്ണമാകുന്നതാണ്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകളെ നേരിടേണ്ടിവന്നാലും നേതൃത്വത്തിൽ തുടരാനാവും. ക്രിയാപരത എഴുത്ത്, ചിത്രകല, അഭിനയം എന്നിവയ്ക്ക് മികവുണ്ടാക്കും. ബന്ധുസമാഗമം സന്തോഷ സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭാവികാര്യങ്ങൾ ഉദ്ദേശിച്ച് ലഘുനിക്ഷേപങ്ങൾ നടത്താനായേക്കും. വാരാദ്യ ദിവസങ്ങൾക്ക് മേന്മയേറും.
ചിത്തിര
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യം വരുന്നതിനാൽ ആത്മശക്തി ചോരാം. തീരുമാനങ്ങളെടുക്കാൻ വിഷമിക്കും. നടപ്പാക്കുന്നതിലും ചഞ്ചലത്വം ഏർപ്പെടുന്നതാണ്. പഠനത്തിൽ ഏകാഗ്രത കുറയാനിടയുണ്ട്. സ്വാശ്രയ വ്യാപാരത്തിൽ പങ്കാളികളെ ചേർക്കുന്നത് കരുതലോടെയാവണം. ഭൂമിവ്യാപാരത്തിൽ നിയമക്കുരുക്ക് ഏർപ്പെടാം. മാറ്റത്തിന് ശ്രമിക്കാതെ നിലവിലെ സ്ഥിതി മുൻനടത്താൻ ശ്രമിക്കുന്നതാവും കരണീയം. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. കുടുംബത്തിൻ്റെ മാനസി പിന്തുണ കരുത്തുപകരുന്നതാണ്.
ചോതി
ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് അവ്യക്തതയുണ്ടാവും. ദേഹ ക്ഷീണമനുഭവപ്പെടും. പ്രയത്നശീലം ഭാഗികമായ വിജയം സമ്മാനിക്കുന്നതാണ്. നീണ്ട അവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാനാവും. പുതിയ സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. കാര്യാലോചനകളിൽ പ്രായോഗികമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. അലങ്കാര വസ്തുക്കൾ വാങ്ങുന്നതാണ്. ചെലവിനെക്കുറിച്ച് ഉൽക്കണ്‌ഠയുണ്ടാവില്ല. വാക്കുകളിൽ പാരുഷ്യം വരാതെ നോക്കണം. സുഖഭോഗം, ഭക്ഷണ സംതൃപ്തി ഇവ പ്രതീക്ഷിക്കാം.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
വിശാഖം
അദ്ധ്വാനം കൂടുന്നതാണ്. എന്നാൽ അത് തിരിച്ചറിയപ്പെടണമെന്നില്ല. അധികാരികൾ പ്രയത്നം കണ്ടില്ലെന്ന് നടിച്ചേക്കാം. പുതിയ പ്രോജക്ടുകൾ പെൻഡിംഗിൽ വെക്കുകയാവും ഉചിതം. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വലിയ ഉത്തരവാദിത്വങ്ങളുടെ ചുമതല ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും വന്നെത്തും. കുടുംബത്തിൻ്റെ പിൻബലം സന്തോഷമേകും. മകളുടെ വിദേശ ഉപരിപഠനത്തിന് ധനം കണ്ടെത്തുവാൻ ശ്രമം തുടരും. ഭാഗ്യാനുഭവങ്ങൾ വന്നുകൂടായ്കയില്ല. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. വാരാന്ത്യം കരുതൽ വേണ്ടതുണ്ട്.
അനിഴം
എവിടെയും ന്യായമായ പരിഗണന ലഭിക്കുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകും. വിഷമപ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നതാണ്. ജന്മകുജൻ മാനസിക പിരിമുറുക്കം സൃഷ്ടിച്ചേക്കും. വസ്തുതർക്കങ്ങൾ പരിഹരിക്കാൻ ക്ലേശിക്കുന്നതാണ്. ധനവരവ് തടസ്സപ്പെടില്ല. പിതാവിന് നേട്ടങ്ങൾ ഉണ്ടാവും. സ്ഥാനോന്നതി കൈവരിക്കും. ഭാഗ്യസ്ഥാനത്തിരിക്കുന്ന ഉച്ചവ്യാഴം സ്ഥിതിഗതികൾ അനുകൂലമാക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ആത്മീയ കാര്യങ്ങളിൽ താത്പര്യം വളരുന്നതാണ്.
തൃക്കേട്ട
വാരാദ്യം ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെടാം. കർമ്മമേഖലയിൽ ആലസ്യത്തിനിടയുണ്ട്. തുടർ ദിവസങ്ങളിൽ സ്ഥിതി അനുകൂലമാവും. ഭാവികാര്യങ്ങൾ മനസ്സിൽക്കണ്ട് ചില പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. തൊഴിൽ രംഗത്ത് സമാധാനമുണ്ടായിരിക്കും. വ്യാപാരത്തിൽ നിന്നുമുള്ള ആദായം മോശമാവില്ല. വിവാദങ്ങളോട് പുറം തിരിഞ്ഞുനിൽക്കു ന്നതാവും അഭികാമ്യം. സഹോദരന് സാമ്പത്തിക സഹായം നൽകുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. പൊതുപ്രവർത്തകർ വിമർശിക്കപ്പെടാം. മറ്റുള്ളവരുടെ വാക്കുകൾ ശ്രവിക്കാൻ സന്നദ്ധതയുണ്ടാവണം.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us