scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; May 12-May 18, 2024, Weekly Horoscope

Weekly Horoscope: മേയ് 12 ഞായറാഴ്ച മുതൽ മേയ് 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മേയ് 12 ഞായറാഴ്ച മുതൽ മേയ് 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മേയ് 14 ചൊവ്വാഴ്ച വൈകുന്നേരം വരെ മേടം രാശിയിലും തുടർന്ന് ഇടവം രാശിയിലും സഞ്ചരിക്കുന്നു. കാർത്തിക ഞാറ്റുവേലക്കാലമാണ്.  വെളുത്തപക്ഷ പഞ്ചമി മുതൽ ദശമി- ഏകാദശി വരെയാണ് തിഥികൾ. തിരുവാതിര നക്ഷത്രം മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു.

Advertisment

ബുധൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലായി യാത്രയിലാണ്. ശുക്രൻ മേടം രാശിയിൽ ഭരണി - കാർത്തിക നക്ഷത്രങ്ങളിലാണ്. ശുക്രന് മൗഢ്യമുണ്ട്. ചൊവ്വ മീനം രാശിയിലാണ്. മേയ് 14 വരെ ഉത്രട്ടാതിയിലും തുടർന്ന് രേവതിയിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ കാർത്തികയിലും ആണ്. വ്യാഴത്തിൻ്റെ മൗഢ്യാവസ്ഥ തുടരുകയാണ്. രാഹു, കേതു എന്നിവ അപസവ്യഗതിയിൽ യഥാക്രമം രേവതി, അത്തം എന്നീ നാളുകളിലൂടെ സഞ്ചരിക്കുന്നു.  

ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി, മേയ് 12 മുഴുവൻ വൃശ്ചികക്കൂറുകാർക്ക് അഷ്ടരാശിയാകുന്നു. തിങ്കളും ചൊവ്വയും മുഴുവനും ബുധനാഴ്ച ഉച്ചവരെയും ധനുക്കൂറുകാർക്കാകുന്നു അഷ്ടമരാശിക്കൂറ്. അതിനു ശേഷം വെള്ളി അർദ്ധരാത്രി വരെ മകരക്കൂറുകാർക്കും അനന്തരം ശനി മുഴുവനും (അടുത്ത ആഴ്ചയിലേക്കും കടക്കും) കുംഭക്കൂറുകാർക്കും അഷ്ടമരാശി തുടരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.

മകം

Advertisment

കരുതിയ കാര്യങ്ങൾ നന്നായി നിർവഹിക്കും. ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകളുണ്ടാവും. യാത്രാക്ലേശത്തിനും സാധ്യതയുണ്ട്. പഴയ കടബാധ്യതകൾ തർക്കത്തിന് കാരണമായേക്കാം. ചെലവുകളിൽ നിയന്ത്രണം വേണ്ടതാണ്. സഹപ്രവർത്തകരുടെ സിസ്സഹകരണം നേരിട്ടേക്കും.  വിനോദത്തിനും സുഹൃത് സംഗമത്തിനും സമയം കണ്ടെത്തുന്നതാണ്. കുടുംബ ജീവിതത്തിൽ സമാധാനം അല്പം കുറഞ്ഞേക്കും. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനം ശ്രദ്ധയോടെയാവണം. വാക് സ്ഥാനത്തായി കേതു സഞ്ചരിക്കുന്നു.

പൂരം

നക്ഷത്രനാഥനായ ശുക്രൻ്റെ മൗഢ്യം പൂരം നാളുകാരെ കുറച്ചൊക്കെ ബാധിച്ചേക്കാം. സാധാരണ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നു കിട്ടുന്നതാണ്. നവസംരംഭകർ പുരോഗതിയിലേക്ക് നടത്തം തുടരും. ചിലർ അനുബന്ധ വരുമാനത്തെ ആശ്രയിച്ചേക്കാം. കുടുംബത്തിലെ അനൈക്യങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ്. കലാപ്രവർത്തനത്തിന് മങ്ങലേൽക്കാം. യഥാർത്ഥമായ കഴിവുകളെ, കഴിവുകേടുകളായി വ്യാഖ്യാനിക്കുന്നത് കേൾക്കേണ്ടി വരുന്നതാണ്. ചൊവ്വ, ബുധൻ, ശനി എന്നീ ദിവസങ്ങൾക്ക് മേന്മകുറയാം.

ഉത്രം

ആകസ്മികമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്.  ഔദ്യോഗിക രംഗത്ത് പ്രവർത്തന  മികവുണ്ടാവും. സ്വതന്ത്രമായ മേഖലയിൽ ദിശാബോധം കാഴ്ചവെക്കുന്നതാണ്. എതിർപ്പുകളെ അവഗണിച്ച് മുന്നേറും. സ്വന്തം കാഴ്ചപ്പാടുകൾ തുറന്നുപറയാൻ മടിക്കില്ല. കരുതലുണ്ടാവും, കുടുംബത്തോട്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കൂടുതൽ മെച്ചമേറുന്നതാണ്. ആദായത്തിൽ ആഹ്ളാദിക്കും.   വിപുലമായ ഭാവിസാധ്യതകൾ ഉള്ള പുതിയ വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾ ഔത്സുക്യം കാട്ടും.

അത്തം

ന്യായമായ ആഗ്രഹങ്ങൾ സാധിക്കപ്പെടുന്ന വാരമാണ്. പ്രതീക്ഷകളിൽ നിരാശപ്പെടേണ്ടി വരില്ല. തൊഴിലിൽ മുന്നോട്ടു പോക്കുണ്ടാവും. ബിസിനസ്സിൽ പരിഷ്കാരങ്ങൾ വരുത്തുവാൻ താല്പര്യപ്പെടുന്നതാണ്. ഇഷ്ടവ്യക്തികളെ കാണാനും സല്ലപിക്കാനുമാവും. സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കും. ഏഴാം ഭാവത്തിലെ ചൊവ്വയും രാഹുവും ദാമ്പത്യത്തിൽ കയ്പുചവർപ്പുകൾ നിറച്ചേക്കാം. ചില സമാധാനക്കേടുകളും ഉണ്ടാവും. യാത്രാ സാധ്യത ഉള്ള വാരമാണ്. രോഗം ചികിൽസയിലൂടെ സുഖപ്പെട്ടു തുടങ്ങും.

ചിത്തിര

തൻ്റെ സ്വതന്ത്രമായ ചിന്തയിൽ ആഹ്ളാദിക്കും. നേട്ടങ്ങൾക്ക് പിന്നിൽ സ്വന്തം അദ്ധ്വാനം മാത്രമാണെന്ന് ഓർമ്മിക്കുന്നതിൽ സന്തോഷം കണ്ടെത്തും. വിരോധികളുടെ എണ്ണം കൂടുന്നതാണ്. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ ഏശുകയില്ല. പ്രതീക്ഷിച്ച വിധം ആദായം വർദ്ധിക്കും. പണയ വസ്തുക്കൾ തിരിച്ചെടുക്കുവാൻ കഴിയുന്നതാണ്. തുലാക്കൂറുകാർക്ക് ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിൽ വിജയമുണ്ടാവും. ബിസിനസ്സ് യാത്രകൾ നേട്ടങ്ങളിൽ കലാശിക്കും. 
സഹോദര ഗുണമുണ്ടാകുന്നതാണ്.

ചോതി

ഗുണാനുഭവങ്ങൾ കുറയില്ല. മാനസിക പക്വത പ്രശംസിക്കപ്പെടാം.  ചെറുതോ വലുതോ ആകട്ടെ ചെയ്യുന്ന തൊഴിലിൽ നിന്നും കൂടുതൽ ആദായം വന്നെത്തുന്നതാണ്.  വസ്തുസംബന്ധിച്ച അനുരഞ്ജന ശ്രമങ്ങൾ വിജയം കാണും. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമം നടത്തുന്നതാണ്. ആത്മാർത്ഥതയ്ക്ക് അംഗീകാരമുണ്ടാവും. വിദ്യാർത്ഥികൾ വ്യത്യസ്തമായ കോഴ്സുകളിൽ ചേരാൻ ഔൽസുക്യം കാട്ടിയെന്നു വരാം. അത്യാവശ്യ ചെലവുകൾ ലോഭിക്കാതെ തന്നെ നിർവഹിക്കും. കിട്ടാക്കടങ്ങൾ  കൈവശമെത്താൻ വഴിതെളിയുന്നതാണ്.

വിശാഖം

ആത്മവിശ്വാസം എല്ലാരംഗത്തും ദൃശ്യമാകുന്നതാണ്. തൊഴിലിൽ മുന്നേറാൻ കിണഞ്ഞു ശ്രമിക്കും. പുതുതലമുറയെ പ്രചോദിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യും. സർക്കാർ കാര്യങ്ങളിൽ ഭാഗിക വിജയം പ്രതീക്ഷിക്കാം. ഇപ്പോൾ വൻതോതിൽ മുതൽമുടക്കാൻ ശ്രമിക്കരുത്. മക്കളുടെ /  പേരക്കുട്ടികളുടെ വിജയം സന്തോഷമേകും.  വൈവിധ്യമുള്ള കർമ്മങ്ങളിൽ താല്പര്യമേറുന്നതാണ്. ആധികാരികമായ അറിവ് സമൂഹത്തിൻ്റെ സ്വീകാര്യതയ്ക്കും ബഹുമാന്യതയ്ക്കും കാരണമാകുന്നതാണ്. വാരാന്ത്യത്തിൽ ചെലവ് അല്പം വർദ്ധിക്കാം. യാത്രകൾക്കും സാധ്യതയുണ്ട്.

അനിഴം

തൊഴിലിടത്തിൽ സക്രിയമായ സാന്നിദ്ധ്യമായി തുടരും. കാര്യതടസ്സമുണ്ടാ/യാലും മറുവഴിയിലൂടെ മുന്നേറ്റം നടത്തും. വ്യവഹാരത്തിൽ ഉചിതമായിട്ടുള്ള നിയമോപദേശം ലഭിക്കുന്നതാണ്. ബന്ധുജനങ്ങളുമായി വിജയകരമായ ഇടപെടലുകൾ നടത്തും. ജീവകാരുണ്യ സംഘടനകളിലെ പ്രവർത്തനം സജീവമാക്കുന്നതാണ്. തൊഴിൽ നടത്തിപ്പിൽ നേട്ടങ്ങളുണ്ടാവും. ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിലെ വൈഭവം നേട്ടം കൊയ്യുന്നതാണ്. ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണങ്ങൾ ഇവയിൽ അനുകൂലത ദൃശ്യമാണ്. മാനസികവും ശാരീരികവും ആയ ആരോഗ്യം തൃപ്തികരമായിരിക്കും.

തൃക്കേട്ട

ഉദ്യോഗസ്ഥർക്ക് അനുകൂലമായ കാലമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് അതു തുടരുവാൻ കഴിഞ്ഞേക്കും. പുതിയ ചുമതലകൾ സാധ്യതയായുണ്ട്. സംഘടനാ രംഗത്ത് സക്രിയരാകുന്നതാണ്. ആശയങ്ങളുടെ ആവിഷ്കാരത്തിൽ വിജയം വരിക്കും. പുതിയ വിഷയങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം പുലർത്തും. ചെറുയാത്രകൾ ആഹ്ളാദിപ്പിച്ചേക്കും. സാമ്പത്തിക രംഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കി ഊഹക്കച്ചവടത്തിന് തുനിയുന്നതാണ്. കുടുംബാംഗങ്ങളെ ഒപ്പം ചേർത്തു കൊണ്ടുള്ള ബിസിനസ്സിനെക്കുറിച്ച് പര്യാലോചിക്കും. ആരോഗ്യകാര്യത്തിൽ അല്പം കൂടി ശ്രദ്ധയുണ്ടാവുന്നത് നന്ന്.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: