scorecardresearch

Horoscope November 2025: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

November Month 2025 Astrological Predictions

Astrology: ആദിത്യൻ തുലാം-വൃശ്ചികം രാശികളിൽ സഞ്ചരിക്കുന്നു. ചോതി, വിശാഖം, അനിഴം ഞാറ്റുവേലകളിലാവും ആദിത്യൻ. 
നവംബർ 4 ന് വെളുത്തവാവും നവംബർ 18/19 തീയതികളിൽ കറുത്തവാവും വരുന്നു.

Advertisment

 നവബർ  21 ന് ഹേമന്ത ഋതുവും മാർഗ്ഗശീർഷമാസവും ആരംഭിക്കുന്നു. അതിചാര വ്യാഴം നവംബർ മുഴുവൻ ഉച്ചരാശിയായ കർക്കടകത്തിൽ തന്നെയാണ്. എന്നാൽ
 നവംബർ 14 മുതൽ വക്രഗതി തുടങ്ങും. 

ശനി നവംബർ മുഴുവൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും വിപരീതഗതി തുടരുന്നു. 

ചൊവ്വ വൃശ്ചികം രാശിയിലാണ്. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം വരുന്നുണ്ട്. ബുധൻ വൃശ്ചികത്തിലാണ് മാസാദ്യം. നവംബർ 22 ന് വക്രഗതിയായി വീണ്ടും തുലാത്തിലെത്തും.  വക്രമൗഢ്യവുമുണ്ട്.

Advertisment

ശുക്രൻ നവംബർ 2 ന് നീചരാശിയായ കന്നിയിൽ നിന്നും സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് പ്രവേശിക്കും. നവംബർ 26 ന് വൃശ്ചികത്തിലേക്കും സംക്രമിക്കുന്നതാണ്.

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിലും ജനിച്ചവരുടെ  2025 നവംബർ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അശ്വതി

വ്യാഴം ഉച്ചസ്ഥിതിയിൽ തുടരുന്നതും രാഹുവിൻ്റെ പതിനൊന്നിലെ സഞ്ചാരവും ഗുണകരമാണ്. വരുമാന മാർഗം സുസ്ഥിരമാവും. രാശ്യധിപനായ ചൊവ്വയ്ക്ക് മൗഢ്യം വരുന്നത് ആത്മവീര്യത്തെ ദുർബലപ്പെടുത്താം. ചിലപ്പോൾ ചെറിയ കാര്യങ്ങളിൽ പോലും ആശങ്കകൾ കടന്നുകൂടുന്നതാണ്. സഹോദരരുമായി കലഹം,  അവകാശതർക്കങ്ങൾ എന്നിവ സാധ്യതകളാണ്. മിത്രങ്ങളുടെ സഹകരണം പ്രതീക്ഷിച്ചതിനുമപ്പുറമാവും. പുതുവാഹനം വാങ്ങാൻ യോഗമുണ്ട്. വീട്ടിലും സാമാനമായി നവീകരണമുണ്ടാവും.  ആരംഭിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ ഇച്ഛശക്തി ആവശ്യമാണ്. ആദിത്യൻ്റെ അനിഷ്ടസ്ഥിതിയാൽ മേലധികാരികൾക്ക് അപ്രീതിയുണ്ടാവും. പിതാവിൻ്റെ ആരോഗ്യകാര്യങ്ങളിൽ കരുതലുണ്ടാവണം. പ്രണയികൾക്ക് ആഹ്ളാദം നിലനിർത്താനാവും. സ്ത്രീകളുടെ സഹകരണം ലഭിക്കുന്നതാണ്.

ഭരണി

നക്ഷത്രാധിപനായ ശുക്രന് നീചം കഴിഞ്ഞ് സ്വക്ഷേത്രസ്ഥിതി വരുന്നത് ഉത്തമമാണ്. ശുഭയാത്രകളുണ്ടാവും. കൂട്ടുകച്ചവടത്തിൽ നിന്നും തരക്കേടില്ലാത്ത ലാഭം വന്നെത്തും. പ്രണയം പുഷ്കലമാവുന്നതാണ്. കലാപരമായ സിദ്ധികൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാവും.  നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷൻ വൈകിയേക്കും. ഭൂമികച്ചവടത്തിൽ അമളി പിണയാനിടയുള്ളതിനാൽ ജാഗ്രത വേണം. കടബാധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരപ്പെടും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം.  കുട്ടികളുടെ പഠനപുരോഗതിയിൽ സന്തോഷിക്കും. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. സഹോദരുമായി പിണങ്ങുന്നതിന് കാരണങ്ങൾ തലപൊക്കും. സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കരുത്. കരാറുകളിൽ ഒപ്പിടും മുൻപ് നിബന്ധനകൾ മനസ്സിലാക്കാൻ മറക്കരുത്. ആരോഗ്യപരമായി കൂടുതൽ കരുതൽ വേണ്ടതുണ്ട്.

Also Read:വാരഫലം, അശ്വതി മുതൽ ആയില്യംവരെ

കാർത്തിക

സമ്മിശ്രാനുഭവങ്ങൾ തുടരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. സ്വതസ്സിദ്ധമായ പ്രവർത്തനശൈലി മാറ്റാൻ തയ്യാറായേക്കില്ല. സഹോദരൻ്റെ ജോലിക്കാര്യത്തിൽ ശുപാർശ ഫലവത്തായേക്കും. അതിര് തർക്കങ്ങളിൽ അയവില്ലാത്ത സമീപനം ദോഷം ചെയ്തേക്കും. പഠനകാര്യത്തിൽ ശ്രദ്ധ വേണം. പ്രോജക്ടുകൾ പൂർത്തിയാക്കാൻ ശുഷ്കാന്തി വേണ്ടതുണ്ട്. വരുമാന മാർഗങ്ങൾ പുഷ്ടിപ്പെടുത്താൻ കൂടുതൽ അധ്വാനം ആവശ്യമാവുന്ന കാലഘട്ടമാണ്.  ഉപജാപങ്ങളെ തൃണവൾഗണിക്കും. ഇഷ്ടവാഹനം വാങ്ങുവാൻ കഴിയും. ബന്ധുക്കളെ സന്ദർക്കുന്നതാണ്.  അർഹതയുള്ള വിദ്യാർഥികൾക്ക് സ്വന്തം നിലയിൽ ധനസഹായം ചെയ്തേക്കും. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനാവുന്നതാണ്.

രോഹിണി

സ്വന്തം സിദ്ധികൾ തിരിച്ചറിയുന്നതാണ്. സാധനകളിലൂടെ അവയെ വളർത്താനുള്ള ശ്രമത്തിലേർപ്പെടും. ബിസിനസ്സിൻ്റെ പുരോഗതിയിൽ സന്തോഷിക്കും. വിപണിയുടെ തന്ത്രങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ സന്നദ്ധതയുണ്ടാവും. ആറാമെടത്ത് ആദിത്യൻ സഞ്ചരിക്കുകയാൽ സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ വൈകില്ല. രാഷ്ട്രീയത്തിൽ വിജയം കൊയ്യുന്നതാണ്. സ്വാതന്ത്രം പണയപ്പെടുത്താതെ പ്രവർത്തിക്കും. ഏജൻസി നടത്തിപ്പിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. കുടുംബത്തിൽ സാമാന്യമായ സമാധാനമുണ്ടാവും. പഠനം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടാൻ കാത്തിരിക്കേണ്ടി വന്നേക്കാം. പ്രണയാനുഭവം ശക്തമാകാനാണ് സാധ്യത. കാമുകീ കാമുകന്മാർക്ക് വിവാഹസാഫല്യം ഉണ്ടായേക്കും.

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മകയിരം

ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാവും. ക്ലേശിച്ച് നേടിയെടുത്ത സാങ്കേതിക പരിജ്ഞാനം ഗുണകരമാവുന്നതാണ്. മേലധികാരികൾ പ്രോൽസാഹിപ്പിക്കും. സംഘടനയുടെ ഏകോപനത്തിൽ വിജയം വരിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവും. പക്ഷേ ധനപരമായ അമളികൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ കൂട്ടുവ്യാപാരത്തിൽ പങ്കാളിയാവും. പൊതുവേ കലാപ്രവർത്തനം കൊണ്ട് മെച്ചമുണ്ടാവുന്ന കാലമാണ്. ഉപരിപഠനത്തിന് സാധ്യതയുണ്ട്. അർഹതയുള്ള സ്ഥാനക്കയറ്റം അവസാനനിമിഷം നഷ്ടപ്പെടാനിടയുണ്ട്. പ്രൈവറ്റ് സ്ഥാപനത്തിൽ വേതനവർദ്ധനവിനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് പ്ളാൻ തയ്യാറാക്കുന്നതാണ്. വിദേശത്തുള്ളവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

തിരുവാതിര

ആദിത്യൻ അഞ്ചിലും ആറിലും, വ്യാഴം രണ്ടിലും ചൊവ്വ ആറിലും സഞ്ചരിക്കുകയാൽ നീണ്ടനാളത്തെ സ്വപ്നങ്ങൾ സഫലമാവും. പുതിയ ചുമതലകൾ ലഭിക്കുന്നതാണ്. ഇഷ്ടാനിഷ്ടങ്ങൾ മുഖം നോക്കാതെ പ്രകടിപ്പിക്കുകയാൽ ശത്രുക്കൾ കൂടാനിടയുണ്ട്. ശാസ്ത്ര/ ഗവേഷണ മേഖലകളിൽ ശോഭിക്കും. കുടുംബ ക്ഷേത്രത്തിലെ ഉത്സവാദികൾക്ക് നേതൃത്വം വഹിക്കുന്നതാണ്. വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കും. രോഗികളെ ആശ്വസിപ്പിക്കും. പുനരധിവാസകാര്യങ്ങളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്നതാണ്. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. ഇടപാടുകളുടെ കൃത്യമായ കണക്ക് എഴുതിസൂക്ഷി ക്കുന്നതിൽ ഉപേക്ഷവിചാരിക്കരുത്.  വസ്തുവില്പനയിലെ നിയമതടസ്സങ്ങളകലുന്നതാണ്. വ്യവഹാരത്തിൽ നിന്നും പിൻവാങ്ങുക കരണീയം. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം.

പുണർതം

നക്ഷത്രാധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുന്നതിൻ്റെ ഗുണാനുഭവങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കും. ഭൗതിക സാഹചര്യങ്ങൾ ഉയരുന്നതാണ്. മുൻപ് കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലിക്കാത്തവ ഇപ്പോൾ ലഘുയത്നത്തിലൂടെ കൈവരിക്കും. വീടിൻ്റെ നിർമ്മാണം തുടങ്ങാനാവും. വിലകൂടിയ വാഹനം വാങ്ങുന്നതാണ്. കർമ്മരംഗത്ത് സ്വാധീനം വർദ്ധിക്കും. രാഷ്ട്രീയത്തിൽ വിശ്വാസ്യത നേടിയെടുക്കുന്നതാണ്. സംഘടനകളുടെ നേതൃത്വം ലഭിക്കാം. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല.   സ്വാശ്രയ സ്ഥാപനങ്ങളുടെ വളർച്ചക്കായുള്ള വായ്പാസഹായം നേടുന്നതാണ്. അന്യദേശത്ത് തൊഴിൽ തേടുന്നവർക്ക് അവസരം തേടിവരും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത പുലർത്താനാവും. ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്തുന്നതാണ്.

പൂയം

നക്ഷത്രാധിപനായ ശനിക്ക് വക്രസഞ്ചാരമുള്ളതിനാൽ പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരുന്നതാണ്. അയത്നമായി ലഭിക്കാനിടയുള്ളത് ദുർലഭമായേക്കും. പുനരാലോചന കാരണം കർമ്മരംഗത്ത് ശരിയായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. പൊതുപ്രവർത്തകർക്ക് ജനകീയത കുറയുന്നതായി അനുഭവപ്പെടും. ജന്മവ്യാഴം നിലവിലെ പദവിയിൽ തുടരുന്നതിന് വിഘാതമുണ്ടാക്കാനിടയുണ്ട്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ ആശാസ്വമല്ല. പുതിയ അവസരങ്ങൾക്കായി അല്പം കൂടി കാത്തിരിക്കേണ്ടിവരുന്നതാണ്. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട സന്ദർഭമാണ്. അനുരാഗികൾക്ക് ആനന്ദിക്കാനാവും. ദാമ്പത്യത്തിൽ സാമാന്യമായ സംതൃപ്തി വരും. കമ്മീഷൻ ജോലി, ഏജൻസികൾ, കരാറു പണികൾ ഇവയിൽ നിന്നും  ഉയർന്ന ആദായം പ്രതീക്ഷിക്കാം.

ആയില്യം

സ്വാഭാവികമായിട്ടുള്ള കഴിവുകൾ നേട്ടങ്ങളുണ്ടാക്കും. ആത്മവീര്യം വർദ്ധിക്കാം. ജന്മവ്യാഴം കൂട്ടുകച്ചവടത്തിൽ ആദായം വളർത്തും. യാത്രകൾ അലച്ചിലായി മാറുമെങ്കിലും ഭാവിയിൽ ഗുണകരമാവും. പുതിയ സുഹൃൽബന്ധങ്ങൾ ഉടലെടുക്കുന്നതാണ്. ഗൃഹത്തിൽ സമാധാനമുണ്ടാവും. വീട് പണി അവസാനഘട്ടത്തിലേക്ക് കടക്കും. ബന്ധുക്കളുടെ സഹകരണം ഗുണകരമാവും. രോഗപ്രതിരോധിശക്തി കുറയുകയാൽ മരുന്ന് കഴിക്കേണ്ടി വരാം. അഷ്ടമരാഹു അലർജികൾക്ക് കാരണമാകും.  വിദ്യാർത്ഥികൾക്ക് പഠനസഹായികൾ, ട്യൂഷൻ എന്നിവ വേണ്ടി വന്നേക്കും. പാരമ്പര്യമായിട്ടുള്ള തൊഴിലിനോട് വിപ്രതിപത്തി തുടരും. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കപ്പെട്ടേക്കില്ല. അഭിമുഖങ്ങളിൽ ശോഭിക്കും. പണമെടപാടുകളിൽ കരുതലുണ്ടാവണം. ന്യായമായ ആവശ്യങ്ങൾ തടസ്സപ്പെടുകയില്ല.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകം

ആദിത്യൻ 3, 4 ഭാവങ്ങളിലും ശനി അഷ്ടമത്തിലും വ്യാഴം പന്ത്രണ്ടിലും സഞ്ചരിക്കുകയാൽ നിലവിലെ സ്ഥിതിതന്നെ തുടരാനാണ് സാധ്യത. നവംബർ ആദ്യപകുതിയിൽ കാര്യസാധ്യം കുറച്ചുകൂടി എളുപ്പമാവും. സർക്കാരിൽ നിന്നും ആനുകൂല്യം/ അനുമതി ഇവ ലഭിക്കാം. സംരംഭങ്ങൾ തുടങ്ങാനാവുന്നതാണ്. സഹോദരീ സഹോദരരുടെ പിന്തുണ ലഭിക്കും. ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവും. വ്യാഴം പന്ത്രണ്ടിലാകയാൽ ദൈവികസമർപ്പണങ്ങൾ, തീർത്ഥാടനം ഇവ നടന്നുകിട്ടുന്നതാണ്. നല്ലകാര്യങ്ങൾക്കായി പണച്ചെലവധികരിക്കും. ഏഴിലെ രാഹുവിനാൽ പ്രണയം, ദാമ്പത്യം ഇവയിൽ ക്ലേശങ്ങളേർപ്പെടുന്നതാണ്. അഷ്ടമശനി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പഠനം, ഗവേഷണം ഇവയിൽ മുന്നേറാൻ സാധിക്കുന്നതാണ്. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമായേക്കും.

പൂരം

നക്ഷത്രാധിപനായ ശുക്രൻ ബലവാനായി സഞ്ചരിക്കുന്നതിനാൽ നിലപാടുകളെ പിന്തുണയ്ക്കാനാളുണ്ടാവും. തൊഴിൽരംഗം സ്ഥിരത അനുഭവിക്കാം.  ഭൗതിക സാഹചര്യം അഭിവൃദ്ധിപ്പെടുന്നതാണ്. കലാപരമായ വാസനകൾ പുഷ്ടിപ്പെടും.  പാരിതോഷികങ്ങൾ ലഭിക്കും. ആടയാഭരണങ്ങൾ വാങ്ങുന്നതാണ്. ഉന്നതോദ്യോഗസ്ഥർ സഹായഹസ്തമരുളാം. താത്കാലികമായി ചില ആനുകൂല്യങ്ങൾ ഭവിക്കും. വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ചെലവധികരിക്കുന്നതാണ്.  ഗൃഹത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്. ധനസമ്മർദ്ദങ്ങൾ  ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി  നീളുന്നതാണ്. മാസത്തിൻ്റെ ആദ്യ പകുതിയിൽ കൂടുതൽ മെച്ചം വരും. തീർത്ഥാടനം മൂലം മനസ്സമാധാനം വരുന്നതാണ്.

ഉത്രം

ഉറപ്പിച്ച കാര്യങ്ങൾ നിർവഹണസന്ധിയിലെത്തിക്കും. മറ്റുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാതെ തന്നെ മുന്നോട്ടിറങ്ങും. ആത്മവിശ്വാസം കൂടുന്നതാണ്.  കുറഞ്ഞ ചിലവിൽ പലകാര്യങ്ങളും പൂർത്തീകരിക്കുന്നതിനാൽ സംഘടനയിൽ ശ്രദ്ധിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. എന്നാൽ വേതന വർദ്ധനവിന് സാധ്യത കുറവാണ്. പലകാര്യങ്ങളുടെയും നിയമവശം വിദഗ്ദ്ധരിൽ നിന്നും ചോദിച്ചറിയും. 
ചിലരോടുള്ള പഴയ പിണക്കം മറക്കുന്നതിനുള്ള സാഹചര്യമുണ്ടാവും. കുട്ടികളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠയുണ്ടായേക്കും. ദാമ്പത്യകാര്യങ്ങളിൽ അനുരഞ്ജനത്തിൻ്റെ വഴി സ്വീകരിക്കും. ഏഴാം ഭാവത്തിലെ പാപഗ്രഹസാന്നിദ്ധ്യം പ്രണയികൾക്ക് പ്രതികൂലമാകുന്നതാണ്. ക്ഷേത്രകാര്യങ്ങൾ ഭംഗിയായി നിറവേറ്റും.

അത്തം

പതിനൊന്നാം വ്യാഴം സാമ്പത്തിക നേട്ടങ്ങൾക്ക് വഴിവെക്കാം. പുതിയ സംരംഭങ്ങൾ തടസ്സങ്ങളന്ന് പ്രാവർത്തികമാവും. കർമ്മമേഖലയിൽ ആത്മവിശ്വാസം വർദ്ധിക്കും. ആദിത്യൻ, ചൊവ്വ ഇവർ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുമ്പോൾ ലക്ഷ്യപ്രാപ്തി സുഗമമാവും. വിദഗ്ദ്ധോപദേശം പ്രയോജനപ്പെടുത്തും.   ഗവേഷണ പ്രബന്ധം പൂർത്തിയാക്കാൻ സാധിച്ചേക്കും.  ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ കൈവരുന്നതാണ്. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കും. കലാരംഗത്തുള്ളവർക്ക് പരിശീലനത്തിലൂടെ പുതുകാര്യങ്ങൾ പഠിക്കാൻ കഴിയും. വചോവിലാസം അഭിനന്ദിക്കെപ്പെടുന്നതാണ്. പ്രണയികൾക്ക് കൂടുതൽ അടുക്കാനാവും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്തിലൂടെ ആശ്വാസം ഭവിക്കാം. ഭൗതിക നേട്ടങ്ങൾക്കൊപ്പം ആത്മീയമായ കാര്യങ്ങളിലും സംതൃപ്തി പ്രതീക്ഷിക്കാം.

ചിത്തിര

പലപ്പോഴും ഏകാന്തമായ പോരാട്ടം നടത്തേണ്ടി വരും. വാഗ്ദാനങ്ങൾ പാഴിലാകുന്നതിൽ വിഷമിക്കുന്നതാണ്.  സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതിക്ക് ആവർത്തിത ശ്രമം വേണ്ടി വരും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് പ്രതീക്ഷിച്ചതിലും പണച്ചെലവുണ്ടാവും. ഗൃഹത്തിലെ നവീകരണം പൂർത്തിയായേക്കും. ഭോഗസുഖം ഭവിക്കുന്നതാണ്. വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാണ് ഉചിതം. വ്യവഹാരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തും. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിന് സകുടുംബം പങ്കെടുക്കും. ഓൺലൈൻ വ്യാപാരം അഭിവൃദ്ധി പ്രാപിക്കുന്നതാണ്. വായ്പയുടെ തിരിച്ചടവ് വൈകിയേക്കും. പാരമ്പര്യ തൊഴിലിൽ മാറ്റം കൊണ്ടുവരും. പുതിയ തലമുറയുമായി ഒത്തുപോകാൻ വിഷമിക്കുന്നതാണ്. വിദേശത്തേക്ക് പോകാനായി കാത്തിരുന്ന അവസരം കൈവരും.

ചോതി

അനുകൂല സന്ദർഭങ്ങൾ വന്നുചേരുമെങ്കിലും അവയിൽ പലതും ശരിയായി പ്രയോഗിക്കാനാവാതെ വിഷമിക്കും.  കൃത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞേക്കില്ല. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവുന്നതാണ്. സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മുന്നിട്ടിറങ്ങും. തന്മൂലം അകാരണമായ സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. വൈകിയാവും പ്രതീക്ഷിച്ച ധനം കൈവശമെത്തുക. എങ്കിലും ശുക്രൻ ജന്മരാശിയിലൂടെ കടന്നുപോവുകയാൽ സുഖഭോഗങ്ങൾ അനുഭവിക്കുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനവസരം സംജാതമാകും.  ഉപജാപങ്ങളിൽ  കരുതലുണ്ടാവണം. 
രണ്ടാമെടത്ത് ചൊവ്വ സഞ്ചരിക്കുകയാൽ പരുഷവാക്കുകൾ പറയാനിടവരുന്നതാണ്.

വിശാഖം
 
ആദർശം പറയും; എന്നാൽ പ്രാവർത്തികമാക്കാൻ ശ്രമിക്കില്ല. പ്രായോഗികത ഉയർന്നുനിൽക്കും.  സാങ്കേതികമായ കാര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതാണ്.   പുതിയ തരം ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പരസ്യത്തിൻ്റെ സഹായം തേടുന്നതാണ്. ഏജൻസി പ്രവർത്തനം കുറച്ചൊക്കെ സാമ്പത്തിക ലാഭത്തിന് കാരണമാകും. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ തൃപ്തി കുറയാം. ഇപ്പോൾ പുതിയ അവസരങ്ങൾ  തേടിയെത്തണമെന്നില്ല. വേണ്ടപ്പെട്ടവരുടെ പാരിതോഷികങ്ങൾ സന്തോഷമുണ്ടാക്കും.  സ്ത്രീകളുടെ പിന്തുണ ലഭിക്കും. രാഷ്ട്രീയ പ്രവർത്തനം എതിർപ്പുകൾക്കും കാരണമാകും. കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തും. വസ്തുവിൽപ്പനയിൽ നഷ്ടം വരാനിടയുണ്ട്.

അനിഴം

പന്ത്രണ്ടിലും ജന്മരാശിയിലുമായി ആദിത്യനും ജന്മരാശിയിലെ ബുധകുജന്മാരും പ്രതിബന്ധങ്ങൾ സൃഷ്ടിക്കാം. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയാൽ തീരുമാനങ്ങൾ പ്രാവർത്തികമാക്കാനാവാതെ കുഴങ്ങുന്നതാണ്. ഉദ്യോഗത്തിൽ സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും ഉള്ള പൊരുത്തക്കേട് മറനീക്കി പുറത്തുവരും. ചില പ്രശ്നങ്ങൾക്ക് കാര്യകാരണബന്ധം കണ്ടെത്താനായേക്കില്ല. സ്വാശ്രയ വ്യാപാരത്തിൽ പണവരവ് മോശമാവില്ല. സഹോദരരിൽ നിന്നും സഹായം സ്വീകരിക്കുന്നതാണ്. വിദേശത്തുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിനെപ്പറ്റി കാര്യമായി ആലോചിച്ചേക്കും. അയൽ തർക്കങ്ങൾ പരിഹൃതമാവും. വ്യാഴം ഭാഗ്യഭാവത്തിൽ തുടരുകയാൽ ചില അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പിതാവിന് ജോലിയിൽ ഉയർച്ച വരാം. പേരക്കുട്ടികൾക്കൊപ്പം കുറച്ചുനാൾ താമസിക്കാൻ കഴിയും.
 
തൃക്കേട്ട

ചൊവ്വയും ബുധനും ജന്മരാശിയിൽ സഞ്ചരിക്കുകയാൽ മനസ്സംഘർഷം ഉണ്ടാവാം. പ്രതീക്ഷിച്ച നിയമനം കിട്ടാൻ അല്പം കാത്തിരിക്കേണ്ടി വരുന്നതാണ്. ഉദ്യമ സാഫല്യത്തിന് ആവർത്തിച്ചുള്ള യാത്രകൾ ഉണ്ടാവുന്നതാണ്. പ്രായോഗിക വശങ്ങളിൽ ശ്രദ്ധിക്കുന്നതാണ്.  പാരമ്പര്യ തൊഴിലുകളിൽ നിന്നും വരുമാനം ഉയരാം. തൊഴിലിനുതകുന്ന പുതിയ വാഹനം വാങ്ങിയേക്കും. നറുക്കെടുപ്പിലൂടെയും മറ്റും ധനവരവുണ്ടാവും. ഹ്രസ്വകാല സാങ്കേതിക കോഴ്സുകൾക്ക് ചേർന്നേക്കും. വിഷയങ്ങൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിൽ മിടുക്കുകാട്ടും.  ബന്ധുതർക്കങ്ങളിൽ പക്ഷം പിടിക്കാതിരിക്കുക ഉത്തമം. പ്രവർത്തനോർജ്ജം ചിലപ്പോൾ കൂടാം. ദൈവിക സമർപ്പണങ്ങൾ പൂർത്തിയാക്കും. അനുരാഗികൾക്ക് ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കാനാവും.

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മൂലം

സ്ഥിതിഗതികൾ താരതമ്യേന അനുകൂലമാണ്. തൊഴിലിടത്തിൽ സമാധാനം ഉണ്ടാവും. ലക്ഷ്യപ്രാപ്തിക്ക് തടസ്സങ്ങളുണ്ടാവില്ല. നിലവിലെ സ്ഥിതി അതുപോലെ തുടരുകയാവും നല്ലത്. സാമ്പത്തികം മുടക്കി പുതിയ മാറ്റങ്ങളും വിപുലീകരണവും ഇപ്പോൾ ഗുണകരമാവില്ല. പതിവിലും യാത്രകൾ കൂടുന്നതായിരിക്കും. ജന്മരാശ്യധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുകയാൽ സഭകളിൽ ബഹുമാനിക്കപ്പെടും. എന്നാൽ വ്യാഴസ്ഥിതി അഷ്ടമ ഭാവത്തിലാകയാൽ  സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവും ഉരുത്തിരിയുന്നതാണ്.  ഗൃഹനിർമ്മാണം മെല്ലെയാവും. വിലകൂടിയ വസ്ത്രാഭരണാദികൾ വാങ്ങാനായി ധനം ചെലവാകും. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ പ്രതീക്ഷിക്കാം. കാമുകീകാമുകന്മാർക്ക് സന്തോഷിക്കാൻ സന്ദർഭങ്ങൾ ഉണ്ടാവും.

പൂരാടം

നീതിയുക്തമായ നടപടികളിലൂടെ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടും. കൃത്യനിഷ്ഠയും ഉൾക്കാഴ്ച നിറഞ്ഞ പ്രവർത്തന ശൈലിയും മേലധികാരികളാൽ പ്രശംസിക്കപ്പെടും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. വ്യക്തിപരമായോ ഔദ്യോഗികമായോ യാത്രകളുണ്ടാവും.  സുഹൃൽബന്ധങ്ങൾ ദൃഢമാവുന്നതാണ്. വ്യാപാരവ്യവസാ യാദികൾ വിപുലീകരിക്കുവാൻ വായ്പകൾക്ക് അപേക്ഷിക്കും. ഭൂമിസംബന്ധിച്ച അവകാശ തർക്കങ്ങൾ ഉടലെടുക്കാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. അഭിനയം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നതാണ്. വിദ്യാർത്ഥികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചെന്നു വരാം. മാസത്തിൻ്റെ രണ്ടാംപകുതിക്ക് മേന്മ കുറയാം

ഉത്രാടം

ധനുക്കൂറുകാർക്ക് തൊഴിലിൽ നേട്ടങ്ങളുണ്ടാവും. കരാറുകൾ പുതുക്കിക്കിട്ടാം. ഉന്നതോദ്യോഗസ്ഥരുടെ പ്രോൽസാഹനം ലഭിക്കുന്നതായിരിക്കും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധയുണ്ടാവും. കടബാധ്യതകൾ ക്ലേശിപ്പിക്കാം. മകരക്കൂറുകാർക്ക് കൂട്ടുകച്ചവടം പുഷ്ടിയുണ്ടാക്കും. യാത്രകൾ മൂലം നേട്ടങ്ങൾ സമാഗതമായേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്. പ്രണയികൾക്ക് അനുകൂലസന്ദർഭമാണ്. ചെറുപ്പക്കാരുടെ വിവാഹതടസ്സം നീങ്ങും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. അർഹതക്കൊത്ത പുതിയ ജോലി ലഭിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറാനാവും. ഇഷ്ടപ്പെട്ടവരുടെ സന്ദേശം സന്തോഷമുണ്ടാക്കും.

തിരുവോണം

ആദിത്യൻ 10, 11 ഭാവങ്ങളിലൂടെ സഞ്ചരിക്കുകയാൽ തൊഴിലിൽ സ്ഥിരതയും  സമാധാനവും പ്രതീക്ഷിക്കാം. സഹപ്രവർത്തകരുടെ ആദരം ലഭിക്കുന്നതാണ്. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രീതി കൈവരും. ആദായം തടസ്സപ്പെടില്ല. വിവിധങ്ങളായ കാര്യങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കും. വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ ദിശാബോധം ഉണ്ടാവുന്നതാണ്. സൗഹൃദം മെച്ചപ്പെടും. ബന്ധുക്കളുടെ സ്വീകാര്യത ഉയരും. നേതൃപാടവം പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അനുകൂലമായ സാഹചര്യം വന്നെത്തും. ദാമ്പത്യത്തിൽ സ്വൈരം ഭംഗപ്പെടില്ല. കെട്ടിടനിർമ്മാണം പൂർത്തിയാക്കും. വ്യാഴം ഉച്ചനായി ജന്മരാശിയെ നോക്കുകയാൽ  മനസ്സുഖം, ഉന്നതി, ധനലാഭം എന്നിവ തടസ്സപ്പെടില്ല.

അവിട്ടം

മകരക്കൂറുകാർക്ക് കൂടുതൽ ഗുണഫലങ്ങൾ വന്നെത്തുന്നതാണ്. സാമ്പത്തിക ഇടപാടുകൾ ലാഭകരമാവും. പുതുകാര്യങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. രോഗക്ലേശിതർക്ക് ആശ്വാസകാലമാണ്. ഉന്നതരുടെ പ്രോൽസാഹനം കരുത്താകും. ശുപാർശകൾ ഫലം കാണുന്നതാണ്. നിലവിലെ ജോലിയിൽ പദവി ഉയരാനിടവരും. ശമ്പളവർദ്ധനവിനും സാധ്യതയുണ്ട്. പാർട്ണർഷിപ്പിലൂടെ വിപണിയിൽ സ്ഥാനം പിടിക്കുന്നതാണ്. ഗവേഷകർ പുതിയ നിഗമനങ്ങൾ അവതരിപ്പിച്ച് അക്കാദമിക മികവ് പുലർത്തും. കുംഭക്കൂറുകാർക്ക് സമ്മിശ്രഫലം ഭവിക്കുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. ദാമ്പത്യത്തിൽ  വിട്ടുവീഴ്ചകൾ ആവശ്യമാവും. പ്രണയികൾ എതിർപ്പിനെ അഭിമുഖീകരിക്കും. ധനവരവ് സുഗമമാവില്ല. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരാം.

ചതയം

അല്പലാഭങ്ങൾ ഉണ്ടാവും. പ്രയത്നത്തിന് അംഗീകാരം കിട്ടുന്നതാണ്. തൊട്ടുമുന്നിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ വിജയിപ്പിക്കാൻ പരിശ്രമിക്കുകയാവും ഇപ്പോൾ കരണീയം. വലിയ സ്വപ്നങ്ങൾ സാക്ഷാല്കരിക്കാൻ ശ്രമിച്ചാൽ തടസ്സങ്ങൾ വിഷമിപ്പിക്കാം. 
രോഗക്ലേശിതർക്ക് പുതുചികിൽസ ആവശ്യമായേക്കും. വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ മുതിർന്നവർ കൂടുതലായി ശ്രമിക്കണം.  പാരമ്പര്യവസ്തുക്കൾ സംരക്ഷിക്കാൻ ചെലവുണ്ടാവും. ഭൂമി വിൽക്കാനുള്ള തീരുമാനത്തിന് കുടുംബത്തിൻ്റെ പിന്തുണ കിട്ടിയേക്കില്ല. ബിസിനസ്സ് യാത്രകൾ പ്രയോജനം ചെയ്തേക്കും. വിദേശത്ത് കഴിയുന്നവർക്ക് പുതിയ അവസരങ്ങൾ കിട്ടാം. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്.

പൂരൂരുട്ടാതി

വളരെ കരുതലുണ്ടാവണം, വാക്കുകൾക്കും പ്രവൃത്തികൾക്കും. നക്ഷത്രത്തിൽ ശനി-രാഹു സഞ്ചാരം ഉള്ളതിനാൽ ആത്മവിശ്വാസത്തിന് ഭംഗം വന്നേക്കും. ആലസ്യം പിടികൂടുന്നതാണ്. ഗുണകരമല്ലാത്ത കൂട്ടുകെട്ടുകളുടെ പിടിയിൽ നിന്നും പുറത്തുവരാൻ പറ്റാതെ വിഷമിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ സർക്കാരിൽ നിന്നും അനുമതി കിട്ടിയേക്കില്ല. നീതിരാഹിത്യത്തിന് എതിരെ പോരാടുന്നവർക്ക് പ്രതീക്ഷിച്ച പിന്തുണ വൈകിയേക്കും. എന്നാൽ നക്ഷത്രാധിപനായ വ്യാഴം ഉച്ചത്തിലാകയാൽ തൊഴിലിടത്തിൽ അംഗീകാരം കിട്ടുന്നതാണ്. സാമ്പത്തിക സമ്മർദ്ദത്തിന് തെല്ല് അയവുണ്ടാവും. ചില സഹായഹസ്തങ്ങൾ തേടിവരും. ഉപജാപങ്ങളെ തടയിടാൻ സാധിക്കുന്നതാണ്. ഗുരുജനങ്ങളെ കാണാനും അവരുടെ ഹിതവാക്കുകൾ കേൾക്കാനുമാവും. പ്രാർത്ഥനകളിലൂടെ ആശ്വാസം കണ്ടെത്തും.

ഉത്രട്ടാതി

വിനോദ- ആത്മീയ യാത്രകളുണ്ടാവും. കുടുംബസംഗമത്തിൽ സന്തോഷിക്കും. ഉന്നത ബിരുദമുള്ളവർക്ക് ഗവേഷണത്തിന് അവസരം കൈവരുന്നതാണ്. പൊതുപ്രവർത്തകർക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരാം. അറിയാത്ത കാര്യങ്ങൾ പഠിച്ചുപറയാൻ സാവകാശം ചോദിക്കും. ആത്മവിശ്വാസം ഇടയ്ക്കിടെ ചോരുന്നതായി തോന്നും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ഭൗതിക സാഹചര്യം മെച്ചപ്പെടാനിടയുണ്ട്. സ്വയം തൊഴിൽ നവീകരണത്തിൻ്റെ പാതയിലാവും. കടക്കാരുടെ ഭീഷണി മനക്ലേശമുണ്ടാക്കും.  ക്രിയാപരതയും ഉയരും. കലാവാസന തിരിച്ചറിയുന്നതാണ്. സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാവും. മൂന്നാംതലമുറയെ വാത്സല്ലിക്കാൻ സന്ദർഭം ഒത്തുവരുന്നതാണ്. ആരോഗ്യപാലനത്തിൽ ജാഗ്രത പുലർത്തണം.

രേവതി

ആർഭാടം നിയന്ത്രിക്കാനാവാതെ കുഴങ്ങുന്നതാണ്. ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞവർക്ക് കിട്ടേണ്ടതുക ഭാഗികമായി ലഭിക്കും. പേരക്കുട്ടികളോടൊപ്പം നേരം ചെലവഴിക്കുന്നത് മനസ്സിൽ ആഹ്ളാദം നിറയ്ക്കും. മേലധികാരിയുടെ അമിതാധികാരം ചെറുക്കും. സംഘടനയിൽ സ്വാധീനമുയർ ന്നേക്കും. സുതാര്യസമീപനം പ്രശംസിക്കപ്പെടുന്നനാണ്. പൂർവ്വികസ്വത്ത് സംരക്ഷിക്കുവാൻ ചെലവുണ്ടാവും. പ്രായോഗിക ചിന്ത കാര്യവിജയത്തിന് കാരണമാകും. ആധുനിക സാങ്കേതിക വിദ്യകൾ പഠിച്ചറിയാൻ സന്നദ്ധതയുണ്ടാവും. 
ഭൗതികകാര്യങ്ങളിലെന്നപോലെ ആത്മിക കാര്യങ്ങളിലും ശ്രദ്ധ കാട്ടും. വാക്ശക്തി പരുഷമാവുന്നതിനാൽ  കുടുംബത്തിൽ തന്നെ ശത്രുക്കളുയരും. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ബിസിനസ്സിൽ മാറ്റങ്ങൾ കൊണ്ടുവരും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: