scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; May 19-May 25, 2024, Weekly Horoscope

Weekly Horoscope: മേയ് 19 ഞായറാഴ്ച മുതൽ മേയ് 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മേയ് 19 ഞായറാഴ്ച മുതൽ മേയ് 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ഇടവം രാശിയിൽ കാർത്തിക, രോഹിണി ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത - കറുത്ത പക്ഷങ്ങളിലായാണ് സഞ്ചാരം. മെയ് 23 ന് ഇടവമാസത്തിലെ വെളുത്തവാവ് ആണ്. അത്തം മുതൽ തൃക്കേട്ട / അനിഴം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നുണ്ട്. ചൊവ്വ മീനം രാശിയിൽ, രേവതി നക്ഷത്രത്തിലും ബുധൻ  മേടം രാശിയിൽ അശ്വതി- ഭരണി നക്ഷത്രങ്ങളിലായും സഞ്ചരിക്കുന്നു. ശുക്രൻ മൗഢ്യാവസ്ഥയിലാണ്. മേയ് 19 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. കാർത്തിക നക്ഷത്രത്തിലാണ് ശുക്രൻ.

Advertisment

വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴത്തിന്റെ മൗഢ്യം തുടരുകയാണ്. ശനി കുംഭത്തിൽ പൂരൂരുട്ടാതിയിലുണ്ട്. രാഹുവും കേതുവും അപസവ്യ ഗതിയിൽ യഥാക്രമം മീനം രാശിയിലും കന്നി രാശിയിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. കുംഭക്കൂറുകാരുടെ അഷ്ടമരാശി തിങ്കളാഴ്ച സായാഹ്നം വരെയുണ്ട്. തുടർന്ന് ബുധനാഴ്ച അർദ്ധരാത്രി വരെ മീനക്കൂറുകാർക്കാണ്. അതിനുശേഷം ശനിയാഴ്ച രാവിലെ വരെ മേടക്കൂറുകാർക്കും തുടർന്ന് അടുത്തയാഴ്ച നീളുന്ന രീതിയിൽ ഇടവക്കൂറുകാർക്കും അഷ്ടമരാശിക്കൂറുണ്ട്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

മകം

ജോലിയിലെ മടുപ്പിന് കുറച്ചൊക്കെ അയവുണ്ടാകും.  പുതിയ തസ്തികകളിൽ അപേക്ഷിക്കുന്നതാണ്.  ലോൺ അടവിന് അവസാനം വരുന്നതിനാൽ ആശ്വാസം അനുഭവപ്പെടാം. വിദേശത്ത് കഴിയുന്നവർക്ക്  തൊഴിലിൽ സമ്മർദ്ദങ്ങൾ കുറയാനിടയുണ്ട്. മകളുടെ വിവാഹകാര്യം ഏതാണ്ട് തീരുമാനമാകും.  വസ്തുവിൽപ്പനയ്ക്കുള്ള ശ്രമം സജീവമായി തുടരുന്നതാണ്.  ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ട കാലമാണെന്നത് ഓർമ്മയിലുണ്ടാവണം. വ്യായാമാദികളിൽ അലംഭാവമരുത്.

പൂരം

Advertisment

ഗ്രഹാനുകൂല്യം കുറവാകയാൽ സാമ്പത്തികമായി തടസ്സങ്ങൾ നേരിട്ടേക്കാം. ചെലവിന് പലവഴികൾ വരുന്നതാണ്. ഔദ്യോഗികമായി സമ്മിശ്രമായ വാരമാണ്. ദൗത്യങ്ങൾ മിക്കവാറും ഒറ്റയ്ക്ക് പൂർത്തിയാക്കേണ്ടി വന്നേക്കും. കുടുംബത്തിൽ സമാധാനം കുറയാനിടയുണ്ട്. ജീവിതപങ്കാളിയുടെ പിന്തുണ ശക്തിയേകും. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാം. സഹോദരരുടെ പിണക്കം വിഷമിപ്പിക്കും. പുതിയ തലമുറയുടെ ശീലങ്ങളോട് പൊരുത്തപ്പടാൻ കഴിയാതെ വരുന്നതാണ്.

ഉത്രം

കൂട്ടുബിസിനസ്സിൽ മടുപ്പേറുന്നതാണ്. പുതുസംരംഭങ്ങൾ ചിന്തയിലുണ്ടാവും. അതിൽ ഏജൻസി ഏർപ്പാടുകൾ ഗുണം ചെയ്തേക്കാം. മകൻ്റെ ഉപരിപഠന കാര്യത്തിൽ ചില ആശങ്കകൾ ഉയരാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് ആരോപണങ്ങളെ നേരിടേണ്ടി വരാം. സുഹൃത്തുക്കളൊത്ത് ' സുഖയാത്രകൾക്ക് സമയം കണ്ടെത്തും. ഗൃഹനിർമ്മാണത്തിനുള്ള സാധ്യതകൾ ആരായുന്നതാണ്. ബന്ധുക്കളുടെ വിഷയത്തിൽ ഇടപെടുന്നത് കരുതലോടെ വേണം. മുതിർന്നവരുടെ 
ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ കുറയരുത്.

അത്തം

മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരമുണ്ടാകും. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്. ബന്ധുജനസംഗമം സന്തോഷകരമാവും. ദൂരയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അതിനുള്ള അവസരം വന്നുചേരുന്നതാണ്. ദാമ്പത്യ വിജയത്തിന് വിട്ടുവീഴ്ചകൾ വേണ്ടിവന്നേക്കും. ഏഴിലെ പാപഗ്രഹങ്ങൾ ഭാര്യാഭർത്തൃ കലഹത്തിലേക്ക് വിരൽ ചൂണ്ടുന്നു. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് ചുമതലകളേറും. ബിസിനസ്സ് രംഗം മെച്ചപ്പെടുന്നതിനുള്ള വഴികളെക്കുറിച്ച് പുനരാലോചനകളിൽ മുഴുകുന്നതാണ്. സാമ്പത്തിക രംഗം അത്ര മോശമാവില്ല.

ചിത്തിര

ചിന്താപരമായ ദുർബലത മറനീക്കി പുറത്തുവരുന്നതാണ്. ചിന്തിച്ചുറപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനും ക്ലേശിക്കുന്നതാണ്.  സുഹൃത്തുക്കളുടെ അനുഭവങ്ങൾ പ്രചോദനമാകാം.  ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാം. പ്രശ്ന പരിഹാരം കീറാമുട്ടിയായി അനുഭവപ്പെട്ടേക്കും. പൊതുപ്രവർത്തനത്തിന് കൂടുതൽ നേരം കണ്ടെത്തും. സ്വാശ്രയ ജോലികളിൽ വലിയ ലാഭം ഉണ്ടായേക്കില്ല. കുടുംബച്ചെലവുകൾ ഉയർന്നു നിൽക്കും. മക്കളുടെ ഉപരിപഠനം സംബന്ധിച്ച കാര്യങ്ങളിൽ അവ്യക്തത തുടരപ്പെടും.

ചോതി

ഉയരാനുള്ള ആഗ്രഹം മനസ്സിൽ തന്നെ വെക്കാതെ പ്രാവർത്തികമാക്കാൻ ശ്രമിക്കും. ഉദ്യോഗത്തിൽ ഉള്ളവർക്ക് മേലധികാരികളുടെ പിന്തുണ ലഭിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങൾ പഠിക്കാനും മറ്റുള്ളവർക്ക് പകരാനും തയ്യാറാവും. ആദിത്യൻ അഷ്ടമത്തിലാകയാൽ പിതൃ- ഗുരു ജനങ്ങൾക്ക് പോരാത്ത കാലമാണ്.  ചെറുയാത്രകൾക്ക് നടത്തേണ്ടി വരും. ക്ഷീണം, രോഗം,ക്ലേശം ഇവ സാധ്യതകൾ. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നന്നായി പ്രതിരോധിക്കും. സാമ്പത്തികമായി ഭദ്രത പറയാനാവില്ലെങ്കിലും കാര്യങ്ങൾ ഒരുവിധം നടന്നുകിട്ടും. വീട്ടുകാര്യങ്ങൾ നോക്കാൻ സമയക്കുറവുണ്ടാകും.

വിശാഖം

വിപുലമായ വിഷയങ്ങളിൽ മനസ്സ് കറങ്ങും. അതിനാൽ തന്നെ ഏകാഗ്രത കുറയുന്ന വാരമാണ്.  സാമ്പത്തികമായി അല്പം ഞെരുക്കം വരാനിടയുണ്ട്. വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടെന്ന് വന്നേക്കില്ല. തൊഴിലിൽ സ്ഥായിത്വം ഉണ്ടാകാൻ വിഷമിച്ചേക്കും. പാർട്ണർഷിപ്പ് കാര്യങ്ങൾ ചിന്തയിൽ ഇടം പിടിക്കാം. യാത്രകൾ ഉണ്ടാവും. പ്രണയികൾക്ക് സന്തോഷിക്കാൻ കഴിയും. രാശിനാഥനും നക്ഷത്രനാഥനും മൗഢ്യം തുടരുകയാൽ ഒരുതരം മങ്ങൽ, തെളിച്ചക്കുറവ് മനസ്സിൽ ഇടം പിടിക്കാം. പ്രധാനതീരുമാനങ്ങൾ കൈക്കൊള്ളാൻ ഉചിതമായ വാരമല്ല.

അനിഴം

ഊർജ്ജദായകമാവും, വാരത്തിൻ്റെ തുടക്കം. ആത്മവിശ്വാസമുണ്ടാ വുന്നതാണ്. അത്യാവശ്യം ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവും. ഓൺലൈൻ ബിസിനസ്സിൽ നിന്നും മെച്ചമുണ്ടായേക്കും. നീണ്ടുപോയ കാര്യങ്ങൾ സാക്ഷാൽകരിക്കാൻ കഴിയുന്നതാണ്. ബാങ്കിൽ നിന്നും ലോൺ തരപ്പെടാം. ചിലവുകൾ കൂടുന്നുണ്ടോ എന്നത് പരിശോധനീയമാണ്. ഗാർഹികമായി ഗുണവും ദോഷവും അനുഭവപ്പെടും. ജീവിതപങ്കാളിയുടെ അഭിപ്രായങ്ങളോട് യോജിപ്പ് കുറഞ്ഞേക്കും. കൃത്യനിഷ്ഠ സ്തുത്യർഹമാവും.

തൃക്കേട്ട

ആർജ്ജവമുള്ള പെരുമാറ്റം അഭിനന്ദിക്കപ്പെടും. പുതിയ കാര്യങ്ങളും പഴയതും കോർത്തിണക്കി മുന്നേറാനുള്ള ശ്രമം നടത്തുന്നതാണ്. കുടുംബ ബിസിനസ്സിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കും. എന്നാൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചേക്കില്ല. കലാപ്രവർത്തകർക്ക് അവസരം കൂടാം. ഉദ്യോഗസ്ഥതലത്തിലെ അഴിച്ചു പണി മൂലം സ്ഥാനക്കയറ്റം ഒരു സാധ്യതയാണ്. ചെലവുകൾക്ക്, പണം തടസ്സമാവില്ല. ഉപരിപഠന കാര്യത്തിൽ വ്യക്തത വരാത്തത് വിദ്യാർത്ഥികളെ വിഷമിപ്പിച്ചേക്കും. വിരുന്നുകൾ, വിനോദങ്ങൾ, ആഘോഷങ്ങൾ തുടങ്ങയവയുടെ ഭാഗമാകിയേക്കും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: