scorecardresearch

ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Mercury Mars conjunction 2025: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7, 10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം/ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

Mercury Mars conjunction 2025: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7, 10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം/ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം

author-image
S. Sreenivas Iyer
New Update
budhakuja

Mercury Mars conjunction 2025: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ?

Astrology: തുലാം രാശിയിൽ ഒരുമിച്ച ബുധനും ചൊവ്വയും ഒക്ടോബർ 7,10 തീയതികളിലായി വൃശ്ചികം രാശിയിലും സഹയാത്രികരാവുകയാണ്. ഒരുമാസത്തോളം ഇവരുടെ കൂട്ടുകെട്ട് വൃശ്ചികത്തിലും തുടരുന്നതാണ്.

Advertisment

 ചൊവ്വയുടെ ഒരേയൊരു ശത്രുഗ്രഹമാണ് ബുധൻ. (enemy planet). എന്നാൽ ബുധന് ബന്ധുവുമല്ല, ശത്രുവുമല്ല   സമനാണ് അഥവാ Neutral ആണ് ചൊവ്വ. ഒരുവിധത്തിലുള്ള സമാനതകളും ഈ ഗ്രഹങ്ങൾക്കിടയിലില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 

ചൊവ്വയുടെ സ്വക്ഷേത്രമാണ് വൃശ്ചികം രാശി.  ആ ആനുകൂല്യം അധികം തുടരില്ല. തുലാം 19 മുതൽ/ നവംബർ 6 മുതൽ ചൊവ്വ മൗഢ്യത്തിലാവുകയാണ്. (Debilitated Stage). ബുധനാകട്ടെ വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ മൗഢ്യം ബാധിക്കുന്നുമില്ല. വൃശ്ചികം 1 / 
നവംബർ 17 മുതൽ ആദിത്യനും വൃശ്ചികം രാശിയിൽ സഞ്ചരിക്കും. നവംബർ 23 ന് ബുധൻ വക്രഗതിയായി തുലാത്തിലേക്ക് കടക്കുമ്പോൾ ഈ കൂട്ടുകെട്ടിന് താത്കാലിക വിരാമം വരുകയായി.

ഏതൊക്കെ രാശിക്കാർക്കാണ് ഇതിൻ്റെ ദോഷം / ഗുണം അനുഭവപ്പെടുകയെന്ന് പര്യാലോചിക്കാം.

Advertisment

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

അഷ്ടമഭാവത്തിലാണ് കുജബുധയോഗം ഭവിക്കുന്നത്.  എട്ടാമെടത്തിലെ ചൊവ്വ അശുഭനും ദോഷഫലദാതാവുമാണ്. കാര്യതടസ്സം സൃഷ്ടിക്കും. അധികാര സ്ഥാനത്തുള്ളവർക്ക് വെല്ലുവിളികൾ ഉണ്ടാക്കും. എന്നാൽ എട്ടാമെടത്തിലെ ബുധൻ ഗുണഫലങ്ങൾ നൽകുന്നതാണ്. മുടങ്ങിയ വിദ്യാഭ്യാസം പൂർത്തിയാക്കാനും പുതിയ കാര്യങ്ങൾ പഠിച്ചറിയാനും അവസരങ്ങൾ വന്നെത്തുന്നതാണ്. ആശയപ്രകാശനം കൃത്യമാവും. ബന്ധുക്കളുടെ സഹായം ലഭിക്കാം. ഉറ്റവർ തമ്മിലുള്ള പിണക്കം തീരാൻ സാധ്യതയുണ്ട്. ദുസ്സാധ്യമായ കാര്യങ്ങൾ കുജബുധയോഗത്താൽ  ലഘുയത്നം കൊണ്ടുതന്നെ നേടിയെടുക്കും. ബിസിനസ്സിൽ നിന്നും സാമാന്യമായ സാമ്പത്തികം വന്നെത്തും. സഹപ്രവർത്തകർ തമ്മിലുള്ള ഏകോപനത്തിന് മുൻകൈയെടുക്കുന്നതാണ്. എതിർപ്പുകളിൽ കൂസുകയില്ല. പ്രണയാനുഭവങ്ങൾ മങ്ങാനിടയുണ്ട്. ഈ ഘട്ടത്തിൽ പുതുജോലി ലഭിക്കുക എളുപ്പമായേക്കില്ല. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ എർപ്പെടാനിടയുണ്ട്.

ഇടവക്കൂറുകാർക്ക് (കാർത്തിക ഒന്നാം പാദം, രോഹിണി, മകയിരം 1,2 പാദങ്ങൾ)

ഏഴാം ഭാവത്തിലാണ് കുജ ബുധയോഗം സംഭവിക്കുന്നത്. ഗുണരാഹിത്യവും ദോഷവും പ്രഥമദൃഷ്ട്യാ ഉള്ള ഉള്ളഫലങ്ങളാകുന്നു. പ്രശ്നങ്ങൾ അഴിക്കുന്തോറും മുറുകി വരുന്നതായി അനുഭവപ്പെടും. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ തടസ്സങ്ങളുണ്ടാവുന്നതാണ്. യാത്രകൾ നിഷ്പ്രയോജനകരമായി മാറിയേക്കും. വിദേശത്തുളളവർക്ക് തൊഴിൽ പ്രശ്നങ്ങൾ അധികരിക്കാനിടയുണ്ട്. കൂട്ടുകച്ചവടം നഷ്ടത്തിലാവാനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ! തന്മൂലം പാർട്ണർഷിപ്പിൽ നിന്നും പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചേക്കും. ദേഹക്ലേശം, മുറിവുകൾ, ഉറക്കക്കുറവ് ഇവയ്ക്ക് സാധ്യതയുണ്ട്. പ്രണയികൾക്ക് കുജബുധയോഗത്താൽ  ഗുണം കുറയുന്ന കാലമായിരിക്കും. തമ്മിൽ തമ്മിൽ കലഹങ്ങൾ വന്നേക്കാം. ദാമ്പത്യത്തെയും സ്വൈരക്കേടുകൾ ബാധിക്കുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞേക്കും. പാണ്ഡിത്യപ്രകടനം ആദരലബ്ധിക്ക് കാരണമാകുന്നതാണ്.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

കുജബുധയോഗം മിഥുനക്കൂറിൽ ജനിച്ചവർക്ക് പൂർണ്ണമായും അനുകൂലമാണ്. ആറാം ഭാവത്തിൽ സ്ഥിതി ചെയ്യുമ്പോൾ കുജൻ്റെ / ചൊവ്വയുടെ നന്മ ചെയ്യാനുള്ള കഴിവ് വളരുന്നു. ശത്രുക്കളെ അവഗണിച്ച് മുന്നേറും. കൃത്യനിഷ്ഠയോടെ കർമ്മരംഗത്ത് ശോഭിക്കുന്നതാണ്. തൊഴിലന്വേഷിക്കുന്നവർ നിരാശപ്പെടില്ല. ഭാവിക്ക് ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യും. കടം വീട്ടാനാവും, ഭാഗികമായെങ്കിലും. കിട്ടേണ്ട തുക കൈവരുന്നതുമാണ്. ധനാഗമ മാർഗങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കും.  ആറാം ഭാവത്തിലെ ബുധൻ ഏകാഗ്രത വളർത്തും. പഠനം, ഗവേഷണം ഇത്യാദികളിൽ ശോഭിക്കാനാവും. കളികളിലും മത്സരങ്ങളിലും പരിശീലനം നടത്തി കഴിവുകൾ വളർത്തുന്നതാണ്. ആശയവിനിമയ ശേഷി ശ്രദ്ധേയമാവും. ബന്ധുക്കളുടെ പിണക്കം അനുരഞ്ജനത്തിലെത്തുന്നതാണ്. ഭൂമി വാങ്ങാനുള്ള ശ്രമം ഫലവത്താകും. ക്രയവിക്രയങ്ങളിൽ ലാഭം അധികരിക്കും. ശാരീരികവും മാനസികവും ആയ ആരോഗ്യം മെച്ചപ്പെടുന്നതാണ്.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

ചൊവ്വയും ബുധനും അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ക്ലേശഫലങ്ങൾക്കാവും മുൻതൂക്കം വരിക. ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തവർ എന്ന ആക്ഷേപത്തിന് ശരവ്യരാവും. സർക്കാർ കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തിക്ക് ആവർത്തനശ്രമം വേണ്ടിവരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പരാങ്മുഖത്വം വരാം. ചെയ്യുന്ന പ്രവർത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന ശീലം പെരുകും. ചെയ്തുവരുന്ന തൊഴിലിൽ വിരക്തി ഏർപ്പെടും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഫലസിദ്ധി വൈകാം. രോഗചികിൽസക്കായി പണച്ചെലവേറുന്നതല്ലാതെ ഭേദം ഉണ്ടാവണമെന്നില്ല. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠകൾ ഉണ്ടാവും.  പൂർവ്വികസ്വത്ത് സംബന്ധിച്ച തർക്കങ്ങൾ തുടരപ്പെടുന്നതായിരിക്കും. പ്രണയശൈഥില്യത്തിന് സാധ്യത കാണുന്നു. ചെറുകിട സംരംഭങ്ങളിൽ നിന്നും കമ്മീഷനിലൂടെയും ധനാഗമം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

നാലാമെടമായ വൃശ്ചികത്തിലാണ് ബുധനും ചൊവ്വയും ഒരുമിക്കുന്നത്. സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ചൊവ്വ മനസ്സമാധാനത്തെ നശിപ്പിക്കും. ദേഹക്ലേശത്തിനും വഴിയൊരുക്കുന്നതാണ്. സുഹൃൽബന്ധം ബാധിക്കപ്പെടാം. പുതുവാഹനം വാങ്ങാൻ ഉചിതസമയമല്ല. പ്രണയികൾക്കിടയിൽ തർക്കങ്ങളേർപ്പെടാം.  വസ്തുവിൽക്കുന്ന കാര്യത്തിൽ നല്ല തീരുമാനം ഉണ്ടായേക്കും. ഗൃഹനിർമ്മാണം തുടരാൻ വായ്പ/ പരസഹായം ലഭിക്കുന്നതാണ്. നാലാമെത്തിലെ ബുധൻ വിദ്യാഭ്യാവകാര്യത്തിൽ പുരോഗതിയേകും. ചൊവ്വയുടെ ക്ഷോഭശീലവും എടുത്തുചാട്ടവും ബുധൻ്റെ വിവേകശീലത്താൽ നിയന്ത്രിക്കപ്പെടും. പിണങ്ങിയ സുഹൃത്തുക്കളെ തമ്മിൽ ഇണക്കാൻ മുൻകൈയെടുക്കും. വ്യാപാര കാര്യത്തിൽ അനുഭവപ്പെട്ടുപോന്ന ആലസ്യം മാറി, ഉണർവ്വ് പ്രകടമാവുന്നതാണ്. പൂർവ്വകാല സുഹൃത്തുക്കളെ കാണാനിടവരും. സമ്മേളനങ്ങളിൽ പ്രസംഗിക്കുന്നതാണ്. സഹൃദയത്വം പുഷ്ടിപ്പെടും. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലിക്കായി പരിശ്രമിച്ചാൽ തത്കാലം നിരാശയാവും ഫലം. അനുകൂല സാഹചര്യങ്ങൾ വിളിപ്പുറത്തു തന്നെയുണ്ടാവും. ക്ഷമയുണ്ടായാൽ മതി.

Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

കന്നിക്കൂറിന് (ഉത്രം 1,2,3 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

മൂന്നാം ഭാവത്തിലാണ് ബുധകുജയോഗം ഭവിക്കുന്നത്. പാപഗ്രഹങ്ങൾ മൂന്നാമെടത്തിൽ സഞ്ചരിക്കുമ്പോൾ ഗുണദാതാക്കളായി മാറുന്നതാണ്. ചൊവ്വ വലിയ നേട്ടങ്ങൾ സമ്മാനിക്കും കന്നിക്കൂറുകാർക്ക് വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ. സഹോദരരുമായുള്ള അവകാശ തർക്കങ്ങൾ പറഞ്ഞുതീർക്കുന്നതാണ്.  സാഹസികമായി ചിലതൊക്കെ നേടിയെടുക്കും.  ഔദ്യോഗികമായി സുഗമത ഉദയം ചെയ്യുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ഉയർച്ച പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐക്യം പുലരും. വാടകവീടിന് പുതിയ താമസക്കാരെ ലഭിക്കുന്നതാണ്. ബുധൻ മൂന്നാമെടത്തിൽ ഉള്ളതിനാൽ ഗവേഷണം, ശാസ്ത്രീയ പഠനം, കലാഭ്യാസം തുടങ്ങിയവയിൽ തടസ്സങ്ങളേർപ്പെടും. ദുർവാക്കുകൾ പറയാനോ കേൾക്കാനോ സാധ്യതയുണ്ട്. സംഘടനയിൽ ഏകോപനം ക്ലേശപ്രദമാവാം. ബന്ധുക്കളുടെ  സഹകരണം കുറയുന്നതാണ്. ബുദ്ധിപരമായ തീരുമാനങ്ങൾക്കു പകരം വൈകാരിക സമീപനങ്ങൾ കൈക്കൊള്ളുവാനിടയുണ്ട്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3  പാദങ്ങൾ)

ജന്മരാശിയുടെ രണ്ടാംകൂറിലാണ് ചൊവ്വയും ബുധനും സഞ്ചരിക്കുന്നത്. ബുധൻ്റെ സ്ഥിതിയാൽ വചോവിലാസം ശ്രദ്ധേയമാകും. പണ്ഡിതോചിതമായി സംസാരിക്കും. എന്നാൽ വാക്സ്ഥാനത്ത് ചൊവ്വയും സഞ്ചരിക്കുകയാൽ പരുഷവാക്കുകൾ പറയാനും മടിക്കില്ല. ധനവരവ് സുഗമമാവുന്നതാണ്. എന്നാൽ ചെലവേറാനും സാധ്യത കാണുന്നു. ആശുപത്രിച്ചെലവുകൾ ഉണ്ടായേക്കാം. കടം വാങ്ങിയ തുക കൊടുക്കാൻ നിർബന്ധിതരാവും. വസ്തു/ കെട്ടിടം ഇവയിൽ നിന്നുള്ള വരുമാനം കൈവരുന്നതാണ്. വിദ്യാർത്ഥികൾ പരീക്ഷകളിൽ ശോഭിക്കും. ജോലി തേടുന്നവർ അഭിമുഖങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ്. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ട സ്ഥിതി സംജാതമാകും. പ്രണയികൾ കലഹിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം വന്നെത്തും. എന്നാൽ അനുരഞ്ജനത്തിന് സന്നദ്ധത തയ്യാറാകണം. ബിസിനസ്സ് യാത്രകൾ വിജയിക്കും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ജന്മരാശിയിലാണ് ബുധനും ചൊവ്വയും ഇണങ്ങുന്നത്. പാപഗ്രഹം - ചൊവ്വ- ജന്മരാശിയിലൂടെ സഞ്ചരിക്കുമ്പോൾ പലതരം പ്രശ്നങ്ങളെ ഒരു വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ബുധനും ജന്മരാശിയിൽ അനുകൂലനല്ല. സമ്മർദ്ദങ്ങൾ ആവർത്തിക്കുന്നതായിരിക്കും. ഏകാഗ്രത നഷ്ടപ്പെടുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ അധികരിച്ചേക്കും. ബിസിനസ്സിൽ വരുമാനം കുറയാം. വലിയ തോതിൽ മുതൽമുടക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ വേള ഉചിതമല്ല. യാത്രകളിൽ കളവ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ദുഷ്കീർത്തിക്ക് കാരണമാകുന്നതാണ്. സുഹൃത്തുക്കൾ  നിസ്സാരകാരണത്താൽ വിരോധിക്കാം. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ കാട്ടണം. ഗൃഹനിർമ്മാണത്തിന് സഹായം നൽകാമെന്നേറ്റവർ പിൻവാങ്ങാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പാരസ്പര്യം കുറയാനിടയുണ്ട്. പ്രണയിക്കുന്നവർ ആത്മാർത്ഥതയില്ലായ്മ ശങ്കിക്കും. 

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

പന്ത്രണ്ടാമെടത്തിലാണ് ബുധനും ചൊവ്വയും സഞ്ചരിക്കുന്നത്. ഗ്രഹമേതായാലും പന്ത്രണ്ടാമെടം അനിഷ്ടഫലങ്ങൾ നൽകുന്ന സ്ഥാനമാണ്. വരവുണ്ടെങ്കിലും ഇല്ലെങ്കിലും ചെലവിന് കുറവുണ്ടാവില്ല. ദൂരദിക്കിലേക്ക് യാത്രവേണ്ടി വരുന്നതാണ്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. എത്ര സ്വതന്ത്രശീലരാണെന്ന് വന്നാലും പരാശ്രയം വേണ്ട സാഹചര്യം രൂപപ്പെടുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ അവധി ലഭിച്ചേക്കില്ല. ദുഷ്പ്രേരണകൾ വശംവദരാവാതിരിക്കേണ്ട സന്ദർഭമാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ വിഷമിക്കും. ഭോഗവിഘാതം, ദേഹസുഖക്കുറവ് ഇവ സാധ്യതകൾ. സംരംഭങ്ങൾക്ക് പണം കണ്ടെത്താൻ പണിപ്പെടുന്നതാണ്. ഏകാഗ്രത കുറയുകയാൽ ദൗത്യങ്ങളിൽ ദുർഘടത്വം വന്നുചേരും. ശത്രുക്കളെ അമിതമായി ഭയക്കും.  'നിഴൽയുദ്ധം' നടത്തിയെന്നു വരും. തീർത്ഥാടനം, വിനോദയാത്ര ഇവയ്ക്ക് അവസരം ഉണ്ടായേക്കും. ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റം തടയാൻ നടത്തുന്ന പരിശ്രമങ്ങൾ വിഫലമായേക്കാം.

മകരക്കൂറിന് (ഉത്രാടം 1,2,3 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

പതിനൊന്നാമെടത്തി ൽ ഗുണപ്രദന്മാരാണ് എല്ലാ ഗ്രഹങ്ങളും. ബുധനും ചൊവ്വയും മകരക്കൂറുകാർക്ക് പതിനൊന്നിലാണ് സഞ്ചരിക്കുന്നത്. അതിനാൽ കാര്യസിദ്ധി വേഗത്തിലാവും. നേട്ടങ്ങൾ തടസ്സപ്പെടുകയില്ല. കുടുംബ പ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കും. പൊതുരംഗത്തുള്ളവരുടെ ജനകീയത  ഉയരുന്നതാണ്. വ്യാപാരത്തിൽ നിന്നും പണവരവ് അധികമാവും. മത്സരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ജോലി തേടുന്നവർക്ക് കഴിവിലുപരിയായ പദവികൾ ലഭിക്കുന്നതാണ്. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണയോടെ വിവാഹസാഫല്യം പ്രതീക്ഷിക്കാം.  മക്കൾക്ക് പഠനവിജയം, വരുമാനം എന്നിവ ഉണ്ടാവുന്നതിനാൽ മാതാപിതാക്കൾ സന്തുഷ്ടരായേക്കും. ഭൂമിയുടെ വില്പനയിലെ നിയമപ്രശ്നങ്ങൾ പരിഹൃതമാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനയോ സാധ്യതയാണ്. കലാപരിശീലനത്തിന് അവസരം സംജാതമാകും. കിടപ്പുരോഗികൾക്ക് നവചികിൽസ ഗുണകരമാവുന്നതാണ്.

കുംഭക്കൂറിന്  (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1, 2, 3 പാദങ്ങൾ)

പത്താം ഭാവത്തിലെ ബുധസഞ്ചാരം പ്രയോജനപ്രദമാണ്. എന്നാൽ കുജൻ ഗുണഹാനിക്കിടവരുത്തും. പക്ഷേ ഇവിടെ പത്താം ഭാവം ചൊവ്വയുടെ അഥവാ കുജൻ്റെ തന്നെ ഭവനമായ വൃശ്ചികം രാശിയാകയാൽ ചൊവ്വ നല്ലഫലങ്ങൾക്ക്  കാരണമാകുന്നതാണ്. സസ്പെൻഷൻ പോലുള്ളവ അനുഭവിക്കുന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാനാവും. ഡിപ്പാർട്ടുമെൻ്റ് ടെസ്റ്റുകളിൽ വിജയം പ്രതീക്ഷിക്കാം. മേലധികാരികളുടെ പ്രോൽസാഹനം ഉണ്ടാവുന്നതാണ്. കൂട്ടുകച്ചവടത്തിലെ കലഹങ്ങൾ പരിഹൃതമായി വീണ്ടും ഐക്യത്തോടെ മുന്നേറാൻ സാധിക്കും. പരാശ്രയത്വം മാറുന്നതിനിടയുണ്ട്. കടബാധ്യതകൾ തീർക്കുന്നതിന് കൂടുതൽ സാവകാശം ലഭിച്ചേക്കും. ഗൃഹനിർമ്മാണത്തിനുള്ള വായ്പ അനുവദിക്കപ്പെടും. ഭൂമിയുടെ ആധാരത്തിലെ തെറ്റുകൾ നിയമപരമായി തിരുത്താൻ സാധിക്കും. ഓൺലൈൻ വ്യാപാരം വളർച്ചയുടെ പാതയിലാവും. കുടുംബത്തിൻ്റെ പിന്തുണ സംതൃപ്തിയേകും. സാമൂഹിക ജീവിതത്തിൽ അവസരോചിതമായി ഇടപെടുന്നതിലൂടെ ആദരം നേടും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)

ഒമ്പതാം ഭാവത്തിലാണ് ബുധനും കുജനും സമന്വയിക്കുന്നത്. ആയതിനാൽ ഭാഗ്യാനുഭവങ്ങൾക്ക് ഭ്രംശം വരുന്നതിനിടയുണ്ട്. ഭാവാഭാവം ചിന്തിച്ചാൽ തൊഴിലിടത്തിൻ്റെ പന്ത്രണ്ടിലാണ് ബുധനും ചൊവ്വയുമെന്നതിനാൽ കർമ്മമേഖലയിൽ തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. പ്രതീക്ഷിച്ച നിയമനോത്തരവ് വൈകാം. ശുപാർശകൾ തള്ളിക്കളയാനിടയുണ്ട്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷൻ/ ലൈസൻസ് മുതലായവ കിട്ടുക എളുപ്പമായേക്കില്ല. സുലഭവസ്തുക്കൾ കൈവരാൻ അത്യദ്ധ്വാനം ആവശ്യമാവും. ആസൂത്രണ മികവ് പാളിയതായി ആക്ഷേപമുയരും. അയൽ തർക്കങ്ങൾ മനക്ലേശം സൃഷ്ടിച്ചേക്കും. മക്കളുടെ ജോലിക്കാര്യത്തിൽ ഉൽക്കണ്ഠകൾ ഉയരുന്നതാണ്. ബന്ധുക്കളുടെ പ്രവർത്തനങ്ങൾ എതിർപക്ഷത്തിന് തുണയേകുന്നതായി മാറിയേക്കും. വിദേശത്തു കഴിയുന്നവരുടെ ധനം വന്നുചേരാൻ വൈകുകയാൽ വീട്ടുകാര്യങ്ങളിൽ ക്ലേശത്തിനിടയുണ്ട്. കോൺട്രാക്ട് പണികളിൽ നിന്നും കിട്ടേണ്ട കുടിശിക ധനം ഭാഗികമായി ലഭിക്കുന്നതാണ്.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: