scorecardresearch

Weekly Horoscope Aug 31-Sep 06: വാരഫലം, അശ്വതി മുതൽ രേവതിവരെ

Weekly Horoscope, August 31-September 06: ഓഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 06 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, August 31-September 06: ഓഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 06 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly July 2025 26

Weekly Horoscope, August 31 September 06

ആദിത്യൻ ചിങ്ങം രാശിയിൽ പൂരം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷം അഷ്ടമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളിൽ സഞ്ചരിക്കുന്നു.  ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. സെപ്തംബർ 4 ന് ചിത്തിരയിൽ പ്രവേശിക്കുന്നു. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലാണ്. ബുധന് മൗഢ്യവുമുണ്ട്. ശുക്രൻ കർക്കടകം രാശിയിൽ പൂയം - ആയില്യം നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു.

Advertisment

വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതി തുടരുന്നു. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും പിൻഗതി തുടരുന്നു. ഈയാഴ്ച മലയാളികളുടെ ദേശീയോത്സവമായ പൊന്നിൻ തിരുവോണം കടന്നുവരുന്നു. സെപ്തംബർ 5ന്/ചിങ്ങം 20ന് വെള്ളിയാഴ്ചയാണ് തിരുവോണം. ചന്ദ്രസഞ്ചാരം ഈയാഴ്ച അനിഴം മുതൽ അവിട്ടം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെയാണ്.

ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

അശ്വതി

അധികജോലിഭാരം ഉണ്ടാവുന്നതാണ്. വെറുതെ ചില ഉൽക്കണ്ഠകൾ കടന്നുകൂടി  സ്വൈരം കെടുത്താനിടയുണ്ട്. അഷ്ടമരാശിക്കൂറാകയാൽ വാരാദ്യ ദിവസങ്ങൾ ശുഭാരംഭങ്ങൾക്ക് ഉചിതങ്ങളല്ല. യാത്രാക്ലേശം ഭവിക്കാം. ഒപ്പമുള്ള ചിലരുടെ പ്രവർത്തനം  സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്ന് സംശയിക്കും.  ബുധൻ മുതൽ കൂടുതൽ അനുകൂലത വന്നെത്തുന്നതാണ്. ആത്മമിത്രങ്ങളെ കാണാനായേക്കും. ആഘോഷങ്ങളുടെ നിറം ചോരില്ല. സമീപഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ സ്വരുക്കൂട്ടാനാവും.  ആത്മവിശ്വാസം പുലരുന്നതാണ്. ധനപരമായ സമ്മർദ്ദങ്ങളുണ്ടാവില്ല.

Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ഭരണി

Advertisment

ഞായറും തിങ്കളും മനക്ലേശം, ദേഹസുഖക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. പുതുകാര്യങ്ങൾ തുടങ്ങരുത്.  കൂടിയാലോചനകളിൽ എല്ലാക്കാര്യങ്ങളും അവതരിപ്പിക്കാനായേക്കില്ല. തിടുക്കം ഉപേക്ഷിക്കുക നന്നായിരിക്കും. വാരമധ്യം തൊട്ട് സ്വസ്ഥതയുണ്ടാവുന്നതാണ്. ന്യായമായ ആവശ്യങ്ങൾ മുടങ്ങില്ല. എതിർശബ്ദങ്ങൾക്ക് പ്രതിശബ്ദം നൽകുന്നതാണ്. വേണ്ടപ്പെട്ടവരുടെ ക്ഷേമത്തിൽ ജാഗരൂകതയുണ്ടാവും. പ്രയോഗിക ചിന്ത തുണയായെത്തും. സൗഹൃദം പുഷ്ടിപ്പെടാൻ സാഹചര്യം വന്നെത്തുന്നതാണ്. കൂടിച്ചേരലുകൾ സന്തോഷമേകും.

കാർത്തിക

പലകാര്യങ്ങളിലും ആശയക്കുഴപ്പം അനുഭവപ്പെടും. ചെയ്തകാര്യങ്ങൾ കൃത്യമായിട്ടുണ്ടോ എന്ന് സന്ദേഹിക്കും. വരാൻ പോകുന്ന കാര്യങ്ങളിലെ നിലപാടുകളിൽ അവ്യക്തത തുടരുന്നതാണ്. ബന്ധുസന്ദർശനം സമാധാനം നൽകും. ആവശ്യത്തിന് പണം വന്നുചേരാൻ വൈകുന്നതിനാൽ വാരാദ്യത്തിൽ തെല്ല് മ്ളാനതവരാം. ജന്മനാട്ടിലെത്താനും നിശ്ചിത ദിവസം കഴിഞ്ഞേക്കും. ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കാൻ അത്യദ്ധ്വാനം ആവശ്യമാവുന്നതാണ്. ബുധനാഴ്ച തൊട്ട് ഗുണാനുഭവങ്ങൾ ഒന്നൊന്നായി വന്നെത്തിയേക്കും. വാരാന്ത്യം ഓർമ്മയിൽ തങ്ങിനിൽക്കുന്നതാവും.

രോഹിണി

പുതുതലമുറയുടെ നിർബന്ധശീലം വ്യാകുലതയുണ്ടാക്കാം. കുടുംബത്തിൽ സമാധാനം കുറയുവാനിടയുണ്ട്. ചെയ്യാനുള്ള കാര്യങ്ങളിൽ അവ്യക്തത വരുന്നതാണ്. സഹപ്രവർത്തകരോട് വിയോജിക്കും. ചൊവ്വയും ബുധനും ശുഭകാര്യങ്ങൾക്ക് മുതിരരുത്. പണച്ചെലവിൽ ആശങ്കയുയരാം. മററ്റുദിവസങ്ങളിൽ സഹജമായ ഉത്സാഹശീലം നിലനിർത്താനാവും. സാമൂഹ്യപരതയിൽ സ്വയം അഭിനന്ദിക്കും. സുഖഭോഗമുണ്ടാവും. ജന്മനാട്ടിലെ ആഘോഷങ്ങളിൽ നാഗരിക സമ്മർദ്ദങ്ങൾ മറക്കാനിടയുണ്ട്. ബന്ധങ്ങൾ പുതുക്കുവാൻ കഴിയുന്നതാണ്.

മകയിരം

സമീപനങ്ങളെച്ചൊല്ലി ചില ഭിന്നതകൾ ജോലിസ്ഥലത്ത് ഉടലെടുക്കാം. 'താൻ  പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന്' ഉറക്കെ വാദിക്കുന്നതാണ്. രോഗഗസ്തർക്ക് ചികിൽസാമാറ്റം കൊണ്ട് പറയത്തക്ക ആശ്വാസം ഉണ്ടാവണമെന്നില്ല. സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം അധിക വരുമാനം ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതുണ്ട്. വാരമദ്ധ്യത്തിലെ ദിവസങ്ങൾക്ക്  മേന്മ കുറയാം. ദാമ്പത്യസംതൃപ്തി സമ്മിശ്രമാവും. സ്വർണമോ വിലകൂടിയ വസ്തുക്കളോ വാങ്ങാനിടയുണ്ട്. മുൻകാല സുഹൃത്തുക്കളെ കാണാനായേക്കും.

തിരുവാതിര

നാലിലെ ചൊവ്വ ഗാർഹികമായ സ്വൈരക്കേടുണ്ടാക്കാം. വാഗ്വാദങ്ങൾക്ക് മുതിരാതിരിക്കുക. വാഹനം ഉപയോഗിക്കുന്നതിൽ നല്ലശ്രദ്ധ ആവശ്യമാണ്. ധനാഗമം തൃപ്തികരമാവുമെങ്കിലും അധികച്ചെലവിനാൽ വിഷമിച്ചേക്കും. കലാകാരന്മാർക്ക് അപ്രതീക്ഷിത അവസരങ്ങൾ വീണുകിട്ടാം. രണ്ടിൽ ശുക്രൻ തുടരുകയാൽ വാക്കിൽ മാധുര്യം പുലർത്താനാവും. പ്രണയികൾക്ക് ആഹ്ളാദമേറുന്നതിന് സാഹചര്യം അനുകൂലമാവും. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ തുടങ്ങാതിരിക്കുക ഉത്തമം.

പുണർതം

സ്മരണകൾ മനസ്സിനെ ആർദ്രമാക്കും. തൊഴിൽപരമായി ശരാശരിക്കാലമാണ്. മത്സരാധിഷ്ഠിതമായ പ്രവർത്തികളാൽ വിജയിക്കാൻ സാഹചര്യം അനുകൂലമാണ്. മക്കൾക്കായി ധനം നിർലോഭം ചെലവുചെയ്യും. സർക്കാരിൽ നിന്നും ലൈസൻസ് കിട്ടും. പുതിയ സംരംഭങ്ങളുടെ കാര്യത്തിൽ കൂടുതൽ സാങ്കേതിക പരിജ്ഞാനം ആവശ്യമായി വരുന്നതാണ്. വാഗ്ദാനങ്ങൾ സഫലമാവും.  വിദേശയാത്രയ്ക്ക് ഒരുക്കം പൂർത്തിയാക്കും. വസ്തുവില്പന പിന്നീടത്തേക്കാക്കുക ഉചിതമാണ്. രോഗബാധിതരെ സന്ദർശിക്കാൻ നേരം കണ്ടെത്തും.

പൂയം

അനാവശ്യമായ തിടുക്കം ഒഴിവാക്കണം. ഇരുവട്ടം ആലോചിച്ച ശേഷമാവണം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. സാമ്പത്തിക ഞെരുക്കം ഉണ്ടാവില്ല. എന്നാൽ ചെലവേറും. സുഹൃൽബന്ധങ്ങൾ പുതുക്കാനവസരം കിട്ടുന്നതായിരിക്കും. കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കാനാവും. പുതിയ തലമുറയിലെ ബന്ധുവിൻ്റെ വിവാഹത്തിന് മുൻകൈയെടുക്കും. സഹോദരരുടെ കഴിവ് പ്രയോജനപ്പെടുത്തുന്നതാണ്. തീർത്ഥാടനത്തിന് സമയം മാറ്റിവെച്ചേക്കാം. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുന്നത് സുഖഭോഗങ്ങൾക്കും പാരിതോഷികലബ്ധിക്കും കാരണമാകും. ഭൂമിയിൽ നിന്നും ആദായം വരും.

ആയില്യം

നക്ഷത്രനാഥനായ ബുധൻ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. നിപുണയോഗം ബൗദ്ധികമായി തെളിച്ചമേകും. പഠനം, ഗവേഷണം ഇവയിൽ  മുന്നോട്ടുപോക്ക് സാധ്യമാവും. ധനാഗമം സുഗമമായേക്കും. മേലധികാരികൾക്ക് പ്രീതി ഭവിക്കുന്നതാണ്.  തടസ്സങ്ങളെ നിസ്സാരമാക്കാനുള്ള ധൈര്യമുണ്ടാവും. പണയത്തിലിരുന്ന സ്വർണം വീണ്ടെടുക്കുന്നതാണ്.  നവസംരംഭങ്ങൾ സംബന്ധിച്ച കൂടിയാലോചനകൾ അലസിപ്പിരിയാനാണ് സാധ്യത. വൃദ്ധജനങ്ങൾ ആരോഗ്യത്താൽ ശ്രദ്ധിക്കേണ്ടതുണ്ട്. വേഗം ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള തിരക്കുണ്ടായേക്കും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകം

സ്വശക്തിയിൽ വിശ്വാസം വർദ്ധിക്കും. മടിച്ചുനിന്ന ദൗത്യങ്ങൾ സധൈര്യം ഏറ്റെടുക്കും. അഭിമാനബോധത്തോടെ പ്രവർത്തിക്കാനാവും. പലരിലും സൽപ്രേരണ ചെലുത്തുന്നതാണ്. ആഘോഷങ്ങളിൽ മുഴുകുവാനാവും. സാമ്പത്തികമായി സംതൃപ്തിയുണ്ടാവും. വ്യക്തിപരമായ വിഷമങ്ങൾ മറക്കും. വാരാദ്യം ജോലിഭാരം കൂടാനിടയുണ്ട്. സഹപ്രവർത്തകരുടെ അഭാവം അധ്വാനം വർദ്ധിപ്പിക്കാം. വിദേശത്തുള്ള മകനിൽ നിന്നും സഹായം വന്നെത്തും. ദേഹസുഖക്കുറവിന് വൈദ്യസഹായം തേടാതിരിക്കരുത്. ചെലവ് അധികരിക്കുന്നതിൽ അസ്വസ്ഥതയുണ്ടാവില്ല.

പൂരം

പുതിയ കാര്യങ്ങളോട് മുഖം തിരിച്ചേക്കും. പാരമ്പര്യത്തിൻ്റെ തനിമകളോട് കൂടുതൽ ആഭിമുഖ്യം പുലർത്തും. കുടുംബത്തിലെ മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. ചെറുപ്പക്കാരുടെ ജോലിക്കാര്യത്തിലെ അനിശ്ചിതത്വം ആഘോഷങ്ങളെ അല്പം മ്ളാനമാക്കാം. ആഘോഷവേളകളിലെ ഒത്തുചേരലുകൾ പുതിയ സംരംഭങ്ങൾ സംബന്ധിച്ചുള്ള പര്യാലോചനകൾ കൂടിയായി മാറും. ജന്മനക്ഷത്രത്തിൽ പിൻഗതി തുടരുന്ന കേതു സ്വസ്ഥതയെ ബാധിക്കാനിടയുണ്ട്. അതിനാൽ വാക്കിലും കർമ്മത്തിലും കരുതൽ വേണ്ടതാണ്. പ്രണയികൾക്കിടയിൽ അസ്വാരസ്യം ഉയരാം. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്.

ഉത്രം

ഗവേഷണ വിഷയങ്ങളിൽ നിന്നും മനസ്സ് പിൻവാങ്ങും. പിതാവും പുത്രനും തമ്മിൽ കൂടുതൽ രമ്യതയുണ്ടാവും. പ്രണയികൾ വിവാഹ തീരുമാനത്തിലെത്തും. ഔദ്യോഗിക രംഗത്ത് ചുമതലകൾ പകരക്കാരെ ഏൽപ്പിക്കേണ്ടി വരാം. സുഹൃത്തുക്കളുമൊത്ത് മുൻകൂട്ടി തീരുമാനിക്കാത്ത യാത്രകൾ നടത്താനുള്ള സാധ്യതയുണ്ട്. പ്രതീക്ഷിച്ച സഹായം കിട്ടാത്തതിൽ വേദനയുണ്ടാവും. സാമ്പത്തിക വർദ്ധനവ് കടം തീർക്കാനായി ഉപയോഗിച്ചേക്കും. ബന്ധുകലഹത്തിൽ മൗനം പാലിക്കുന്നതാവും ഉചിതം. കരാറുകളിൽ പങ്കാളിയാവുമ്പോൾ വ്യവസ്ഥകൾ കൃത്യമായി അറിയാൻ ശ്രമിക്കേണ്ടതുണ്ട്.

അത്തം

ജന്മനക്ഷത്രത്തിൽ നിന്നും ചൊവ്വ മാറുന്നതിനാൽ കുറച്ചുനാളായി അനുഭവിക്കുന്ന സമ്മർദ്ദം കുറയാം. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താനായേക്കും. ദാമ്പത്യത്തിൽ അനുരഞ്ജന നിലപാടുകൾ ഗുണകരമാവും. ആലസ്യവും ഉന്മേഷവും വിട്ടകലാം. ഭാവിസംബന്ധിച്ച  തീരുമാനങ്ങൾ കൃത്യമായ ആലോചനയിലൂടെ സ്വീകരിക്കും. ബന്ധുസമാഗമത്തിൽ സന്തോഷിക്കാനും പഴയ സ്മരണകൾ പുതുക്കാനുമാവും. വാഹനം വാങ്ങുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. മകൻ്റെ കാര്യത്തിൽ ശുഭവാർത്തയുണ്ടാവും.

ചിത്തിര

സ്വന്തം തീരുമാനങ്ങൾ പുനപ്പരിശോധിക്കാൻ സാധ്യത കാണുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാതിരിക്കുകയാവും തൽകാലം അഭികാമ്യം. ഉപഭോക്താക്കളുടെ വലിയ തോതിലുള്ള സഹകരണം വ്യാപാരത്തിൽ ലാഭമുയർത്തും. ഭാവികാര്യങ്ങളിൽ സഹപ്രവർത്തകരുടെ അഭിപ്രായം കൂടി സ്വീകരിക്കാൻ തീരുമാനിക്കുന്നതാണ്. ഗാർഹികമായി സൗഖ്യമുണ്ടാവും. വിനോദയാത്ര മാറ്റിവെച്ചേക്കും. ഭൂമിവിൽപ്പനയിലെ തടസ്സം വിഷമത്തിന് കാരണമാകും. വിദ്യാർത്ഥികൾക്ക് വിദൂരപഠനത്തിലൂടെ പുതിയ കോഴ്സിന് പ്രവേശനം ലഭിക്കുന്നതാണ്. ആഴ്ചമധ്യം കൂടുതൽ ഗുണകരം.

ചോതി

ബൗദ്ധികമായി അല്പം പിരിമുറുക്കമുണ്ടാവും. കാര്യങ്ങൾ പരിഹരിക്കാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർ  ആഘോഷങ്ങളുടെ ഭാഗമാകാനായി നാട്ടിലെത്തിച്ചേരാൻ  ഏറെ ക്ലേശിച്ചേക്കും. സുഹൃൽ സമാഗമത്തിലൂടെ മാനസികോർജ്ജം വീണ്ടെടുക്കുവാനാവും. സ്വർണപ്പണയം വീണ്ടെടുക്കുന്നതിലൂടെ ഗാർഹികമായ സ്വൈരക്കേടുകൾക്ക് പരിഹാരമാവും. പഠനകാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം കിട്ടും. പ്രണയികളുടെ ഇടയിൽ ഹൃദയൈക്യം ദൃഢമാകുന്നതാണ്. ചിലരുടെ വാക്കുകൾ മനസ്സിൽ മുറിവാകാം.

വിശാഖം

ധനപരമായി മോശമാവില്ല. എന്നാൽ കുറച്ചധികം ചെലവേർപ്പെടുന്നത് സ്വാഭാവികമായ രീതിയാവും. ഗൃഹനിർമ്മാണത്തെ സംബന്ധിച്ച ഏർപ്പാടുകൾ പുനരാലോചിക്കാൻ അവധിക്കാലം പ്രയോജനപ്പെടുത്തും. മകളുടെ ജോലിസ്ഥലത്തിനടുത്ത് താമസിക്കേണ്ടതായ സാഹചര്യം രൂപപ്പെടാനിടയുണ്ട്. മകൻ്റെ നവസംരംഭങ്ങൾ ബാലാരിഷ്ടയിൽ കിടന്ന് കുരുങ്ങുന്നതിൽ വിഷമമുണ്ടാവും. പൂർവ്വിക ഭൂമിയുടെ പ്രമാണത്തിലെ അവ്യക്തതകൾ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.

അനിഴം

ഊർജ്ജവും ഉന്മേഷവും അനുഭവപ്പെടുന്ന വാരമാവും. തടസ്സങ്ങളെ തൃണവൽഗണിച്ച് മുന്നേറാനാവും. അനുഭവത്തിലൂടെ നേടിയ ജീവിതപാഠങ്ങൾ അത്യധികം ഗുണകരമായിരിക്കും. മുൻകൂട്ടി തീരുമാനിച്ചവ ഭംഗിയായി നിർവഹിക്കാം. ബന്ധുസമാഗമം ആഹ്ളാദമേകും. ചെലവിൻ്റെ കാര്യത്തിൽ ധാരാളിയായേക്കും. കലാപ്രവർത്തകർക്ക് അപ്രതീക്ഷിതമായ അവസരങ്ങൾ വീണുകിട്ടാം. ഗാർഹികാന്തരീക്ഷം സുഖപ്രദമായിരിക്കും. ഭൂമിയിൽ നിന്നും കുറച്ചാദായം വന്നെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലനുഭവപ്പെടും.

തൃക്കേട്ട

ഉപജാപങ്ങളെ മറികടക്കുന്നതാണ്. കാര്യസാധ്യത്തിനായി സ്വാർത്ഥരാവേണ്ടതായി വന്നേക്കും. പുതിയ കാര്യങ്ങൾ പഠിച്ചറിയാനുള്ള ഔൽസുക്യം കൂടുന്നതാണ്. അവധിക്കാല യാത്രകൾ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് പൂർത്തിയാക്കും. പരാശ്രയ സാഹചര്യം വരാനിടയുണ്ട്. വ്യാപാരകാര്യങ്ങളിൽ ചെറിയ തൃപ്തിക്കുറവ് ഏർപ്പെടുന്നതാണ്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ തള്ളിക്കളയരുത്. നക്ഷത്രാധിപന് മൗഢ്യം ഉള്ളതിനാൽ ഏതുകാര്യവും ഇരുവട്ടം ആലോചിക്കുന്നത് ഗുണമേകും. ജോലി തേടുന്നവരുടെ പ്രതീക്ഷകൾ തുടരപ്പെടും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമായിരിക്കും.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

മൂലം

വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാവും ഉചിതം. പിന്തുണ കിട്ടിയേക്കില്ല. വാരാദ്യത്തിൽ അമിതാധ്വാനം വേണ്ടിവന്നേക്കും. യാത്രമൂലം ദേഹക്ഷീണം ഭവിക്കുന്നതാണ്. കാര്യസാധ്യത്തിനായി അന്യരെ ആശ്രയിക്കുകയാൽ മനക്ലേശവും ഉണ്ടാവും. വരുമാനം തൃപ്തികരമായേക്കും. ആഘോഷങ്ങളെ മുൻനിർത്തി ചെലവുകൾ അധികരിക്കും. ഇലക്ട്രോണിക് ഉല്പന്നം വാങ്ങുന്നതാണ്.   കൈവായ്പകൾ മടക്കിനൽകാനാവും. ജന്മനാട്ടിൽ കഴിയുന്ന ബന്ധുമിത്രാദികളെ സന്ദർശിക്കാൻ സാധിക്കുന്നതാണ്.

പൂരാടം

പലകാര്യങ്ങളിലും തിരിച്ചറിവ് സാധ്യമാവുന്നതാണ്. ഇഷ്ടവസ്തുക്കൾ സ്വന്തമാക്കാൻ തക്കവിധം ധനസ്ഥിതി ഉയരും.  റെസിഡൻ്റ്സ് അസോസിയേഷനും മറ്റും നടത്തുന്ന ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. അവധിക്കാലം കുടുംബത്തിനൊപ്പം യാത്രകൾക്കായി മാറ്റിവെക്കാനും സാധ്യതയുണ്ട്. സഹപ്രവർത്തകർ തമ്മിലുള്ള ഭിന്നിപ്പ് പരിഹരിക്കാൻ മുൻകൈയെടുക്കും. മകൻ്റെ സ്വഭാവമാറ്റം ആശ്വസമേകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള അറിയിപ്പ് കൈവരും. പിതാവിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.

ഉത്രാടം

പുരോഗതിയിൽ തടസ്സങ്ങൾ അനുഭവപ്പെടാം. കഠിനാധ്വാനം പോരെന്ന തോന്നൽ ശക്തമാകുന്നതാണ്. തന്മൂലം മാനസിക പിരിമുറുക്കം ഉണ്ടായേക്കും. എന്നാൽ സാഹചര്യവുമായി വേഗം പൊരുത്തപ്പെടാനും സാധിക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ ശക്തിയേകും. ധനകാര്യത്തിൽ കരുതലുണ്ടാവണം. ജീവിതാസ്വാദനത്തിനും നേരം കണ്ടെത്തുന്നതാണ്. രോഗക്ലേശിതർക്ക് ആശ്വാസമുണ്ടാവും. അഭിപ്രായ ഭിന്നതകളിൽ നിഷ്പക്ഷത കൈക്കൊള്ളുന്നതാണ്.  മകളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടായേക്കും.

തിരുവോണം

പുതിയ കാര്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കില്ല. എന്നാൽ പാരമ്പര്യത്തെ മുഴുവനായും തള്ളിപ്പറയുകയുമില്ല. ആഘോഷങ്ങളുടെ അവസാന വാക്കായി  കുടുംബത്തിലെല്ലാവരും ആശ്രയിക്കും. ഗൃഹനവീകരണത്തിന് പണം കണ്ടെത്തുന്നത് ആലോചനയിൽ നിറയുന്നതാണ്. പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ തലവേദന സൃഷ്ടിക്കാം. മത്സരങ്ങൾക്ക് തയ്യാറെടുപ്പ് നടത്തുവാൻ കഴിയും. ജീവിതശൈലീ രോഗങ്ങളിൽ നിയന്ത്രണം അനിവാര്യമാവും. സമീപഭാവിയിൽ നിർവഹിക്കേണ്ട ചുമതലകൾ മനസ്സിൽ കുറിച്ചിടും. ആശങ്കകൾ മനസ്സിനെ മഥിച്ചേക്കാം.

അവിട്ടം

ആദരണീയത കൈവരും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കപ്പെടും. ബന്ധുമിത്രാദികളുടെ സന്ദർശനം വിരസജീവിതത്തെ ഉല്ലാസഭരിതമാക്കും. ഭൂമി വാങ്ങുന്നതിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യത. പ്രവർത്തന മേഖലയിൽ ചില തടസ്സങ്ങൾ അനുഭവപ്പെട്ടേക്കും. അവ പരിഹരിക്കാനുള്ള പോംവഴിതേടുന്നതാണ്. ധനക്ലേശം അനുഭവിക്കുന്ന ബന്ധുവിന് സഹായം ചെയ്യുവാൻ സന്നദ്ധത കാട്ടും. പ്രണയികൾക്ക് വിഘ്നമോ ഒറ്റപ്പെടലോ വാരാനിടയുണ്ട്. സാഹിത്യം, സംഗീതം, അഭിനയം തുടങ്ങിയ സിദ്ധികൾ പോഷിപ്പിക്കാൻ തീരുമാനിച്ചേക്കും.

ചതയം

മൂന്നോ നാലോ ദിവസം കൊണ്ട് ഒരാഴ്ചയുടെ അധ്വാനം പൂർത്തീകരിക്കേണ്ടതായി വന്നേക്കും. ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ പിന്നോട്ടുപോകില്ല. ഒപ്പമുള്ളവരുടെ സഹകരണം വളരെ ഗുണകരമാവും. ഏജൻസി വ്യാപാരം പ്രതീക്ഷിച്ചതിലധികം മെച്ചപ്പെട്ടതാവും. വായ്പകൾ കൃത്യമായി അടയ്ക്കാനാവും. വിട്ടുവീഴ്ചകൾ ഗാർഹസ്ഥ്യത്തെ മധുരതരമാക്കുന്നതാണ്. മംഗളകർമ്മങ്ങൾ ഭംഗിയാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. പ്രണയകാലം വീണ്ടും പൂക്കാൻ തുടങ്ങിയേക്കും. ഞായർ, വെള്ളി, ശനി ദിവസങ്ങൾ സമ്മിശ്രഫലത്തോട് കൂടിയതായിരിക്കും.

പൂരൂരുട്ടാതി

സ്വയം തൊഴിലിൽ നിന്നും ആദായമുയരുന്നതാണ്. വസ്ത്രഭരണാദികൾ, ഭക്ഷ്യവിഭവങ്ങൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവ പുഷ്ടിപ്പെടും. എന്നാൽ അധികാര സ്ഥാനത്തുള്ളവർക്ക് പലതരം വെല്ലുവിളികൾ നേരിടേണ്ടി വരുന്നതായിരിക്കും. വിശിഷ്ട വ്യക്തികളുടെ പരിചയം നേടാം. ചെറിയ വിനോദയാത്രകൾക്ക് അവസരം ഉണ്ടായേക്കും. ഉപാസനകൾക്ക് നേരം കിട്ടിയില്ലെന്ന് വരാം. ഭൂമിവിൽപ്പനയ്ക്ക് വഴിതെളിഞ്ഞേക്കില്ല. അക്കാര്യത്തിൽ നിരാശയുണ്ടാവും. ജീവിതശൈലീ രോഗങ്ങൾ കൂടാം. ഞായർ, ശനി ദിവസങ്ങൾക്ക് മേന്മ കുറയും.

ഉത്രട്ടാതി

പലരും കയ്യൊഴിഞ്ഞ കരാറുകൾ ഏറ്റെടുക്കാൻ തയ്യാറാവുന്നതാണ്. എന്നാൽ അതിനുമുൻപ് വ്യവസ്ഥകൾ മുഴുവനായി മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. പൂർവ്വിക സ്വത്തിലെ തർക്കം പരിഹരിക്കാൻ കൂടിയാലോചനകൾ നടത്തും. പലവഴിക്ക് വരുമാനമുയരാം. ചെലവിനും അതുപോലെ വഴികൾ വന്നെത്തുന്നതാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. പുതുജോലിക്കുള്ള ശ്രമം തുടർന്നേക്കും. ഗവേഷണ വിഷയം കഠിനമായി തോന്നുന്നതാണ്. ഭാവന ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. മുതിർന്നവർ ആരോഗ്യ കാര്യത്തിൽ ഉത്സുകരാവണം. 

രേവതി

യുവാക്കളുടെ പ്രണയത്തിന് ശുഭപര്യവസാനം വരാനിടയുണ്ട്. പലവിധ കാര്യങ്ങൾ മനസ്സിൽ ഇടം പിടിക്കുന്നതിനാൽ സ്വസ്ഥത കുറയാം. ബന്ധുസമാഗമം സന്തോഷമേകും. വ്യാപാരരംഗം പുഷ്ടിപ്പെടാൻ പുതിയ കരാറുകളിൽ ഏർപ്പെടുന്നതാണ്. തൊഴിൽപരമായി ദൂരയാത്രകൾ ഉദ്ദേശിക്കുന്നവർക്ക് അവസരം തെളിഞ്ഞേക്കും. അവധിക്കാലത്തിനു ശേഷം ചെയ്യേണ്ട ഔദ്യോഗിക കാര്യങ്ങൾ തിട്ടപ്പെടുത്ത വെക്കും. വായ്പത്തുകയുടെ തവണ മുടങ്ങുകയില്ല. സുഖഭോഗങ്ങൾക്ക് ധനം ചെലവുചെയ്തേക്കും. പഞ്ചമഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ മകൾക്ക് നേട്ടം കൈവരുന്നതാണ്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: