scorecardresearch

സമ്പൂര്‍ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; May 12-May 18, 2024, Weekly Horoscope

Weekly Horoscope: മേയ് 12 ഞായറാഴ്ച മുതൽ മേയ് 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മേയ് 12 ഞായറാഴ്ച മുതൽ മേയ് 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മേയ് 14 ചൊവ്വാഴ്ച വൈകുന്നേരം വരെ മേടം രാശിയിലും തുടർന്ന് ഇടവം രാശിയിലും സഞ്ചരിക്കുന്നു. കാർത്തിക ഞാറ്റുവേലക്കാലമാണ്.  വെളുത്തപക്ഷ പഞ്ചമി മുതൽ ദശമി- ഏകാദശി വരെയാണ് തിഥികൾ. തിരുവാതിര നക്ഷത്രം മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു.

Advertisment

ബുധൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലായി യാത്രയിലാണ്. ശുക്രൻ മേടം രാശിയിൽ ഭരണി - കാർത്തിക നക്ഷത്രങ്ങളിലാണ്. ശുക്രന് മൗഢ്യമുണ്ട്. ചൊവ്വ മീനം രാശിയിലാണ്. മേയ് 14 വരെ ഉത്രട്ടാതിയിലും തുടർന്ന് രേവതിയിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ കാർത്തികയിലും ആണ്. വ്യാഴത്തിൻ്റെ മൗഢ്യാവസ്ഥ തുടരുകയാണ്. രാഹു, കേതു എന്നിവ അപസവ്യഗതിയിൽ യഥാക്രമം രേവതി, അത്തം എന്നീ നാളുകളിലൂടെ സഞ്ചരിക്കുന്നു.  

ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി, മേയ് 12 മുഴുവൻ വൃശ്ചികക്കൂറുകാർക്ക് അഷ്ടരാശിയാകുന്നു. തിങ്കളും ചൊവ്വയും മുഴുവനും ബുധനാഴ്ച ഉച്ചവരെയും ധനുക്കൂറുകാർക്കാകുന്നു അഷ്ടമരാശിക്കൂറ്. അതിനു ശേഷം വെള്ളി അർദ്ധരാത്രി വരെ മകരക്കൂറുകാർക്കും അനന്തരം ശനി മുഴുവനും (അടുത്ത ആഴ്ചയിലേക്കും കടക്കും) കുംഭക്കൂറുകാർക്കും അഷ്ടമരാശി തുടരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Advertisment

അശ്വതി 

ആദിത്യൻ ജന്മരാശിയിൽ നിന്നും മാറുന്നത് മന:പ്രയാസം, അലച്ചിൽ എന്നിവ കുറയാൻ കാരണമാകും. ബുധൻ അശ്വതി നക്ഷത്രത്തിൽ തന്നെ സഞ്ചരിക്കുകയാൽ വിദ്യാർത്ഥികൾക്ക് ഉന്നതവിജയം, അഭിനന്ദനം ഇവ കൈവരുന്നതാണ്. വാരാദ്യം മുതൽ വ്യക്തിപരമായും കർമ്മപരമായും നവോന്മേഷമുണ്ടാവും. നിർദ്ദേശങ്ങൾക്ക് സ്വീകാര്യത വന്നെത്തും. വ്യാഴനും ശുക്രനും അനുകൂല ഭാവത്തിലാണെങ്കിലും അവർ മൗഢ്യത്തിലാകയാൽ പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകും. അഥവാ നേട്ടമുണ്ടായാലും തിളക്കം കുറയുന്നതാണ്. സ്ത്രീ സുഹൃത്തുക്കളുടെ സഹായമോ പിന്തുണയോ ലഭിച്ചേക്കാം.

ഭരണി 

പ്രവർത്തന മികവിൻ്റെ കാലമാണ്. ആത്മാർത്ഥത ആദരിക്കപ്പെടും. വിദ്യാഭ്യാസത്തിലും കഴിവ് തെളിയിക്കും. സ്വാശ്രയത്വത്തിൽ അഭിമാനിക്കുവാനാവും. പഴയ ബന്ധങ്ങൾ പുതുക്കപ്പെടുന്നതാണ്. നക്ഷത്രനാഥനായ ശുക്രന് മൗഢ്യമുള്ളതിനാൽ ഭോഗാനുഭവങ്ങൾ കുറയാം.  പ്രണയികൾക്കിടയിൽ പിണക്കമുണ്ടാകുന്നതാണ്. കച്ചവടക്കാർ ഉപഭോക്താക്കൾ തിരസ്കരിക്കുന്നതായി കണ്ടെത്തും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരം കുറയുന്നുവെന്ന തോന്നലുണ്ടാകും. സാമ്പത്തിക അച്ചടക്കം ശിഥിലമായേക്കും.

കാർത്തിക 

ആദിത്യൻ, വ്യാഴം, ശുക്രൻ തുടങ്ങിയ മൂന്നു ഗ്രഹങ്ങൾ കാർത്തികയിൽ സഞ്ചരിക്കുകയാൽ പതിവില്ലാത്ത വിധം സമ്മർദ്ദങ്ങളേറും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളപ്പെടാം. ശുഭാരംഭത്തിന് ഇടവമാസം പകുതി വരെയെങ്കിലും ഒഴിവാക്കുക നന്ന്. സാമ്പത്തികമായി തരക്കേടില്ലാത്ത വാരമാണ്. ബിസിനസ്സിൽ നേരിയ പുരോഗതിയുണ്ടാകും. ഇടവക്കൂറുകാർക്ക് കാര്യസാധ്യം എളുപ്പമാവും. മുൻപ് നിസ്സഹകരിച്ചവർ സഹായികളായേക്കും. ഗൂഢലക്ഷ്യങ്ങൾ സാധ്യമാകുന്നതാണ്. കുടുംബകാര്യങ്ങളിൽ ഉദാസീനരാവും.

രോഹിണി

സർക്കാരിൽ നിന്നോ അധികാരസ്ഥാനത്തിരിക്കുന്നവരിൽ നിന്നോ അനുമതികളോ ഗുണാനുഭവങ്ങളോ പ്രതീക്ഷിക്കുന്നവർക്ക് തെല്ല് നിരാശപ്പെടേണ്ടി വരുന്നതാണ്. എന്നാൽ സമൂഹം വേണ്ടത്ര ബഹുമാന്യത കല്പിക്കാത്തവരുടെ പിന്തുണ, ധനാഗമം എന്നിവ ലഭിച്ചേക്കും. പ്രവൃത്തികൾക്ക് സ്വാഭാവികമായ വേഗം കുറഞ്ഞേക്കും. യാത്രകൾ ദേഹക്ലേശമുണ്ടാക്കുന്നതാണ്. സഹോദരരുമായി ആശയവിനിമയത്തിൽ ഏർപ്പെടുന്നത് ഗുണം ചെയ്യും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മെച്ചമേറും. മനക്ലേശം ലഘൂകൃതമാവും. സുഹൃൽ സമാഗമം പ്രതീക്ഷിക്കാവുന്നതാണ്.

മകയിരം

വാരാദ്യം തന്നെ സന്തോഷാനുഭവം സംജാതമാകും. മക്കളുടെ ഭാവിപഠനം സംബന്ധിച്ച് ശ്രദ്ധേയമായ തീരുമാനം കൈക്കൊള്ളും. സ്വതസ്സിദ്ധമായ കഴിവുകൾ പുറത്തെടുക്കാനായില്ല എന്ന സ്ഥിതിയുണ്ടാവും. പിതാവിൻ്റെ  സ്വത്തുസംബന്ധിച്ച തർക്കങ്ങൾക്ക് പ്രായോഗികമായ പരിഹാരം സിദ്ധിക്കും. കെട്ടിട നിർമ്മാണത്തിലെ മന്ദഗതിക്ക് മാറ്റം പ്രതീക്ഷിക്കാം.  പൊതുപ്രവർത്തകർക്ക് അധിക്ഷേപങ്ങളെ നേരിടേണ്ടി വന്നേക്കാം. ചിലർക്ക് വീടോ നാടോ വിട്ടുനിൽക്കേണ്ട സാഹചര്യം ഉദയം ചെയ്തെന്നു വരാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതാണ്.

തിരുവാതിര

ആത്മസംയമനം പാലിക്കാൻ കഴിയാത്തതിൻ്റെ ഫലമായിട്ടു കൂടി തർക്കങ്ങൾ ഉണ്ടാവും. സാമ്പത്തിക ഭദ്രതയിൽ ആശ്വാസം തോന്നും. എന്നാൽ പലവഴിക്ക് ചെലവുകൾ വരുന്നതാണ്. മക്കളുടെ തുടർ പഠനത്തിനുള്ള ആവശ്യങ്ങൾ ആശങ്കയുണർത്താം. വീട്ടുകാര്യങ്ങൾ, ഉത്തരവാദിത്വം നിറവേറ്റുക,വീടുപണി, വായ്പയുടെ തിരിച്ചടവ് തുടങ്ങിയവയെച്ചൊല്ലി ദമ്പതിമാർക്കിടയിൽ ഭിന്നസ്വരം ഉയർന്നേക്കും. വാഹനം സൂക്ഷിച്ചുപയോഗിക്കണം വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പ്രസന്നത വീണ്ടെടുക്കപ്പെടാം.

പുണർതം

ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനം ഒട്ടൊക്കെ വിജയിക്കുന്നതാണ്. ഉന്നതാധികാരികളുമായുള്ള ബന്ധം ഗുണമുണ്ടാക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം കിട്ടുന്നതാണ്. കച്ചവടക്കാർക്ക് കർമ്മഭാവത്തിൽ രാഹുവും ചൊവ്വയും തുടരുകയാൽ ഉല്പന്നങ്ങൾ വേണ്ട രീതിയിൽ വിറ്റഴിക്കപ്പെട്ടില്ലെന്ന് വരാനിടയുണ്ട്. വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാകും. ദൂരദിക്കിലേക്ക് പോയി ആഗ്രഹിച്ച കോഴ്സുകൾ പഠിക്കുക എന്നതിനും സാധ്യത കാണുന്നുണ്ട്. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. തിങ്കൾ, വ്യാഴം, വെള്ളി അനുകൂലദിനങ്ങൾ.

പൂയം

മികച്ച നേട്ടങ്ങൾക്ക് അവസരമൊരുങ്ങുന്ന വാരമാണ്. ദിശാബോധമുള്ള പ്രവർത്തനം കൂടിയുണ്ടായാൽ മുൻപ് ശ്രമിച്ച് പരാജയപ്പെട്ട പലതും ഇപ്പോൾ നേടിയെടുക്കാനാവും. ബന്ധുക്കൾ വിരോധം മറന്ന് സംരംഭങ്ങളിൽ സഹകരിച്ചേക്കും. പിതാവ് എല്ലാക്കാര്യങ്ങളിലും തൻ്റെ അനുഭവസമ്പത്ത് പകർന്നുതരുന്നതാണ്. ഉദ്യോഗസ്ഥന്മാർക്ക് മേലധികാരികളുടെ പ്രീതി ലഭിക്കും. സസ്പെൻഷനിൽ കഴിഞ്ഞിരുന്നവർക്ക് ജോലിയിൽ പുന:പ്രവേശിക്കാനാവും. സാമ്പത്തിക കാര്യത്തിൽ ആശങ്കയ്ക്ക് വഴികാണുന്നില്ല.

ആയില്യം

കാര്യനിർവഹണശേഷി അഭിനന്ദിക്കപ്പെടും. പൊതുപ്രവർത്തകർക്ക് അനുയായികളുടെ പിന്തുണ കൂടുന്നതാണ്. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക്  നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർ ഏറ്റെടുത്ത ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും പല നിലയ്ക്കും പ്രോൽസാഹകമായ വാരമാണ്. തൊഴിൽ പ്രശ്നങ്ങൾ മൂലം വിദേശത്ത് സമ്മർദ്ദത്തിൽ കഴിയുന്നവർക്ക് അനുകൂലമായ സാഹചര്യം സംജാതമാകും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭങ്ങളുണ്ടാവും. ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.

മകം

കരുതിയ കാര്യങ്ങൾ നന്നായി നിർവഹിക്കും. ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകളുണ്ടാവും. യാത്രാക്ലേശത്തിനും സാധ്യതയുണ്ട്. പഴയ കടബാധ്യതകൾ തർക്കത്തിന് കാരണമായേക്കാം. ചെലവുകളിൽ നിയന്ത്രണം വേണ്ടതാണ്. സഹപ്രവർത്തകരുടെ സിസ്സഹകരണം നേരിട്ടേക്കും.  വിനോദത്തിനും സുഹൃത് സംഗമത്തിനും സമയം കണ്ടെത്തുന്നതാണ്. കുടുംബ ജീവിതത്തിൽ സമാധാനം അല്പം കുറഞ്ഞേക്കും. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനം ശ്രദ്ധയോടെയാവണം. വാക് സ്ഥാനത്തായി കേതു സഞ്ചരിക്കുന്നു.

പൂരം

നക്ഷത്രനാഥനായ ശുക്രൻ്റെ മൗഢ്യം പൂരം നാളുകാരെ കുറച്ചൊക്കെ ബാധിച്ചേക്കാം. സാധാരണ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നു കിട്ടുന്നതാണ്. നവസംരംഭകർ പുരോഗതിയിലേക്ക് നടത്തം തുടരും. ചിലർ അനുബന്ധ വരുമാനത്തെ ആശ്രയിച്ചേക്കാം. കുടുംബത്തിലെ അനൈക്യങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ്. കലാപ്രവർത്തനത്തിന് മങ്ങലേൽക്കാം. യഥാർത്ഥമായ കഴിവുകളെ, കഴിവുകേടുകളായി വ്യാഖ്യാനിക്കുന്നത് കേൾക്കേണ്ടി വരുന്നതാണ്. ചൊവ്വ, ബുധൻ, ശനി എന്നീ ദിവസങ്ങൾക്ക് മേന്മകുറയാം.

ഉത്രം

ആകസ്മികമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്.  ഔദ്യോഗിക രംഗത്ത് പ്രവർത്തന  മികവുണ്ടാവും. സ്വതന്ത്രമായ മേഖലയിൽ ദിശാബോധം കാഴ്ചവെക്കുന്നതാണ്. എതിർപ്പുകളെ അവഗണിച്ച് മുന്നേറും. സ്വന്തം കാഴ്ചപ്പാടുകൾ തുറന്നുപറയാൻ മടിക്കില്ല. കരുതലുണ്ടാവും, കുടുംബത്തോട്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കൂടുതൽ മെച്ചമേറുന്നതാണ്. ആദായത്തിൽ ആഹ്ളാദിക്കും.   വിപുലമായ ഭാവിസാധ്യതകൾ ഉള്ള പുതിയ വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾ ഔത്സുക്യം കാട്ടും.

അത്തം

ന്യായമായ ആഗ്രഹങ്ങൾ സാധിക്കപ്പെടുന്ന വാരമാണ്. പ്രതീക്ഷകളിൽ നിരാശപ്പെടേണ്ടി വരില്ല. തൊഴിലിൽ മുന്നോട്ടു പോക്കുണ്ടാവും. ബിസിനസ്സിൽ പരിഷ്കാരങ്ങൾ വരുത്തുവാൻ താല്പര്യപ്പെടുന്നതാണ്. ഇഷ്ടവ്യക്തികളെ കാണാനും സല്ലപിക്കാനുമാവും. സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കും. ഏഴാം ഭാവത്തിലെ ചൊവ്വയും രാഹുവും ദാമ്പത്യത്തിൽ കയ്പുചവർപ്പുകൾ നിറച്ചേക്കാം. ചില സമാധാനക്കേടുകളും ഉണ്ടാവും. യാത്രാ സാധ്യത ഉള്ള വാരമാണ്. രോഗം ചികിൽസയിലൂടെ സുഖപ്പെട്ടു തുടങ്ങും.

ചിത്തിര

തൻ്റെ സ്വതന്ത്രമായ ചിന്തയിൽ ആഹ്ളാദിക്കും. നേട്ടങ്ങൾക്ക് പിന്നിൽ സ്വന്തം അദ്ധ്വാനം മാത്രമാണെന്ന് ഓർമ്മിക്കുന്നതിൽ സന്തോഷം കണ്ടെത്തും. വിരോധികളുടെ എണ്ണം കൂടുന്നതാണ്. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ ഏശുകയില്ല. പ്രതീക്ഷിച്ച വിധം ആദായം വർദ്ധിക്കും. പണയ വസ്തുക്കൾ തിരിച്ചെടുക്കുവാൻ കഴിയുന്നതാണ്. തുലാക്കൂറുകാർക്ക് ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിൽ വിജയമുണ്ടാവും. ബിസിനസ്സ് യാത്രകൾ നേട്ടങ്ങളിൽ കലാശിക്കും. സഹോദര ഗുണമുണ്ടാകുന്നതാണ്.

ചോതി

ഗുണാനുഭവങ്ങൾ കുറയില്ല. മാനസിക പക്വത പ്രശംസിക്കപ്പെടാം.  ചെറുതോ വലുതോ ആകട്ടെ ചെയ്യുന്ന തൊഴിലിൽ നിന്നും കൂടുതൽ ആദായം വന്നെത്തുന്നതാണ്.  വസ്തുസംബന്ധിച്ച അനുരഞ്ജന ശ്രമങ്ങൾ വിജയം കാണും. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമം നടത്തുന്നതാണ്. ആത്മാർത്ഥതയ്ക്ക് അംഗീകാരമുണ്ടാവും. വിദ്യാർത്ഥികൾ വ്യത്യസ്തമായ കോഴ്സുകളിൽ ചേരാൻ ഔൽസുക്യം കാട്ടിയെന്നു വരാം. അത്യാവശ്യ ചെലവുകൾ ലോഭിക്കാതെ തന്നെ നിർവഹിക്കും. കിട്ടാക്കടങ്ങൾ  കൈവശമെത്താൻ വഴിതെളിയുന്നതാണ്.

വിശാഖം

ആത്മവിശ്വാസം എല്ലാരംഗത്തും ദൃശ്യമാകുന്നതാണ്. തൊഴിലിൽ മുന്നേറാൻ കിണഞ്ഞു ശ്രമിക്കും. പുതുതലമുറയെ പ്രചോദിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യും. സർക്കാർ കാര്യങ്ങളിൽ ഭാഗിക വിജയം പ്രതീക്ഷിക്കാം. ഇപ്പോൾ വൻതോതിൽ മുതൽമുടക്കാൻ ശ്രമിക്കരുത്. മക്കളുടെ /  പേരക്കുട്ടികളുടെ വിജയം സന്തോഷമേകും.  വൈവിധ്യമുള്ള കർമ്മങ്ങളിൽ താല്പര്യമേറുന്നതാണ്. ആധികാരികമായ അറിവ് സമൂഹത്തിൻ്റെ സ്വീകാര്യതയ്ക്കും ബഹുമാന്യതയ്ക്കും കാരണമാകുന്നതാണ്. വാരാന്ത്യത്തിൽ ചെലവ് അല്പം വർദ്ധിക്കാം. യാത്രകൾക്കും സാധ്യതയുണ്ട്.

അനിഴം

തൊഴിലിടത്തിൽ സക്രിയമായ സാന്നിദ്ധ്യമായി തുടരും. കാര്യതടസ്സമുണ്ടാ/യാലും മറുവഴിയിലൂടെ മുന്നേറ്റം നടത്തും. വ്യവഹാരത്തിൽ ഉചിതമായിട്ടുള്ള നിയമോപദേശം ലഭിക്കുന്നതാണ്. ബന്ധുജനങ്ങളുമായി വിജയകരമായ ഇടപെടലുകൾ നടത്തും. ജീവകാരുണ്യ സംഘടനകളിലെ പ്രവർത്തനം സജീവമാക്കുന്നതാണ്. തൊഴിൽ നടത്തിപ്പിൽ നേട്ടങ്ങളുണ്ടാവും. ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിലെ വൈഭവം നേട്ടം കൊയ്യുന്നതാണ്. ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണങ്ങൾ ഇവയിൽ അനുകൂലത ദൃശ്യമാണ്. മാനസികവും ശാരീരികവും ആയ ആരോഗ്യം തൃപ്തികരമായിരിക്കും.

തൃക്കേട്ട

ഉദ്യോഗസ്ഥർക്ക് അനുകൂലമായ കാലമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് അതു തുടരുവാൻ കഴിഞ്ഞേക്കും. പുതിയ ചുമതലകൾ സാധ്യതയായുണ്ട്. സംഘടനാ രംഗത്ത് സക്രിയരാകുന്നതാണ്. ആശയങ്ങളുടെ ആവിഷ്കാരത്തിൽ വിജയം വരിക്കും. പുതിയ വിഷയങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം പുലർത്തും. ചെറുയാത്രകൾ ആഹ്ളാദിപ്പിച്ചേക്കും. സാമ്പത്തിക രംഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കി ഊഹക്കച്ചവടത്തിന് തുനിയുന്നതാണ്. കുടുംബാംഗങ്ങളെ ഒപ്പം ചേർത്തു കൊണ്ടുള്ള ബിസിനസ്സിനെക്കുറിച്ച് പര്യാലോചിക്കും. ആരോഗ്യകാര്യത്തിൽ അല്പം കൂടി ശ്രദ്ധയുണ്ടാവുന്നത് നന്ന്.

മൂലം

ഗാർഹികമായ അസ്വസ്ഥതകൾ തുടരുന്നതിനാൽ കരുതൽ വേണം. വാക്കുകളോ പ്രവൃത്തികളോ തെറ്റിദ്ധരിക്കപ്പെടാം. മൗനത്തിൻ്റെ വിലയറിയും. പൊതുക്കാര്യങ്ങളിൽ, പ്രത്യേകിച്ചും. ധനപരമായി ശരാശരിക്കാലമാണ്. വരവുചെലവുകൾ ഏതാണ്ട് സമമായിരിക്കും. കൂടുതൽ അധ്വാനമുണ്ടാവാം. ബുധനാഴ്ചയ്ക്കു ശേഷം കുറച്ചൊക്കെ മാറ്റങ്ങൾ വന്നേക്കും. ഔദ്യോഗിക രംഗത്ത് ആശ്വാസം ഉണ്ടാവും. മാനസിക സമ്മർദ്ദത്തിന് അയവ് വരുന്നതാണ്. സഹജമായിട്ടുള്ള കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

പൂരാടം

പ്രായോഗികമായി ചിന്തിക്കുവാനുള്ള സിദ്ധിയിൽ മുൻനിൽക്കും. തൊഴിലിടത്തിൽ ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഒപ്പമുള്ളവരുടെ സഹകരണം കുറഞ്ഞാലും അവയുടെ നിർവഹണം സാധ്യമാകുന്നതാണ്. സ്വാശ്രയ ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാം. കമ്മീഷൻ വ്യാപാരവും ഗുണകരമാകുന്നതാണ്. അഷ്ടമരാശിക്കൂറാകയാൽ വാരമദ്ധ്യം വരെ അലച്ചിലോ ശരീരക്ലേശമോ ഉണ്ടായെന്ന് വരാം. അപരിചിത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.

ഉത്രാടം

സാധാരണ ചെയ്തു വരുന്ന കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാവില്ല. ചെറുസംരംഭങ്ങളിൽ നിന്നും  ധനാഗമം തുടരപ്പെടുന്നതാണ്. പുതുകാര്യങ്ങൾ നന്നായിട്ട് പഠിച്ചറിഞ്ഞശേഷം പ്രാവർത്തികമാക്കുക ഉചിതം. സുഹൃത്തുക്കളുടെ പിന്തുണ പ്രയോജനപ്പെടുത്തും. ധനുക്കൂറുകാർക്ക് വീട്ടിൽ സ്വൈരം കുറയാം. അനൈക്യ കാരണങ്ങൾ അജ്ഞാതമാകും. വാഹനയാത്രയിൽ ജാഗ്രത കുറയ്ക്കരുത്. വസ്തുവ്യാപാരത്തിൽ തടസ്സങ്ങൾ അനുഭവപ്പെടാം. ആത്മീയ കാര്യങ്ങൾക്ക് കൂടുതൽ നേരം കണ്ടെത്തും.

തിരുവോണം

സദ്ഭാവനയും സദുദ്ദേശ്യപരതയും പ്രവർത്തനങ്ങൾക്ക് മിഴിവുണ്ടാക്കും. സുഹൃത്തുക്കളുടെ സൽപ്രേരണ പ്രയോജനം ചെയ്യുന്നതാണ്. ജ്ഞാനവും കർമ്മവും ഇണങ്ങിപ്പോകും. പുതുകാര്യങ്ങൾക്ക് തുടക്കമിടാൻ അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്. നല്ല കാര്യങ്ങൾക്കായി സകൂടുംബയാത്ര ഉണ്ടായേക്കും. ബന്ധുസമാഗമം സന്തോഷമേകും. കലാപഠനത്തിന് / കലാപ്രകടനത്തിന് അവസരങ്ങൾ ലഭിച്ചേക്കാം.  ചെലവ് അല്പം ഉയരുന്നതാണ്. കടബാധ്യതകൾ ഓർമ്മിപ്പിക്കപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയുന്നതായിരിക്കും.

അവിട്ടം

പെട്ടെന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനാൽ ചില പോരായ്മകൾ വരാം. സാധാരണ ചെയ്യുന്ന കാര്യങ്ങൾക്ക് സുഗമത കുറയുന്നതാണ്. സഹോദരരുമായി ഐക്യമുണ്ടാവില്ല. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സിൽ നിന്നും മെച്ചം പ്രതീക്ഷിക്കാം. അതിൻ്റെ വിപുലീകരണത്തിനും സാധ്യത കാണുന്നു. മകൻ്റെ ഉപരിപഠനം സംബന്ധിച്ച ചർച്ചകൾ മുന്നേറുന്നതാണ്.  സംഘടനാ കാര്യങ്ങളിൽ അതൃപ്തി അറിയിക്കും. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. എത്ര നോക്കിയും കണ്ടും ചിലവഴിച്ചാലും അമിതവ്യയം വന്നേക്കും.

ചതയം

ശാസ്ത്രീയ വിശകലനം, വിജ്ഞാനാന്വേഷണം എന്നിവയിലേർപ്പെടും. ഇഷ്ടാനിഷ്ടങ്ങളിൽ നിന്നും വ്യതിചലിക്കില്ല. സംഘടനയുടെ തലപ്പത്തേക്കുള്ള ക്ഷണം നിരസിക്കും. അലച്ചിൽ കുറച്ചൊക്കെ സ്വാഭാവികമായി വന്നുചേരുന്നതാവും.  കുടുംബാംഗങ്ങളെ ഉപദേശിക്കുന്നതുമൂലം വീട്ടിൽ സ്വൈരക്കേടിന് വഴി തുറക്കപ്പെടുന്നു. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവും. കച്ചവട കാര്യത്തിൽ മാറ്റത്തിൻ്റെ കാറ്റ് വീശിത്തുടങ്ങും. ഈ അനുകൂലത വിദ്യാർത്ഥികൾക്ക് തുടർപഠനത്തിലും ദൃശ്യമാകുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അഭിമുഖ പരീക്ഷകൾക്ക് ക്ഷണം ലഭിക്കുന്നതായിരിക്കും.

പൂരൂരുട്ടാതി

മന്ദഗതി എല്ലാക്കാര്യത്തിലും കാണപ്പെടും. സമയനിഷ്ഠ തെറ്റാം. ജോലിബാധ്യത കൂടിയ പദവികൾ വെച്ചൊഴിയാൻ തീവ്രമായി ആഗ്രഹിക്കുന്നതാണ്. എന്നാൽ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നേക്കില്ല. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വ്യാപാരത്തിൽ ആദായം ശരാശരിയായി തുടരും. പണയബാധ്യതകൾക്ക് അവധി ചോദിച്ചേക്കും. ചെറുപ്പക്കാരുടെ വിവാഹ തീരുമാനം നീണ്ടേക്കാം. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരുന്നതാണ്. ചിലർക്ക് മകളുടെ വീട്ടിൽ പോയി താമസിക്കേണ്ടി വന്നേക്കും.

ഉത്രട്ടാതി

ചൊവ്വയുടെ നക്ഷത്രത്തിലൂടെയുള്ള സഞ്ചാരം ആഴ്ചയുടെ ആദ്യ ഭാഗത്തെ ക്ലേശപ്രദമാക്കാം. സാഹസകർമ്മങ്ങൾ ഒഴിവാക്കുക ഉത്തമം. സർക്കാരിൽ നിന്നും ലഭിക്കേണ്ട കാര്യങ്ങൾക്ക് ആഴ്ചയുടെ രണ്ടാം പകുതി മുതലുള്ള പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്. ചെറുകിട സംരംഭകർക്ക് ലാഭം വർദ്ധിക്കുന്നതായിരിക്കും. കരാറുകൾ പുതുക്കി നൽകപ്പെടും. സുഹൃത്തിൻ്റെ കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ്. സംഭാഷണം വിദ്വജ്ജനങ്ങളെപ്പോലെയാവും. വിദ്യാർത്ഥികൾ തുടർ പഠനാദികളിൽ ഉത്സുകരാവുന്നതാണ്.

രേവതി

രാഹുവും ഒപ്പം ആഴ്ചയുടെ രണ്ടാം പകുതി മുതൽ ചൊവ്വയും ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ കരുതൽ വേണം. തീവ്രപരിശ്രമങ്ങളാവും ഫലം കാണുക എന്നത് ഓർമ്മയിലുണ്ടാവണം. കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റുന്ന രീതി ഗുണം ചെയ്യാനിടയില്ല. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്. നവസംരംഭങ്ങൾ തുടങ്ങുക എന്നതിനെക്കാൾ നിലവിലുള്ളത് ഒരുവിധം ഭംഗിയായി കൊണ്ടുപോവാൻ ശ്രമിക്കുക ഉചിത്രം. സാമ്പത്തിക സ്ഥിതി മോശമാവാനിടയില്ല. ആധികാരികമാവിധം വാക്കുകൾ ആവിഷ്കരിക്കും. പിണങ്ങിയ സുഹൃത്തുക്കളെ പരസ്പരം ഇണക്കും. ഗാർഹിക കാര്യങ്ങളിൽ സംതൃപ്തി ഭാഗികമാവാം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: