/indian-express-malayalam/media/media_files/087K1jD6wSKfNrHL0WU5.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ചിങ്ങം രാശിയിലാണ്. പൂരം, ഉത്രം ഞാറ്റുവേലകൾ നടക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിൽ, ചോതി മുതൽ ഉത്രാടം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ശനി കുംഭം രാശിയിൽ വക്രഗതിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും, കേതു കന്നി രാശിയിൽ അത്തം നക്ഷത്രത്തിലുമാണ്.
ചൊവ്വ മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലൂടെ കടന്നുപോകുന്നു. ബുധൻ ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലാണ്. ശുക്രൻ കന്നിരാശിയിൽ അത്തം - ചിത്തിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് ചിന്തിക്കാം. ഞായറും തിങ്കൾ ഉച്ചവരേയും മീനക്കൂറുകാർക്കും തുടർന്ന് ബുധൻ രാത്രി വരെ മേടക്കൂറുകാർക്കും അനന്തരം വെള്ളിയാഴ്ച അർദ്ധരാത്രി വരെ ഇടവക്കൂറുകാർക്കുമാണ്. അതിനുശേഷം മിഥുനക്കൂറുകാരുടെ ചന്ദ്രാഷ്ടമരാശി തുടങ്ങുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
മൂലം
തടസ്സങ്ങളില്ലാതെ കാര്യസാദ്ധ്യമുണ്ടാവുന്നതാണ്. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണ്. പുതിയ ചില ലക്ഷ്യങ്ങൾ മനസ്സിലുണ്ടാവും. അവ നേടാനായി നിശബ്ദ പ്രവർത്തനം ആരംഭിക്കുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതിക്കായി അല്പം കാത്തിരിക്കേണ്ടതായി വന്നേക്കാം. തൊഴിൽ മേഖലയിൽ പറയത്തക്ക സമ്മർദ്ദങ്ങൾ ഉണ്ടായേക്കില്ല. ഊഹക്കച്ചവടത്തിൽ ആദായസാധ്യതകൾ വിരളമാണ്. ദാമ്പത്യത്തിൽ സ്വൈരം കുറവായിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലുണ്ടാവും.
പൂരാടം
കരുതിയതിനെക്കാൾ എളുപ്പത്തിൽ നേട്ടങ്ങൾ വന്നുചേരും. എതിർപ്പുകളുമായി വന്നവർ സ്വയം പിൻവാങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് തടസ്സം കൂടാതെ കാര്യനിർവഹണം സാധ്യമാകും. ദാമ്പത്യത്തിലെ അലോസരങ്ങളെ നയോപായത്താൽ മറി കടക്കുവാനും ശാന്തമായ അന്തരീക്ഷം നിലനിർത്താനും കഴിയും. ബന്ധുക്കളുടെ അഭിപ്രായം അവഗണിക്കും. സുഖഭക്ഷണ യോഗം കാണുന്നു. പാരിതോഷികങ്ങൾ ലഭിക്കാം. ദേഹക്ലേശങ്ങൾക്ക് ചികിൽസയും വിശ്രമവും ആവശ്യമായി വരാം. സാമ്പത്തിക ആവശ്യങ്ങൾ ഭംഗിയായി നടക്കും.
ഉത്രാടം
ഉന്മേഷമുണ്ടാവും, വാക്കിലും പ്രവർത്തിയിലുമെല്ലാം. ജന്മനാട്ടിലെത്താൻ അവസരമുണ്ടാവും. സ്വാശ്രയ ബിസിനസ്സിൽ നിന്നും മോശമല്ലാത്ത നേട്ടങ്ങൾ കരഗതമാവും. സഹപ്രവർത്തകരോടുള്ള കടപ്പാട് അറിയിക്കും. ചെലവുകൾക്കുള്ള തുക കിഴിച്ചാലും കുറച്ചൊക്കെ നിക്ഷേപിക്കാനാവും. കുടുംബപരമായി സമാധാനം നിറയും. പ്രണയികൾക്ക് തടസ്സങ്ങളൊഴിയുന്നതിൻ്റെ സൂചന ലഭിച്ചേക്കും. സുഹൃത്തുക്കൾക്ക് ഒത്തുചേരാനാവും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ സുഖക്കുറവ് വരാം.
തിരുവോണം
നക്ഷത്രനാഥനായ ചന്ദ്രൻ അനുകൂലഫല പ്രദനായി ഇഷ്ടഭാവങ്ങളായ 10 ലും 11 ലും സഞ്ചരിക്കുകയാൽ പ്രതീക്ഷിച്ച കാര്യങ്ങൾ അനുഭവത്തിൽ വരുന്നതാണ്. നേട്ടങ്ങൾ ഉണ്ടാവും. ഇഷ്ടവസ്തുക്കൾ വാങ്ങാനാവും. ഉദ്യോഗത്തിൽ സ്വച്ഛത ഉണ്ടാവും. ലഘുപ്രയത്നത്താൽ വലിയ കാര്യങ്ങൾ നേടാനാവും. സ്വന്തം തൊഴിലിൽ ലാഭം കണ്ടുതുടങ്ങും. വീട്ടിലും പുറത്തും അഭിപ്രായത്തിന് സ്വീകാര്യതയുണ്ടാവും. ഗൃഹകാര്യങ്ങൾ, ദാമ്പത്യം എന്നിവ സുഗമമാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെലവ് അധികരിക്കാൻ സാധ്യതയുണ്ട്. ക്ഷോഭം നിയന്ത്രിക്കപ്പടണം.
അവിട്ടം
യാദൃച്ഛികമായി പലതും സംഭവിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേർന്നാരംഭിച്ച സംരംഭം മികവിലേക്ക് നീങ്ങും. ഏജൻസി , കമ്മീഷൻ ഏർപ്പാടുകൾ എന്നിവ ലാഭകരമാവുന്നതാണ്. സംഘടനകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രത്യുല്പന്നമതിത്വവും നിശ്ചയദാർഢ്യവും പ്രദർശിപ്പിക്കും. അടുത്ത ബന്ധുക്കളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കും. മേലധികാരികളുടെ നടപടികളോട് പ്രതിഷേധം രേഖപ്പെടുത്തിയേക്കും. സാഹിത്യം, കല എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരമോ ആദരമോ ലഭിക്കുവാനിടയുണ്ട്. വ്യയാധിക്യത്തിൽ ഉൽക്കണ്‌ഠ തോന്നില്ല.
ചതയം
മനസ്സിലെ മ്ളാനഭാവങ്ങൾ അകലും. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ദേഹക്ലേശം മാറുന്നതാണ്. കാര്യവിഘ്നത്തിന് നിവൃത്തിയാവും. മുൻപിലുള്ള ദൗത്യത്തെക്കുറിച്ച് വ്യക്തതയുണ്ടാവും. പ്രായോഗിക സമീപനം കൈക്കൊള്ളുവാൻ സാധിക്കുന്നതാണ്. സുഖഭക്ഷണവും നിദ്രാസുഖവും ഉണ്ടാവും. ബന്ധങ്ങളിലെ വിള്ളലുകൾക്ക് സ്വയം പരിഹാരം കണ്ടെത്തും. മുറിവുകളുണക്കും. സാമ്പത്തിക സ്രോതസ്സുകൾ ഫലപ്രദമായിത്തീരും. കുടിശ്ശികകൾ അടയ്ക്കാൻ സാധിക്കുന്നതാണ്. ദൈവിക സമർപ്പണങ്ങൾ നടത്താൻ നിശ്ചയിക്കും.
പൂരൂരുട്ടാതി
കുംഭക്കൂറുകാർക്ക് ആഴ്ചയിലുടനീളം ഗുണവും സന്തോഷവും ഭവിക്കുന്നതാണ്. പ്രയത്നം പാഴായില്ല എന്നതിൽ അഭിമാനിക്കാനാവും. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാനോ നിലവിലെ കാര്യങ്ങൾ പുതുക്കിയെടുക്കാനോ സാധിക്കുന്നതാണ്. സ്വതസ്സിദ്ധമായ കാര്യബോധവും പ്രായോഗിക പരിചയവും വിജയഘടകങ്ങളാവും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഉറച്ചുനിൽക്കും. ജീവിത പങ്കാളിയുടെ ഉപദേശം ചെവിക്കൊള്ളും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം അനുഭവപ്പെടും.
ഉത്രട്ടാതി
കാര്യലാഭം എളുപ്പമാവില്ല. തടസ്സങ്ങൾ ഉണ്ടാവുന്നതാണ്. കുറുക്കുവഴികൾ സ്വീകാര്യമായി തോന്നും. ബന്ധുമിത്രാദികളുമായി ഇണങ്ങാൻ ശ്രമിക്കും. ഔദ്യോഗിക തിരക്ക് ഏറുകയാൽ പലപ്പോഴും കുടുംബകാര്യങ്ങൾ മറക്കപ്പെടും. തന്മൂലം ചില അസ്വാരസ്യങ്ങൾ കുടുംബാന്തരീക്ഷത്തിൽ വന്നു ചേരാം. വാരാദ്യം മേന്മ കുറയുന്ന ദിവസങ്ങളാവും. ക്രമേണ അനുകൂലത കൈവരിക്കും. മനസ്സ് ശാന്തമാവുന്നതാണ്. മംഗളകർമ്മങ്ങൾക്ക് ക്ഷണം ലഭിച്ചേക്കും. പുതിയ ഗൃഹോപകരണം വാങ്ങുന്ന കാര്യത്തിൽ ജീവിതപങ്കാളിയുടെ അഭിപ്രായം സ്വീകരിക്കുന്നതാണ്.
രേവതി
ഗൃഹത്തിലെ സമാധാനക്കുറവുകൾക്ക് പരിഹാരം കണ്ടെത്തുവാൻ കിണഞ്ഞ് ശ്രമിക്കും. ഉറക്കക്കുറവ് അനുഭവപ്പെടാം. അഹിതമായ ഉപദേശങ്ങൾ കേൾക്കേണ്ടി വന്നേക്കും. അധികാരികളുടെ അപ്രീതി ഭവിക്കാനിടയുണ്ട്. സ്വപ്രയത്നം ശരിയാംവിധം ബോധ്യപ്പെടുത്താൻ കഴിഞ്ഞേക്കില്ല. സാമ്പത്തിക കാര്യത്തിൽ തെല്ല് ആശ്വാസം ഉണ്ടാവും. ബുധനാഴ്ച മുതൽ കർമ്മരംഗത്തെ മ്ളാനത മാറിയേക്കും. ആഘോഷങ്ങളുടെ ഉന്മേഷവും ഊർജ്ജവും ഉൾക്കൊള്ളുന്നതാണ്. കുടുംബ ക്ഷേത്രവും ജന്മനാടും സന്ദർശിക്കാൻ തീരുമാനിക്കുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us