/indian-express-malayalam/media/media_files/RUM7Ux2WyRCTiSd9pVLj.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ഇടവം രാശിയിൽ കാർത്തിക, രോഹിണി ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത - കറുത്ത പക്ഷങ്ങളിലായാണ് സഞ്ചാരം. മെയ് 23 ന് ഇടവമാസത്തിലെ വെളുത്തവാവ് ആണ്. അത്തം മുതൽ തൃക്കേട്ട / അനിഴം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നുണ്ട്. ചൊവ്വ മീനം രാശിയിൽ, രേവതി നക്ഷത്രത്തിലും ബുധൻ മേടം രാശിയിൽ അശ്വതി- ഭരണി നക്ഷത്രങ്ങളിലായും സഞ്ചരിക്കുന്നു. ശുക്രൻ മൗഢ്യാവസ്ഥയിലാണ്. മേയ് 19 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. കാർത്തിക നക്ഷത്രത്തിലാണ് ശുക്രൻ.
വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴത്തിന്റെ മൗഢ്യം തുടരുകയാണ്. ശനി കുംഭത്തിൽ പൂരൂരുട്ടാതിയിലുണ്ട്. രാഹുവും കേതുവും അപസവ്യ ഗതിയിൽ യഥാക്രമം മീനം രാശിയിലും കന്നി രാശിയിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. കുംഭക്കൂറുകാരുടെ അഷ്ടമരാശി തിങ്കളാഴ്ച സായാഹ്നം വരെയുണ്ട്. തുടർന്ന് ബുധനാഴ്ച അർദ്ധരാത്രി വരെ മീനക്കൂറുകാർക്കാണ്. അതിനുശേഷം ശനിയാഴ്ച രാവിലെ വരെ മേടക്കൂറുകാർക്കും തുടർന്ന് അടുത്തയാഴ്ച നീളുന്ന രീതിയിൽ ഇടവക്കൂറുകാർക്കും അഷ്ടമരാശിക്കൂറുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒൻപത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
മൂലം
കർമ്മരംഗത്ത് മുന്നേറാനാവും. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ പ്രയോഗിക്കും. ഉദ്യോഗസ്ഥർക്കും അനുകൂലമായ കാലമാണ്. സ്വപ്രയത്നം അംഗീകരിക്കപ്പെടും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് കൂടുതൽ തൊഴിലവസരം കൈവരാനിടയുണ്ട്. ബന്ധുസമാഗമം സന്തോഷമേകും. ഗാർഹിക അസന്തുഷ്ടി മനക്ലേശമുണ്ടാക്കും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം. പുതുതുടക്കങ്ങൾ ഒഴിവാക്കുക നന്ന്.
പൂരാടം
കാര്യാലോചനാ യോഗങ്ങളിൽ സജീവമായി പങ്കെടുക്കും. സംഘടനയുടെ നേതൃപദവിയിൽ ശോഭിക്കുന്നതാണ്. മിക്കകാര്യങ്ങളും സമയബന്ധിതമായി നിറവേറ്റും. ധനപരമായി ഗുണമുണ്ടാവുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകും. ആഢംബരച്ചെലവുകൾ എന്നാൽ അല്പം അധികരിക്കാം. പ്രയത്‌നത്തിന് അംഗീകാരം ലഭിക്കുന്നതാണ്. വ്യാപാരത്തിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ മടിക്കില്ല. ഉദ്യോഗസ്ഥർക്ക് അനുകൂലമായ അന്തരീക്ഷം സംജാതമാകുന്നതാണ്. ഉപരിപഠന കാര്യത്തിൽ ആശങ്ക പൂർണമായും ഒഴിഞ്ഞെന്ന് വരില്ല.
ഉത്രാടം
വിജയാനുഭവങ്ങൾ കുറയില്ല. കണക്കുകൂട്ടലുകളിൽ വലിയ പിഴവ് ഉണ്ടാവാതെ തന്നെ കാര്യനിർവഹണം സാധ്യമാകും. ഉത്തരവാദിത്വം ഭംഗിയാക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. താൽക്കാലിക വരുമാനമെങ്കിലും തുറന്നു കിട്ടും. പുതിയ കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാത്തിരിക്കേണ്ടതായി വരുന്നതാണ്. അന്യദേശത്ത് ഉപരിപഠന സാധ്യതയുണ്ട്. സുഖഭോഗങ്ങൾക്കായി പണച്ചെലവുണ്ടാകാം. വാഹനയാത്രയിൽ ജാഗ്രത വേണം. സുഹൃത്തുക്കളുടെ കാര്യങ്ങൾ മുന്തിയ പരിഗണനയിൽ വരും.
തിരുവോണം
ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. ബിസിനസ്സ് രംഗം ഉന്മേഷം കൈവരിക്കും. കർമ്മാലസ്യം ഒഴിയും. മനസ്സ് സക്രിയമാവും. എതിർപ്പ് പ്രകടിപ്പിച്ചവർ അനുകൂലികളായി മാറുന്നതാണ്. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നും പിന്തുണ ലഭിച്ചേക്കാം. കലാപ്രവർത്തനത്തിന് ഏകാഗ്രത അനുഭവപ്പെടും. ബൗദ്ധികമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. മക്കളുടെ കാര്യത്തിൽ ശുഭവാർത്തകൾ പ്രതീക്ഷിക്കാം. തൊഴിൽപരമായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടുവാൻ ആഗ്രഹിക്കും. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ മെച്ചമുണ്ടാകുന്നതാണ്.
അവിട്ടം
നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനാവും. അവ ഭംഗിയായി നിർവഹണത്തിൽ എത്തിക്കുന്നതാണ്. ചൊവ്വ-രാഹു യോഗം ചിലപ്പോൾ അനാവശ്യമായ മനക്ലേശങ്ങൾ സൃഷ്ടിച്ചെന്ന് വരാം. ചില സഹായങ്ങൾ കൈപ്പറ്റേണ്ടിയിരുന്നില്ല എന്ന് തോന്നും. വീട്ടിൽ ഇരുന്നുകൊണ്ട് ജോലി തുടർന്നുവന്നവർക്ക് വീണ്ടും ഓഫീസിൽ പോകേണ്ടതായി വരുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കൈവശമെത്തും. ഇൻഷ്വറൻസ്, ചിട്ടി മുതലായവയിൽ നിന്നും ധനാഗമമുണ്ടാവും. മകളുടെ വീട്ടിൽ താമസിക്കേണ്ട സാഹചര്യം സംജാതമായേക്കാം.
ചതയം
വാരാദ്യത്തിൽ കാര്യതടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. പരിശ്രമങ്ങൾ മെല്ലെയാകുന്നത് വിഷമിപ്പിച്ചേക്കും. വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് അറിയും. ചെറിയ നേട്ടങ്ങൾക്കായി കൂടുതൽ അലയേണ്ടി വന്നേക്കാം. വാരമദ്ധ്യം മുതൽ സ്ഥിതി അല്പാല്പമായി മെച്ചപ്പെടുന്നതാണ്. കഴിവുകൾ തിരിച്ചറിയപ്പെടും. വീട്ടിൽ കുറച്ചൊക്കെ സമാധാനം നിലവിലുണ്ടാവും. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹൃതമാവുന്നതാണ്. ചെയ്തുവരുന്ന വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കും.
പൂരൂരുട്ടാതി
നക്ഷത്രനാഥനായ വ്യാഴത്തിന് മൗഢ്യം തുടരുകയാൽ ലക്ഷ്യത്തിലെത്തുക ക്ലേശസാധ്യമാവും. അസന്ദിഗ്ദ്ധാവസ്ഥ വ്യക്തിപരമായും തുടരപ്പെടും. കടം വാങ്ങി ബിസിനസ്സിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ ഉചിതമാവില്ല. സുഹൃത്തുക്കളുടെ ഹിതോപദേശം ലഭിക്കുന്നതാണ്. മാതാവിന്റെ സമ്പാദ്യം ഉപയോഗിച്ചേക്കും. ഗൃഹനിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കാം. കള്ളം പറയാൻ നിർബന്ധിതരാകും. ചിലപ്പോൾ നിരുന്മേഷത പിറകോട്ടടിക്കുന്നതായി തോന്നുന്നതാണ്. പൊതുപ്രവർത്തനം മുൾക്കിരീടമാണോ എന്ന് സംശയിക്കും. ഏജൻസി പ്രവർത്തനം ലാഭകരമായേക്കും.
ഉത്രട്ടാതി
സുഹൃത്തുക്കൾക്കിടയിലെ സന്ധിചർച്ചകൾക്ക് നേതൃത്വം കൊടുക്കും. ഔദ്യോഗികമായി നല്ല വാരമാണ്. ചുമതലകൾ വിട്ടുവീഴ്ചയില്ലാതെ നിർവഹിക്കുവാനാവും. സഹപ്രവർത്തകർക്കൊപ്പം യാത്രകൾ വേണ്ടി വരുന്നതാണ്. സ്ത്രീകളുടെ നിർലോഭമായ പിന്തുണ ലഭിക്കാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർ വിലകുറഞ്ഞ ആരോപണങ്ങളെ നേരിട്ടേക്കും. പാർട്ണർഷിപ്പ് ബിസിനസ്സുകളിൽ നിന്നും പിന്തിരിയാൻ ആഗ്രഹിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകും. വിവാഹാലോചനകൾ പുരോഗതിയിലേക്ക് നീങ്ങിയേക്കും.ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങാതിരിക്കുക നന്ന്.
രേവതി
ആവശ്യങ്ങൾ പലതും ആവശ്യപ്പെട്ടു തന്നെ നേടേണ്ടിവരും.ഉൾവലിയുന്ന പ്രവണത വർദ്ധിക്കുന്നതാണ്. വൈകാരിക സമീപനം ശത്രുക്കളെ സൃഷ്ടിച്ചേക്കാം.കുടുംബവൃത്തങ്ങളിൽ അവഗണിക്കപ്പെടുന്നു എന്ന തോന്നലിന് ശക്തിയേറുന്നതാണ്. പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കാനുള്ള ചിന്ത ഗുണകരമാവില്ല. ഉദ്യോഗസ്ഥർക്ക് അത്ര മോശം സമയമല്ല. സഹപ്രവർത്തകർക്കിടയിൽ സ്വാധീനമുണ്ടാകും. പുതിയ ചുമതലകൾ വഹിക്കേണ്ടി വരാം. പ്രണയാനുഭവങ്ങൾ സന്തോഷിപ്പിക്കും.വിദേശത്ത് പോകാൻ അവസരം ലഭിക്കുവാനിടയുണ്ട്.
Read More
- Daily Horoscope May 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; May 19-May 25, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; May 19-May 25, 2024, Weekly Horoscope
- WeeklyHoroscope(May 12– May 18, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; May 12-May 18, 2024, Weekly Horoscope
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.