scorecardresearch

Weekly Horoscope Aug 24-Aug 30: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, August 24-August 30: ഓഗസ്റ്റ് 24 ഞായർ മുതൽ ഓഗസ്റ്റ് 30 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, August 24-August 30: ഓഗസ്റ്റ് 24 ഞായർ മുതൽ ഓഗസ്റ്റ് 30 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, August 24- August 30

Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പ്രഥമ മുതൽ സപ്തമി വരെ തിഥികളിലാണ്. പ്രോഷ്ഠപദമാസത്തിൻ്റെ ആരംഭമാണ് ആഗസ്റ്റ് 24 ന് ഞായറാഴ്ച. പൂരം മുതൽ വിശാഖം വരെയുള്ള നക്ഷത്രങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ കടന്നുപോകുന്നു. ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകത്തിലുണ്ട്. ആഗസ്റ്റ് 30 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ആയില്യം നക്ഷത്രത്തിലാണ് ബുധൻ. ശുക്രൻ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു.

Advertisment

ശനി മീനംരാശി ഉത്രട്ടാതിയിൽ വക്രഗതി തുടരുകയാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിലുണ്ട്. രാഹു കുംഭത്തിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങത്തിൽ പൂരത്തിലും പിൻഗതി തുടരുകയാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

ചന്ദ്രസഞ്ചാരം അനുകൂലരാശികളിലൂടെയാകയാൽ ഇഷ്ടാനുഭവങ്ങൾക്ക് മുഖ്യത്വം വരുന്നതാണ്. മത്സരം / അഭിമുഖം ഇവയിൽ വിജയിക്കും. എതിർക്കുന്നവരെ സമർത്ഥമായി പ്രതിരോധിക്കുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ കൃത്യമായിത്തന്നെ നിർവഹണത്തിലെത്തിക്കാൻ സാധിക്കും. വ്യാപാരത്തിൽ നേട്ടമുയരുന്നതാണ്. സർഗാത്മക പ്രവർത്തനങ്ങളിൽ ഏകാഗ്രതയുണ്ടാവും. തൊഴിൽ രംഗത്തെ കിടമത്സരങ്ങളിൽ വിജയിക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ അടുക്കും ചിട്ടയും പുലർത്തുവാൻ കഴിയും. ദീർഘദർശിത്വത്തോടെ പ്രവർത്തിക്കുന്നതാണ്.

പൂരാടം

മനസ്സമാധാനവും പ്രവൃത്തികളിൽ ഉത്സാഹവും ഭവിക്കുന്നതാണ്. തീരുമാനങ്ങൾ കൃത്യമായി കൈക്കൊള്ളാനാവും. അവ പ്രാവർത്തികമാക്കുവാനും വിഷമമുണ്ടാവില്ല. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നതാണ്. സ്വയം പലതും പഠിച്ചറിയും. പരിമിതികളെ മറികടക്കാൻ സദാ ഔത്സുക്യം പുലർത്തുന്നതായിരിക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ചില ശുഭസൂചനകൾ ലഭിക്കുന്നതാണ്. കടബാധ്യതകൾ വീട്ടുന്നതിന് ഊർജ്ജിതശ്രമം തുടരും. പാരമ്പര്യ തൊഴിലുകൾ ഏറ്റെടുക്കാൻ മുന്നോട്ടുവരും. ആരോഗ്യം തൃപ്തികരമായിരിക്കുന്നതാണ്.

Advertisment

ഉത്രാടം

പൊതുവേ കാര്യസിദ്ധിക്കാവും മുൻതൂക്കമെങ്കിലും അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ഗൃഹനിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശത്തിന് ഉറ്റവരെ ക്ഷണിക്കും. ഉദ്യോഗസ്ഥർക്ക് ശരാശരിക്കാലമാണ്. മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമായേക്കും. ബിസിനസ്സിൽ സാമാന്യമായ ലാഭം കൈവരും. കൂടുതൽ വിപുലീകരണത്തിന് ഗ്രഹാനുകൂലതയില്ല. വാഹനത്തിന് ചെറിയ അറ്റകുറ്റപ്പണി വരാം. വൃദ്ധജനങ്ങളുടെ പരിചരണത്തിന് കൂടുതൽ സമയം നീക്കിവെക്കേണ്ടി വരാം. രാഷ്ട്രീയം കൊണ്ട് ആത്മസംതൃപ്തിയുണ്ടാവില്ലെന്ന് തിരിച്ചറിയും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തിരുവോണം

വാരാദ്യം സൗഖ്യം കുറയുന്നതാണ്. തീരുമാനങ്ങൾ തെറ്റാണെന്ന് അറിയുകയാൽ ഖേദിക്കേണ്ടിവരും. ചെലവ് കൂടാനുമിടയുണ്ട്. ചൊവ്വ മുതൽ അനുകൂലത പ്രതിക്ഷിക്കാം.  സ്ഥിരജോലിക്കായുള്ള അപേക്ഷ പരിഗണിക്കപ്പെടും. പ്രയത്നത്തിന് അർഹമായ പ്രതിഫലം ലഭിക്കുന്നതാണ്. സംഘടനയിൽ പദവി ഉയരുവാനിടയുണ്ട്. പഴയ കുടിശികകൾ കിട്ടിയേക്കാം. തൽസംബന്ധമായ പരാതി അധികൃതർക്ക് നൽകുന്നതാണ്. കുടുംബത്തിനുള്ളിൽ സമാധാനം കുറയാതിരിക്കാനായി വിട്ടുവീഴ്ച ചെയ്യും.

അവിട്ടം

സ്വാശ്രയത്വം ആഗ്രഹിക്കും. എന്നാൽ പലപ്പോഴും പരാശ്രയത്വം ആവശ്യമാവും. ലഘുയത്നത്തിലൂടെ നേടാവുന്നവ ഇപ്പോൾ കൂടുതൽ അദ്ധ്വാനിച്ചിട്ടുമാത്രമേ കരഗതമാവുകയുള്ളൂ എന്ന നിലവരും. ഗവേഷകർക്ക് കൂടുതൽ അവസരങ്ങൾ വന്നെത്തുന്നതാണ്. തൊഴിലിടത്തിൽ ആധിപത്യം പുലർത്താൻ ശ്രമിക്കും. ചൊവ്വ വരെ ക്ലേശങ്ങളുണ്ടാവും. ബുധനാഴ്ച മുതൽ ഗുണത്തിന് മേൽക്കോയ്മ വരും. ധനപരമായ സമ്മർദ്ദങ്ങളെ മറികടക്കും. എതിർപ്പുകളെ മറികടക്കുവാനാവും. വിവാഹാദികളിൽ പങ്കെടുക്കും.

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

ചതയം

ആത്മവിശ്വാസം കൂടുന്ന സാഹചര്യങ്ങൾ ഉണ്ടാവും. പരാധീനതകളെ മറികടക്കുന്നതാണ്. മത്സരങ്ങളിൽ നിന്നും പിന്തിരിയുകയില്ല. ബിസിനസ്സിൽ പ്രതീക്ഷിച്ച ലാഭം കൈവരാൻ അല്പം കൂടി കാത്തിരിപ്പ് തുടരണം. പാർട്ണർഷിപ്പ് സംരംഭങ്ങളിൽ തൃപ്തി കുറയാനിടയുണ്ട്. ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നതിൽ കരുതൽ വേണം. പ്രണയികൾക്ക് എതിർപ്പുകളെ നേരിടേണ്ടി വരുന്നതാണ്. ഭൂമി വ്യാപാരത്തിൽ നഷ്ടം വരാനിടയുണ്ട്. കബളിപ്പിക്കപ്പെടാതിരിക്കാൻ കരുതൽ വേണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറാകയാൽ കരുതൽ വേണ്ടതുണ്ട്.

പൂരൂരുട്ടാതി

തർക്കങ്ങളിൽ നിന്നും വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് അഭികാമ്യം. ബിസിനസ്സ് കാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തേണ്ടതുണ്ട്. നല്ല അവസരങ്ങൾ പ്രതീക്ഷിച്ചതുപോലെ വീണുകിട്ടണമെന്നില്ല. പണമിടപാടുകളിൽ ജാഗ്രത വേണം. ഭൂമിവ്യാപാരം നീണ്ടുപോകാനിടയുണ്ട്. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുകയാൽ സഹപ്രവർത്തകരുടെ ഇടയിൽ സ്ഥാനോന്നതി ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നന്നായി ശോഭിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും. വാരമധ്യം മുതൽ കൂടുതൽ അനുകൂലഫലങ്ങൾ വന്നുചേരുന്നതാണ്.

ഉത്രട്ടാതി

ആഗ്രഹിച്ച ചില ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. സ്വന്തം തൊഴിലിൽ ഉയർച്ചയുണ്ടാവുന്നതാണ്. കൂടുതൽ തൊഴിലാളികളെ താത്കാലികമായി നിയമിച്ചേക്കും. അവസരങ്ങൾ തേടുന്നവർക്കും നിരാശപ്പെടേണ്ടി വരില്ല. ദിനചര്യകളിലും ഭക്ഷണരീതിയിലും മറ്റും ചില മാറ്റങ്ങൾ വരുത്താനിടയാവും. ബന്ധുക്കൾക്ക് സഹായം നൽകാൻ സന്നദ്ധത കാട്ടും. രാഷ്ട്രീയക്കാർ ജന്മശനിക്കാലമാകയാൽ ദുരാരോപണങ്ങളെ നേരിട്ടേക്കും. സ്നേഹബന്ധം ദുർബലപ്പെടുന്നുണ്ടോ എന്ന് സന്ദേഹമാവും.തിങ്കളും ചൊവ്വയും ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കണം.

രേവതി

കുടുംബാന്തരീക്ഷം സംതൃപ്തമാവും. മകളുടെ ജോലിക്കാര്യത്തിൽ ശുഭപ്രതീക്ഷയേറും. രോഗഗ്രസ്തർ അല്പം കൂടി കരുതൽ കൈക്കൊള്ളുന്നത് നന്നായിരിക്കും. കർമ്മരംഗത്ത് ചില അഴിച്ചു പണികൾ നടത്താനിടയുണ്ട്. എതിർപ്പുന്നയിക്കുന്നവരെ സമർത്ഥമായി പ്രതിരോധിക്കാൻ കഴിയുന്ന കാലമാണ്. ചെറുയാത്രകൾ വേണ്ടിവരും. എന്നാൽ അവയാൽ വലിയ മെച്ചം വരികയുമില്ല.ബഹുകാര്യങ്ങളിൽ ഇടപ്പെടുന്നതിനാൽ ഏകാഗ്രത കുറയാനിടയുണ്ട്.സുഹൃൽസംഗമത്തിൻ്റെ സംഘാടനം ഏറ്റെടുക്കുന്നതാണ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കണം.

Read More: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

Astrology Horoscope weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: